അഡ്വ. മുഹമ്മദ് ദാനിഷ്.കെ.എസ്
(മലപ്പുറം ജില്ലാ ചെയർമാൻ
KPCC ന്യൂനപക്ഷ വിഭാഗം.)
വി.വി പ്രകാശ് എന്ന മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ഏവർക്കും ഒരു ഞെട്ടൽ അവശേഷിപ്പിച്ചുകൊണ്ട് വിടവാങ്ങിയിരിക്കുകയാണ്. സ്നേഹത്തോടെ നമ്മളൊക്കെ ‘പ്രകാശേട്ടാ’ എന്ന് വിളിച്ചിരുന്ന നേതാവിനെ നിർവചിക്കാൻ ഇംഗ്ലീഷിലെ ഒരു പഴമൊഴിയാണ് മനസിൽ വരുന്നത്.
‘Gentleness is invincible like water’
‘സൗമ്യത വെള്ളം പോലെ അഭേദ്യമാണ്’
സംഭാഷണങ്ങളിലോ നിർദേശങ്ങളിലോ സൗമ്യത ഉള്ളടങ്ങി നിൽക്കുമ്പോഴും ആദർശ പ്രതിബദ്ധതക്ക് പ്രകാശേട്ടന് ഒട്ടും മാറ്റ് കുറയാറില്ല. പുറത്തെ ഖദറിനും അകത്തെ ഹൃദയത്തിനും ഒരേ വെണ്മ. കോൺഗ്രസിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു എന്നല്ല, അതിനുമപ്പുറം കോൺഗ്രസ്സ് ഐഡിയൽസ് ഒരു ജീവിതക്രമം തന്നെയായിരുന്നു പ്രിയ നേതാവിന്. മതേതര ബോധ്യങ്ങളും സാമുദായിക സൗഹാർദവുമൊക്കെ പഠിച്ചെടുക്കേണ്ടതില്ലാത്ത സ്വാഭാവികത മാത്രമാണ് പ്രകാശേട്ടന്.
വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ വെച്ചാണ് പരിചയപ്പെടുന്നത്. അന്നുമുതൽ എന്തുകാര്യത്തിനും നേരിട്ട് വിളിക്കാം. വാക്കിലെ മൃദുത്വം ആശയങ്ങളിൽ ഉണ്ടാകാറില്ല. കൂടുതലും സംസാരിക്കാറുണ്ടായിരുന്നത് പാർട്ടിയുടെ മലബാറിലെ മഹിതമായ ചരിത്രത്തെക്കുറിച്ചാണ്. അപ്പോഴൊക്കെ അതിൽ ഊറ്റംകൊള്ളുന്ന തനി കോൺഗ്രസ്സുകാരനാണ്. ഓരോ നേതാക്കന്മാരെയും ഓരോ വിഭാഗങ്ങളെയും കൃത്യമായി അറിഞ്ഞു പറഞ്ഞുതരും. മലബാറിലെ കോൺഗ്രസ്സിന്റെ പൊക്കിൾക്കൊടിയായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിലാണ് നമ്മളിരിക്കുന്ന ഈ ഓഫീസ് എന്ന് സംഭാഷണമധ്യേ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.
സ്വാർത്ഥ ലാഭങ്ങളോ കുടില തന്ത്രങ്ങളോ ഒന്നും ഇല്ലാതെ തന്നെ ഒരു രാഷ്ട്രീയപ്രവർത്തകന് എത്രത്തോളം ജനകീയ അംഗീകാരം നേടാം എന്നതിന്റെ കൂടി കണ്മുന്നിലെ നിദർശനമാണ് പ്രകാശേട്ടൻ. പരിപാടി ഉത്ഘാടനം ചെയ്യാൻ വന്ന പ്രസിഡന്റിന് വണ്ടിക്കൂലി പ്രവർത്തകർ പിരിവെടുത്തുകൊടുത്ത അനുഭവം സഹപ്രവർത്തകർ പറയുമ്പോൾ അതിൽ അതിശയോക്തി തോന്നാറില്ല. സ്വജീവിതം സംഘടനക്കായി സമർപ്പിക്കുമ്പോൾ ആ ചുമതല നിർവ്വഹിക്കാനുള്ള കൺവെയൻസ് സംഘടനാബന്ധുക്കൾ തന്നെ ഏറ്റെടുക്കുന്നതിൽ അഭിമാനിക്കാനേ ഒള്ളൂ. പണക്കിഴികളുടെ മണിക്കിലുക്കത്തിനപ്പുറം ആദർശരാഷ്ട്രീയം ഒരു ചര്യയാകുമ്പോൾ ഇതൊക്കെയാണ് കോൺഗ്രസ്സുകാർ പഥ്യമാക്കേണ്ടത്.
പാർട്ടിക്കെതിരിൽ ഉന്നയിക്കപ്പെടാറുള്ള വിമര്ശനങ്ങൾക്കുള്ള മറുപടിയിൽ പ്രിയ പ്രസിഡന്റ് പറഞ്ഞ ഒരു വാക്ക് ഇന്നും മനസ്സിൽ ബാക്കിയുണ്ട്. ബിജെപി യുടെയും ആർഎസ്എസ് ന്റെയും സമർപ്പിത കേഡറുകളെ, മറ്റൊരു കേഡർ സംഘടനാ സംവിധാനത്തിനു മാത്രമേ എതിരിടാൻ കഴിയൂ എന്നാണ് വിമർശനം. പ്രസിഡന്റിന്റെ മറുപടി സിംപിൾ ആയിരുന്നു. പക്ഷെ ആഴത്തിലുമുള്ളതായിരുന്നു. ‘കോൺഗ്രസ്സ് കേഡർ സംഘടനയല്ല. പക്ഷെ ഐഡിയോളോജിക്കലി നമ്മൾ കേഡറാണ്’.
മുന്നിലുണ്ടായിരുന്ന വൻതടസ്സങ്ങൾ മുഴുവനായും അവഗണിച്ചുകൊണ്ട്, എല്ലാവർക്കും ഇടമുള്ള ഒരു മതേതര ജനാധിപത്യ രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്, പാർട്ടിയുടെ ആദർശം തന്നെയാണ് കേഡർ. കോൺഗ്രസ്സ് ആദർശമെന്ന നട്ടെല്ലിലാണ് ഇന്ത്യ എഴുന്നേറ്റ് നിൽക്കുന്നത്. ആ നട്ടെല്ല് തളരുമ്പോൾ രാജ്യം നിർമ്മിക്കപ്പെട്ട തത്വങ്ങൾ തളരുന്നു. പ്രകാശേട്ടൻ പറഞ്ഞ വാക്ക് കോൺഗ്രസ്സിന്റെ വാക്കാണ്.
ഡി.സി.സി പ്രസിഡന്റായി ഇരുന്ന നാലരവർഷക്കാലം ജില്ലയിലെ യുഡിഎഫ് സംവിധാനം ഏറ്റവും നന്നായി പ്രവർത്തിച്ച കാലങ്ങളിലൊന്നായി കണക്കാക്കാം. മലബാറിലെ കോൺഗ്രസ്സും മുസ്ലിം ലീഗിലും തമ്മിൽ ചേരുന്നത്, ചരിത്രവിദ്യാർത്ഥികളുടെ അക്കാഡമിക്ക് ഇന്ററസ്റ്റിൽ നോക്കിയാൽ ഒരു തീസീസിന് വകയുള്ള സങ്കീർണ്ണ പദ്ധതിയാണ്. അതുകൊണ്ടൊക്കെത്തന്നെ ഉണ്ടാകാറുള്ള ആശയസംഘട്ടനങ്ങളും എതിർസ്വരങ്ങളും മുന്നണിയുടെ ഉത്തമ താത്പര്യത്തിൽ പുതിയ കാലത്തിലേക്ക് സമന്വയിപ്പിക്കുകയാണ് ഡി.സി.സി പ്രസിഡന്റിന്റെ കടമ. നൂറുവട്ടം പ്രകാശേട്ടൻ അതിൽ വിജയമാണ്.
നിലമ്പൂരിലെ പോരാട്ടം നൽകിയ ആത്മവിശ്വാസത്തിൽ പാർട്ടിയും മുന്നണിയും ശുഭപ്രതീക്ഷകൾ പുലർത്തുന്ന ഈ സന്നിഗ്ധ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം. ലളിത ജീവിതം കൊണ്ടും ആത്മാര്ഥമായ പ്രവർത്തനങ്ങൾ കൊണ്ടും പാർട്ടി പ്രവർത്തകരുടെ മനസ്സുകളിലെ നന്മ നിറഞ്ഞ സാന്നിധ്യം കൊണ്ടും പ്രകാശേട്ടൻ ഈ വിടപറച്ചിലിലും ഒരു പ്രതീകമാകുകയാണ്. കാലമെത്ര കഴിഞ്ഞാലും ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർ അഭിമാനത്തോടെ ഓർക്കുന്ന, സ്‌നേഹമല്ലാതെ മറ്റൊന്നും നേടാത്ത അഭിമാനബോധത്തിന്റെ പ്രതീകം.