പീരുമേട് പിടിക്കാന്‍ ടോണി തോമസ്

മൂന്ന് തവണയായി കോണ്‍ഗ്രസ് പരാജയപ്പെട്ട പീരുമേട് നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുവരക്തം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ സജീവമാകുന്നു. സി പി ഐ നേതാവ് ഇ എസ് ബിജിമോള്‍ ആണ് നിലവില്‍ പീരുമേട് എം എല്‍ എ. മൂന്ന് തവണ തുടര്‍ച്ചയായി ബിജിമോള്‍ ആണ് പീരുമേടിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 1995ല്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് ബിജിമോള്‍ പൊതുരംഗത്ത് ശ്രദ്ധേയയായത്. മുല്ലപ്പെരിയാര്‍ സമരത്തിലും മുന്‍നിരയില്‍ ഉണ്ടായിരുന്നു.

അയ്യപ്പന്‍കോവില്‍, ചക്കുപ്പള്ളം, ഏലപ്പാറ, കൊക്കയാര്‍, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പീരുമേട് നിയമസഭാ മണ്ഡലം. 2016ല്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനോട് 314 വോട്ടുകള്‍ക്കായിരുന്നു ബിജിമോളുടെ വിജയം.

തുച്ഛമായ വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ നഷ്ടപ്പെട്ട പീരുമേട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി സീറ്റ് തിരിച്ചു പിടിക്കണമെന്ന ആവശ്യത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. തോട്ടം തൊഴിലാളികള്‍ക്ക് ഏറെ സ്വാധീനമുള്ള പീരുമേട്ടില്‍ യുവനേതാവിനെ രംഗത്തിറക്കി വിജയം കൊയ്യാമെന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായം. മണ്ഡലത്തിലെ കൊക്കയാര്‍ പഞ്ചായത്തില്‍ നിന്നുള്ള യുവനേതാവാണ് ടോണി തോമസ്.

തമിഴ് വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള പീരുമേട്ടില്‍ കരുത്തരായ സ്ഥാനാര്‍ഥി വന്നാല്‍ മണ്ഡലം തിരിച്ചു പിടിക്കാനാവും. തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കിടയില്‍ കൂടി ഇറങ്ങിച്ചെല്ലാനായാല്‍ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ജില്ലയിലെ കാമ്പസുകളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ടോണി തോമസ് കാഴ്ചവെച്ചത്. വിദ്യാര്‍ഥി-യുവജന സമരങ്ങളിലൂടെയും ഇടുക്കി ജില്ലയില്‍ ശ്രദ്ധേയനാണ് ടോണി തോമസ്. ഒന്നര പതിറ്റാണ്ടായിട്ടും വികസനരംഗത്തെ പരാജയങ്ങള്‍ തുറന്നു കാട്ടിയുള്ള പ്രചാരണങ്ങളിലൂടെ സി പി ഐയില്‍ നിന്നും മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ.
ശക്തമായ സംഘടനാ സംവിധാനം ഉണ്ടെങ്കിലും ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസിന് നിലവില്‍ എം എല്‍ എമാരില്ല. കോണ്‍ഗ്രസ് സംഘടന ഏറെ ശക്തമായ പീരുമേട് നിസ്സാര വോട്ടുകള്‍ക്ക് ഇനിയും നഷ്ടപ്പെടരുതെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *