ശരീഫ് സി.പി
കെ ടി ജലീല്‍ ഇല്ലാത്ത നിയമസഭ മലപ്പുറത്തെ മുസ്‌ലിം ലീഗിന്റെ സ്വപ്‌നമാണ്. 2006ല്‍ കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച ജൈത്രയാത്ര കെ ടി ജലീല്‍ തവനൂരിലും തുടര്‍ന്നു. 2011ലും, 2016ലും തുടര്‍ച്ചയായ വിജയങ്ങള്‍. ജലീലിനെ നേരിടാന്‍ പോന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നതില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയമാണ് രണ്ട് തവണയും യു ഡി എഫിനെ തോല്പിച്ചത്. കഴിഞ്ഞ തവണ ഇഫ്തിഖാറുദ്ദീനെ പോലെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി 17064 വോട്ടിന്റെ വിജയം ജലീലിന് സമ്മാനിച്ചത് കോണ്‍ഗ്രസ് തന്നെയായിരുന്നു. 2011ല്‍ മണ്ഡലത്തില്‍ സുപരിചിതനല്ലാത്ത വി വി പ്രകാശിനെയാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ നിയോഗിച്ചത്. 6854 വോട്ടുകള്‍ക്കാണ് അന്ന് ജലീല്‍ വിജയിച്ചത്. ഇടതുപക്ഷവും, ബി ജെ പിയും തവനൂരില്‍ വോട്ട് നിലയില്‍ വര്‍ധനവ് വരുത്തുമ്പോഴും യു ഡി എഫിന് വോട്ട് വര്‍ധിക്കുന്നില്ല എന്നതാണ് തവനൂരിലെ പ്രത്യേകത.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായ പ്രകടനമാണ് തവനൂരില്‍ കാഴ്ച വെച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് സിറ്റിംങ് സീറ്റായ മംഗലത്ത് പരാജയപ്പെട്ടു. എടപ്പാള്‍ ഡിവിഷനിലും ദയനീയമായ തോല്‍വി ഏറ്റു വാങ്ങി. കോണ്‍ഗ്രസ് വോട്ടുകളില്‍ ഉണ്ടായ ചോര്‍ച്ചയാണ് ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനില്‍ അഡ്വ. നസ്‌റുദ്ദീന്റെ പരാജയത്തിന് കാരണമായത്. എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം കാലുവാരുകയായിരുന്നുവത്രേ.
എന്നാല്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കാനായത് യു ഡി എഫിന് അനുകൂലഘടകമാണ്. കാലടിയിലും ഭരണം ലഭിച്ചു. വോട്ട് നിലയില്‍ കുറവ് വന്നെങ്കിലും മംഗലം ഗ്രാമപഞ്ചായത്ത് ഭരണവും യു ഡി എഫിന് നിലനിര്‍ത്താനായി.
എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി, പുറത്തൂര്‍, മംഗലം, തൃപ്പങ്ങോട് പഞ്ചായത്തുകളാണ് തവനൂര്‍ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ എടപ്പാള്‍, തവനൂര്‍, പുറത്തൂര്‍, തൃപ്പങ്ങോട് പഞ്ചായത്തുകളാണ് എല്‍ ഡി എഫ് ഭരിക്കുന്നത്.
അതേ സമയം ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോള്‍ 5000ത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസമാണ് മണ്ഡലത്തില്‍ ഉള്ളത്. തുടര്‍ച്ചയായി രണ്ടാം തവണയും യു ഡി എഫിന് അധികാരം നഷ്ടപ്പെട്ട തൃപ്പങ്ങോട് പഞ്ചായത്തില്‍ 1400 വോട്ടിന് യു ഡി എഫ് പിറകിലാണ്. മുന്നണിക്കകത്തെ അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് തൃപ്പങ്ങോട്ടെ പരാജയത്തിന് കാരണമായത്. യു ഡി എഫ് കോട്ടയായ മംഗലത്ത് ഭരണം നിലനിര്‍ത്തിയെങ്കിലും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ഇത് പരിഹരിക്കാനായാല്‍ തവനൂരില്‍ തെരഞ്ഞെടുപ്പ് വിജയം ഫോട്ടോ ഫിനിഷിംങിലായിരിക്കും.
മൂന്നാം തവണയും മത്സര രംഗത്തിറങ്ങുമെന്ന് കരുതുന്ന കെ ടി ജലീലിന്റെ മുഖ്യപ്രചാരണായുധം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും. മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഉള്ള ബന്ധങ്ങളും തുണയാകുമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ പോലും സജീവമായി ഇടപെട്ടാണ് ജലീല്‍ ഇടതുപക്ഷത്തെ മണ്ഡലത്തില്‍ നയിച്ചത്. കോണ്‍ഗ്രസിലും, മുസ്‌ലിം ലീഗിലുമുള്ള പ്രാദേശിക അതൃപ്തികള്‍ മുതലെടുക്കാനും ജലീലിനായിട്ടുണ്ട്.
യു ഡി എഫ് വോട്ടുകളിലെ ചോര്‍ച്ച തടയുക എന്നത് തന്നെയാണ് തവനൂരില്‍ യു ഡി എഫ് നേരിടുന്ന പ്രധാന വെല്ലുവിളി. ലീഗ് കോട്ടകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രധാന ശത്രുവായ ജലീല്‍ വോട്ട് ചോര്‍ത്തുന്നത് തടയാനായാല്‍ തവനൂരില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും.
തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിക്കാണ് പ്രധാന പരിഗണന. കോണ്‍ഗ്രസിനകത്തും, ഘടകകക്ഷിയായ മുസ്‌ലിം ലീഗിനും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് റിയാസ് മുക്കോളി. റിയാസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസില്‍ ശക്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.