സിദ്ധീഖ് കൊണ്ടോട്ടി
മുമ്പെന്നെത്തേക്കാളും ഉച്ചത്തിലും ആവേശത്തിലും പ്രതികരിക്കുന്നുണ്ട്, ഓരോ വിഷയത്തിലും നമ്മളിപ്പൊ.പക്ഷേ, ചില വിഷയങ്ങളിൽ ലജ്ജാകരമായ മൗനത്തിലാണ് നമ്മൾ.
ജനാധിപത്യത്തിൻ്റെ ആത്മാവിനെ കരിനിയമങ്ങളുടെ ഇരുൾ മൂലകളിൽ ചിതലുകൾ തിന്നു തീർക്കുമ്പഴും ജീവിതത്തിൻ്റെ പുറംതൊലിയിലെ ചുണങ്ങുകളിൽ ചൊറിഞ്ഞ് നേരം കൊല്ലുന്നതാണ് വർത്തമാന കാലത്തെ നമ്മുടെ പല പ്രതികരണങ്ങളും പ്രതിഷേധങ്ങളും.
യു എ പി എയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന ഒരു റിപ്പോർട്ട് സ്റ്റേറ്റ് പൗരൻ്റെ ജീവന് എന്തു വില കൽപിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 55 പേർക്കെതിരെ യു.എ.പി.എ ചുമത്തിയെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര സഹമ |ന്ത്രി നിത്യാനന്ദറായ്, കസ്റ്റഡിലിരിക്കെ എത്ര പേർ മരിച്ചെന്ന കണക്ക് അറിയില്ലെന്നാണ്
എം.പി കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടിയായിപ്പറഞ്ഞത്.
കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട അഞ്ചുപേര്‍ 30 വയസിന് താഴെ മാത്രം പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉള്ളതിനാല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ലെന്നും എത്രപേര്‍ രാജ്യത്ത് യു.എ.പി.എ കാരണം കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ടെന്നതിന് കണക്കുകളില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഉത്തര്‍പ്രദേശിലാണ് 2020ല്‍ ഏറ്റവും അധികം യു.എ.പി.എ ചുമത്തിയതെന്ന് കഴിഞ്ഞയാഴ്ച്ച നിത്യാനന്ദറായ് പാര്‍ലമെന്റില്‍ അറിയിക്കുകയുണ്ടായി. ഉത്തര്‍പ്രദേശ് പൊലീസ് 361 പേരെയാണ് കഴിഞ്ഞ വര്‍ഷം യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്.
24 പേരെയാണ് കേരളത്തില്‍ യു.എ.പി.എ കേസ് പ്രകാരം 2020ല്‍ മാത്രം അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്ത് 7243 പേരെയാണ് 2016 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തതെങ്കിലും 286 പേര്‍ കുറ്റവിമുക്തരായിട്ടുണ്ട്.
നിസാര കുറ്റങ്ങൾക്കു പോലും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന പൊലീസിനും കേന്ദ്ര ഏജൻസികൾക്കുമുള്ള തിരിച്ചടിയായിരുന്നു, പന്തീരങ്കാവ് കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം അനുവദിച്ചുള്ള സുപ്രീംകോടതി ഉത്തരവ്. ഇരുവർക്കുമെതിരായി ചുമത്തിയ യു.എ.പി.എ നിലനില്ക്കില്ലെന്നും ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താവൂ എന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം കേരളാ പൊലീസ് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യദ്രോഹം രാജ്യത്തെ ഏറ്റവും വലിയ കുറ്റമാണ്. ഒരു പൗരനു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ പൊലീസിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും, പൂർണബോദ്ധ്യമുണ്ടായാൽ മാത്രമേ യു.എ.പി.എ. ചുമത്താവൂ എന്നും മനുഷ്യാവകാശ പ്രവർത്തകർ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമീപകാലത്ത് യു.എ.പി.എ ചുമത്തിയതിൽ നിരവധി പാളിച്ചകളുണ്ടായ സാഹചര്യത്തിൽ, ഗൗരവമുള്ള സാഹചര്യവും തെളിവുകളും ഇല്ലെങ്കിൽ യു.എ.പി.എ ചുമത്താൻ അനുവദിക്കരുതെന്നാണ് അവരാവശ്യപ്പെടുന്ന ത്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന കാലംകഴിഞ്ഞെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച് 48മണിക്കൂർ കഴിയുംമുൻപാണ് കോഴിക്കോട്ട്, ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ ഇതേനിയമം ചുമത്തി പൊലീസ് ജയിലിലടച്ചത്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനും മേൽ യു.എ.പി.എചുമത്തിയതിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. കമാലിനും നാദിറിനുമെതിരെ ചുമത്തിയ യു.എ.പി.എ പിന്നീട് ഒഴിവാക്കേണ്ടി വന്നു.
നിസാരകുറ്റങ്ങൾക്കു പോലും യു.എ.പി.എ ചുമത്താൻ നിർദ്ദേശിക്കുന്ന മറുനാടൻ പൊലീസുദ്യോഗസ്ഥരും അനുമതി നൽകുന്ന പൊലീസ് നേതൃത്വവുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.
ജാഗ്രതയില്ലാതെ യു.എ.പി.എ ചുമത്തിയത് ഗൗരവകരമാണെന്നാണ് കേസുകൾ പുന:പരിശോധിച്ച വിദഗ്ദ്ധസമിതി വിലയിരുത്തിയത്. ഇതോടെ യു.എ.പി.എയുടെ വകുപ്പുകളെക്കുറിച്ച് എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അറിവുണ്ടാകാൻ സർക്കാർ ശില്പശാല നടത്തിയിരുന്നു. യു.ഡി.എഫ് സർക്കാർ 137ഉം എൽ.ഡി.എഫ് സർക്കാരിന്രെ ആദ്യകാലത്ത് 25ഉം കേസുകളിലാണ് യു.എ.പി.എ ചുമത്തിയിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടുവർഷം 67കേസുകളാണെടുത്തത്. ആശയപ്രചാരണത്തിന്റെ പേരിൽ 22കേസുകളുണ്ട്. ഭൂരിഭാഗവും മാവോയിസ്റ്റുകൾക്കെതിരേയാണ്. തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ,താമരശേരി, മെഡിക്കൽകോളേജ്, നടക്കാവ്, നിലമ്പൂർ,പാണ്ടിക്കാട്,അട്ടപ്പാടി, അഗളി,പെരുമ്പാവൂർ, കേളകം എന്നിവിടങ്ങളിൽ യു.എ.പി.എ കേസുകളുണ്ട്.
സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരേ പോലും ഭീകരവിരുദ്ധനിയമം ചുമത്തിയെന്ന വിമർശനമുണ്ടായതോടെ സർക്കാർ പുന:പരിശോധിച്ചു. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതായി കണ്ടെത്തി. ഈ കേസുകളിൽ യു.എ.പി.എയുടെ വകുപ്പുകൾ ഒഴിവാക്കാൻ കോടതികളിൽ അപേക്ഷനൽകി. മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം,പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവുമധികം യു.എ.പി.എ കേസുകൾ. മാവോയിസ്റ്റുകൾക്ക് പണം നൽകിയതിനും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്റ്റർ പതിച്ചതിനുമൊക്ക യു.എ.പി.എ ചുമത്തിയിട്ടുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ തടയാനുള്ള യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തരുതെന്ന് മുഖ്യമന്ത്രിക്ക് കർശന നിർദ്ദേശം പുറപ്പെടുവിക്കേണ്ടി വന്നു. കേരളത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തുന്നത് കുറവാണെന്നും നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾ യു.എ.പി.എയിൽ വരുമെന്നും വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റുകളെന്നുമുള്ള പൊലീസ് നേതൃത്വത്തിന്റെ വാദത്തിനുള്ള തിരിച്ചടിയാണ് പന്തീരങ്കാവ് കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നുള്ല സുപ്രീംകോടതി ഉത്തരവ്.
യുപിയിലാകട്ടേ പൂർണ്ണമായും മനുഷ്യവിരുദ്ധ നിയമമായിട്ടാണ് ഈ കരിനിയമം പ്രവർത്തിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം നേതാവ് സിദ്ദീഖ് കാപ്പന്‍ ലേഖനങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചുവെന്നും മുസ്‌ലിംകളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നുമാണ് യു.പി പൊലീസ് പ്രത്യേക ദൗത്യ സേന (എസ്.ടി.എഫ്) കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍ സിദ്ദീഖ് ഒരു ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകനെ പോലെയല്ല എഴുതുന്നതെന്നും മാവോയിസ്റ്റുകളുമായി അനുഭാവം പുലര്‍ത്തുന്നയാളാണെന്നും എസ്.ടി.എഫ് ആരോപിക്കുന്നു. വ്യക്തമായ എഫ്. ഐ.ആര്‍ പോലുമില്ലാത്ത, എന്തിനാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത കേസില്‍ ചികിത്സാസമയത്ത് പോലും ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദര്‍ശനാനുമതി നിഷേധിച്ച് തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് യു.പി പൊലീസ് തുടക്കംമുതല്‍ അനുവര്‍ത്തിച്ചുവന്നത്.
മാധ്യമ പ്രവർത്തകനായിട്ടു പോലും കാപ്പനു വേണ്ടി ഉച്ചത്തിലൊന്ന് മിണ്ടാൻ മാധ്യമങ്ങൾക്കു പോലും ഇന്ന് കഴിയുന്നില്ലെങ്കിൽ ഈ കരിനിയമം പൗരനെ അത്രമാത്രം ഭയപ്പെടുത്തുന്നുവെന്നാണ് വ്യക്തമാകുന്നത്.
കാപ്പനുൾപ്പെടെയുള്ള, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട പൗരൻമാർക്കു വേണ്ടി സംസാരിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തെ മാത്രമല്ല നമ്മിലെ മനുഷ്യത്വത്തേയും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണർത്ഥം.