വേങ്ങര പറയും നേതൃമികവിന്‍റെ പദ്ധതി സാക്ഷ്യം

തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്

രാഷ്ട്രീയ പ്രവർത്തനത്തെ ലാഭകരമായ ബിസിനസാക്കിയെടുത്തവരെ നമ്മൾ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാൽ ബിസിനസ്സിലെ വിജയ തന്ത്രങ്ങളെ നാടിന്റെ നൻമയ്ക്കായി സംഘാടനത്തിൽ പ്രതിഫലിപ്പിച്ചെടുക്കാൻ കഴിയുക എന്നത് അപൂർവ്വം ചിലർക്കു മാത്രം സാധ്യമാകുന്ന സിദ്ധിയാണ്. ഇവിടെയാണ് പ്രതിനിധീകരിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വി.കെ കുഞ്ഞാലന്‍ കുട്ടി എന്ന ജന സമ്മതനായ നേതാവിന്റെ മഹത്വം. ചെറുപ്പം മുതലെ ഹരിത രാഷ്ട്രീയത്തിന്‍റെ ഭാഗമായി നിന്ന അദ്ദേഹം യൂത്ത് ലീഗിലൂടെയാണ് പൊതു രംഗത്തേക്കെത്തുന്നത്. ചുരുങ്ങിയ കാലത്തെ പ്രവാസത്തിനു ശേഷം ജൻമ നാട്ടിന് തന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും നാട്ടിലെ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് യൂത്ത് ലീഗീലും പിന്നീട് മുസ്ലിം ലീഗിലും വേങ്ങരയുടെ മുഖമായി മാറുകയായിരുന്നു അദ്ദേഹം. നീണ്ട 10 വര്‍ഷം യൂത്ത് ലീഗ് നേതൃസ്ഥാനത്തിരിന്നപ്പോള്‍ തന്നെ തന്റെ ദേശമായ വേങ്ങര ആവശ്യപ്പെടുന്ന വികസനമെന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതു സാദ്ധ്യമാക്കുന്നതിനുള്ള ഗൃഹപാഠങ്ങളുടേതായിരുന്നു, ആ പതിറ്റാണ്ടന്ന് തെളിയിക്കുന്നതായിരുന്നു, ഭരണത്തിലിരുന്ന അഞ്ചു വര്‍ഷം പഞ്ചായത്ത് പ്രസിഡന്‍റെന്ന നിലയില്‍ അദ്ദേഹം കാഴ്ച്ചവച്ച വികസന പ്രവർത്തനങ്ങൾ.

ജനസമ്പര്‍ക്ക പരിപാടി

ജനങ്ങളുടെ പരാതികള്‍ ചോദിച്ചറിയാനും വികസന കാര്യങ്ങള്‍ മനസ്സിലാക്കാനും അധികാരമേറ്റയുടന്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി മുന്നോട്ടുള്ള യാത്രക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതനനുസരിച്ചാണ് പിന്നീട് വികസന പ്ലാന്‍ തയ്യാറാക്കിയതും കാര്യങ്ങള്‍ ചെയ്തതും. ഭരണ പക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ ഫണ്ടുകള്‍ വകയിരുത്തുമ്പോള്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. അതുകൊണ്ട് തന്നെ ആസൂത്രണ മികവും പ്രവര്‍ത്തനക്ഷമതയും പരിഗണിച്ച് ഐസ്ഒ അംഗീകാരം ലഭിച്ചു. പദ്ധതി ചിലവഴിക്കുന്ന കാര്യത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ എട്ടാം സ്ഥാനവുമാണ് വേങ്ങര ഗ്രാമപഞ്ചായത്തിനുള്ളത്.
2015 ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നേരിട്ടിരുന്ന പ്രശ്നം കുടിവെള്ള ക്ഷാമമായിരുന്നു.


കൃത്യവും നിരന്തരവുമായ ഇടപെടലുകള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷം പഞ്ചായത്തിലെ ആറായിരത്തോളം വീടുകള്‍ക്ക് വെള്ളമെത്തിക്കാന്‍ കഴിയുന്ന രീതിയില്‍ ജലനിധി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു എന്നത് വേങ്ങരയുടെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞ ഒന്നാണ്.പല ഘട്ടങ്ങളിലായി ഇതിന് തടസ്സം നിന്നവരുടെ വാദത്തെയെല്ലാം ശാസ്ത്രീയമായിത്തന്നെ നേരിടാനുള്ള ഗ്രാഹ്യത നേടിയെടുത്താണ്, അദ്ദേഹം ലക്ഷ്യത്തിലെത്തിച്ചത്. മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയിൽ 33 കോടി രൂപ നീക്കിവെച്ച് ജലനിധി മള്‍ട്ടി ജിപിക്ക് തുടക്കം കുറിച്ചു. ഇതിന്‍റെ ഗുണഭോക്താക്കള്‍ വേങ്ങര, ഊരകം പറപ്പൂര്‍ എന്നീ പഞ്ചായത്തുകളാണ്. ആ പദ്ധതിയുടെ വിജയത്തിന് വേണ്ടത്ര വെള്ളം ലഭിക്കില്ലെന്ന് മനസ്സിലാക്കി ഏറെ പഠനങ്ങള്‍ക്കും സര്‍വ്വേകള്‍ക്കും ശേഷം കടലുണ്ടിപ്പുഴയില്‍ ബാക്കികയത്ത് റെഗുലേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും പദ്ധതിക്ക് വേണ്ടി ഫണ്ട് കണ്ടെത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് മലപ്പുറത്ത് വെച്ച് നടന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് ബാക്കിക്കയം ഫണ്ടിന് ആവശ്യമായ 20 കോടി രൂപ അനുവദിക്കുകയം ചെയ്തു. ഇതോടു കൂടിയാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതെന്ന് കുഞ്ഞാലന്‍ കുട്ടി പറഞ്ഞു. ആ പദ്ധതിയുടെ പ്രയോജനം 3 നിയോജക മണ്ഡലങ്ങളിലെ 14 പഞ്ചായത്തുകള്‍ക്കും 2 മുനിസിപ്പാലിറ്റികള്‍ക്കും ഗുണം കിട്ടുന്ന രീതിയിലേക്ക് മാറുകയും ചെയ്തു.
പദ്ധതിക്കായി പൊതുവഴി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ഭൂമിയിൽ നിന്ന് അരയേക്കർ വാങ്ങിയാണ് വലിയൊരു പ്രതിസന്ധിയെ മറികടക്കാനായതും,പതിറ്റാണ്ടുകൾ നീണ്ട കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്തിയ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും.
ഈ കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് പഞ്ചായത്തിന്‍റെ മുക്കുമൂലകളില്‍ വെള്ളമെത്തിക്കുന്നതിന് വേണ്ടി കീറിമുറിച്ചിരുന്ന 275 കിലോ മീറ്റര്‍ വരുന്ന ഗ്രാമീണ റോഡുകളെല്ലാം റീ ടാറിംഗ് ചെയ്തു പൂർവ്വാധികം കാര്യക്ഷമമായി ഗതാഗതയോഗ്യമാക്കാനും കുഞ്ഞാലൻകുട്ടിയിലെ മികച്ച സംഘാടകൻ മറന്നില്ല.
കേരളത്തിലെ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകായോഗ്യമായ പ്രവര്‍ത്തനങ്ങളാണ് ഈ ഭരണ സമിതി കാർഷിക രംഗത്തും കാഴ്ചവെച്ചത്. 100 ഹെക്ടറോളം തരിശായിക്കിടന്നിരുന്ന ഭൂമി കൃഷി യോഗ്യമാക്കി മാറ്റാന്‍ സാധിച്ചു. 164 മെട്രിക് ടണ്‍ ഉണ്ടായിരുന്ന നെല്ല് 1167 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞു.ഇതോടെ തരിശു രഹിത പഞ്ചായത്താക്കി വേങ്ങര മാറ്റാനും സാധിച്ചു.


കൂടാതെ ജില്ലയിൽ തന്നെ തണ്ണിമത്തന്‍ കൃഷി ചെയ്യുന്ന ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ് വേങ്ങര. ഇരുനൂറോളം കര്‍ഷകരും ഒരു ലക്ഷത്തിലകധികം വാഴകൃഷിയും ഇന്ന് വേങ്ങര പഞ്ചായത്തിലുണ്ട്. കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ചിങ്ങം ഒന്നിന് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ച് കാർഷിക സംസ്കൃതിയിലേക്ക് ഒരു നാടിനെയാകെ മാനസികമായി ചേർത്തു പിടിക്കാനും ഭരണ സമിതി
ശ്രദ്ധിക്കുന്നു.
ആരോഗ്യ രംഗത്തും വേങ്ങരയിൽ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 30 ഓളം ബെഡുകളുമായി കിടത്തി ചികിത്സാ സൗകര്യമുള്ള ആയുര്‍വ്വേദ ആശുപത്രിയും പാക്കടപ്പുറായയില്‍ ഒരു സബ് സെന്‍ററും യാഥാർത്ഥ്യമാക്കി. നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഈ ആതുരാലയത്തിന് പ്രതിവര്‍ഷം 13 ലക്ഷം രൂപയാണ് പഞ്ചായത്ത് നല്‍കി കൊണ്ടിരിക്കുന്നത്. പുറമെ പരിരക്ഷ പാലിയേറ്റീവ് പദ്ധതി വിജയകരമായി നടന്നു വരുന്നു. ഈ മേഖലയില്‍ അ‍ഞ്ചുവര്‍ഷത്തിനുള്ളില്‍ അരക്കോടി രൂപ ഇതിനകം ചിലവഴിച്ച് കഴിഞ്ഞു.


പഞ്ചായത്ത് നടത്തിവരുന്ന മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ് സായംപ്രഭ. ജീവിതത്തിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ച വയോജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വേറിട്ട പദ്ധതിയാണിത്. മലപ്പുറം ജില്ലയില്‍ തന്നെ ശ്രദ്ധേയമായ ഈ പദ്ധതയില്‍ ആരോഗ്യ ക്യാമ്പുകള്‍, ബോധവല്‍ക്കര ക്ലാസുകള്‍, കലാപരിപാടികള്‍ വയോജന കൂട്ടായ്മ സദസ്സുകള്‍ എന്നിവ വിജയകരമായി നടത്തി വരുന്നു. പഞ്ചായത്ത് പരിധിക്കുള്ളിലെ സ്കൂളുകളുടെ മുഴുവൻ അടിസ്ഥാന വികസനത്തിന് 50 ലക്ഷത്തിലധികം രൂപ ഇതിനകം ചിലവഴിച്ചു കഴിഞ്ഞു. പുറമെ സ്ഥലപരിമിതി കാരണം വീര്‍പ്പു മുട്ടിയിരുന്ന ബസ് സ്റ്റാന്‍റ് വീതികൂട്ടി ഇന്‍റര്‍ലോക്ക് ചെയ്യുകയും കംഫര്‍ട്ട് സ്റ്റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തു.
ഭവന രഹിതരായ ആളുകള്‍ക്ക് പഞ്ചായത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 543 അപേക്ഷകളില്‍ നിന്ന് അധികാരമേറ്റ വര്‍ഷം തന്നെ 96 വീടുകള്‍ കൊടുക്കാന്‍ സാധിച്ചു. പിന്നീട് ഇടത് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ പഞ്ചായത്തിനുള്ള ഭവനപദ്ധതി ഫണ്ടുകള്‍ പിന്‍വലിച്ചു. പിന്നീട് കൊണ്ടുവന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷം കൊണ്ട് 33 വീടുകളാണ് സര്‍ക്കാര്‍ അനുമതി തന്നത്. അതില്‍ 18 വീടുകളുടെ പണി പൂര്‍ത്തിയാക്കുകയും 4 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു.
പട്ടികജാതി വികസനത്തിന്, അവര്‍ക്ക് നല്‍കുന്ന ഭവന ഫണ്ടുകള്‍ക്ക് പുറമെ പ്രതിവര്‍ഷം 30 ലക്ഷം രൂപയാണ് പഞ്ചായത്ത് ചിലവഴിക്കുന്നത്. സ്വയം തൊഴിലിനായി 20 ഓട്ടോറിക്ഷകൾ 90 സ്കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍, 53 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയും നല്‍കാന്‍ കഴിഞ്ഞു. 20 ലക്ഷത്തോളം രൂപ ചിലവഴിച്ച് അപേക്ഷിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും ഫര്‍ണിച്ചര്‍ നല്‍കി. കുടുംബശ്രീ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ പഞ്ചായത്തിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ കാര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്ന രീതിയില്‍ പഞ്ചായത്ത് ഓഫീസ് ആധുനീകരിച്ചത് ഈ ഭരണസമിതിയുടെ കാലത്താണ്. അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഗവണ്‍മെന്‍റ് ഓഫീസുകളില്‍ കയറിയിറങ്ങിയവര്‍ക്ക് വേങ്ങര പഞ്ചായത്ത് ഓഫീസ് ഒരു മാതൃകാ കെട്ടിടമായി മാറിയിരിക്കുകയാണിപ്പോള്‍.
വേങ്ങരയുടെ മുഴുവന്‍ മേഖലകളിലും വികസനത്തിന്‍റെ പുതിയ പാത വെട്ടിത്തുറക്കാന്‍ നിലവിലെ ഭരണ സമിതിക്കും അതിന് ചുക്കാന്‍ പിടിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ കുഞ്ഞാലന്‍ കുട്ടിക്കും സാധിച്ചിട്ടുണ്ട്.
നാടിന്‍റെ ആവശ്യങ്ങൾ, പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കിക്കഴിഞ്ഞാൽ അതെങ്ങനെ സാദ്ധ്യമാക്കാം, പരിഹരിക്കാം എന്നതിനെക്കുറിച്ച് കൃത്യമായി പഠനം നടത്തുകയും അതേറ്റവും പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഏതൊരു പദ്ധതിയും വിജയത്തിലെത്തിക്കാനുള്ള നല്ല മാർഗ്ഗം എന്നാണ് കുഞ്ഞാലൻ കുട്ടിയുടെ അനുഭവ പാഠം.
തന്‍റെയുള്ളിലെ വിജയിച്ച ബിസിനസ്മാന്റെ ആ ഗൃഹപാഠഗുണങ്ങൾ അദ്ദേഹം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നു.
സാരഥിയാകാൻ ജനിച്ചവന്‍റെ തലയെടുപ്പോടെ,
അംഗീകാരങ്ങൾ പകർന്നു നൽകുന്ന ആത്മവിശ്വാസത്തോടെ,
ജനകീയനായ ഒരു സംഘാടകന്‍റെ വിനയത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *