ഡോ. ഹുസൈൻ മടവൂർ
ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം പുലർത്തി സ്വാമി അഗ്നിവേശ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിന് എന്നെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. രാവിലെ എട്ടരയോടെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി. ഒരു പാത്രത്തിൽ കുറച്ച് കടല പുഴുങ്ങിയതും, തേങ്ങാപ്പൂളുകളും! അദ്ദേഹത്തിൻ്റെ ഭക്ഷണ ശീലങ്ങൾ അത്രയ്ക്ക് ലളിതമാണ്. പാർലമെൻ്റ് ഓഫ് റിലീജിയൻ എന്ന പ്രസ്ഥാനം വളർത്തിക്കൊണ്ട് വരണമെന്നത് അദ്ദേഹത്തിൻ്റെ അഭിലാഷം ആയിരുന്നു.
നിരവധി ഇൻ്റർഫെയ്ത്ത് കോൺഫറൻസുകളിൽ സ്വാമിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. മൗലാനാ വഹീദുദ്ദീൻ ഖാൻ, ഡോ. സഫർ മഹ്മൂദ് എന്നിവരൊക്കെ മതസൗഹാർദ്ദത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ്. സ്വന്തം അഭിപ്രായം ഏത് വേദിയിലും തുറന്ന് പറയുന്നയാളാണ് സ്വാമി അഗ്നിവേശ്. ഇസ്ലാഹി സെന്ററിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സ്വാമിജിയോടൊപ്പം ഒരിക്കൽ കുവൈത്ത് സന്ദർശിച്ചിരുന്നു. 18 വയസ്സ് വരെ ആരെയും മതം പഠിപ്പിക്കേണ്ടതില്ലെന്ന് സ്വാമി പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. സംഘാടകർക്ക് അംഗീകരിക്കാൻ കഴിയുന്ന നിലപാടായിരുന്നില്ല അത്. മുതിർന്നു കഴിഞ്ഞാൽ രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത് പോലെ മതവും തെരഞ്ഞെടുക്കട്ടെ എന്നതാണ് സ്വാമിയുടെ നിലപാട്. മറ്റുള്ളവരുടെ യോജിപ്പും, വിയോജിപ്പും സ്വാമി അഗ്നിവേശിൻ്റെ നിലപാടുകളെ സ്വാധീനിച്ചില്ല.
സ്വാമി അഗ്നിവേശ് കറ കളഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. ഇന്ത്യയിലെ മത ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. എൻ ആർ സി – സി എ എ പ്രക്ഷോഭത്തിൽ അദ്ദേഹം മുൻനിരയിൽ നിന്നു. വ്യക്തിപരമായി ഏറെ പ്രയാസങ്ങൾ ഉണ്ടായിട്ടും അദ്ദേഹം പ്രക്ഷോഭത്തോടൊപ്പം നിന്നു. പൗരത്വ പ്രശ്നത്തിന്റെ പേരിൽ മുസ്ലിംകളെ നാടു കടത്താൻ നിയമമുണ്ടാക്കിയവർക്കെതിരിൽ അദ്ദേഹം രാജ്യം മുഴുവൻ സഞ്ചരിച്ച് മുസ് ലിംകൾക്കും മറ്റു പിന്നാക്കക്കാർക്കും വേണ്ടി ഗർജ്ജിച്ചു.
സ്വാമി അഗ്നിവേശ് മതേതര ഇന്ത്യയുടെ ആൾരൂപമായിരുന്നു.
മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർ കലഹിക്കുന്ന നാട്ടിൽ മനുഷ്യന് വേണ്ടി ജീവിച്ച മഹാനായിരുന്നു സ്വാമിജി. ബ്രാഹ്മണനായി ജനിച്ച താൻ ഇപ്പോൾ ഒരു മനുഷ്യനാണെന്നും അതിനാൽ ഏത് ജാതിക്കാരനും തന്റെ കൂടെ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും പ്രവർത്തിക്കുകയും ചെയ്യാമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
ആന്ധ്രയിൽ ജനിക്കുകയും കൽക്കത്തയിൽ വിദ്യാഭ്യാസം നേടുകയും ഹരിയാനയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും അവസാനം ഡൽഹിയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത അദ്ദേഹത്തിന്ന് ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താനായതിൽ അദ്ഭുതമൊന്നുമില്ല.
വർഗ്ഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ അദ്ദേഹം രംഗത്ത് വന്നു. ബാബരി മസ്ജിദ് പ്രശ്ന പരിഹാരത്തിന്ന് മധ്യസ്ഥത വഹിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
അധ്യാപകനും, അഭിഭാഷകനും പിന്നീട് ഹരിയാനയിൽ എം.എൽ. എ. യും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സ്വാമി വൈവിധ്യങ്ങൾ നിറഞ്ഞ ഒരദ്ഭുത മനുഷ്യനായിരുന്നു.
നന്നായി ഉർദു സംസാരിച്ചിരുന്ന അദ്ദേഹം ഗീതയും ബൈബിളും ഖുർആനും ഉദ്ധരിച്ച് സംസാരിക്കുന്നത് ഏറെ ഹൃദ്യമായിരുന്നു.
വാഷിംഗ്ടണിൽ സൗദിയിലെ അബ്ദുല്ലാ രാജാവ് സംഘടിപ്പിച്ച ലോക മതസൗഹാർദ്ദ സമ്മേളനത്തിൽ സ്വാമിജി പങ്കെടുത്തിരുന്നു. സൗദി രാജാവ് സ്വാമിജിക്ക് ഉപഹാരം നൽകുന്ന ഒരു വലിയ ഫോട്ടോ മക്കയിലെ മുസ്ലിം വേൾഡ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത് ഇന്ത്യക്കാർക്ക് അഭിമാനകരമാണ്.
ബാലവേലക്കെതിരിൽ അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ തുല്യതയില്ലാത്തതായിരുന്നു. സ്ത്രീവിമോചനത്തിന്ന് വേണ്ടിയും പെൺഭ്രൂണഹത്യക്കെതിരെയും ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
പതിനഞ്ചു വര്ഷം മുമ്പ് ഫാറൂഖ് കോളെജിൽ നടന്ന പീസ് കോൺഫറൻസിന്റെ സംഘാടനകനെന്ന നിലയിൽ അദ്ദേഹത്തെ ക്ഷണിച്ചത് ഞാനായിരുന്നു. വെറും ഒരു ഫോൺ കോൾ വഴി അദ്ദേഹം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്തു. പിന്നീട് പല തവണ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം വരികയും ചെയ്തു. അദ്ദേഹത്തോടൊപ്പം വിദേശ യാത്ര നടത്താനുമവസരമുണ്ടായിട്ടുണ്ട്.
എടരിക്കോട്, കൂരിയാട് മുജാഹിദ് സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. താമരശ്ശേരി ബാർ സമരത്തിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനായി. കഴിഞ്ഞ ഫെബ്രവരിയിൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ വെച്ചുള്ള കൂടിക്കാഴ്ചയായിരുന്നു അവസാനത്തേത്. അദ്ദേഹം സ്ഥാപിച്ച പാർലിമെന്റ് ഓഫ് ഓൾ റിലിജ്യൻസിന്റെ പ്രവർത്തനമായിരുന്നു അന്നത്തെ അജണ്ട.
അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന്ന് വലിയ നഷ്ടം തന്നെയാണ്. അഗ്നിവേശിന്ന് പകരം അഗ്നിവേശ് മാത്രമേയുള്ളൂ.
അഗാധമായ ദുഃഖവും അനുശോചനവുമറിയിക്കുന്നു. ആദരാജ്ഞലികൾ..