സാജിദ് തയ്യില്‍
പിറന്ന നാടിന്റെ നാമം സ്വന്തം പേരിനൊപ്പം ചേര്‍ത്ത് വെച്ച അനേകം ആളുകളെ ഇന്നലേകളിലും ഇന്നുമായി നാം കണ്ടിട്ടുണ്ട്. തങ്ങളുടെ കര്‍മ്മഫലം കൊണ്ട് ഒരു നാട് അറിയപ്പെടാന്‍ കാരണക്കാരായവര്‍. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വിവിധ തുറകളിലെ വളര്‍ച്ചയില്‍ നേതൃ രംഗത്ത് ദീര്‍ഘകാലം ആയുസ്സും സമയവും ചിലവഴിച്ചൊരാള്‍. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം സ്ഥാപക ട്രേഡ് യൂണിയന്‍ നേതാവ്.
‘വണ്ടൂര്‍ ഹൈദരാലി’.
മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്തെ വണ്ടൂരിന്റെ നാമം പേരില്‍ ചേര്‍ത്ത് വെച്ച ഹൈദരലി സാഹിബ് വാര്‍ദ്ധക്യ സഹജമായ പ്രയാസത്തോടൊപ്പം ഈ കോവിഡ് കാലത്ത് വീട്ടില്‍ തന്നെയാണ്.
മുസ്ലീം ലീഗ് പ്രസ്ഥാനത്തിന്റേയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടേയും നേതൃ രംഗത്ത് പ്രശോഭിച്ച ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് വണ്ടൂര്‍ ഹൈദരാലി സാഹിബ്. ജീവിതത്തിന്റെ ക്രീസില്‍ നീണ്ട തൊണ്ണൂറ് സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നൂ.
വണ്ടൂര്‍ പാണ്ടിക്കാട് റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വലത് വശത്തായി പൂക്കളത്തെ വീട്ടിലെത്താം. ഗെയിറ്റ് മാറ്റിവെച്ച വീടിന്റെ മതിലില്‍ മുസ്ലീം രാഷ്ട്രീയത്തിന്റെ ഹരിത പതാക പാറിപ്പറക്കുന്നൂ.
1930 കളുടെ തുടക്കത്തിലാണ് കാവുങ്ങല്‍ കുഞ്ഞിമൊയ്തീന്റേയും കദീസയുടേയും മകനായി വണ്ടൂര്‍ പളളിക്കുന്നത്തെ വീട്ടില്‍ ഹൈദരാലി ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എസ് എസ് എല്‍ സിക്ക് തുല്യമായ എട്ടാം തരം പാസായി. സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് മലബാറിലേക്ക് പിച്ച വച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അന്ന് വണ്ടൂരിലെ ബാല ലീഗിന്റെ പ്രവര്‍ത്തകനായാണ് പൊതുരംഗത്തേക്കുളള ആദ്യ ചുവടുവെപ്പ് ഉണ്ടാകുന്നത്.
വണ്ടൂര്‍ അക്കാലത്ത് ബീഡി തെറുപ്പിന്റെ കേന്ദ്രം കൂടിയായിരുന്നൂ. സിലോണിലേക്ക് വരെ ബീഡി കയറ്റി അയക്കാറുണ്ടായിരുന്നൂ. ഹൈദരലി ‘ആനമാര്‍ക്ക്’ ബീഡി കമ്പനിയില്‍ തൊഴിലാളിയായി ജോലി ചെയ്തു. ബീഡി തെറുക്കുന്നതിനിടയില്‍ പത്രം വായിച്ചു കൊടുക്കുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നൂ. പത്രവാര്‍ത്ത അറിയുന്നത് കൊണ്ട് തന്നെ തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ ബോധ്യങ്ങള്‍ രൂഢമൂലമാവാറുണ്ട്. താരതമ്യേന മികച്ച വിദ്യാഭ്യാസം നേടിയത് കൊണ്ട് വണ്ടൂര്‍ ഹൈദരലി സാഹിബ് ആയിരുന്നു പത്രം വായിച്ചു കൊടുത്തിരുന്നത്. തുച്ഛമായ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. 1000 ബീഡി തെറുച്ചാല്‍ കേവലം 6 അണയാണ് അക്കാലത്ത് കിട്ടുക. തൊഴിലാളികളുടെ മാന്യമായ കൂലിക്ക് വേണ്ടി അദ്ദേഹം ശബ്ദം ഉയര്‍ത്തി. അത് കേവലം വ്യക്തിപരമായ നേട്ടത്തിലുപരി യാതന പേറുന്ന ഒരു കൂട്ടത്തിന്റെ ശബ്ദമായിരുന്നു. ഒരു തൊഴിലാളി നേതാവിന്റെ ആര്‍ജ്ജവവും നിശ്ചയ ദാര്‍ഢ്യവും പ്രസരിപ്പിച്ച് വണ്ടൂര്‍ ഹൈദരാലി എന്ന തൊഴിലാളി നേതാവ് രൂപപ്പെടുകയായിരുന്നൂ. 6 അണ കൂലി ലഭിച്ചിരുന്നിടത്ത് നിന്നും 1 രൂപ 14 അണ വരെ കൂലി വര്‍ദ്ധിപ്പിക്കാന്‍ അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃപരമായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞൂ.
ബീഡി തെറുപ്പുനിടയില്‍ ടൈലറിംങ് ജോലിയും അദ്ദേഹം കരഗതമാക്കി. വണ്ടൂര്‍ കേന്ദ്രമായി തുടങ്ങിയ ജൂപിറ്റര്‍ ചിറ്റ്ഫണ്ട്, പ്രിന്റിംഗ് പ്രസ്സ് തുടങ്ങിയ സ്ഥാനങ്ങളുടെ മാനേജരായി ജോലി ചെയ്തു.
അതോടൊപ്പം ബീഡി തൊഴിലാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ചു. ബീഡി തൊഴിലാളികളുടെ സംഘടിത കൂട്ടായ്മ രൂപീകരിച്ചു. സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ( എസ് ടി യു) ആദ്യ രൂപമായ മുസ്ലീം ലേബര്‍ യൂണിയന്റെ യൂണിറ്റിന് വണ്ടൂരില്‍ രൂപം നല്‍കി. പുല്ലങ്കോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ അടക്കമുളളവരുടെ പ്രശ്‌നങ്ങളില്‍ മുന്‍നിരയില്‍ നിന്ന് ഇടപെട്ടു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമായി. എതിര്‍പ്പുകള്‍ വധഭീഷണിയിലേക്കും എത്തി. പക്ഷേ വണ്ടൂര്‍ ഹൈദരാലി എന്ന നേതാവ് അതിനെയെല്ലാം അവഗണിച്ച് അധഃസ്ഥിത വിഭാഗത്തിന്റെ വിമോചനത്തിന് വേണ്ടി പോരാടി. നിലപാടിലെ സുതാര്യതയും വിശ്വാസ്യതയും തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവാക്കി മാറ്റി.
ചെറുപ്പത്തില്‍ ബീഡി തൊഴിലാളികള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം ഇപ്പോഴും ബീഡി തൊഴിലാളി പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. ബീഡി തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് പദവി ഇപ്പോഴും വഹിക്കുന്നൂ. എസ് ടി യു ജില്ലാ അദ്ധ്യക്ഷനായും, സംസ്ഥാന ട്രഷറര്‍ ആയും പ്രവര്‍ത്തിച്ച ഹൈദരലി സാഹിബ് നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തുടരുകയാണ്.
തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനത്തോടൊപ്പം മുസ്ലീം ലീഗ് വേദിയിലെ തീപ്പൊരി പ്രഭാഷണവുമായി ആദ്യ കാലങ്ങളില്‍ കിഴക്കന്‍ മേഖലയില്‍ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരുന്നു. സി എച്ച് മുഹമ്മദ് കോയ അടക്കമുളളവരോടൊപ്പം വിവിധയിടങ്ങളിലെ പ്രാസംഗികനായി അദ്ദേഹം മാറി.
ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ, യു എ ബീരാന്‍ അടക്കമുളള നേതാക്കളുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചു. വണ്ടൂരിലെ തറവാട് വീട്ടില്‍ അവര്‍ക്കെല്ലാം ആഥിത്യം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ്, ജി.എം ബനാത്‌വാല, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുളളവര്‍ പൂക്കളത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.
അഞ്ച് പതിറ്റാണ്ടിലധികം കാലം വണ്ടൂര്‍ ഹൈദരലിയുടെ നിഴലായി നിന്ന പ്രിയ പത്‌നി മൊടവന്‍ കുലവന്‍ പാത്തുമ്മക്കുട്ടി മരണപ്പടുന്നത് 2015 ജൂലൈ മാസത്തിലാണ്. പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. നാട്ടിലെ സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും മറ്റും ഏറെ തല്‍പരയായിരുന്നൂ. ഒട്ടുമിക്ക നേതാക്കള്‍ക്കും ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദീര്‍ഘ കാലത്തെ വൈവാഹിക യാത്രയില്‍ മക്കളെ പ്രപഞ്ച നാഥന്‍ ദമ്പതികള്‍ക്ക് നല്‍കിയില്ല. ആ പ്രയാസത്തിന് പരിഹാരമെന്നോണം സഹോദരന്‍ ഉമ്മറിന്റെ മകള്‍ റഹിയാനത്തിനെ ദത്തുപുത്രിയായി വളര്‍ത്തി. മികച്ച വിദ്യാഭ്യാസം നല്‍കി വിവാഹം കഴിപ്പിച്ചയച്ചു.
പ്രാദേശിക രാഷ്ട്രീയത്തിലും ഭരണ തലത്തിലും തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ വണ്ടൂര്‍ ഹൈദരലി സാഹിബിനായി. നാല് തവണ വണ്ടൂര്‍ പഞ്ചായത്തില്‍ ജനപ്രതിനിധിയായി. 1988-94 കാലത്ത് പഞ്ചായത്ത് ബോര്‍ഡിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടര പതിറ്റാണ്ട് കാലം മുസ്ലീം ലീഗിന്റെ വണ്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായും ദീര്‍ഘ കാലം പഞ്ചായത്ത് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ ആയി പാര്‍ട്ടി ചുമതല ഏല്‍പിച്ചു. നിലവില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേതാക്കളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ വിശാലമായ, ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ചു പോന്നു ഹൈദരലി സാഹിബ്.
ഓടിട്ട ചെറിയ വീടിന്റെ ചുവരില്‍ മുഹമ്മദലി ജിന്നാ സാഹിബ് മുതല്‍ ഒരുപാട് നേതാക്കളുടെ ചിത്രങ്ങള്‍ ഫ്രൈം ചെയ്ത് വച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മറ്റൊരു ചിത്രം കൂടെയുണ്ട് ഏറെകാലം ജോലി ചെയ്തിരുന്ന ജുപിറ്റര്‍ കമ്പനിയുടെ ഉടമ ടി.കെ നമ്പൂതിരിയുടെ ഫോട്ടോ. തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള ഊഷ്മളമായ ബന്ധത്തിന്റെ നേര്‍ചിത്രമായി ആ ഫോട്ടോ ചുവരില്‍ നില്‍ക്കുന്നൂ.
പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും നടന്നു തീര്‍ത്ത വഴിത്താരകളെ ഓര്‍ത്ത് ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുകയാണ് പഴയ ട്രേഡ് യൂണിയന്‍ നേതാവ്. വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച വണ്ടൂര്‍ ഹൈദരലിക്ക് കൂട്ടിനുളളത് പഴയ ഓര്‍മ്മകളാണ്. അത് പറയുമ്പോള്‍ സമുദ്രം കണക്കെ ജീവിതാനുഭവങ്ങള്‍ സമാഹരിച്ച ആ സമര്‍പ്പിത ജീവിതത്തിന്റെ കണ്ണുകള്‍ തീഷ്ണമാവും.