ഷാഹ്റോസ്
ഇന്ത്യയുടെ മണ്ണിൽ അടുത്തിടെയായി ജിഹാദ് ആരോപണങ്ങളുടെ പെരുമഴയാണ്. ലവ് ജിഹാദ് മുതൽ കൊറോണ ജിഹാദ് വരെ ആരോപിക്കപ്പെട്ടു കഴിഞ്ഞിടത്തേക്കാണ് യു പി എസ് സി ജിഹാദ് എന്ന പുതിയ പദപ്രയോഗം കടന്നു വരുന്നത്. വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നില്ക്കുന്നു എന്ന് സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തിയ മുസ്‌ലിം സമൂഹം ഉന്നത സിവിൽ സർവീസ് സ്ഥാനങ്ങളിൽ എത്തിപ്പെടുന്നത് രാജ്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും സിവിൽ സർവീസ് ജിഹാദ് നടത്തുകയാണെന്നും ആരോപിച്ചു രംഗത്ത് വന്നത് സുദർശൻ ടി വി എന്ന ചാനലാണ്. ഒറ്റനോട്ടത്തിൽ തന്നെ എന്ത് മണ്ടത്തരമാണിവർ എഴുന്നള്ളിക്കുന്നതെന്ന് ആരും ചോദിച്ചു പോകുന്ന ഒരു ആരോപണം ഉന്നയിക്കുക വഴി എന്താണിവർ ലക്ഷ്യമാക്കുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും തിരിച്ചറിയുകയും വേണ്ടതുണ്ട്. 829 ആളുകളിൽ വെറും 44 മുസ്‌ലിംകൾ ഉൾപ്പെട്ടതിനെയാണ് യു പി എസ് സി ജിഹാദ് എന്നൊക്കെ വിളിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് എത്രത്തോളം വിഷമയമാണ് ഇവരുടെ പദ്ധതികൾ എന്ന് മനസിലാക്കാൻ സാധിക്കുക. മുസ്‌ലിം വിഭാഗത്തിൽ നിന്ന് യു പി എസ് സി തലങ്ങളിൽ ഉദ്യോഗസ്ഥർ ഉണ്ടായിക്കൂടാ എന്നു തന്നെയാണിവർ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. സുദർശൻ ടി വി ഉന്നം വെച്ചിരിക്കുന്നത് സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെയാണ്. മുസ്‌ലിം ഉദ്യോഗാർഥികൾക്കായി സകാത്ത് ഫൗണ്ടേഷൻ നടത്തുന്ന പരിശീലന പദ്ധതികളെയാണവർ ജിഹാദെന്ന് ഓമനപ്പേരിട്ട് വിളിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എന്താണ് സകാത്ത് ഇന്ത്യ ഫൗണ്ടെഷൻ എന്നും അവർ നടത്തിക്കൊണ്ടിരിക്കുന്ന ‘ജിഹാദുകൾ’ എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മീഷൻ രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി പഠിക്കുകയും റിപ്പോർട്ട് നല്കുകയും ചെയ്തിരുന്നതാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ അടിവരയിട്ട് വരച്ചു കാണിച്ച പ്രസ്തുത റിപ്പോർട്ടിനു പിന്നിൽഡോ സയ്യിദ് സഫർ മഹ്മൂദ് എന്നയാളും മന്മോഹൻ സിംഗിന്റെ ഒ എസ് ഡി ആയി ഉണ്ടായിരുന്നു. താൻ നേരിൽ കണ്ടറിഞ്ഞ സംഗതികൾക്ക് പ്രായോഗിക തലത്തിൽ എങ്ങനെ പരിഹാരം കാണുമെന്ന ചിന്തയാണ് അദ്ദേഹം കൂടി അംഗമായിട്ടുള്ള സകാത്ത് ഇന്ത്യ ഫൗണ്ടെഷന്റെ സിവിൽ സർവീസ് പരിശീലന പദ്ധതിയിൽ എത്തിച്ചേരുന്നത്. സിവിൽ സർവീസ് സ്വപ്നമായി കൊണ്ടു നടക്കുന്ന പ്രതിഭാധനരായ വിദ്യാർഥികളെ കഠിനമേറിയ പരീക്ഷയിലൂടെ കണ്ടെത്തി അവരെ സകാത്ത് ഫൗണ്ടേഷന്റെ ചിലവിൽ ഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശീലനത്തിനയക്കുന്നതാണ് ആ പദ്ധതി. ഇത് കേവലം മുസ്‌ലിംകൾക്ക് മാത്രമായുള്ള സഹായമല്ല. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കും ദലിതുകൾക്കുമെല്ലാം ഈ പദ്ധതി ഗുണപ്രദമായിട്ടുണ്ടെന്നത് അതിന്റെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിച്ചാൽ വ്യക്തമാവും.
കേവലം സിവിൽ സർവീസ് മേഖലകളിൽ മാത്രമല്ല സകാത്ത് ഫൗണ്ടേഷന്റെ ജിഹാദ് ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 2009 ഒക്ടോബർ മുതൽ സകാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി മോണിറ്ററിംഗ് എന്ന ഒരു ഉപവകുപ്പ് കൊണ്ടു നടക്കുന്നുണ്ട്. ഈ വകുപ്പ് ഗവണ്മെന്റ് അനൗൺസ് ചെയ്തിട്ടുള്ള മൈനോരിറ്റി ബെനഫിറ്റ് സ്കീമുകളുടെ നടത്തിപ്പ് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. വിവരാവകാശ നിയമ പ്രകാരം ബന്ധപ്പെട്ട വകുപ്പുകളോട് ചോദ്യങ്ങളുന്നയിക്കുക എന്നതാണ് ഈ ഉപവകുപ്പിലൂടെ സകാത്ത് ഫൗണ്ടേഷൻ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷങ്ങൾക്ക് അവർക്കർഹതപ്പെട്ടത് കിട്ടുന്നുണ്ടോ എന്നുറപ്പ്[ഉ വരുത്താൻ സകാത്ത് ഫൗണ്ടേഷന് സാധിക്കുന്നുണ്ട്.
മറ്റൊന്ന് ദുരന്ത സഹായ പദ്ധതികളാണ്. വിവിധ ദുരന്തങ്ങളിലായി പ്രയാസമനുഭവിച്ചുകൊണ്ടിരുന്നവർക്ക് സകാത്ത് ഫൗണ്ടേഷൻ സഹായമെത്തിച്ചു നല്കിയിട്ടുണ്ട്. വെള്ളപ്പൊക്കങ്ങൾ, മുസഫർ നഗർ കലാപം, സുനാമി, ഗുജറാത്ത് കലാപം തുടങ്ങിയവയിലകപ്പെട്ട് ദുരിതം പേറിയവർക്ക് സകാത്ത് ഫൗണ്ടേഷൻ സഹായമെത്തിച്ചു നല്കിയിട്ടുണ്ട്.
മറ്റൊന്ന് ഹാപ്പി ഹോം ഓർഫനേജുകളാണ്. ഡീയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി ഓരോ ഹാപ്പി ഹോമുകളും ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ആൺകുട്ടികൾക്കായി ഒരു ഹാപ്പി ഹോമുമാണ് പ്രവർത്തിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപം, 2004 ലെ സുനാമി, 2011-12 ലെ ആസാം കലാപം എന്നിവയുടെ ദുരിതത്തിലകപ്പെട്ട കുട്ടികൾക്ക് സ്വന്തം കാലിൽ നില്ക്കാനാകുന്നതു വരെയുള്ള സഹായങ്ങളാണ് ഹാപ്പി ഹോം നല്കുന്നത്. അവർക്ക് പാർപ്പിടവും ഭക്ഷണവും മറ്റു സൗകര്യങ്ങളും സകാത്ത് ഫൗണ്ടേഷൻ ഒരുക്കി നല്കി വരുന്നുണ്ട്.
2002 ലെ കലാപ ബാധിതരായ നാലിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഡൽഹിയിൽ എത്തിച്ചേർന്നത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരു രങ്ക്ഷിതാക്കളും ഇല്ലാത്തവരോ, ആരെങ്കിലുമൊരാൾ മാത്രം ഉള്ളവരോ, മാതാപിതാക്കളുണ്ടെങ്കിലും അവരുടെ കയ്യിൽ ഒന്നുമില്ല എന്ന അവസ്ഥയിലോ എത്തപ്പെട്ടവരായിരുന്നു ആ കുട്ടികൾ. സകാത്ത് ഫൗണ്ടേഷൻ അവരുടെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണുണ്ടായത്.
സകാത്ത് ഫൗണ്ടേഷന്റെ മറ്റൊരു പദ്ധതിയാണ് ഹജ്ജ് ഫണ്ട്. ഹജ്ജിനായി തയ്യാറെടുക്കുന്നവർക്കെല്ലാം ഹജ്ജ് സാധ്യമാകുന്ന ഒരു സാഹചര്യം ഇപ്പോഴില്ല. ഹജ്ജിനായി സ്വരൂപിച്ചു വെച്ച പണം ഒരു സംരക്ഷിത കരവലയത്തിൽ ഏല്പ്പിക്കുകയും ആവശ്യം വരുമ്പോൾ തിരികെയെടുക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. സകാത്ത് ഫൗണ്ടെഷൻ ഇ തുക സ്വീകരിക്കുകയും പലിശ രഹിത വായ്പകൾക്കായി വിനിയോഗിക്കുകയും ചെയ്യും. ഹാജിക്ക് ഹജ്ജിനായി പണം എപ്പോൾ ആവശ്യമായി വരുന്നോ ആ സമയം തന്നെ പണം തിരികെ നല്കുകയും ചെയ്യും. കെട്ടിക്കിടക്കുന്ന പണം വിനിമയം നടത്തുകയും ഹജ്ജിനായുള്ള പണം സൂക്ഷിക്കുകയുമാണ് ഒരേ സമയം ഇവിടെ നടക്കുന്നത്.
ഇവയ്ക്കു പുറമെ വൈദ്യ സഹായങ്ങൾ, സ്കോളർഷിപ് ദാറ്റാബെയ്സുകൾ എന്നിവ സകാത്ത് ഫൗണ്ടേഷൻ ഒരുക്കി നല്കുന്നുണ്ട്.
മാസ റേഷൻ, വിധവകൾക്കുള്ള സഹായം, വിദ്യാഭ്യാസ ചിലവു വഹിക്കാനൊക്കാത്തവർക്ക് സ്കോളർഷിപ്പുകൾ, വിവിധ പരിശീലനങ്ങൾ എന്നിവയും സകാത്ത് ഫൗണ്ടേഷൻ ഒരുക്കി നല്കുന്നുണ്ട്.
സാമൂഹിക രംഗത്ത് സകാത്ത് ഫൗണ്ടേഷൻ ചെയ്യുന്നത് ഒരു ജിഹാദ് തന്നെയാണ്. ആർക്കും അനുകരിക്കാവുന്ന മധുരമുള്ള ഒരു ജിഹാദ്