അട്ടിമറി വിജയം നിലനിര്‍ത്താനുറച്ച് വി.അബ്ദുറഹ്മാന്‍

അഭിമുഖം: വി.അബ്ദുറഹ്മാന്‍ എം.എല്‍.എ / യൂനുസ് ചെങ്ങര

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ കേരളമൊന്നാകെ ചർച്ച ചെയ്തത് മുസ്ലിം ലീഗിൻ്റെ കോട്ടയിൽ ഇടതു സ്വതന്ത്രൻ നേടിയ അട്ടിമറി വിജയത്തെ കുറിച്ചായിരുന്നു.ഇടതു തരംഗത്തിനിടയിലും വിള്ളലേൽക്കാതെ ഉറച്ചു നിന്ന ഹരിത കോട്ടയിൽ അബ്ദുർറഹ്മാൻ രണ്ടത്താണിയെ താനൂരിൽ പരാജയപ്പെടുത്തിക്കൊണ്ട് വി അബ്ദുർറഹ്മാൻ എന്ന ഇടതു സ്വതന്ത്രൻ വിജയക്കൊടി നാട്ടിയപ്പോൾ ഞെട്ടിയത് ലീഗ് കേന്ദ്രങ്ങൾ മാത്രമല്ല, പ്രവചന സിംഹങ്ങൾ കൂടിയായിരുന്നു.അപ്രതീക്ഷിത ചുവടുകളിലൂടെ ബിസിനസ്സിലും രാഷ്ട്രീയത്തിലും അമ്പരപ്പിക്കുന്ന വിജയങ്ങളെ കൈയ്യെത്തിപ്പിടിക്കാനുള്ള ജൻമ സിദ്ധി പകരുന്ന ആത്മ വിശ്വാസത്തോടെ, അട്ടിമറിയിലൂടെ നേടിയ വിജയം കൂടുതല്‍ മികവോടെ രണ്ടാമങ്കത്തിലും നിലനിറുത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണദ്ദേഹം.


താനൂരിൽ ഏതാണ്ട് ആയിരം കോടിയുടെ വികസനമെത്തിച്ച എംഎൽഎ യെ അല്ലാതെ പിന്നയാരെ എന്നാണ് അവരുടെ ചോദ്യം.അടുത്ത അമ്പതു വർഷത്തെ ജനപ്പെരുപ്പം കൂടി മുന്നിൽ കണ്ടു കൊണ്ട് ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയെ കുറിച്ചാണ് എം എൽ എ ഏറ്റവും അഭിമാനത്തോടെ സംസാരിച്ചത്. ഒഴൂർ പഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
കടലമ്മയുടെ കനിവ് ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്തമാകും വിധം പ്രാഥമിക ഘട്ടം മുതല്‍ ഹയര്‍സെക്കണ്ടറി വരെ ആധുനിക സൗകര്യങ്ങളോടെ സ്വപ്നതുല്യമായ പദ്ധതിയാണ് ഫിഷറീസ് സ്കൂളില്‍ നടപ്പിലാക്കിയത്. ഫിഷറീസ് സ്കൂളിന് സ്റ്റേഡിയം, അസ്ട്രോണമി ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ 13 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.


ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടിയിരുന്ന നഗരത്തില്‍ 5 പാലങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നേടി. ഗ്രാമീണ പാതകളടക്കം മണ്ഡലത്തിലെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കി. തീരദേശം ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 30 കോടിയും, തെയ്യാല മേല്‍പ്പാലത്തിന് 34 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് കൃത്യമായ ധാരണയില്ലാതെ ആരംഭിച്ച കെട്ടുങ്ങല്‍ പാലം തടസ്സങ്ങള്‍ നീക്കി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികളാരംഭിച്ചതായും എംഎല്‍എ പറഞ്ഞു.
മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനമാണ് നടപ്പിലാക്കിയത്. താനൂര്‍ ഗവണ്‍മെന്‍റ് ആര്‍ട്സ് & സയന്‍സ് കോളേജ് കെട്ടിടത്തിന് ഒഴൂര്‍ പഞ്ചായത്തില്‍ 5.4 ഏക്കര്‍ ഭൂമി കണ്ടെത്തുകയും ഭൗതിക സാഹചര്യ വികസനത്തിനായി 29 കോടി രൂപയും അനുവദിക്കാന്‍ സാധിച്ചു.പുറമെ ദേവധാര്‍ സ്കൂള്‍ കെട്ടിടത്തിന് 7.5 കോടി രൂപ അനുവദിച്ചതുള്‍പ്പെടെ അംഗണ്‍വാടി മുതല്‍ കോളേജ് തലം വരെ വിദ്യഭ്യാസ മേഖലയില്‍ വിപ്ലവ മുന്നേറ്റമാണ് സാധ്യമാക്കിയത്.
റോഡിലും പാലത്തിലും ഒതുങ്ങാതെ സാംസ്കാരിക രംഗത്തടക്കം സമസ്ത മേഖലകളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്ത്ഥ്യമുണ്ടെന്ന് എംഎല്‍ എ പറഞ്ഞു. കേരള ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ നാടക സിനിമ തിയ്യേറ്റര്‍ സമുച്ചയം യാഥാര്‍ത്ഥ്യമാക്കി.
താനൂരില്‍ ഫയര്‍സ്റ്റേഷന് ഭരണാനുമതി, റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ 2 കോടി രൂപ ചെലവഴിച്ച് സൗന്ദര്യവല്‍ക്കരണ നവീകരണ പ്രവര്‍ത്തനങ്ങള്‍, കാട്ടിലങ്ങാടിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ്, ഓലപ്പീടിക കുന്നുമ്മല്‍ റോഡില്‍ അണ്ടര്‍പാത്ത്, കോസ്റ്റല്‍ ഹൈവേ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, നിരവധി സബ് സെന്‍ററുകള്‍, കാട്ടിലങ്ങാടിയിലേക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, മണ്ഡലത്തിലെ 32 റോഡുകളുടെ നവീകരണം, ഒട്ടുമ്പുറത്ത് റഗുലേറ്റര്‍, മോര്യാ കാപ്പ് സമഗ്ര പാക്കേജ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യകുന്നു. വര്‍ഷങ്ങളായി താനൂരിന്‍റെ തലവേദനയായിരുന്ന താനൂര്‍ തെയ്യാല റോഡിലെ റയില്‍വേ ഗേറ്റിന്‍റെ സ്ഥാനത്ത് കിഫ്ബി ഫണ്ടില്‍ നിന്നും 34 കോടി രൂപ ചിലവഴിച്ച് മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.തിരൂര്‍ കടലുണ്ടി റോഡിന് 64 കോടി അനുവദിച്ചു. പലഘട്ടങ്ങളിലായി നിലച്ചു പോയ, മത്സ്യതൊഴിലാളികളുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്ന ഹാര്‍ബര്‍ പൂര്‍ത്തിയാക്കി.


തീരദേശ മേഖലയിലടക്കം ഒരു വികസനവും നടപ്പിലാക്കാൻ ഇതിനു മുമ്പുള്ള ജനപ്രതിനിധികൾ അധികാരത്തിലിരിക്കുന്ന ഘട്ടങ്ങളിൽ പോലും തയ്യാറായിട്ടില്ലെന്ന് എംഎല്‍എ ആരോപിക്കുന്നു.
മുസ്‌ലിം ലീഗിൻ്റെ രാഷ്ട്രീയം വികസനത്തിലോ, നാടിൻ്റെ ഉന്നമനത്തിലോ ഊന്നി നിന്നുകൊണ്ടുള്ളതല്ല.
അതു കൊണ്ടു തന്നെയാണ്, കെ എസ് യു വിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്ന് വന്ന താൻ കോൺഗ്രസിൽ നിന്ന് ഇറങ്ങി നടന്നതെന്നും അദ്ദേഹം പറയുന്നു. കെ എസ് യു യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുയരുന്നതിനിടെ പലതരം രാഷ്ട്രീയ നാടകങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. തിരൂർ നഗരസഭാ വൈസ് ചെയർമാൻ, പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചപ്പഴും വികസനത്തെകുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി എടുക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ, ചില നിലപാടുകളോട് രാജിയാകാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നു. മലപ്പുറം ജില്ലയിൽ ആദ്യമായി രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ അഭിപ്രായം പരസ്യമായി വ്യക്തമാക്കിയതിന് ശേഷമാണ് ഇറങ്ങി വന്നത്.തുടക്കം മുതൽ തന്നെ ഇടതുപക്ഷ ചിന്താഗതിയുള്ള കോൺഗ്രസുകാരനായിരുന്നു താനെന്നും വി.അബ്ദുർറഹ്മാൻ വ്യക്തമാക്കുന്നു.സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നവരെ തിരിച്ചറിയണമെന്നും, താഴേക്കിടയിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ പാകത്തിൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സന്നദ്ധരാകാത്തവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാതിരിക്കാൻ ജനം ജാഗ്രത കാണിക്കണമെന്നും അബ്ദുർറഹ്മാൻ ഓർമ്മിപ്പിക്കുന്നു.


നാടിന്‍റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ഉത്തരവാദമേല്‍പിച്ചുകൊണ്ടാണ് താനൂര്‍ മണ്ഡലം അട്ടിമറി വിജയിത്തിലൂടെ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്. ആ ഉത്തരവാദിത്തം അവര്‍ ആഗ്രഹിക്കുകയും മണ്ഡലം അര്‍ഹിക്കുകയും ചെയ്യുന്ന വിധത്തില്‍ സമഗ്രമായിതന്നെ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *