റഈസ്
അഞ്ചു നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു റാലിയിൽ ഉയർന്നു കേട്ട മുദ്രാവാക്യം.
ഇടതു സർക്കാരിൻ്റെ മുസ്ലിം വിരുദ്ധ നയങ്ങളെ വെള്ളിയാഴ്ച്ച പള്ളികളിൽ തുറന്നു കാട്ടുമെന്ന് മുസ്ലിം ലീഗ് നേതാവിൻ്റെ പ്രഖ്യാപനം വന്നതും കഴിഞ്ഞ ദിവസം തന്നെ. ഏത് മത വിശ്വാസിയുടേയും അവസാനത്തെ അഭയ കേന്ദ്രമാണ് ആരാധനാലയങ്ങൾ.
ഏത് മതത്തിൻ്റെ ആരാധനാലയമായാലും അതിൻ്റെ പവിത്രത കാത്തു സൂക്ഷിക്കേണ്ടത് പൊതു സമൂഹത്തിൻ്റെ കർത്തവ്യമാണ്. അത് കൊണ്ടാണ്, വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിൽ പള്ളികളിൽ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് സമസ്ത തള്ളിക്കളഞ്ഞത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പ്രതിഷേധം വേണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിൻ്റെ പൊതുബോധം കൂടിയാണ് അതിൽ പ്രതിഫലിച്ചത്.
വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതിൽ പ്രതിഷേധമുണ്ട്. അത് വേണ്ടപ്പെട്ടവരെ അറിയിക്കും. പരിഹാരമുണ്ടായില്ലെങ്കിൽ മറ്റു പ്രതിഷേധങ്ങളിലേക്ക് കടക്കും.
എല്ലാ സംശയങ്ങൾക്കും ഒറ്റ വാക്കിൽ വ്യക്തമായ ഉത്തരമായിരുന്നു അത്.
‘പ്രതിഷേധിക്കേണ്ട സമയം വരുമ്പോൾ പ്രതിഷേധിക്കേണ്ടി വരും. അത് ഏത് സർക്കാരാണെങ്കിലും യുഡിഎഫാണെങ്കിലും എൽഡിഎഫാണെങ്കിലും. എല്ലാം പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ പറ്റില്ല. വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതിൽ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയിൽ വേണ്ട. പ്രശ്നങ്ങളുണ്ടെങ്കിൽ കൂടിയിരുന്ന സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാന്യതയാണ്. എന്നാൽ വഖഫ് മന്ത്രി പറഞ്ഞത് എന്തുവന്നാലും നിയമം പാസാക്കുമെന്നാണ്. അതൊരു ധാർഷ്ട്യമാണ്. അത് അംഗീകരിക്കാനാവില്ല എന്ന് കൂട്ടിച്ചേർത്തതിലൂടെ വഴങ്ങുകയല്ല, നിലപാടെടുക്കുകയാണ് എന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുക കൂടിയായിരുന്നു ജിഫ്രിതങ്ങൾ.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുസ്ലീം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിന്‍റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമായിരുന്ന ഈ നിലപാടിനെയാണ് സമുദായത്തിനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ജിഫ്രി തങ്ങളുടെ ഉറച്ച വാക്കുകളിലൂടെ സമസ്ത തള്ളിക്കളഞ്ഞത്.
യുവമോർച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ‘അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല’ തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ബിജെപി ജില്ല പ്രസിഡന്‍റ് എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം ആർ സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ വിദ്വേഷമുദ്രാവാക്യം വിളിക്കുമ്പോൾ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.
മൂന്ന് പതിറ്റാണ്ടോളം പിന്നിടുമ്പഴും ഫാസിസ്റ്റ് ശക്തികൾ തകർത്തു കളഞ്ഞ ഒരു പള്ളി മുറിവായി നെഞ്ചിൽ സൂക്ഷിക്കുന്ന വിശ്വാസിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്, മറ്റൊരു ഡിസംബർ ആറിൻ്റെ മുറ്റത്ത് വച്ച് ചിലർ ആ മുദ്രാവാക്യം മുഴക്കിയത് എന്ന് തിരിച്ചറിഞ്ഞ കേരളത്തിൻ്റെ മതേതര മനസ്സ് മുറിവേറ്റവരെ ചേർത്തു പിടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കണ്ടത്. വിഷം കലക്കാൻ അനുവദിക്കില്ല എന്ന ഉറച്ച പ്രഖ്യാപനം.
പള്ളികളെ വിട്ടേക്കൂ എന്ന് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്.
രാഷ്ട്രീയത്തിൻ്റെയും വർഗീയതയുടേയും മലിനമനസ്സുമായി പള്ളികളിലോട്ട് ചായണ്ട, ആരും.
അത് പലതും ഓർമ്മിപ്പിക്കലാകും. പിന്നീടോർക്കാൻ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളിലേക്കാകും പിന്നീട് കേരളം വലിച്ചിഴക്കപ്പെടുക.
അതു വേണ്ട.