സിനിമയുടെ പാട്ടും ട്രെയ്‌ലറും കണ്ടിട്ട് തന്നെയാണ്, പണിയെല്ലാം ഒതുക്കി, മകളെയും ഉറക്കി, അന്തിപ്പാതിരക്ക് സിനിമ കാണാനിരുന്നത്. നായികയിൽ ഞാൻ എന്നെ കണ്ടു. ഒരുസമയത്തെ എന്റേതല്ലാത്ത എന്നാൽ എന്റേതാണെന്ന് പറയപ്പെട്ട അടുക്കള കണ്ടു. അടക്കിപ്പിടിച്ചുള്ള തേങ്ങലുകൾ കണ്ടപ്പോൾ എനിക്കും വിങ്ങി. അടുക്കള ഒരിരുണ്ട ലോകമായിരുന്ന, ആ ലോകത്തു സ്വപ്നങ്ങളുമായി വന്നുകയറി, ഇറങ്ങാൻ വയ്യാത്ത കെണിയിലകപ്പെട്ട, എന്നിട്ടും ചിരിക്കേണ്ടിവന്ന നാളുകളെയോർമ്മവന്നു. എം.എസ്.ഡബ്ല്യു പഠിച്ചിട്ടെന്ത്? അടുക്കളയിലെ പണി, സമയത്തിന് ഭംഗിയാക്കി, വിയർപ്പുമണവും, ഉള്ളിലെ തേങ്ങലും, അനിഷ്ടങ്ങളും പുറത്തുകാണിക്കാതെ, ഭംഗിയുള്ള ചിരി പുറത്തേക്ക് കാണിക്കാൻ കഴിയാത്തതുകൊണ്ട് മിടുക്കിയല്ലാതായിപ്പോയ എന്നെയോർമ്മവന്നു. എന്റെ നെട്ടോട്ടങ്ങളെയും ഓർമ്മവന്നു. എന്നിട്ടും പുറത്തുനിന്നാലോചിക്കുമ്പോൾ എന്റെ പ്രശ്നമെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ കഴിയാത്ത നിസ്സഹായതയെയും ഓർമ്മ വന്നു. തിരിച്ച് എന്താണ് നിന്റെ പ്രശ്നമെന്നുള്ള ചോദ്യത്തിന് ഉത്തരം തപ്പുമ്പോൾ കണ്ണിൽ നിന്ന് പൊടിയുന്ന കണ്ണുനീരോർമ്മവന്നു. അവസാനം ബാത്‌റൂമിൽ കയറി, ഞാൻ എന്തുകൊണ്ടിങ്ങനെയായിപ്പോയി (എന്റെ ചുറ്റുമുള്ള സമൂഹമെന്തുകൊണ്ടിങ്ങനെയായി എന്നല്ല) എന്നോർത്ത് കരഞ്ഞ നിമിഷങ്ങളെയോർമ്മവന്നു! ഞാനൊരു “ഫാമിലി സ്റ്റഫ്” അല്ല എന്ന എന്റെ തന്നെ നിഗമനത്തെയും വൈകാരികമായി ദുർബലയാണെന്ന് നിർണയിച്ച മനഃശാസ്ത്രജ്ഞനെയും ഓർമ്മ വന്നു. ഭ്രാന്തായിപ്പോവാതിരിക്കാൻ കഷ്ടപ്പെട്ട നിമിഷങ്ങളെയോർമ്മവന്നു! ഇതെല്ലാമാണല്ലോ നിമിഷയുടെ കഥാപാത്രവും. അയിത്തമൊഴിച്ച്.
ഒരു മഹത്തായ ഭാരതീയ അടുക്കള. ഒന്നല്ല, ഒരായിരം മഹത്തായ ഭാരതീയ അടുക്കളകളെയല്ലേ കാണിച്ചു തരുന്നത്. അല്ലലോ, നിറഭേദങ്ങളുണ്ടെങ്കിലും ഒരു പോലെയുള്ള അടുക്കളയേയും അതിൽ ചുറ്റിത്തിരിയുന്ന ഒരായിരം സ്ത്രീകളെ നിമിഷയിലൂടെ കാണിച്ചതല്ലെ? ഓരോ പെണ്ണിന്റെയും ഒരംശമെങ്കിലും നിമിഷയിണ്ടെന്ന് എനിക്കുറപ്പാണ്. അടുക്കളയുടെ കെട്ടിലും മട്ടിലും വ്യത്യാസം കാണുമെങ്കിലും, അടുക്കള അടുക്കള തന്നെ!
എന്നെയത്ഭുതപ്പെടുത്തിയത് അടുക്കളയിലെ വിങ്ങലുകൾ കൃതമായി ഒപ്പിയെടുത്ത ‘പുരുഷ’ സംവിധായകനാണ്. അടുക്കളയിലെ മൺചട്ടികൾ കമഴ്ത്തിയ മൂലയും, കരിപിടിച്ച, പരിഷ്‌കാരം ഒട്ടുമേ തൊട്ടുതീണ്ടാത്ത അടുപ്പും, ചോറ്റുകലവും, ഉപയോഗിച്ച് തേഞ്ഞുതീർന്ന അമ്മിയും, മലിന ജലം ഉറ്റിവീഴുന്നിടത്തുവച്ച പെയിന്റിന്റെ ബക്കറ്റും, മാറി മാറിയിടുന്ന ചാക്കും, “ഇതെന്റെ വീട്ടിലുമുണ്ടല്ലോ” എന്ന് അടുക്കള പരിചയമുള്ള ആർക്കും തോന്നിപ്പോകുന്ന തരത്തിൽ കൃത്യമായി കാണിച്ചപ്പോൾ തന്നെ, അടുക്കളയിൽ മുഴുവൻ സമയവും കിടന്നു കറങ്ങുന്ന പെണ്ണിന്റെ വിങ്ങലുകൾ അദ്ദേഹമെങ്ങനെ കണ്ടെത്തി എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. അവിടെയൊക്കെയാണ് ഒരസാധ്യ മനുഷ്യനെ ഞാൻ കണ്ടത്. അതിശയിപ്പിക്കുന്ന സംവിധായകനും, ആ വിങ്ങലുകളൊക്കെ കൺമുന്നിലേക്ക് കൊണ്ടുവന്ന നിമിഷ എന്ന അഭിനേത്രിയെയും പറയാതെ വയ്യ.
ഒട്ടും അപ്പോളജറ്റിക്കൽ അല്ലാതെ സ്ത്രീപക്ഷം മനുഷ്യപക്ഷമായി സംസാരിക്കുന്നുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വേദന ഉണ്ടെന്നും, ഫൊർപ്ലേ കുറച്ചൂടെ ചെയ്താൽ നന്നാവുമെന്നും ഭയത്തോടെ പറയുന്ന ഭാര്യയോട്, “അതിന് എനിക്കൂടെ തോന്നണ്ടേ” എന്ന് പറയുന്ന സാധാരണ മെയിൽ ഷോവനിസ്റ്റ് ഭർത്താവിനോട് ഒട്ടും പക്ഷം ചേരാതെ, അത് കേൾക്കുമ്പോൾ കിടന്നു വിങ്ങുന്ന ഭാര്യയോട് കൂടെയാണ് സിനിമ ചേർന്ന് നിൽക്കുന്നത്. ഒരു തരത്തിലും ബാലൻസിംങ്ങ് ചെയ്യാനുള്ള ശ്രമം നമുക്ക് കാണാനാവില്ല. ആ രംഗങ്ങളൊക്കെ എത്ര ദാമ്പത്യങ്ങളെയാവും പ്രതിനിധീകരിക്കുന്നുണ്ടാവുക? സെക്സിനിടയിലും കൈ മണത്തുനോക്കുന്ന ഭാര്യയും, ലൈംഗികബന്ധം ആസ്വദിക്കാനാവാത്തതാണെങ്കിലും, അതു പോലും കടമ പോലെ ചെയ്യുന്ന എത്രയോ പെണ്ണുങ്ങളുടെ പ്രതീകങ്ങളാണ് ? വേട്ടക്കാരനും ഇരയും പോലെയാണ് എനിക്കനുഭവപ്പെട്ടത്. പണ്ട് കണ്ട ലക്ഷ്മി എന്ന സിനിമയിലെ ലൈംഗിക വേല ചെയ്യാൻ നിർബന്ധിതയാക്കപ്പെട്ട ലക്ഷ്മിയെ ഓർത്തു പോയി.
ഡാൻസ് ടീച്ചറായി ജോലിക്കു പോകണമെന്നു പറയുമ്പോൾ, അത്ഭുതപ്പെട്ട് ഭാര്യയെ അടിമുടി നോക്കുന്ന ഭർത്താവ് ഒരു പ്രതീകമാണ്. കല്യാണം കഴിഞ്ഞു ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞിട്ടും ഭാര്യയെക്കുറിച്ചൊന്നും (മുന്നിൽ കിടക്കുന്ന ഭാര്യയുടെ ലൈഗിംക ഇച്ഛകളടക്കം) അറിയാൻ ശ്രമിക്കാത്ത, അറിയേണ്ടതില്ലാത്ത ഭർത്താക്കന്മാരുടെ പ്രതിനിധി. ഇവൾ ഡാൻസ് ചെയ്യുമോ എന്ന് അത്ഭുതം ഉണ്ടെങ്കിലും അതിൽ മൂപ്പർക്ക് ഒട്ടും അഭിമാനമില്ല. അപ്പോഴാണ് ഓർത്തത്, ഇടക്കെപ്പോഴെങ്കിലും, നിനക്കെന്തു കറിയാണിഷ്ടമെന്ന് അയാളോ, വെട്ടിവിഴുങ്ങുന്ന അച്ഛനോ ചോദിച്ചിരുന്നെങ്കിലെന്ന്. അവസാനത്തെ എച്ചിൽ പാത്രവും കഴുകി അടിച്ചു വാരി നടുവൊടിഞ്ഞ് കയറി വരുന്ന ഭാര്യയോട് “നീ കഴിച്ചോ?” എന്ന് അലങ്കാരത്തിനെങ്കിലും ചോദിച്ചിരുന്നെങ്കിലെന്ന്. ഇതാഗ്രഹിക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട് ചുറ്റും.
അപ്പോഴൊക്കെയാണ് ആ വീട്ടിലെ അവളുടെ സ്ഥാനം മനസ്സിലാവുന്നത്. ഗൾഫുകാരനായ അച്ഛന്റെ തണലിൽ വളർന്ന്, ഡാൻസ് പഠിച്ച്, വളരെ വ്യത്യസ്തമായ ചുറ്റുപാടിൽ ജീവിച്ച പെൺകുട്ടിക്ക്, ഒരു കല്യാണത്തോടെയെങ്ങനെയാണ് ഇടമില്ലാതാവുന്നതെന്നും, അവളെങ്ങനെ വ്യക്തിയല്ലാതാവുന്നുവെന്നതും ഇനിയും എങ്ങനെയാണു പറഞ്ഞുതരിക? സ്വന്തം വ്യക്തിത്വവും, പേരും ഉൾപ്പെടെ വാതിലിനു പിന്നിൽ വെച്ചിട്ട്, വലതുകാൽ വച്ച് ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ഒരു ചടങ്ങുണ്ടത്രേ ഇന്ത്യയിലെ മറ്റുപല നാടുകളിലും. അങ്ങനെയൊരു ചടങ്ങ് നടത്തിയില്ലെങ്കിലും, അതു തന്നെയല്ലേ ഇവിടെ നടക്കുന്നതും? വളർന്ന് വന്ന സ്വന്തം വീട്ടിൽ, ഇഷ്ടങ്ങളും , അനിഷ്ടങ്ങളും , ചിരിക്കാനും കരയാനും മുതൽ വയ്യാതെയാവുമ്പോൾ തോന്നും പോലെ കിടക്കാനുമുളള എല്ലാ സ്വാതന്ത്ര്യങ്ങളും ഉപേക്ഷിച്ച്, മറ്റൊരു വീട്ടിൽ കയറി ചെന്ന് അവിടെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ എവിടെയോ കളഞ്ഞു പോവുന്ന സ്വന്തത്തെ കുറിച്ച് എത്ര സഹോദരിമാർ പറയാറുണ്ടെന്നറിയുമോ ? ഇതൊക്കെയേത് ഭാഷയിലാണ് ഇനി കൂടെയുള്ളവർക്ക് തന്നെ പറഞ്ഞു കൊടുക്കുക ? തിരിച്ചു വീട്ടിൽ വരുമ്പോൾ, അവളുടെ വീട്ടിൽ അമ്മയ്ക്ക് പോലും പറയാനുള്ളത് “ഈ ഇടം നിന്റേതല്ല” എന്ന വർത്തമാനം തന്നെയല്ലേ ? അങ്ങനെയെത്രയമ്മമാർ പറയുന്നുണ്ടാവണം. അങ്ങനെ നോക്കുമ്പോൾ ഭർത്താവിന്റെ വീട്ടിലെ അടുക്കള വിട്ടാൽ ഇടങ്ങളില്ലാതാവുന്നതിനെക്കുറിച്ചുകൂടിയാണ് ആ സിനിമ സംസാരിക്കുന്നത്.
കൗതുകമായി തോന്നിയ മറ്റൊന്ന്, വീടുകളിലെ പെണ്ണിന്റെ ശത്രുക്കളാണെന്ന്എളുപ്പത്തിൽ മുദ്രകുത്താവുന്ന അമ്മായിയമ്മയെ നേരിട്ടുള്ള ഇടപെടലിൽനിന്നും എടുത്തുമാറ്റിയതാണ്. അമ്മായിയമ്മ ഉണ്ടായിരുന്നെങ്കിൽ, ആണിന്റെ പുരുഷാധിപത്യത്തിനു വഴിയൊരുക്കുന്നത് പെണ്ണും കൂടിയാണെന്ന ചർച്ചയിലേക്ക് ഒതുങ്ങാൻ സാധ്യത കാണുന്നുണ്ട്. പകരം എത്ര വിദഗ്ധമായാണ് വീടുകൾ പുരുഷാധിപത്യം നിറഞ്ഞുനിൽക്കുന്നതാണെന്ന് ഒട്ടും അപ്പോളജറ്റിക്കൽ അല്ലാതെ പറഞ്ഞുവെക്കുന്നത്. അമ്മായിയമ്മക്ക് പകരം അമ്മായിയച്ഛനാണ് “ജോലിക്ക് പോകണ്ട” എന്നുപറയുന്നത്. കുടുംബത്തിലെ പുരുഷാധിപത്യത്തെ ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറുന്നതിൽ പ്രാഥമികമായ പുരുഷന്റെ താല്പര്യം വളരെ സമർത്ഥമായാണ് പറഞ്ഞുവെക്കുന്നത്. internalised patriarchyക്ക് പകരം പാട്രിയാർക്കിയെതന്നെ വരച്ചിടുന്നു.
“മോളേ” എന്ന വിളി എത്ര നന്നായാണ് അവളെ കുരുക്കിയിരിക്കുന്ന വാത്സല്യമെന്നു ധരിക്കാവുന്ന തെറ്റിദ്ധാരണയാവുന്നത്! വാത്സല്യമല്ല, പകരം അച്ഛന് വേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്തുകൊടുക്കുന്നതുവരെ മാത്രം നിലനിൽക്കുന്ന ഒരു പ്രത്യേകതരം ബന്ധമായിരുന്നെന്നു പിന്നീടല്ലേ മനസ്സിലാവുന്നത്! എന്നാൽ, “നമ്മുടെ അച്ഛനോട് “, “മോളേ” എന്ന് വിളിക്കുന്ന അച്ഛനോട്, പറ്റില്ലെന്ന്, ബ്രഷെടുത്തു തരില്ലെന്ന്, എനിക്ക് ക്ഷീണമുണ്ടെന്ന്, ഇനിയെനിക്ക് അലക്കുകല്ലിൽ അലക്കാനുംകൂടെ വയ്യെന്ന് എങ്ങനെയാണ് പറയുകയെന്ന വൈകാരിക കെണി എത്ര കൃത്യമായാണ് ഒരു പെണ്ണിനെ തളച്ചിടുന്നത്! അവിടെ “മോള് അമ്മിയിൽ അരച്ചു ബുദ്ധിമുട്ടേണ്ട, മിക്സിയിൽ അരച്ചോളൂ” എന്ന അനുവാദം പോലും മൂപ്പരുടെ സ്നേഹവും നല്ല മനസ്സുമായി തോന്നത്തക്കവണ്ണമാണ്.
എന്തായാലും, ഇതൊക്കെ പെണ്ണ് സ്നേഹത്തോടെ ചെയ്തുകൊടുക്കേണ്ടതല്ലേ, ഒരു പടി കൂടി കടന്നാൽ, അവളുടെ ഉത്തരവാദിത്തമല്ലേ എന്ന് വാദിക്കാൻ മതപ്രമാണങ്ങളും കൊണ്ട് വരുന്നവർ ഒട്ടും കുറവുമാവില്ല! അപ്പോൾ പെണ്ണിന് തോന്നുന്ന വികാരങ്ങളെ എത്ര വിദഗ്ധമായാണവർ കുറ്റബോധമാക്കി മാറ്റിയെടുക്കുന്നത്. അതിൽതന്നെയാണല്ലോ കുടുംബങ്ങൾ നിലനിന്നുപോകുന്നതും.
പാട്ടും ഡാൻസും മസാലകളും, ഒട്ടും ഹൈപ്പും ഇല്ലാതെ, അടുക്കള ശബ്ദങ്ങളിലൂടെ സംസാരിക്കുന്ന സിനിമയ്ക്കും, കാണികളെ കൂടെ കൊണ്ടുപോകാനും വികാര വിക്ഷോഭങ്ങളിലൂടെ കൊണ്ടുപോകാനും കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അവസാനം വേസ്റ്റ് വാട്ടർ മുഖത്തേക്കൊഴിച്ച് നിമിഷ തിരിച്ചുനടക്കുമ്പോൾ, ഒരു ഭാരം അഴിച്ചുവച്ച ആശ്വാസം പ്രേക്ഷകനുമുണ്ടാവുന്നത് അതുകൊണ്ടല്ലേ ?
ജിയോ ബേബിക്ക് പകരം ഒരു പെൺ സംവിധായികയാണ് ഈ സിനിമയെടുത്തതെങ്കിൽ എന്തായിരിക്കും ചർച്ചകൾ? എങ്ങനെയായിരിക്കും ചർച്ചകൾ? ഇപ്പോൾ ആണുങ്ങളടക്കമുള്ള കാണികൾക്ക് മനസ്സിലാവുംപോലെ അപ്പോഴും ഇത് മനസ്സിലാവുമോ? സംശയമാണ്! അപ്പോഴത് ഫെമിനിസ്റ്റ് സംവിധായികയുടെ “കണ്ണീരും കിനാവുമായി” മുദ്രകുത്തപെടാൻ സാധ്യതയേറെയാണ്! ആ സംവിധായികയുടെ മത-ജാതിയാദികൾ അതിന്റെ ചർച്ചയുടെ പശ്ചാത്തലമായേനെ! ഇവിടെ ജിയോ ബേബി എന്ന പുരുഷൻ പറയുന്നതുകൊണ്ടാണ്, അടുക്കള പോലും സംസാരിക്കേണ്ട വിഷയമാണെന്ന് ആളുകൾക്ക് തോന്നുന്നതെന്നത് എന്റെ മാത്രം തോന്നലാണോ എന്നറിയില്ല.
എന്തായാലും, ഈ സിനിമകൊണ്ട് നമ്മുടെ അടുക്കള മുഴുവനങ്ങ് മാറുമെന്നുള്ള വിശ്വാസമൊന്നുമില്ല! “എന്താണിതിപ്പൊ ഇത്ര കാണാൻ?” എന്ന സൗകര്യപൂർവ്വമായ ധാരണയിൽ കാണാതിരിക്കുന്നവരുടെ എണ്ണം, കാണുന്നവരേക്കാൾ എത്രയോ കൂടുതലാണ് എന്നത് തന്നെ, എത്രകണ്ട് മനുഷ്യർ തുറന്നുചിന്തിക്കാൻ തയ്യാറാണെന്നതിന് ഉത്തരമാണ്. എങ്കിലും, ഒരു പൊതുബോധത്തെ പിടിച്ചുകുലുക്കാൻ കല തന്നെ വേണ്ടിവരുന്നു എന്നത്, സാക്ഷരനായ കേരളീയന്റെ ഇരട്ടത്താപ്പല്ലേ?
സിനിമ പറയുന്ന മറ്റു രാഷ്ട്രീയങ്ങൾ കാണാത്തത് കൊണ്ടല്ല അതിനെ കുറിച്ച് ചർച്ച ചെയ്യാത്തത്. മറിച്ച് അത്തരം ചർച്ചകൾ നടക്കാൻ ധാരാളം സാധ്യതകൾ ഉണ്ടാവുമ്പോൾ തന്നെ ചർച്ചക്ക് വകയില്ലെന് മുദ്രകുത്തപ്പെട്ട, പുച്ഛിച്ചു തള്ളുന്ന അടുക്കളയിലെ രാഷ്ട്രീയത്തെയും, അതുമായി ബന്ധപ്പെട്ട് കിടക്കുന്ന പുരുഷാധിപത്യത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെയും ചർച്ചകളാണ് അത്യന്താപേക്ഷിതമെന്ന് കരുതുന്നത് കൊണ്ട് തന്നെയാണ് മറ്റൊന്നിലേക്ക് ഓടിക്കയറാത്തത്.