നേരിട്ടുള്ള നോട്ടമോ, വ്യക്തി സമ്പര്‍ക്കമോ ഇല്ലാത്ത പഠനത്തിലേക്ക് കോവിഡ് കാലത്ത് കേരളവും മാറുകയാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുത്, അത് കുട്ടികളുടെ കാഴ്ചശക്തിയെയും, മാനസികാരോഗ്യത്തെയും ബാധിക്കും എന്നാണ് രക്ഷിതാക്കളോട് ഇതു വരെ പറഞ്ഞിരുന്നത്. പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും, കുട്ടികള്‍ മൊബൈലിന് അടിമകളാകുകയും ചെയ്യുന്നു എന്നതിനാലാണ് കുട്ടികളില്‍ നിന്ന് മൊബൈല്‍ അകറ്റി നിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്.
നാം മുന്നോട്ട് വെച്ച എല്ലാ വാദങ്ങളെയും കോവിഡ് തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. തത്കാലത്തേക്ക് പഠനം നടത്താന്‍ മൊബൈല്‍ ഫോണ്‍ ആവശ്യമായി വന്നിരിക്കുകയാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത് വിദ്യാഭ്യാസ മേഖലയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 16ന് തന്നെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ച്ച് പകുതി മുതല്‍ ഇതു വരെയായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ജൂണിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും. അത് ഓഗസ്റ്റ് വരെ നീളുമെന്നാണ് അനുമാനിക്കേണ്ടത്. പുതിയ കോഴ്‌സുകളിലേക്കുളള പ്രവേശം സെപ്തംബറില്‍ നടത്താനാണ് യു ജി സി ആലോചിക്കുന്നത്.
കോവിഡിന് മുമ്പ് ക്ലാസ് റൂമുകള്‍ സാധാരണ നിലയിലായിരുന്നു. അവിടെ ബ്ലാക്ക് ബോര്‍ഡും, ചോക്കുമുണ്ടായിരുന്നു. ക്ലാസില്‍ ഒരു ടീച്ചറും, ഒരു പാട് കുട്ടികളുമുണ്ടായിരുന്നു. വിദ്യാര്‍ഥിയും, ടീച്ചറും പരസ്പരം മനസ്സിലാക്കുകയും ശക്തമായ മാനസികാടുപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ക്ലാസ് റൂം സംസ്‌കാരം വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുക മാത്രമല്ല, കുട്ടികള്‍ക്കിടയില്‍ സംഘബോധം വളര്‍ത്തുകയും ചെയ്തിരുന്നു. പരസ്പരം പങ്ക് വെക്കുകയും, പരസ്പരം കരുതലുണ്ടാകുകയും ചെയ്തിരുന്ന ശക്തമായ ഒരു ടീമിന്റെ ഭാഗമായിരുന്നു ഓരോ വിദ്യാര്‍ഥിയും. തൊട്ടും, അനുഭവിച്ചും സാധ്യമായിരുന്ന അറിവിന്റെ പരിചയപ്പെടലായിരുന്നു ക്ലാസ് മുറികളില്‍ സാധ്യമായിരുന്നത്.
എന്നാല്‍ കോവിഡാനന്തര കാലത്ത്, അധ്യാപനം മാറിയിരിക്കുന്നു. സ്ഥാപനങ്ങളും, വിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നതിന് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. ഈ മഹാമാരിക്കാലം അധ്യാപകരെ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്ന വെര്‍ച്ച്വല്‍ ലോകത്തേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റിയിരിക്കുന്നു.
ആശയവിനിമയത്തിന് ഈ ആപ്പുകള്‍ വളരെയധികം ഉപകാരപ്പെടുമെന്നത് ശരിയാണ്. എന്നാല്‍ ഉയരുന്ന പ്രധാന ചോദ്യം അതല്ല. ഓണ്‍ലൈനില്‍ പഠിപ്പിക്കുമ്പോള്‍ എത്ര കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു? വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം വളരെ കുറഞ്ഞതോ, തീരെ ഇല്ലാത്തതോ ആണ് ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍. കമ്പ്യൂട്ടറിന്റെയും, മൊബൈല്‍ ഫോണിന്റെയും തുടര്‍ച്ചയായ ഉപയോഗം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതും പ്രധാന വിഷയമാണ്. ബിരുദ ബിരുദാനന്തര തലത്തില്‍ മാത്രമല്ല, പ്രീ പ്രൈമറി വിദ്യാര്‍ഥികളെ പോലും ഓണ്‍ലൈനില്‍ ‘പഠിപ്പിക്കാന്‍’ ശ്രമിക്കുന്നുണ്ട് ചില അധ്യാപകര്‍.
ഈ ഓണ്‍ലൈന്‍ പഠനം കുട്ടികളുടെ കണ്ണുകളെ മാത്രമല്ല പ്രതികൂലമായി ബാധിക്കുന്നത്. അതവരുടെ ശരീരത്തെയും, മനസ്സിനെയും ബാധിക്കുന്നുണ്ട്. തലവേദന, പുറംവേദന, കൈകാല്‍ തരിപ്പ് തുടങ്ങിയ പല പരാതികളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്. ഇളക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യവും ശുഷ്‌കിക്കുന്നുണ്ട്. കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും, ആകുലതകളും ഇത് കാരണമാകുന്നു.
ഇന്റര്‍നെറ്റിനു മുന്നിലിരിക്കുന്ന വിദ്യാര്‍ഥിയെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടാണ്. കുറഞ്ഞ സമയത്തിനകം ഇന്റര്‍നെറ്റിലെ ഇരുണ്ട ലോകത്തേക്ക് കൂട്ടികള്‍ വീണുപോയേക്കാം. സൈബര്‍ ചതിക്കുഴികളെ കുറിച്ചുള്ള ആശങ്ക ഓരോ രക്ഷിതാവിനുമുണ്ട്. അക്കാര്യത്തെ കുറിച്ച് വിദ്യാഭ്യാസ വിദഗ്ധര്‍ കൂടുതല്‍ ആലോചിക്കേണ്ടതാണ്.
ഗ്രൂപ്പ് ഡിസ്‌കഷന്‍, ഗ്രൂപ്പ് അക്ടിവിറ്റീസ്, പ്രൊജക്ടുകള്‍ എന്നിവക്ക് പഠനപ്രക്രിയയില്‍ വലിയ സ്ഥാനമുണ്ട്. അത് ക്ലാസ് റൂം അധ്യാപനത്തിന്റെ നിര്‍ബന്ധഘടകവുമാണ്. ഓണ്‍ലൈന്‍ ക്ലാസ്മുറികളില്‍ സംഘപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകം നഷ്ടപ്പെടുന്നു.
പത്തും ഇരുപതും വര്‍ഷങ്ങളായി ക്ലാസ് മുറികളില്‍ സജീവമായിരുന്ന അധ്യാപകര്‍ പലരും ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ അതൃപ്തരാണ്. ഇന്റര്‍നെറ്റും, ആപ്പുകളും ഉപയോഗിക്കുന്നതിന് പലരും ചെറുപ്പക്കാരുടെ സഹായം തേടേണ്ടി വരികയാണ്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. തങ്ങളുടെ വിഷയത്തില്‍ വൈദഗ്ധ്യമുള്ളവ അധ്യാപകര്‍ ടെക്‌നോളജി ഉപയോഗിച്ച് ശീലിച്ചിട്ടില്ല എന്നതിനാല്‍ മാത്രം വിദ്യാര്‍ഥികളുമായി സംവദിക്കുന്നതില്‍ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. പരിചയ സമ്പന്നരായ അധ്യാപകര്‍ക്ക് ഓരോ ക്ലാസിന് ശേഷവും കുട്ടികളുടെ മാനസികാവസ്ഥ അവരുടെ മുഖത്ത് നോക്കി വായിച്ചെടുക്കാന്‍ പറ്റും. ജീവന്‍ തുടിക്കുന്ന ആ ഫീഡ്ബാക്കുകള്‍ ആപ്പിലൂടെയുള്ള ക്ലാസില്‍ ലഭിക്കുന്നില്ല.
ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന ആശങ്കയും, വെല്ലുവിളിയും ചില്ലറയല്ല. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമല്ല. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്‍ഡോ ലഭ്യവുമല്ല. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ലക്ഷക്കണക്കിന് രക്ഷിതാക്കളും, വിദ്യാര്‍ഥികളും രാജ്യത്തുണ്ട്. സ്മാര്‍ട്ട് ഫോണുകളും, ലാപ്‌ടോപ്പുകളും ഇല്ലാത്ത വിദ്യാര്‍ഥികള്‍ എമ്പാടുമുണ്ട്. ഇത് വലിയ പരിമിതിയാണ്. പണം അടച്ച് മൊബൈല്‍ ഇന്‍ര്‍നെറ്റ് കണക്ഷന്‍ എടുത്താല്‍ പോലും റേഞ്ച് കിട്ടാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ താങ്ങാനാവാത്ത വിദ്യാര്‍ഥികള്‍ നഗരത്തിലും, ഗ്രാമത്തിലുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ ഉള്ളവന് മാത്രം പ്രാപ്യമാകുന്ന ഒന്നാണ്. ദരിദ്രന്‍ പൂര്‍ണ്ണമായും നിഷ്‌കാസിതനാകുന്ന അപരവത്കരണത്തിന്റെ കാലം കൂടിയാണിത്.
അധ്യാപകന്‍ കേവലം അറിവിന്റെ വിതരണക്കാരന്‍ അല്ല. വിദ്യാര്‍ഥിയുടെ വഴികാട്ടിയും, പ്രചോദകനുമാണ്. ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളെ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയും, പരാജയവും ആയിരിക്കും