ഷബീർ രാരങ്ങോത്ത്
ഫാസിസ്റ്റുകാലത്ത് മൗനമാണ് പഥ്യം എന്നു കരുതുന്നവരാണ് ഏറെയും. ഫാസിസത്തിനെതിരെ ചെറുവിരലനക്കിയാൽ തങ്ങളുടെ സ്വാസ്ഥ്യം നഷ്ടമാകുമോ എന്ന ഭയം മിക്കവരെയും കീഴ്പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അധർമത്തിനും അനീതിക്കും വർഗീയതക്കും നേരെ കണ്ണടച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണ് പൊതുവെ എല്ലാവരുടെയും ശ്രമം. എന്നാൽ തൻ്റെ ബോധ്യങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയാൻ യാതൊരു ഭയവുമില്ലാതിരുന്ന അപൂർവം ചിലയാളുകളും ഇവിടെയുണ്ടായിരുന്നു.
ഹിന്ദുത്വ വര്‍ഗീയതക്കു നേരെ ശക്തിയുക്തം പടപൊരുതിയ മനീഷിയാണ് ഇന്നലെ നമ്മോടു വിടപറഞ്ഞ ആര്യസമാജം പണ്ഡിതന്‍ സ്വാമി അഗ്‌നിവേശ്. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് എന്നും തലവേദന തന്നെയായിരുന്നു സ്വാമി അഗ്‌നിവേശിന്റെ വാക്കുകള്‍. താന്‍ നേടിയെടുത്ത അറിവുകള്‍ തനിക്കേകിയ വെളിച്ചം മറ്റുള്ളവരിലേക്കും പകരാനുള്ളതാണെന്നും ഹിന്ദു മതത്തിന്റെ യഥാര്‍ഥ സന്ദേശം മാനുഷികതയാണെന്നും അദ്ദേഹം കരുതിയിരുന്നു.
ഹിന്ദുത്വത്തിന്റെ ആശയങ്ങളോട് ധീരമായി പടപൊരുതുകയും അതിന്റെ പേരില്‍ ഭീഷണികളും അക്രമങ്ങളും ഏറെ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഹിന്ദുത്വത്തിന്റെ ആശയം ഫാസിസമാണെന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ഹിന്ദുത്വമെന്നത് കപട ഹിന്ദുയിസമാണെന്നും മതത്തെ അപമാനീകരണം നടത്തിക്കൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടോ അല്ലാതെ ഹിന്ദുത്വക്കാര്‍ക്ക് വിജയിക്കാനാകില്ലെന്നും അദ്ദേഹം തന്റെ സമൂഹത്തെ ഉണര്‍ത്തിയിരുന്നു. വര്‍ഗീയതയോടോ അനീതിയോടോ രാജിയാകാനോ മത ചിഹ്നങ്ങളെ വര്‍ഗീയമായി ഉപയോഗിക്കുന്നത് കണ്ടുനില്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. വര്‍ഗീയ സംഘര്‍ഷങ്ങളുടെ സമയത്ത് ബജ്റംഗ്ദളിന്റെയോ വി എച് പിയുടെയോ പ്രവര്‍ത്തകര്‍ തൃശൂലമേന്തി നില്ക്കുന്നതു കാണുമ്പോള്‍ അതിനെ ആര്‍ക്കും മത ചിഹ്നമായി കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനേജ്‌മെന്റില്‍ അധ്യാപകനായിരുന്നു. ആന്ധ്രാ പ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ പേരും ജാതിയും മതവും കുടുംബവും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയായിരുന്നു. ആര്യ സമാജത്തിലൂടെയായിരുന്നു അദ്ദേഹം സന്യാസത്തിലേക്കെത്തുന്നത്. ഹരിയാനയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തന മണ്ഡലമായി തിരഞ്ഞെടുത്തിരുന്നത്.
അടിമ വേലയ്‌ക്കെതിരെ ബന്ദുവാ മുക്തി മോര്‍ച്ച രൂപീകരിച്ചു കൊണ്ട് പ്രചരണ പരിപാടികളും മറ്റും ശക്തമാക്കിയാണ് അദ്ദേഹം പൊതുജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് സജീവ രാഷ്ട്രീയത്തിലും പ്രവേശിച്ചു.
ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി 1970ല്‍ രൂപീകരിച്ച അദ്ദേഹം 77ല്‍ ഹരിയാന നിയമസഭയിലെത്തി. അടിമ വേലയ്‌ക്കെതിരെ പ്രതിഷേധിച്ച തൊഴിലാളികള്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഹരിയാന സര്‍ക്കാരിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്‌നിവേശ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.
കാശ്മീര്‍ കത്താന്‍ തുടങ്ങിയ ആദ്യ കാലങ്ങളില്‍ അദ്ദേഹം സമാധാന സന്ദേശവുമായി രംഗത്തെത്തിയിരുന്നു. 2010ല്‍ മാവോയിസ്റ്റ് നേതൃത്വവുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുപിഎ സര്‍ക്കാര്‍ അദ്ദേഹത്തെ നിയോഗിച്ചു. അതിനു പിന്നാലെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ യുപിഎ സര്‍ക്കാരിലെ ഒരു മന്ത്രിയുമായി അദ്ദേഹം സംസാരിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ സ്വാമി അഗ്‌നിവേശ് അണ്ണാ ഹസാരെ സംഘവുമായി വേര്‍പിരിഞ്ഞു. ഇതിനിടയില്‍ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ അതിഥിയായും അദ്ദേഹം പങ്കെടുത്തു.
2014ല്‍ ആര്യ സമാജിന്റെ വേള്‍ഡ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന സ്വാമി അഗ്‌നിവേശ് തീവ്രഹിന്ദുത്വ സംഘടനകളുമായി നിരന്തരം ഏറ്റുമുട്ടുകയും ചെയ്തു. അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വലിയ എതിര്‍പ്പുയര്‍ത്തി. ഉറഞ്ഞിരിക്കുന്ന ഐസിന് മതപരമായ ഒരു വിധത്തിലുമുള്ള പ്രാധാന്യമില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വലതുപക്ഷ സംഘടനകളെ പ്രകോപിപ്പിച്ചത്.
2018ല്‍ ഝാര്‍ഖണ്ഡില്‍ വച്ച് ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ കൈയേറ്റത്തിനും അദ്ദേഹം ഇരയായി. പാക്കിസ്ഥാനി ഏജന്റ് എന്ന് ആക്ഷേപിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്‌നിവേശ്. ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്‍ സമരങ്ങളിലും സ്വാമി അഗ്‌നിവേശ് മുന്നിട്ടിറങ്ങിയിരുന്നു.
മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായയുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
പട്ടിണിയും സാമൂഹിക സാമ്പത്തിക അസമത്വങ്ങളുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്ന അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ജാതിചിന്തയും വിവേചനങ്ങളും, സ്ത്രീകള്‍ക്കു നേരെയുള്ള അനീതിയും അക്രമങ്ങളും, തീവ്രവാദം, വര്‍ഗീയത, മദ്യവും മയക്കുമരുന്നും പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം സര്‍വ മത പാര്‍ലമെന്റ് സംഘടിപ്പിക്കുകയും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്.
ഏതു മനുഷ്യൻ്റെയും പ്രയാസം തൻ്റെയും പ്രയാസമായി അദ്ദേഹം കണക്കാക്കിയിരുന്നു. അതു കൊണ്ടു തന്നെ എൻ ആർ സി പൗരത്വ പ്രക്ഷോഭങ്ങളിൽ സ്വാമി ഏറെ സജീവമായി പങ്കു കൊണ്ടിട്ടുണ്ട്. മതനിരപേക്ഷതയിൽ അധിഷ്ഠിതമായ ജീവിതം പുലർത്താൻ സന്യാസിമാർക്കും സാധ്യമാണെന്ന് അദ്ദേഹം ജീവിതം കൊണ്ട് കാണിച്ചു തന്നു. കാഷായ വസ്ത്രധാരികളിൽ വേരൂന്നിയിട്ടുള്ള തീവ്ര ഹൈന്ദവാഭിമാനത്തെ ഇളക്കിവിടാൻ ശ്രമിച്ച സംഘപരിവാരഞ്ഞെ അദ്ദേഹം ആശയപരമായാണ് എതിർത്തിരുന്നത്. ആശയപരമായ ആ വ്യക്തതയാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.