പ്രതിഷേധക്കാർക്കു നേരെ മരണ വണ്ടി. പ്രതിപക്ഷത്തിന് വിലങ്ങ്.

മനോജ് കെ.എം

ഒരു വർഷത്തിലേറെയായി തുടരുന്ന കർഷക പ്രതിഷേധത്തെ മരണവണ്ടി കയറ്റി കൊന്നും അടിച്ചമർത്തിയും നേരിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു.നാലു കർഷകരെ കാർ കയറ്റിക്കൊന്നതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തെങ്കിലും പ്രതിപക്ഷ നേതാക്കളെ സംഭവ സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കുകയാണ് ഇപ്പോഴും യുപി പൊലീസ്.ലക്നൗ ലഖിംപൂർ ഖേരിയിലെ സംഘർഷ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ബലപ്രയോഗത്തിലൂടെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു മാധ്യമ പ്രവർത്തകനടക്കം ഒമ്പത് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട്‌ സ്വീകരിച്ചതിൻ്റെ ഭാഗമായാണ് സർക്കാർ പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നതെന്ന ആരോപണം ശക്തമാണ്.ജനജീവിതം സ്തംഭിപ്പിച്ച് പൊതുവികാരം കർഷകർക്കു നേരെ തിരിച്ചുവിടാനാണ് സർക്കാർ നീക്കം.
കുത്തക കമ്പനികൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാൻ അനുവാദം നൽകുന്ന കാർഷിക ബില്ലിനെതിരെ രാജ്യമിന്നോളം കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് കർഷകരുടെ ഭാഗത്തു നിന്നും ഉയർന്നു വന്നത്.

കാർഷികോൽപ്പന്നങ്ങൾ ഇ–വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌. ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷവും കർഷകരും എതിർപ്പുമായി രംഗത്തു വന്നത്.


പാർലമെന്റിലെ അവതരണത്തിനിടെ പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധം അംഗങ്ങളുടെ സസ്പെൻഷൻ കൊണ്ടാണ് സർക്കാർ നേരിട്ടത്. തുടർന്നായിരുന്നു കർഷകരുടെ സന്ധിയില്ലാ സമരം പൊട്ടിപ്പുറപ്പെട്ടത്. പഞ്ചാബിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് കിസാൻ ആക്രോശ് റാലിയായ ട്രാക്ടർ റാലി നടത്തി. പഞ്ചാബിലും ഹരിയാനയിലും ശക്തമായ കർഷക സമരം നടന്നു. റാലിയെ അംബാലയിൽ തടഞ്ഞു. സെപ്റ്റംബർ 24 മുതൽ 26വരെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി റെയിൽ റോക്കോ സമരം പ്രഖ്യാപിച്ചു. എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായ അകാലി ദൾ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വെച്ചു.

പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു വിലയിരുത്തിയാണ് മന്ത്രിസഭ തീരുമാനത്തിലെത്തിയത്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും നിയമോപദേശം കിട്ടിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ 2020 ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള സർക്കാർ അനുമതി ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷേധിച്ചു. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഫയൽ മടക്കി. നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.. കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങൾ നിരാകരിക്കണമെന്നുമുള്ളതാണ് സർക്കാരിന്റെ പ്രമേയം. ഒടുവിൽ പ്രതിപക്ഷവുമായി ചേർന്ന് സർക്കാർ പ്രമേയം പാസാക്കുക തന്നെ ചെയ്തു.
രാജ്യത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനം രംഗത്തെത്തിയെങ്കിലും ഒരു രീതിയിലുള്ള ചർച്ചയ്ക്കും തയ്യാറാകാതെ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്‌.

Leave a Reply

Your email address will not be published. Required fields are marked *