ശരീഫ് സിപി
തങ്ക വിഗ്രഹത്തെ മൺ പുറ്റായി അടയാളപ്പെടുത്താൻ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെ ഒരു പതിറ്റാണ്ട് നീണ്ട കഠിനശ്രമത്തിലൂടെ ചരിത്രത്തിൽ നിന്ന് വാരിയം കുന്നൻ്റെ ഉജ്ജ്വലമായ വ്യക്തി പ്രഭാവം കണ്ടെടുത്ത് സമൂഹത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം ചരിത്രാന്വേഷകർ. കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ഈ സംഘം.
ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും തങ്ങൾക്ക് കണ്ടെടുക്കാനായെന്ന് അവർ വെളിപ്പെടുത്തുന്നു. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് സംഘത്തിന് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഇവർക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും.
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശമെന്ന് ഇവർ പറയുന്നു. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതു പോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേർചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം തങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സംഘാംഗം എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും പങ്കുവയ്ക്കുകയാണെന്ന് അവർ വ്യക്തമാക്കുന്നു. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.
ഒക്ടോബർ 29 വെള്ളിയാഴ്ച 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.