മലയാളികളുടെ രണ്ട് നഷ്ടങ്ങള്‍

യൂനുസ് ചെങ്ങര

നെടുമുടി വേണു വെന്ന അതുല്യ നടനും, ഇശലിൻ്റെ സുൽത്താൻ വി എം കുട്ടിയും ആരാധകരുടെ മനസ്സിൽ സങ്കടത്തിൻ്റെ തോരാമഴ പെയ്യിച്ച് കടന്നു പോയ വാരം. തങ്ങൾ പ്രതിനിധാനം ചെയ്ത മേഖലകളിലെ കൈയ്യൊപ്പു കൊണ്ട് മാത്രമല്ല, ഉജ്ജ്വലമായ വ്യക്തി പ്രഭാവം കൊണ്ടും മലയാളി യുടെ മനസ്സിൽ അനശ്വരത നേടിയിരുന്നു ഇരുവരും.

നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.
സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിച്ചു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.

കുട്ടനാടിന്റെ ഓരങ്ങളിൽ നിന്ന് വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. മലയാളക്കരയെ വിസ്മയിപ്പിച്ച നൂറുകണക്കിനു വേഷങ്ങള്‍ കെട്ടിയാടിയ നെടുമുടി വേണു ആ മെയ് വഴക്കമാണ് സിനിമയിലും പ്രദർശിപ്പിച്ചത്.

അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായുള്ള സൗഹൃദം ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയാണ് അദ്ദേഹം.അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് കാലം അദ്ദേഹത്തെ മുദ്രപ്പെടുത്തുക. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര / അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
എല്ലാ അംഗീകാരങ്ങൾക്കുമപ്പുറം ആരാധക മനസ്സിൽ മനുഷ്യനൻമയുടെ വെളിച്ചമായി അദ്ദേഹം അടയാളപ്പെട്ടു കിടക്കും, എന്നും.

ആരാധക മനസ്സിൽ ഇശൽ തേൻ മഴ പെയ്യിച്ച, മാപ്പിളപ്പാട്ടിന് പൊതു ഇടത്ത് സ്വീകാര്യത നേടിക്കൊടുത്ത ഇശലിൻ്റെ സുൽത്താനാണ് വി എം കുട്ടി. മാപ്പിള കലാ പരിസരങ്ങളെ കണ്ടെത്തി ജനകീയമാക്കിയ കലാകാരൻ.

ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത​ജ്ഞ​ൻ, ഗ​വേ​ഷ​ക​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി.​എം. കു​ട്ടി, ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവ സാന്നിദ്ധ്യമായി.

1935ൽ ഉണ്ണീൻ മുസ് ലിയാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി കൊണ്ടോട്ടിക്ക് സമീപം പുളിക്കലിലായിരുന്നു ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ അധ്യാപകനായി. 1985ൽ അധ്യപനരംഗത്തു നിന്ന് വിരമിച്ചു.

ക​ല്യാ​ണ​വീ​ടു​ക​ളി​ലെ താര സാന്നിദ്ധ്യമായിരുന്നു ഒരു കാലത്ത് വി എം കുട്ടി. വി.​എം. കു​ട്ടി​യും വി​ള​യി​ൽ ഫ​സീ​ല​യുമടങ്ങുന്ന ഗാനമേള ആസ്വദിക്കാൻ ഏത് ദിക്കിലേക്കും ആൾക്കൂട്ടം ഒഴുകിയ കാലം. 1957ൽ സ്വന്തം ഗ്രൂപ്പ് തുടങ്ങിയ വി.എം. കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ച് കൈയ്യടി നേടി.

എം.എൻ. കാരശ്ശേരിയുമായി ചേർന്ന് രചിച്ച ‘മാപ്പിളപ്പാട്ടിന്‍റെ ലോകം’ എന്ന കൃതി ഈ മേഖലയിലെ സമഗ്ര പഠനമാണ്. സ്വകാര്യ ഇടങ്ങളിൽ നിന്ന് മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കി എന്നതാണ് വി എം കുട്ടി ഈ സംഗീത ശാഖയോട് ചെയ്ത ഏറ്റവും മികച്ച സേവനം.
വടക്കുങ്ങര മുഹദ് കുട്ടി എന്ന വി എം കുട്ടി പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985വരെ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാകുകയായിരുന്നു.

കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയത് വി എം കുട്ടിയാണ്. പൊതുവേദിയില്‍ ആദ്യമായി ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്.1972ല്‍ കവി ടി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍ക്കോട് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ വെച്ചായിരുന്നു അത്.

1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടതും വി എം കുട്ടിയാണ്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്‍കിയ വി എം കുട്ടി കവിയും മികച്ച ഗാനരചയിതാവുമാണ്. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികള്‍.

സംഗീത നാടക അക്കാദമി അവാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്ററിന്റെ ‘ഒരുമ’ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ വി എം കുട്ടിയെ തേടി എത്തി. കേരള സംഗീത നാടക അക്കാദമി അംഗം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *