ഡോ. ഹുസൈൻ മടവൂർ
ഒരാളുടെ മരണം അയാളുടെ കുടുംബത്തിന്റെ നഷ്ടമാണ്. എന്നാല്‍ തോട്ടത്തില്‍ റഷീദ് സാഹിബിന്റെ (70വയസ്സ്) മരണം സാമൂഹ്യ സേവന മേഖലയില്‍ വലിയ നഷ്ടമാണ്. ഒരു പാട് പേര്‍ക്ക് റഷീദിന്റെ മരണം വലിയ നഷ്ടമാണ്. കോഴിക്കോട് നഗരത്തില്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ തോട്ടത്തില്‍ റഷീദിക്കയെ പരിചയമുണ്ട്. മിഠായിത്തെരുവിലെ തോട്ടത്തില്‍ ടെക്‌സ്റ്റയില്‍സില്‍ അദ്ദേഹം ഉണ്ടാകും. തന്റെ ഷോപ്പില്‍ ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ പള്ളിയും, മദ്രസയും, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായിരിക്കും. എപ്പോഴും പുതിയ ആശയങ്ങളുമായി ആളുകളുമായി ചര്‍ച്ചയിലായിരിക്കും. ആരുമായി മുഖം കടുപ്പിച്ച് സംസാരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണ് പെരുമാറുക. ജാതി, മതം, പ്രസ്ഥാനം എന്നിവക്ക് ഉപരിയായി എല്ലാവരോടും അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചു. കോഴിക്കോട്ടും, കണ്ണൂരും അദ്ദേഹം ധാരാളം സുഹൃത്തുക്കളുണ്ട്. വ്യാപാരികള്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ വിപുലമായ സുഹൃദ് ബന്ധമാണ് അദ്ദേഹത്തിന് ഉള്ളത്. എല്ലാ മതവിഭാഗങ്ങളിലും പെട്ട ധാരാളം സുഹൃത്തുക്കള്‍.
തോട്ടത്തില്‍ റഷീദ് കണ്ണൂര്‍ സ്വദേശിയാണ്. കച്ചവടാവശ്യാര്‍ത്ഥമാണ് അദ്ദേഹം കോഴിക്കോട് താമസമാക്കിയത്. എന്നാല്‍ കോഴിക്കോടിന്റെ ജീവിത രീതികള്‍ അദ്ദേഹം ഒപ്പിയെടുത്തു. ആ നാടിന്റെ സംസ്‌കാരം, ജീവിതം, പെരുമാറ്റം എന്നിവ അദ്ദേഹത്തിന്റേതായി.
ആരോഗ്യരംഗത്തായിരുന്നു അവസാനത്തെ കാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധ. മനുഷ്യന്റെ തെറ്റായ ഭക്ഷണശീലമാണ് രോഗങ്ങള്‍ വരുത്തുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണരീതികളില്‍ നിന്ന് വിട്ടു നില്‍ക്കുകയും, ഒരു പാട് പേര്‍ക്ക് അതിന് പ്രചോദനം നല്കുകയും ചെയ്തു. കൃത്രിമ പദാര്‍ത്ഥങ്ങളും, നിറങ്ങളും ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുന്നതിന് അദ്ദേഹം പ്രേരണ നല്കി. പുതിയ ആഹാര- ജീവിത രീതി പരിചയപ്പെടുത്തി.
ജീവിതത്തില്‍ ദുരിതം പേറുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തോട്ടത്തില്‍ റഷീദ് സാഹിബ് മുന്നിട്ടിറങ്ങി. ജീവിതമാര്‍ഗ്ഗം കണ്ടെത്താനും, രോഗചികിത്സക്കും പണം കണ്ടെത്താന്‍ സ്ഥിരമായി ആളുകളെ സമീപിക്കുമായിരുന്നു. ഒരു പണക്കാരന്റെ അടുത്ത് പോകുമ്പോള്‍ അവരെന്ത് വിചാരിക്കും എന്നത് റഷീദിന്റെ വിഷയം ആയിരുന്നില്ല. കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്കാനായി മറ്റുള്ളവരുടെ അടുത്ത് പോയി സഹായം ചോദിക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹം കാണിച്ചില്ല. നമ്മള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണെന്നും, അല്ലാഹുവാണ് തൗഫീഖ് ചെയ്യുന്നവന്‍ എന്നും ഉറച്ച് വിശ്വസിച്ചു. ആ ധൈര്യവും, വിശ്വാസവും കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം തൗഫീഖ് ലഭിച്ചു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ കച്ചവട ആവശ്യാര്‍ഥം യാത്ര ചെയ്തിട്ടുണ്ട് അദ്ദേഹം. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ദേശങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ ആ പ്രദേശത്തെ പാവങ്ങളുടെ പ്രയാസങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. അതിലേറ്റവും ഗൗരവമേറിയത് വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രോത്സാഹനം നല്കി. ഉത്തര്‍ പ്രദേശിലെ ‘ഔവര്‍ ഇന്ത്യാ ഫൗണ്ടേഷ’ന്റെ ആദ്യത്തെ യോഗത്തിലേക്ക് എന്നെയും തോട്ടത്തില്‍ റഷീദ് ക്ഷണിച്ചിരുന്നു. ഇപ്പോള്‍ അവിടെ ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളും മികച്ച കാമ്പസും ഉണ്ട്. കേരളത്തിന് പുറത്തുള്ള പിന്നാക്ക ഗ്രാമങ്ങൡ വിദ്യാഭ്യാസ- ആതുരാശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സന്നദ്ധ പ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു പല നിര്‍ദ്ദേശങ്ങളും നല്കിയിരുന്നു. എല്ലാ നന്മയുടെയും കൂടെ നിന്ന്, ആരോടും പകയില്ലാതെ, എല്ലാവരും പറയുന്നത് കേട്ട്, തനിക്ക് ശരിയെന്ന് തോന്നുന്ന മാര്‍ഗ്ഗത്തിലൂടെ നടന്നു നീങ്ങിയ മഹാ വ്യക്തിയാണ് തോട്ടത്തില്‍ റഷീദ്. മുജാഹിദ് പ്രസ്ഥാനത്തിൽ പിളർപ്പുണ്ടായപ്പോൾ ഐക്യപ്പെടുത്താനായി ആഗ്രഹിക്കുകയും അതിന്നായി നേതാക്കളെയും പണ്ഡിതന്മാരെയും ചെന്ന് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഐക്യ പ്രഖ്യാപനം വന്നപ്പോൾ അദ്ദേഹം ഏറെ സന്തോഷിക്കുകയും അക്കാര്യം ഐക്യമഹാ സമ്മേളനത്തിൽ വെച്ച് അദ്ദേഹം നേരിൽ പറയുകയും ചെയ്തിരുന്നു.
കോഴിക്കോട്ട് മെഡിക്കല്‍ കോളെജിന് സമീപം പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോം, ഹെല്‍പ്പിംങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ എന്നിവയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു തോട്ടത്തില്‍ റഷീദ്. കോഴിക്കോട് പട്ടാളപ്പള്ളി ഭാരവാഹിയായിരുന്നു.
കുട്ടോത്ത് അസ്മയാണ് തോട്ടത്തില്‍ റഷീദിന്റെ ഭാര്യ. അബ്ദുള്ള റീജല്‍, രേഷ്മ ജന്നത്ത്, റിയ സഫിയ എന്നിവര്‍ മക്കളാണ്.