ടി റിയാസ് മോന്‍
സന്തോഷ് പണ്ഡിറ്റ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യം മൂന്ന് വര്‍ഷം മുമ്പ് ഉയര്‍ന്നപ്പോള്‍ മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകം വെച്ചാണ് അദ്ദേഹം എതിര്‍ത്തത്. 2011ല്‍ കൃഷ്ണനും, രാധയും സിനിമ നിര്‍മ്മിച്ചാണ് സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനാകുന്നത്. 2016ല്‍ അട്ടപ്പാടിയില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി അദ്ദേഹം പൊതു ഇടപെടലുകളില്‍ സജീവമായി. പതിയെപ്പതിയെ സന്തോഷ് പണ്ഡിറ്റിന്റെ സംഘിരാഷ്ട്രീയം പുറത്തു വന്നു തുടങ്ങി.
ഒ രാജഗോപാല്‍ ആയിരുന്നു നീണ്ട കാലയളവില്‍ കേരളത്തിലെ ബി ജെ പിയുടെ പൊതുമുഖം. വാര്‍ധക്യത്തിന്റെ അവശതകള്‍ കാരണം അദ്ദേഹത്തിന് പൊതുരംഗത്ത് ശോഭിക്കാന്‍ കഴിയുന്നില്ല. ബി ജെ പിയുടെ സംസ്ഥാനത്തെ ആദ്യ എം എല്‍ എക്ക് തിളങ്ങാന്‍ കഴിയാതെ പോയത് ബി ജെ പിക്ക് ക്ഷീണമാണ്. മാധ്യമങ്ങളിലെ സൗമ്യമുഖമായിരുന്ന ഒ രാജഗോപാലിന് പകരം അഡ്വ. ബി ഗോപാലകൃഷ്ണന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ കൊണ്ടു വന്നെങ്കിലും യുക്തിരഹിതമായ വാക്കുകള്‍ കേരളത്തിലെ വിദ്യാസമ്പന്നര്‍ക്കിടയില്‍ മതിപ്പുളവാക്കാന്‍ പോന്നതല്ല. സാമൂഹ്യമായും, വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്കിടയില്‍ ആവേശം ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലും മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്നതില്‍ എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ ഫലപ്രദമായിട്ടില്ല.
ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് വെള്ളം കുടിച്ച് മടങ്ങുന്ന ബി ജെ പിയുടെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തനായത് സന്ദീപ് ജി വാര്യരാണ്. കുറേ കൂടി എതിരാളികളുടെ നിലപാടുകളെ കൗണ്ടര്‍ ചെയ്യാന്‍ സാധിക്കുന്ന ഭാഷയും, ശേഷിയും സന്ദീപ് വാര്യര്‍ക്കുണ്ട്. അതിനാല്‍ ബി ജെ പി അനുഭാവികളായ പുതുതലമുറയ്ക്ക് കൂറേ കൂടി സ്വീകാര്യനാണ് സന്ദീപ് വാര്യര്‍. എങ്കിലും ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ മാധ്യമങ്ങളിലെ ഇടതുസ്വാധീനം, കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ഇടപെടുന്ന യുവനേതാക്കളുടെ നൈപുണ്യം എന്നിവയെ മറികടക്കാനുള്ള പ്രതിഭാധനത്വം സന്ദീപ് വാര്യര്‍ക്കില്ല. കോണ്‍ഗ്രസിനു വേണ്ടി ചാനലുകളില്‍ വരുന്ന അഡ്വ. ടി എന്‍ പ്രതാപന്‍ എം പി, ശാഫി പറമ്പില്‍, അഡ്വ. ടി സിദ്ദീഖ്, ജ്യോതികുമാര്‍ ചാമക്കാല, കെ എസ് ശബരീനാഥന്‍ എന്നിവരുടെ അവഗാഹം, അവതരണശൈലി, രാഷ്ട്രീയ പ്രബുദ്ധത എന്നിവയെ മറികടക്കാന്‍ സാധിക്കുന്ന ബി ജെ പി പ്രതിനിധികള്‍ കേരളത്തിലില്ല. ഡല്‍ഹിയിലും, ഉത്തരേന്ത്യയിലും ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ ബി ജെ പി പക്ഷം പിടിക്കുകയും, കോണ്‍ഗ്രസ് പ്രതിനിധികള്‍ സാമാന്യം ദുര്‍ബലരാകുകയും ചെയ്യുമ്പോള്‍ ബി ജെ പി നേടുന്ന മേല്‍ക്കൈ ഉണ്ട്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതി. മനോരമ ന്യൂസിലെ അയ്യപ്പദാസിനെ പോലെയുള്ള അപൂര്‍വ്വം സംഘ്പരിവാര്‍ അനുഭാവികളേ പ്രധാന വാര്‍ത്താ ചാനലുകളില്‍ ഉള്ളൂ. ഈ പരിമിതിയെ മറികടക്കാനാണ് സിനിമാ രംഗത്ത് സന്തോഷ് പണ്ഡിറ്റ് എന്ന നിഷ്പക്ഷനെ പോലെ ചാനല്‍ ചര്‍ച്ചകളിലേക്ക് ശ്രീജിത്ത് പണിക്കരെ ഉയര്‍ത്തിക്കൊണ്ട് വരുന്നത്.
മലയാള ചാനലുകളിലെ ആദ്യത്തെ നിരീക്ഷകന്‍ അല്ല ശ്രീജിത്ത് പണിക്കര്‍. എന്നിട്ടും എന്ത് കൊണ്ട് ശ്രീജിത്ത് പണിക്കര്‍ മാത്രം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു?. ആ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് കേരളത്തിലെ മറ്റു ചാനല്‍ നിരീക്ഷകര്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കണം. ഡോ. ആസാദ്, സി ആര്‍ നീലകണ്ഠന്‍, എന്‍ പി ചെക്കുട്ടി, ഒ അബ്ദുള്ള, എം എന്‍ കാരശ്ശേരി, ഡോ. ഫസല്‍ഗഫൂര്‍ തുടങ്ങി പലരും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. അവരെല്ലാം പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഉള്ളവരാണ്. വിദ്യാര്‍ഥി കാലം മുതല്‍ കേരളത്തിലെ പൊതുഇടങ്ങളിലും മാധ്യമങ്ങളിലും ഇടപെട്ടു കൊണ്ടിരിക്കുന്നവരാണ്. ടെലിവിഷന്‍ സ്റ്റുഡിയോകളിലേക്ക് അവരെത്തുന്നതിന് മുമ്പേ നമ്മുടെ സാമൂഹ്യപരിസരങ്ങളില്‍ അവര്‍ സുപരിചിതരായിരുന്നു. മാധ്യമങ്ങളിലും, തെരുവുകളിലും അവരുണ്ടായിരുന്നു. സാമൂഹ്യനിരീക്ഷകര്‍ക്ക് പുറമെ അക്കാഡമീഷ്യന്‍മാര്‍, ഗവേഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ മുഖം കാണിക്കാറുണ്ട്. ഡോ. ബി ഇഖ്ബാല്‍, മുരളി തുമ്മാരുകുടി, ജോസഫ് വര്‍ഗ്ഗീസ് തുടങ്ങി നീണ്ട നിര തന്നെയുണ്ട്. അവരെല്ലാം വിവിധ വിഷയങ്ങളില്‍ വിദഗ്ധരാണ്. കേരളീയ സമൂഹത്തെ വിവിധ മേഖലകളില്‍ അറിവുള്ളവരാക്കി മാറ്റുന്നതിലും, ദിശ കാണിക്കുന്നതിലും തങ്ങളുടേതായ പങ്ക് വഹിച്ചവരാണ്.
എന്നാല്‍ ശ്രീജിത്ത് പണിക്കരുടേതായി കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് എന്ത് സംഭാവനയാണ് ഉള്ളത്? എന്‍ ആര്‍ സി- സി എ എ സമരകാലത്ത് സി എ എ ന്യായീകരണവുമായി ജനം ടി വിയില്‍ പ്രത്യക്ഷപ്പെടുകയും, രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ നിര്‍മ്മലാ സീതാരാമനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നിഷ്പക്ഷത ചമയുകയും ചെയ്യുന്നത് നിഷ്പക്ഷതയല്ലെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. നിര്‍മ്മലാ സീതാരാമന്റെ സാമ്പത്തിക വൈദഗ്ധ്യത്തെ ന്യായീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ശോഭാസുരേന്ദ്രനും, ശ്രീജിത്ത് പണിക്കരും തമ്മില്‍ എന്ത് വ്യത്യസ്തതാണുള്ളത്? നിര്‍മ്മലാ സീതാരാമന്റെ പരാജയത്തെ കുറിച്ച് കേരളത്തിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് വരെ അറിയാവുന്ന സാഹചര്യത്തില്‍ നിഷ്പക്ഷന്‍ ന്യായീകരിക്കാന്‍ പാടില്ലല്ലോ.
അര്‍ണബ് ഗോസ്വാമിയുടെ ‘ടൈംസ് നൗ’വില്‍ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി നിഷ്പക്ഷനിരീക്ഷകന്‍ താനാണെന്ന് ശ്രീജിത്ത് പണിക്കര്‍ സ്വയം പറയുമ്പോള്‍ പിന്നെ നിഷ്പക്ഷതയെ കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. (2016 വരെ ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അര്‍ണബ് ഗോസ്വാമി. ശേഷം അദ്ദേഹം റിപ്പബ്ലിക് ടി വി തുടങ്ങി.) നമ്മുടെ ഒരു നിഷ്പക്ഷന്‍ കേരളത്തില്‍ സജീവമാകുന്നുണ്ട് എന്ന് ദേശീയ തലത്തില്‍ തന്നെ നിരീക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കം. അങ്ങ് കേരളത്തിലെ ഒരു മാവിന്‍ മുകളില്‍ ഒരു കാക്കക്കൂട്ടില്‍ ഒരു കാക്കക്കുഞ്ഞ് പിറക്കുന്നതില്‍ ഉത്തരേന്ത്യയിലെ ഒരു കുയിലിനുണ്ടാകുന്ന ‘സ്വാഭാവിക’ കൗതുകം.
ഇക്കഴിഞ്ഞ ദിവസം മീഡിയാവണ്ണില്‍ ‘വലതുപക്ഷ നിരീക്ഷകന്‍’ എന്ന് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് ശ്രീജിത്ത് ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ഫേസ്ബുക്ക് ലൈവില്‍ പതിനായിരത്തിലേറെ പേരാണ് പ്രേക്ഷകരായി എത്തിയത്. ജയജയ പാടി പണിക്കരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കു ചുറ്റും നില്‍ക്കുന്നത് സംഘ്പരിവാര്‍ അനുയായികള്‍ തന്നെയാണ്. കേരളത്തിന്റെ മുന്‍കാലങ്ങളിലോ, വര്‍ത്തമാനകാലത്തിലോ ഏതെങ്കിലും നിഷ്പക്ഷന് ജയ് വിളിച്ച് സംഘ്പരിവാറുകാരെ കണ്ടിട്ടുണ്ടോ? ഉണ്ടായിരിക്കില്ല. സുരേഷ് ഗോപിക്കും, അലി അക്ബറിനും, സന്തോഷ് പണ്ഡിറ്റിനും ശേഷമുള്ള നിഷ്പക്ഷനാണ് ശ്രീജിത്ത് പണിക്കര്‍ എന്ന് നിരീക്ഷിക്കുന്നതിന്റെ കാരണം ലളിതമാണ്.