വെല്‍ഫെയര്‍ പാര്‍ട്ടി തിരുത്തുന്നത് രാഷ്ട്രീയ കീഴ്‌വഴക്കങ്ങള്‍


ടി. റിയാസ് മോന്‍

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഐ എന്‍ എല്‍ ഇടതുമുന്നണിയിലെത്തിയത്. 2015ല്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) യു ഡി എഫ് വിട്ട് എല്‍ ഡി എഫിലെത്താന്‍ വേണ്ടി വന്നത് ഏതാനും ആഴ്ചകളോ, മാസങ്ങളോ മാത്രമാണ്. കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആര്‍ ബാലകൃഷ്ണപ്പിള്ള. ബാലകൃഷ്ണപ്പിള്ള ചെയര്‍മാനായ പാര്‍ട്ടിക്ക് എല്‍ ഡി എഫിലെത്താന്‍ ഏതാനും മാസങ്ങളുടെ അധ്വാനം മാത്രമാണ് ഉണ്ടായത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പക്ഷത്തുണ്ടായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് ഇടതുമുന്നണിയിലെത്താന്‍ ഏതാനും മാസങ്ങളേ ആവശ്യമായി വന്നുള്ളൂ. എന്നാല്‍ ഐ എന്‍ എല്ലിന് അവരുടെ മതേതരത്വം തെളിയിക്കാന്‍ വര്‍ഷങ്ങളെടുത്തു. ഇരുപത് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു ഐ എന്‍ എല്‍ മതേതരപാര്‍ട്ടിയാണെന്നും, മുന്നണിയിലെടുക്കാമെന്നും സി പി എമ്മിന് ബോധിക്കാന്‍. എന്നാല്‍ 1995 മുതല്‍ മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും അവരുടെ പിന്തുണയും വോട്ടും നേടിയെടുക്കുന്നതിന് യാതൊരു തരത്തിലുള്ള വിമുഖതയും സി പി എമ്മിന് ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) പാതി മുസ്‌ലിം ലീഗും, പാതി ജമാഅത്തെ ഇസ്‌ലാമിയുമാണ്. മുസ്‌ലിം ലീഗില്‍ നിന്നാണ് ഐ എന്‍ എല്‍ രൂപപ്പെടുന്നത്. അതിന് സൈദ്ധാന്തിക പിന്തുണ നല്‍കിയത് ഒളിഞ്ഞു നിന്നാണെങ്കിലും മാധ്യമം ദിനപത്രവും, ജമാഅത്തെ ഇസ്‌ലാമിയുമാണ്. ജമാഅത്തെ ഇസ്ലാമിയുടെ നേരിട്ടുള്ള രാഷ്ട്രീയ പരീക്ഷണമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഐ എന്‍ എല്‍ മേതതരമാകുകയും, വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗ്ഗീയമാകുകയും ചെയ്യുന്നത് എങ്ങനെയാണ് എന്ന് സി പി എം ഇതു വരെ വിശദീകരിച്ചിട്ടില്ല.

തീവ്രവാദ സ്വഭാവം ഉണ്ടായിരുന്ന ഐ എസ് എസില്‍ നിന്നാണ് പി ഡി പി രൂപം കൊള്ളുന്നത്. ആര്‍ എസ് എസിനെ എതിരിടാനുള്ള മുസ്ലിം പക്ഷത്തു നിന്നുള്ള കേഡര്‍ സംഘടനയെന്നാണ് ഐ എസ് എസ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഐ എസ് എസില്‍ നിന്നും രൂപമെടുത്ത പി ഡി പി പ്രതിലോമകരമായ രാഷ്ട്രീയമാണ് എക്കാലത്തും മുന്നോട്ട് വെച്ചിട്ടുള്ളത്. മതയാഥാസ്ഥിതിക അതിന്റെ മുഖമുദ്രയായിരുന്നു. എന്നാല്‍ പി ഡി പിയുമായി ചേരാനോ, അവരുമായി വേദി പങ്കിടാനോ സി പി എമ്മിന് വിമുഖതയുണ്ടായിരുന്നില്ല. 2009ലെ പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ പിണറായി വിജയനും, അബ്ദുന്നാസര്‍ മഅദനിയും വേദി പങ്കിടുകയുണ്ടായി. പി ഡി പി മതേതരമാകുകയും, വെല്‍ഫെയര്‍ പാര്‍ട്ടി മാത്രം വര്‍ഗ്ഗീയമാകുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം സി പി എം തന്നെയാണ് വിശദീകരിക്കേണ്ടത്.

കേരള കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് ക്രൈസ്തവ രാഷ്ട്രീയമാണെന്ന് നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍ കേരള കോണ്‍ഗ്രസുകള്‍ ഭിന്നിക്കുമ്പോഴും, യോജിക്കുമ്പോഴും അവരെ മുന്നണിയിലെടുക്കാന്‍ ഇടതുപക്ഷത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഐ എന്‍ എല്ലിന് രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. കേരള രാഷ്ട്രീയത്തില്‍ മുന്നണിയുടെ ഭാഗമാകാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വരിക എന്നത് ദീര്‍ഘമായ കാലയളവാണ്. അത്ര നീണ്ട കാത്തിരിപ്പ് വേറെയാരും അനുഭവിച്ചിട്ടില്ല. നിലവില്‍ ഐ എന്‍ എല്ലിന് ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയുണ്ട്. പി ടി എ റഹീം നാഷനല്‍ ലീഗില്‍ ചേര്‍ന്നതോടെ ഒരു എം എല്‍ എയും സാങ്കേതികമായി ഉണ്ട്. എന്നാല്‍ പി ഡി പിക്ക് ഇതു വരെയായി മുന്നണി പ്രവേശം ലഭിച്ചിട്ടില്ല. ഏതെങ്കിലും മുന്നണി പ്രവേശം ചോദിച്ചു വാങ്ങാനുള്ള അംഗബലമോ, പ്രത്യയശാസ്ത്രമോ ഇല്ലാത്ത വിധം ആ പാര്‍ട്ടി ദുര്‍ബലം ആയിട്ടുണ്ട് താനും.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നിന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കൂടെ കൂട്ടിയില്ല. പലയിടത്തും അവര്‍ നിയമസഭയിലേക്ക് ഒറ്റക്ക് മത്സരിച്ചു. ഒരു മുന്നണിയോടൊപ്പവും നില്‍ക്കാതെ കേരളത്തില്‍ അതിജീവനം അസാധ്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മനസ്സിലാകും. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫുമായി ചര്‍ച്ച നടത്തുന്നത്.

1990ന് ശേഷം ആദ്യമായാണ് മുസ്ലിം പശ്ചാത്തലമുള്ള രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗുമായി കൂട്ടു ചേരുന്നത്. നാളിതു വരെയായി മുസ്‌ലിം ലീഗിനെതിരെ ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുക എന്നതായിരുന്നു മുസ്ലിം ലീഗിതര ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകളുടെ ഏക മാര്‍ഗ്ഗം. പാര്‍ട്ടികള്‍ വലുതായില്ലെങ്കിലും അതിന്റെ നേട്ടം ഇടതുപക്ഷത്തിനുണ്ടായി. മൂന്ന് പതിറ്റാണ്ട് കാലത്തെ പതിവ് രീതിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തിരുത്തിക്കുറിക്കുന്നത്. അത് സി പി എമ്മിന് സൃഷ്ടിക്കുന്ന രാഷ്ട്രീയ നഷ്ടം മലബാറില്‍ വലുതായിരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പാത പി ഡി പി, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളിലും, കാന്തപുരം വിഭാഗം സുന്നികളിലും പ്രവര്‍ത്തിക്കുന്നവര്‍ ഭാഗികമായെങ്കിലും പിന്തുടരാനുള്ള സാധ്യത ഭാവിയില്‍ ഉണ്ട്. ചെറുകക്ഷികള്‍ മുസ്‌ലിം ലീഗുമായി രാഷ്ട്രീയ സഹകരണം പ്രഖ്യാപിച്ചില്ലെങ്കില്‍ കൂടി ദുര്‍ബലമായ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ ലീഗിലേക്ക് വന്നാല്‍ അത് മലബാറിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ മുസ്‌ലിം ലീഗിനെ അനുകൂലമാക്കും. അതിനെ പ്രതിരോധിക്കാന്‍ സി പി എമ്മിന് മുന്നില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങളില്ല. 

Leave a Reply

Your email address will not be published. Required fields are marked *