മാതൃകയാകേണ്ടവർ മാനം കെടുത്തുമ്പോൾ

ജിഷിന്‍ എവി

കൊവിഡിൻ്റെ ഏറ്റവും അപകടകാരിയായ മൂന്നാം വകഭേദത്തിൻ്റെ നടുക്കമുണ്ടാക്കുന്ന വാർത്തകൾക്കിടയിലാണ്, വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ടെന്ന കണ്ടെത്തിയിരിക്കുന്നത്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു മാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയത്.

മതപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതെന്നതാണ് ലജ്ജിപ്പിക്കുന്ന വസ്തുത. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും.

സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാൻ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൂടി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നുമുള്ള പൊതു വികാരം തന്നെയാണ് അദ്ദേഹവും പ്രകടിപ്പിച്ചത്.
ഒമൈക്രോണ്‍ ലോകമെമ്പാടും നാശം വിതക്കും എന്ന ആശങ്കയ്ക്കിടയിലാണ് അധ്യാപകരിൽ ചിലരുടെ ഈ അനാസ്ഥയെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്.
ഒമൈക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ്​ അതിന്‍റെ വര്‍ദ്ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയായിരിക്കും ഒമൈക്രോണ്‍ എന്ന പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തഭാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽനിന്ന്​ വിവിധ രാജ്യങ്ങളിലേക്ക്​ എത്തിയ യാത്രക്കാരിലും പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.
പല കോണില്‍ നിന്നും വാക്‌സിനെതിരേ പ്രചാരണം ശക്തമാണെന്നും ആരോഗ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളില്‍ 90% പേരും വാക്‌സിനെടുക്കാത്തവരാണെന്നും വാക്‌സിനെടുക്കാത്തവരിലാണ് രോഗം സങ്കീര്‍ണ്ണമാകുന്നതും മരണമുണ്ടാകുന്നതെന്നും കണ്ടെത്തിയിട്ടും ചിലർ പുറം തിരിഞ്ഞു നിൽക്കുന്നത് സാമൂഹ്യ ദ്രോഹമെന്നേ പറയാനാകുകയുള്ളൂ. താരതമ്യേന വേദന കുറഞ്ഞ കുത്തിവയ്പാണ് കൊവിഡ് വാക്‌സിനേഷന്‍. മരുന്നുകള്‍ കഴിക്കുന്നത് വാക്‌സിനെടുക്കുന്നതിന് തടസ്സവുമല്ല. അലര്‍ജിയുടെ ഗൗരവത്തിനനുസരിച്ച്‌ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വാക്‌സിന്‍ എടുക്കാനും സംവിധാനങ്ങളുണ്ട്.

ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഇതിനുള്ള സൗകര്യമുണ്ട്.
ആര്‍ക്കും ആരില്‍ നിന്നും രോഗം വരാനിടയുള്ളതിനാല്‍ വാക്‌സിനെടുത്താല്‍ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ. കോവിഡിനെ പ്രതിരോധിക്കുന്നതിന് മരുന്നുകള്‍ ഒന്നും തന്നെയില്ല. വാക്‌സിനെടുക്കുക മാത്രമാണ് പോംവഴി.
ഇത് തിരിച്ചറിയുകയും സമൂഹത്തിന് മാതൃകയാവുകയും ചെയ്യേണ്ടവരാണ്, അധ്യാപകർ.
ഈയൊരു തിരിച്ചറിവില്ലാത്തവരെ അധ്യാപക ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് സർക്കാർ ചെയ്യേണ്ടത്.