We Have Legs : വാക്‌സ് ചെയ്യാത്ത കാലുകളുടെയും, ക്യൂട്ടക്‌സിടാത്ത നഖങ്ങളുടെയും രാഷ്ട്രീയം

ടി റിയാസ് മോന്‍

ഏത് വസ്ത്രം ധരിക്കണമെന്നതും, ഏത് സൗന്ദര്യവര്‍ധക വസ്തു ഉപയോഗിക്കണമെന്നതും ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കപ്പെടരുത്. മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ കയറി അവരുടെ വസ്ത്രത്തെയും, ശരീരത്തെയും കുറിച്ച് ആഭാസകരമായ കമന്റുകള്‍ പാസാക്കുന്നത് സ്ത്രീവിരുദ്ധതയാണ്. അത് നിയമപരമായും, ധാര്‍മ്മികമായും തെറ്റാണ്. സദാചാര പോലീസിംങ് നിര്‍വ്വഹിക്കാന്‍ ആള്‍ക്കൂട്ടങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല.

എന്നാല്‍ മലയാള സിനിമാ ലോകത്ത് നിന്നുള്ള വെളുത്ത കാലുകളുടെ പ്രദര്‍ശനം തങ്ങള്‍ക്കു ചുറ്റുമുള്ള ഇരുണ്ട കാലുകളെ അദൃശ്യവത്കരിക്കുന്നുണ്ട്. വാക്‌സ് ചെയ്‌തെടുത്ത വെളുത്ത കാലുകളും, ക്യൂട്ടക്‌സ് ചെയ്‌തെടുത്ത നഖങ്ങളും പുരുഷാധിപത്യത്തെയോ, ആണ്‍കോയ്മയുടെ രാഷ്ട്രീയത്തെയോ ചോദ്യം ചെയ്യുന്നില്ല. ലിബറല്‍ പുരുഷ നോട്ടങ്ങളെ തൃപ്തിപ്പെടുത്തുക മാത്രമാണ് അത്തരം പ്രദര്‍ശനങ്ങള്‍ ചെയ്യുന്നത്.

ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്ത്രീപക്ഷ ഇടപെടലുകളുടെ ഭാഗമായി We Have Legs കാമ്പയിനെ കാണാം. അതവരുടെ സാധ്യതയാണ്. എന്നാല്‍ അത് സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്നതല്ല. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ധാരാളം പ്രിവിലേജുകള്‍ ഉള്ളവരാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. സിനിമാ താരങ്ങളുടെ കാലുകളുടെ സൗന്ദര്യം കണ്ട് ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് അതിശയം കൂറുന്നവരാണ് സാധാ സ്ത്രീകള്‍. കാലിലെ രോമങ്ങള്‍ റിമൂവ് ചെയ്ത്, വാക്‌സ് പുരട്ടുന്നതെങ്ങനെയെന്ന് അറിയുക പോലും ചെയ്യാത്തവര്‍. കാല്‍ വിരലുകള്‍ പോളിഷ് ചെയ്യുകയോ, ക്യൂട്ടക്‌സ് പുരട്ടുകയോ ചെയ്യാത്തവരാണവര്‍. തൊഴിലുറപ്പിന്റെയും, സംഘകൃഷിയുടെയും ബാക്കിയായ കുഴിനഖത്തിനും, വളംകടിക്കും പരിഹാരം എന്തെന്ന് അറിയാത്തവരാണ് അവരില്‍ പലരും. തൊഴിലുറപ്പ് പദ്ധതിയിലും, സംഘകൃഷി ഗ്രൂപ്പുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് കാല്‍ വിണ്ടു കീറല്‍, കുഴിനഖം, വളംകടി തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്ക് പ്രതിവിധി പറഞ്ഞു കൊടുക്കാന്‍ പഞ്ചായത്തിന് കീഴില്‍ തന്നെയുള്ള പി എച്ച് സിയില്‍ നിന്നോ, ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ നിന്നോ ഡോക്ടര്‍ വരാത്ത നാടാണ് കേരളം. സ്ത്രീകളുടെ പാദരോഗങ്ങള്‍ ഒരു പൊതുപ്രശ്‌നമായി കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണോ, വനിതയായ പഞ്ചായത്ത് പ്രസിഡന്റിനോ പോലും അനുഭവപ്പെട്ടിട്ടില്ല. മെഡിക്കല്‍ ഓഫിസര്‍ക്കും അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. സ്ത്രീകളുടെ ആരോഗ്യരംഗത്ത് നിരവധി വികസനവിടവുകള്‍ നിലനില്‍ക്കുന്ന ഒരിടമാണ് കേരളം.

കേരളത്തില്‍ ഞങ്ങള്‍ക്കും കാലുകളുണ്ടെന്ന് പറയേണ്ടത് സ്ത്രീകളാണ്. അത്രയൊന്നും സുന്ദരമല്ലാത്ത, കാര്യമായ പരിചരണം ലഭിക്കാത്ത ലക്ഷക്കണക്കിന് പെണ്‍കാലുകളുണ്ട് കേരളത്തില്‍. സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിലും, ആരോഗ്യസൂചികകളിലും, ജീവിതനിലവാരത്തിലും കേരള മോഡല്‍ സാധ്യമാകുന്നതിന് വേണ്ടി തളര്‍ച്ച ബാധിക്കാത്ത കാലുകള്‍. ആ കാലുകള്‍ ആണ് We have legs എന്ന് പറയേണ്ടത്. പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കോടികള്‍ ചെലവഴിക്കുമ്പോള്‍, വനിതാശാക്തീകരണ പദ്ധതികള്‍ അനുസ്യൂതം മുന്നോട്ട് പോകുമ്പോള്‍ ആ കാലുകള്‍ക്ക് അതെങ്ങനെ ഉപകാരപ്പെടുന്നുവെന്നാണ് ഉയരേണ്ട ചോദ്യം. ഞങ്ങള്‍ക്ക് കാലുകളുണ്ടെന്ന പ്രഖ്യാപനം കേരളത്തിലെ മാധ്യമങ്ങളിലും, പ്രാദേശിക വികസനാസൂത്രണത്തിലും, ആരോഗ്യരംഗത്തും ഇടിമുഴക്കമായി മാറട്ടെ.
അനേകം ലേപനങ്ങളും, ബോഡിവാഷുകളും, മസാജ് ഓയിലുകളും തഴുകിപ്പോയ ആ കാലുകളല്ല; അവഗണിക്കപ്പെട്ട പെണ്‍ബഹുജനക്കാലുകളാണ് നമ്മുടെ സ്ത്രീമുന്നേറ്റ അജണ്ടകളെ നിര്‍ണ്ണയിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *