രാഷ്ട്രീയ അജണ്ടയാകരുത് നാടിന്‍റെ വികസനം

അഭിമുഖം : യുഎ നസീര്‍ | മുഖ്താര്‍ പുതുപ്പറമ്പ്

ഗ്ലോബലൈസേഷനെക്കുറിച്ചും, ലോക ഗ്രാമത്തെക്കുറിച്ചും മലയാളി ചർച്ച തുടങ്ങുന്നതിന് മുമ്പേ ആ സാദ്ധ്യതകളിലേക്ക് കേരളക്കരയിൽ നിന്ന് ചുവടു വച്ച് തുടങ്ങിയവരിൽ പ്രമുഖനാണ് 2019ൽ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എ നസീർ. മലബാര്‍ ഡെവലപ്പ്മെന്‍റ് ഫോറത്തിന്‍റെ ചെയര്‍മാനും അമേരിക്കയിലെ മലയാളികൂട്ടായ്മകളിലെ നിറസാന്നിദ്ധ്യവും കൂടിയായ അദ്ദേഹം ഓപ്പണ്‍ ഒപ്പീനിയന്‍ ന്യൂസ് പോര്‍ട്ടലിന് (www.openopinion.in) അനുവദിച്ച അഭിമുഖത്തിൽ നിന്ന് :

1963ൽ ബാലറ്റിലൂടെ നടന്ന പ്രഥമതെരഞ്ഞെടുപ്പിൽ വിജയിച്ച് കോട്ടക്കൽ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി ഇരുപത് വർഷത്തോളം തുടരുകയും ‘ആധുനിക കോട്ടക്കലിൻ്റെ ശിൽപി’ എന്ന് രാഷ്ട്രീയം മാറ്റി വച്ച് നാട് പുകഴ്ത്തുകയും ചെയ്ത യു എ ബീരാൻ്റെ മകൻ.
ഭക്ഷ്യവകുപ്പു മന്ത്രിയായിരിക്കെ, 80കളിൽ സംസ്ഥാനത്തുടനീളം മാവേലി സ്റ്റോറുകൾ സ്ഥാപിച്ച് അധികാര രാഷ്ട്രീയം എങ്ങനെ ജനപക്ഷമാകണമെന്ന് മാതൃക കാണിച്ച രാഷ്ട്രീയ നേതാവിൻ്റെ മകൻ.

എന്തു കൊണ്ടാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി പ്രവാസം തെരഞ്ഞെടുക്കാന്‍ കാരണം…?
കക്ഷി ഭേദമന്യേ സുസമ്മതനായ നേതാവ്, കൈകാര്യം ചെയ്ത വകുപ്പുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മന്ത്രി എന്നതിനപ്പുറം അഗാധമായ വായനയും എഴുത്തുമായി ജീവിച്ച ഒരാൾ എന്ന നിലയിലാണ് ഉപ്പയെ അടുത്തറിഞ്ഞിട്ടുള്ളത്.
അധികാര രാഷ്ട്രീയത്തിൻ്റെ പരിസരങ്ങളിൽ മക്കളെയോ ബന്ധുക്കളേയോ ഉപ്പ ഒരിക്കലും ചേർത്തുനിർത്താൻ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രീയ കുലപതികളായിരുന്ന ഇഎംഎസ്, ബേബി ജോണ്‍, കരുണാകരന്‍, സിഎച്ച് തുടങ്ങിയവരുമായി ഉപ്പാക്ക് നല്ല ബന്ധമായിരുന്നു.
ഒരേ സമയം നല്ല രാഷ്ട്രീയക്കാരനും പൊതു പ്രവര്‍ത്തകനും സാഹിത്യകാരനും അതിലുപരി നല്ലൊരു വായനക്കാരനുമായിരുന്നു. തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട് തുടങ്ങിയ സാഹിത്യകാരന്മാരുമായി അഭേദ്യമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഉപ്പ. ചന്ദ്രിക ദിനപത്രത്തിന്‍റെ പത്രാധിപരായി സേവനമനുഷ്ഠിക്കുന്ന കാലത്തും തുടര്‍ന്നും ഇവരുമായുള്ള ബന്ധവും അടുപ്പവും ഉപ്പാക്കുണ്ടായിരുന്നു. പരന്ന വായനയും എഴുത്തും അദ്ദേഹത്തിന്‍റെ ജീവിതം അക്കാലത്തെ മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും വേറിട്ടതാക്കി.ഓരോ യാത്രകള്‍ കഴിഞ്ഞു വരുമ്പോഴും നിറയെ പുസ്തകങ്ങളുമായാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്.
അങ്ങനെയാണ് വായനയും കുറേശ്ശെ എഴുത്തും പൊതുപ്രവര്‍ത്തനവും എൻ്റെ ജീവിതത്തിൻ്റെയും ഭാഗമാകുന്നത്.
ഉപ്പ പഠിച്ച കോട്ടക്കല്‍ രാജാസില്‍ ആയിരുന്നു എൻ്റെയും ഹൈസ്കൂള്‍ പഠനം. പ്രീഡിഗ്രിക്ക് പിഎസ്എംഒ കോളേജിലും പിന്നീട് ഡിഗ്രിക്ക് കോഴിക്കോട് ഫാറൂഖ് കോളേജിലും ചേര്‍ന്നു.ഡിഗ്രിക്ക് ബി എസ് സി ബോട്ടണിയായിരുന്നു എന്‍റെ വിഷയം. പഠനകാലത്ത് തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്നു. എംഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
പ‌ഠനം കഴിഞ്ഞയുടന്‍ മാവൂര്‍ ഗോളിയാര്‍ ഫാക്ടറിയില്‍ ജോലിക്കാരനായി കയറി.ഉപ്പ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലമായിരുന്നു അത്.തുടര്‍ പഠനത്തിന് പോകാതെ കിട്ടിയ ജോലിയില്‍ കയറിക്കൂടുക എന്നതായിരുന്നു എന്‍റെ തീരുമാനം.പക്ഷെ ഡിഗ്രി സെക്കന്‍റ് ക്ലാസോടെ പാസ്സായിട്ടും ഉന്നത പഠനത്തിന് പോകാതെ ജോലി തെരഞ്ഞെടുത്തത് അന്ന് പലരും ബുദ്ധിമോശമായ തീരുമാനമായിരുന്നുവെന്ന് പറയാറുണ്ടായിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീര്‍, എളമരം കരീം, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരൊക്കെ അന്ന് ഗ്രാസിം ഫാക്ടറയില്‍ കൂടെ ജോലിക്കാരായി ഉണ്ടായിരുന്നവരാണ്.ജോലിസമയത്ത് ഞാന്‍ കോഴിക്കോട് എംഇഎസ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പല പ്രമുഖരുമായി ബന്ധങ്ങള്‍ ഉണ്ടാക്കാനും പരിചയപ്പെടാനും ഇത് സഹായിച്ചു.പിന്നീട് മാവൂര്‍ ഗ്വാളിയാര്‍ കമ്പനി അടച്ചു പൂട്ടിയതോടെ സ്വന്തം തട്ടകമായ കോട്ടക്കലിലേക്ക് വരികയും ടൗണില്‍ യുഎ ട്രെഡേഴ്സ് എന്ന പേരില്‍ ഹാര്‍ഡ് വെയര്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തു.1983 ല്‍ ആയിരുന്നു അത്. ഈ സമയത്ത് കോട്ടക്കലിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവ‍ര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കോട്ടക്കല്‍ പഞ്ചായത്ത് എസ്.എം.ടിയു പ്രസിഡന്‍റ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറി, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി, തുടങ്ങിയ പദവികള്‍ വഹിക്കുകയുണ്ടായി. എസ്.ടി.യുവിന്‍റെ മോട്ടോര്‍ തൊഴിലാളികളുടെ സംഘടനയായ എസ്എംടിയുവിന്‍റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും പിന്നീട് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്തു.
ആ സമയത്താണ് കോട്ടക്കല്‍ അര്‍ബന്‍ ബാങ്കിന്‍റെ പ്രസിഡണ്ടായി ചുമതല ഏൽക്കുന്നത്. ബാങ്കിനെ ജനകീയവല്‍ക്കരിക്കാനും, നഷ്ടത്തിലായ ബാങ്കിനെ ലാഭത്തിലേക്ക് ഉയര്‍ത്താനും നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ മേഖലകളിലെന്ന പോലെ മറ്റു സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലും സജീവമായി ഇടപെട്ടിരുന്നു. ലയണ്‍സ് ക്ലബ്ബ്, ജെസിഐ, സാക്ഷരത മിഷന്‍ എന്നിവയുടെ തലപ്പത്തും രാജാസില്‍ വെച്ചു നടന്ന ജില്ലാ കലോത്സവത്തിന്‍റെ മുഖ്യ സംഘാടകനായും അന്തരിച്ച പത്മശ്രീ പികെ വാരിയറുടെ കൂടെ പൊതു രംഗത്ത് സജീവമായിരുന്നു. പൊതു രംഗത്ത് സജീവമായതോടെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കാതായി.
ഇതിനിടയില്‍ രാഷ്ടീയത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ ഫലമായി സേട്ടുസാഹിബിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകൃതമാവുകയും ഉപ്പയടക്കമുള്ള പലരും അതിലേക്ക് മാറുകയും ചെയ്തു.അതിന്‍റെ ഫലമെന്നോണം 1996 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ നിന്ന് ഇടത് സ്വതന്ത്രനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.ടിക്കെതിരെ മത്സരിക്കുകയുണ്ടായി.ഇടത് പക്ഷത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കാതിരുന്നിട്ടും നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. അത് എന്‍റെ ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പായിരുന്നു.
ലീഗ് നേതൃനിരയിലെ പല പ്രമുഖരുടെയും അണികളുടെയും ആവശ്യപ്പെട്ടതനുസരിച്ചും ഐഎന്‍എല്ലിന് പ്രസക്തിയില്ലെന്ന് മനസ്സിലാക്കിയും ലീഗിലേക്ക് തന്നെ തിരിച്ചു വരികയുണ്ടായി. ലീഗ് നേതൃത്വം പാര്‍ട്ടിയില്‍ ശക്തമാവാന്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷെ സജീവ രാഷ്ട്രീയം മടുത്തതിനാലും അധികാര രാഷ്ട്രീയത്തിന് പിന്നാലെ പോകുന്നത് എന്‍റെ പിതാവിന് യോജിക്കാത്തത് കൊണ്ടും എനിക്ക് അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി ഞാന്‍ യുഎസ്എ യിലേക്ക് ചേക്കേറുകയാണുണ്ടായത്.

സൈനിക സേവനം സ്വപ്നം കാണുകയും പതിനെട്ടു വയസ്സ് തികയും മുമ്പ് ഉത്തരേന്ത്യയിലും വിദേശത്തും സൈനിക ക്യാമ്പിൽ ട്രെയിനിംഗിന് ഹാജരാകുകയും ചെയ്തിട്ടുണ്ട് യു എ ബീരാൻ എന്ന് വായിച്ചിട്ടുണ്ട്.
പുറപ്പെട്ടു പോകുക എന്ന പൈതൃക പാരമ്പര്യം ഉള്ളിൽ മിടിച്ചതാകാം. എങ്ങനെയോർക്കുന്നു, രാജ്യത്തിന് പുറത്തേക്കുള്ള പ്രവാസ ജീവിതത്തെക്കുറിച്ച്…?
ആദ്യമായി ലോസ് ഏഞ്ചല്‍സില്‍ വിമാനമിറങ്ങിയ ഉടൻ കോഴിക്കോടുള്ള എന്‍റെ ഒരു സുഹൃത്ത് മോഹന്‍ രാജിന്‍റെ കൂടെയാണ് കുറച്ച് ദിവസം ചെലവഴിച്ചത്. പിന്നെ ന്യൂയോര്‍ക്കിലേക്ക് ചില സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ട് പോവുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. നല്ലൊരു ജോലി തരപ്പെടുന്നത് വരെ അവര്‍ എന്നെ മറ്റു വഴികളിലേക്കൊന്നും പോകാന്‍ സമ്മതിച്ചില്ല.മന്ത്രിയുടെ മകനെന്നപേരിലും പൊതു രംഗത്തുള്ള ആളെന്ന സ്നേഹവും പരിഗണനയും എനിക്ക് അവര്‍ തന്നു. ആദ്യം വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ അടുത്തുള്ള എന്‍റെ സുഹൃത്ത് റോയ് അലക്സാണ്ടറുടെ ഒരു ഓഫീസില്‍ ഇന്‍ചാര്‍ജ് ആയി ജോലി ഏറ്റെടുത്തു. പിന്നീട് സെപ്തംബര്‍ 9 വേള്‍ഡ് ട്രേഡ് സെന്‍റ് ആക്രമണത്തിന് ദൃക്സാക്ഷിയായത് ഇന്നും നടുക്കുന്ന ഒരോർമ്മയാണ്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും എന്നെ ബന്ധപ്പെടുകയും ആ സമയത്തെ അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ ഓഫീസിലിരുന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു അമേരിക്കയെ വിറപ്പിച്ച ഈ ആക്രമണം നടന്നത്.അതില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജെ‍ഡിടിയിലെ ഹസ്സന്‍ ഹാജി അന്നവിടെ ഉണ്ടായിരുന്നു, അദ്ദേഹം യുണൈറ്റഡ് നേഷന്‍സില്‍ വെച്ചു നടക്കുന്ന മീറ്റിംഗില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ എനിക്ക് പാസ്സ് തന്നിരുന്നു. ആ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എന്‍റെ ഓഫീസിന്‍റെ തൊട്ടു മുമ്പേ ഉള്ള ആ സ്റ്റോപ്പില്‍ ഞാന്‍ ട്രെയിന്‍ ഇറങ്ങി, അവിടെ ട്രെയിന്‍ ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അക്രമണം നടക്കുന്നത്. ഒരു വിമാനത്തിന്‍റെ ചിറക് തട്ടിയാതാണെന്ന് ആരോ പറഞ്ഞു, തൊട്ടടുത്ത നിമിഷം തന്നെ അടുത്തുള്ള ബില്‍ഡിംഗില്‍ നിന്നും പുക ഉയരാന്‍ തുടങ്ങി. അപ്പോഴാണ് ആരോ പറഞ്ഞത് അത് അക്രമണമായിരുന്നുവെന്ന്. ഒരുപക്ഷെ ഈ സമയത്ത് ഞാന്‍ എന്‍റെ ഓഫീസില്‍ തന്നെ കഴിഞ്ഞിരുന്നുവെങ്കില്‍ ആ ദുരന്തത്തില്‍ മരിച്ച 4800 പേരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടുമായിരുന്നു.
അതോടെ അടുത്തുള്ള ഓഫീസുകളെല്ലാം പൂട്ടുകയും പരിസരമെല്ലാം നിശ്ചലമായി.പുതിയ വഴികളാലോചിച്ച് നില്‍ക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന കാര്യം മനസ്സില്‍ വരുന്നത്. ആദ്യത്തെ സംരംഭം ഗ്രീറ്റിംഗ്സ് കാര്‍ഡ് ഇന്ത്യയില്‍ നിന്നിറക്കുമതി ചെയ്യുക എന്നതായിരുന്നു. അമേരിക്കക്കാരെ സംബന്ധിച്ച് ഗ്രീറ്റിംഗ്സ് എന്നത് വലിയ പ്രാധാന്യമുള്ള സംഗതിയാണ്.
കുറച്ച് കാലം ഇതില്‍ പിടിച്ച് നിന്നെങ്കിലും പിന്നീട് ഗള്‍ഫിലുള്ള ചില സുഹൃത്തുക്കളുടെ ആവശ്യപ്രകാരം അമേരിക്കന്‍ നിര്‍മ്മിത സ്പെയര്‍ പാര്‍ട്സുകളും മറ്റു അനുബന്ധ സാധനങ്ങളും ഗള്‍ഫ് നാടുകളിലേക്ക് കയറ്റിഅയക്കുന്ന ബിസിനസ് ആരംഭിച്ചു. എടിഎ ന്യൂയോര്‍ക്ക് എന്ന പേരിലാണ് ആദ്യത്തെ സംരംഭം തുടങ്ങിയത് പിന്നീടത് ഇന്‍ഫൗര്‍ഇങ്ക് എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു. ഇതിനിടയില്‍ ഫുഡ് മേഖലയിലും കൈവെച്ചിട്ടുണ്ട്.

ബിസിനസ് മേഖലയിൽ പരീക്ഷണങ്ങൾ നടത്തി സജീവമാകുമ്പോഴും അമേരിക്കയിലെ മലയാളികള്‍ക്കിടയിലെ കൂട്ടായ്മകളിലും, നാട്ടിലെ കൂട്ടായ്മകളിലും കാരുണ്യ പ്രവർത്തനങ്ങളിലും യു.എ നസീറിൻ്റെ പേര് ഒന്നാം നിരയിൽ തന്നെയാണല്ലോ. നാടിൻ്റെ നൻമ മാത്രം ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരാളുടെ മകനോട് സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള ഇൻസ്പിരേഷൻ എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കേണ്ടതില്ല. പക്ഷേ, വേഗതയുടെ വർത്തമാന കാലത്ത് ഇത്രയേറെ പൊതുജന സേവനത്തിന് എങ്ങനെയാണ് സമയം കണ്ടെത്തുന്നത്…?
അന്യ ദേശത്ത് ജീവിക്കുന്ന പലരും ഫ്രസ്ട്രേഷനിലാകുന്നത് ഒറ്റപ്പെടുമ്പോഴാണ്. കുടുംബസമേതമാണ് ഇപ്പോള്‍ ഞാൻ ന്യൂയോര്‍ക്കില്‍ താമസിക്കുന്നത്. പ്രവാസ ജീവിതത്തില്‍ കുടുംബത്തിൻ്റെ സാമീപ്യം നമുക്കൊരു റിലാക്സേഷൻ നൽകുന്നു എന്നാണെൻ്റെ അനുഭവം.
പിന്നെ സേവന സന്നദ്ധതയുള്ള ഒരു മനസ്സ് നമുക്കുണ്ടെങ്കിൽ സമയവും സൗകര്യവും സ്വാഭാവികമായി വന്നു ചേരും.
അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ‘NANMMA (North American Network of Malayalee Muslim Association)’ യുടെ സ്ഥാപകനും സംഘടനയുടെ ആദ്യകാല പ്രസിഡണ്ടും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പറുമാണ്, ഇതിലൂടെയെല്ലാം നിരവധി സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ഫ്ലഡ് സമയത്ത് 40 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും മറ്റു ധാരാളം സഹായങ്ങള്‍ നല്‍കാനും സംഘടനയ്ക്ക് സാധിച്ചത്
വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. കെഎംസിസി യുഎസ്എ & കാനഡയുടെ പ്രസിഡണ്ട്, പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെമ്പർ, അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ സ്ഥിര സാന്നിദ്ധ്യം തുടങ്ങി പൊതു ഇടങ്ങളിൽ സജീവമാകാൻ കഴിയുന്നു എന്നത് ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.കൂടാതെ മലയാളി കൂട്ടായ്മകളായ ഫോമ, ഫൊകാന, ജസ്റ്റിസ് ഫോര്‍ ആൾ, പ്രസ് ക്ലബ്ബ്, കര്‍ഷകശ്രീ, എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളിലൊക്കെ സഹകരിച്ചു പോരുന്നു.

സമസ്ത മേഖലയിലും വികസനക്കുതിപ്പിൻ്റെ ഈ കാലത്ത്, സ്ഫോടനാത്മകമായ വികസന വിപ്ലവം നടക്കുന്ന ഒരു രാജ്യത്ത് പൊതു ഇടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ നമ്മുടെ രാജ്യത്തെ വിശേഷിച്ചും കേരളത്തിലെ വികസന പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു…?
വികസന കാര്യങ്ങളിലെല്ലാം വേറിട്ട കാഴ്ചപ്പാടാണ് അന്നാട്ടുകാര്‍ക്ക്. നമ്മള്‍ ജനസംഖ്യയും വാഹനപ്പെരുപ്പവും ഇത്രയധികം കൂടിയിട്ടും റോഡ് വീതികൂട്ടണോ അതിവേഗ പാതവേണോ എന്ന ചര്‍ച്ചയില്‍ കുരുങ്ങിക്കിടക്കുകയാണ്. എല്ലാവര്‍ക്കും സ്വന്തമായി വാഹനങ്ങളുണ്ടെങ്കിലും സിറ്റികളില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരാണ് അവിടെയേറെയും. ഇത് ട്രാഫിക് ജാം ഒഴിവാക്കാന്‍ കൂടുതല്‍ സഹായകമാണ്.നമ്മുടെ നാടിന്‍റെ വികസനത്തിനും അതിവേഗ ട്രൈനുകളും പാതകളുംആവശ്യമാണ്. അതിൽ രാഷ്ട്രീയം കലര്‍ന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. സമയം, എനര്‍ജി, സാമ്പത്തികം എന്നിവയൊക്കെ ലാഭിക്കാനും അപകടങ്ങളുടെ എണ്ണം കുറക്കുവാനും ഇത്തരം പദ്ധതികള്‍ നാടിനാവശ്യമാണ്.
വിദേശരാജ്യങ്ങളില്‍ ഇത്തരം പദ്ധതികള്‍ കൊണ്ടു വരുമ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവാറില്ല, കഴിഞ്ഞ ദിവസമാണ് ഞാന്‍ അറിഞ്ഞത് എന്‍റെ വീടിനടുത്ത് നിന്ന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ പാതയുണ്ടാക്കി അത് കമ്മീഷന്‍ ചെയ്ത കാര്യം. ഇതിന്‍റെ പേരില്‍ ഒരു ബഹളവും അവിടെ ഉണ്ടായിട്ടില്ല.

അമേരിക്കയിലെന്ന പോലെ നാട്ടിലും സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ സജീവമാണ് നസീര്‍. മലബാറിന്‍റെ വികസനത്തിന് വേണ്ടി കക്ഷി രാഷ്ടീയ ഭേദമന്യ രൂപീകൃതമായ മലബാര്‍ ഡെവലപ്പ്മെന്‍റ് ഫോറത്തിന്‍റെ ചെയര്‍മാന്‍ കൂടിയാണദ്ദേഹം. കേന്ദ്ര – കേരള സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ നിലവലി‍ല്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കുന്ന അധികാരികളുടെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.
പ്രളയ കാലത്തും ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് വലിയൊരു തുക സമാഹരിച്ചു നൽകാനും, കോവിഡ് സമയത്ത് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ അടക്കമുള്ള സാമഗ്രികള്‍ എത്തിക്കാനും നേതൃത്വം നൽകിയ ‘നന്മ’ യടക്കമുള്ള സംഘടനയുടെ നേതൃനിരയില്‍ അദ്ദേഹം സജീവമാണ് . കെഎംസിസിയുടെ നേതൃത്വത്തിലും ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
അഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു ശാസ്ത്രക്രിയയില്‍ കുറച്ച് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്, എങ്കിലും ഇതൊന്നും വകവെക്കാതെ നാട്ടിലും അമേരിക്കയിലുമുള്ള പൊതു പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ ഇല്ലാതെ ഇപ്പോഴും സജീവമായി ഇടപെടുന്ന യുഎ നസീര്‍ നൻമ നിറഞ്ഞ ഒരു പൈതൃകത്തിൻ്റെ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടതെങ്ങനെ എന്നതിൻ്റെ സാക്ഷ്യം കൂടിയാണ്.

വീഡിയോ കാണുന്നതിന്
https://youtube.com/c/OpenOpinionNews

Leave a Reply

Your email address will not be published. Required fields are marked *