വിപ്ലവരാഷ്ട്രീയത്തിലേക്ക് നടന്നെത്തിയ വെന്നിയൂര്‍കാരന്‍

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്

പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ട് തികയ്ക്കുകയാണ് വെന്നിയൂര്‍ മുഹമ്മദ് കുട്ടി. പ്രൈമറി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി 1970 ലാണ് ആര്‍ എസ് പി (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി) എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുന്നത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം കൊല്ലത്തേക്കുള്ള യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ടേണിംഗ് പോയിന്റായി മാറുന്നത്. ടി.കെ ദിവാകരന്‍, ശ്രീകണ്ഠന്‍ നായര്‍ തുടങ്ങി ആര്‍ എസ് പിയുടെ സമുന്നത നേതാക്കളെ കാണാന്‍ അവസരം ലഭിക്കുകയും അവരില്‍ നിന്നും രാഷട്രീയ പാഠങ്ങള്‍ മനസ്സിലാക്കുകയും പൊതു പ്രവര്‍ത്തകന്റെ എളിമയുള്ള ജീവിതമെന്തെന്ന് തിരിച്ചറിയാനും കഴിഞ്ഞതാണ് എന്നെ ആര്‍ എസ് പിയിലേക്ക് എത്തിച്ചെതെന്ന് മുഹമ്മദ് കുട്ടി പറയുന്നു. പിന്നീട് ആ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കുകയും ഊണും ഉറക്കവുമൊഴിച്ച് പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുകയും ചെയ്ത മുഹമ്മദ് കുട്ടി ആര്‍എസ്പിയുടെ സജീവ പ്രവര്‍ത്തകനും പിന്നീട് നേതാവുമായി മാറി.

1971ലാണ് പാര്‍ട്ടിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് സ്വീകിരിക്കുന്നത്. മറ്റു പാര്‍ട്ടികളെപ്പോലെ ഇന്ന് കയറി വന്നവന് നാളെ മെമ്പര്‍ഷിപ്പ് കൊടുക്കുന്ന രീതിയല്ല ആര്‍എസ്പിക്കുള്ളത്. അവരുടെ പൊതു പ്രവര്‍ത്തന രംഗത്ത് സ്വീകാര്യതയും സത്യസന്ധതയും തിരിച്ചറിഞ്ഞതിന് ശേഷമേ ഒരാളേ പാര്‍ട്ടിയിലെടുക്കൂ. അതാണ് തങ്ങളുടെ പ്രസ്ഥാനത്തിന്റെ രീതിയെന്ന് മുഹമ്മദ് കുട്ടി അഭിമാനത്തോടെ പറയുന്നു.

മലബാറില്‍ നിന്ന് പ്രത്യേകിച്ചും മലപ്പുറത്ത് നിന്ന് പാര്‍ട്ടിയുടെ നേതൃരംഗത്ത് എത്തിയതോടെ തിരക്കുപിടിച്ച ജീവിതമായിരുന്നു പിന്നീട്. വണ്ടിയോ ഫോണോ ഇല്ലാതിരുന്ന കാലത്ത് കാല്‍ നടയായോ കിട്ടുന്ന ഏതെങ്കിലും വാഹനങ്ങളിലോ കയറി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോയി പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോഴും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. വെളിയംങ്കോട് പാര്‍ട്ടിയുടെ യോഗം കഴിഞ്ഞ് എടപ്പാള്‍ വരെ നടക്കുകയും അവിടെ നിന്ന് കിട്ടിയ ഒരു വാഹനത്തില്‍ സ്വദേശമായ വെന്നിയൂരില്‍ വന്നിറങ്ങിയതും ഇപ്പോഴും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല. മലബാറില്‍ നിന്ന് ആര്‍എസ്പിക്ക് ഇതുവരെ ജനപ്രതിനിധികള്‍ ഉണ്ടായിട്ടില്ലെങ്കിലും നിരവധി പ്രവര്‍ത്തകരും മെമ്പര്‍മാരും ഇവിടെയുണ്ട്. മലപ്പുറം ജില്ലയില്‍ പൊന്നാനിയില്‍ നിന്നുള്ള എഴുത്തുകാരന്‍ എം.റഷീദിനെപ്പോലുള്ള നിരവധി ബുദ്ധിജീവികളും പ്രഗത്ഭരും ആര്‍എസ്പിയുടെ ഭാഗമായിട്ടുണ്ട്.

പാര്‍ട്ടിയുടെ ആദ്യത്തെ യുവജന ഘടകമായ പി വൈ എഫിന്റെ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി മെമ്പറും ആയിരുന്നു. പിന്നീട് പി വൈ എഫ് പേര് മാറ്റി ആര്‍വൈഎഫ് (റെവല്യൂഷനറി യൂത്ത് ഫ്രണ്ട്) ആയി മാറിയപ്പോള്‍ മണ്ഡലം സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. തുടര്‍ന്ന് ആര്‍എസ്പിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറും ഇപ്പോള്‍ മലപ്പുറം ജില്ലയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. ആര്‍ എസ് പി യുടെ കഴിഞ്ഞകാലത്തെ മുഴുവന്‍ സംസ്ഥാന – ദേശീയ സമ്മേളനങ്ങളിലും പ്രതിനിധിയായി പങ്കെടുക്കാനും നിരവധി വിഷയങ്ങളില്‍ ഇടപെടാനും സാധിച്ചു. നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു. എതിര്‍പക്ഷത്തുള്ളവരോടും ഊഷ്മളമായ സൗഹാര്‍ദ്ദവും വ്യക്തിബന്ധവും കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തെ പലരും അറിയപ്പെടുന്നത് തന്നെ ആര്‍എസ്പി ബാപ്പു എന്ന പേരിലാണ്.

2000ല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ ആര്‍എസ്പി ബേബി ജോണ്‍ വിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കുകയും പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. പാര്‍ട്ടിയെ ജീവനുതുല്ല്യം സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഏറെ ദുഖം തോന്നിയ സന്ദര്‍ഭമായിരുന്നു പിളര്‍പ്പിന്റെ കാലമെന്ന് മുഹമ്മദ് കുട്ടി ഓര്‍ത്തെടുത്തു. പല വേണ്ടപ്പെട്ടവരും മറ്റൊരു ചേരിയില്‍ നിലയുറപ്പിച്ചു. രാഷട്രീയ ജീവിതത്തില്‍ നിരാശതോന്നിയ സന്ദര്‍ഭമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പുനരേകീകരണം നടക്കുകയും ഇപ്പോള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയും ചെയ്യുന്നു.

കേരളത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് ആര്‍എസ്പി. പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ടി.കെ ദിവാകരന്റെ കയ്യൊപ്പില്ലാത്ത പാലങ്ങളോ റോഡുകളോ ഒരു കാലത്ത് കേരളത്തിലുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബേബിജോണ്‍, ടി.കെ ചന്ദ്രചൂഡന്‍, എ എ അസീസ്, ബാബുദിവാകരന്‍, എ വി താമരാക്ഷന്‍, ഷിബു ബേബിജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള നിരവധിയാളുകള്‍ കേരളരാഷ്ട്രീയത്തില്‍ ആര്‍ എസ് പിയുടെ സംഭാവനയാണ്.
കേരളം, ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമെങ്കിലും ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ ഉണ്ട്. ബംഗാളില്‍ 23 എംഎല്‍എമാരും മന്ത്രിമാരും ഉണ്ടായിരുന്നു, അതുപോലെ തന്നെ കേരളത്തില്‍ 11 എം എല്‍ എമാരും നിരവധി മന്ത്രിമാരും പാര്‍ട്ടിയുടെ സംഭാവനയാണെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.

തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടിയുടെ നിറഞ്ഞ സാന്നിദ്ധ്യവും നിരവധി ജനപ്രതിനിധികളും ആര്‍എസ്പിയുടേതായി ഉണ്ട്. നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണം ലഭിക്കുകയും പലരും പല ഓഫറുകളും വാഗ്ദാനം ചെയ്തെങ്കിലും അതെല്ലാം സ്നേഹത്തോടെ നിരസിക്കുകയായിരുന്നു താണിയാട്ടില്‍ വെന്നിയൂര്‍ മുഹമ്മദ് കുട്ടി. മരിക്കും വരെ ആര്‍ എസ് പിയുടെ ഭാഗമായി നില്‍ക്കുകയും പൊതു രംഗത്ത് തന്നാല്‍ കഴിയുന്ന സംഭാവനകളര്‍പ്പിച്ച് മുന്നോട്ട് പോവുകയും ചെയ്യാനാണ് അദ്ദേഹത്തിന് താല്‍പര്യം. റിയാസ്, റാഷിദ്, റംഷീദ്, റഹീസ എന്നിവര്‍ മക്കളാണ്. ഭാര്യ സുലൈഖ

1 Comment

  1. Anvar Nahas Abdul Rahim
    August 16, 2020 - 3:30 pm

    ഞങ്ങളുടെ പ്രിയ നേതാവ്.
    ആർ.എസ്.പി. യുടെ അഭിമാനം

    Reply

Leave a Reply

Your email address will not be published. Required fields are marked *