അർഹതപ്പെട്ടവർ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനം

ശരീഫ് സിപി

അർഹതപ്പെട്ട സർക്കാർ ജോലി നൽകണമെന്നാവശ്യപ്പെട്ട് മുട്ടിലിഴയുകയാണ് ജനിച്ച മണ്ണിന് വേണ്ടി കായിക മേഖലയിൽ മെഡലുകൾ വാങ്ങി അഭിമാനമായ കായിക താരങ്ങൾ. തലമുണ്ഡനം ചെയ്തും, മുട്ടിലിഴഞ്ഞും അവർ സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കാൻ സമരഭൂമിയിലിറങ്ങിയിട്ട് മാസങ്ങളാകുന്നു. അതിനിടയിലാണ് സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകിക്കയറ്റുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
അനുകമ്പയുടെ പുകമറ സൃഷ്ടിച്ച് വേണ്ടപ്പെട്ടവരുടെ ലിസ്റ്റുണ്ടാക്കി ആശ്രിത നിയമനം നടത്തുന്നുവെന്നാണ് ആരോപണം.
ഏറ്റവുമൊടുവിൽ സർവ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണരും സർക്കാരും നേരിട്ട് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന ഘട്ടം വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ.
മന്ത്രി തന്നെ നേരിട്ട് ഗവർണർക്ക് ശുപാർശക്കത്ത് നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇഷ്ടക്കാരെ നിയമിക്കുന്നു സർക്കാർ എന്ന ആക്ഷേപത്തിന് അടിവരയിടുന്ന വിവരങ്ങളാണ് പുറത്തു വന്ന് കൊണ്ടിരിക്കുന്നത്. കേരളത്തിനായി ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിലടക്കം സമരമുഖത്തെത്തിയത്
നിയമനം ലഭിക്കുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. തല പകുതി മുണ്ഡനം ചെയ്തായിരുന്നു ഏറ്റവുമൊടുവിൽ പ്രതിഷേധം.കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ കാണാനാകാതെ കായിക താരങ്ങൾക്ക് മടങ്ങിപോരേണ്ടി വന്നിരുന്നു.

”സമരം ചെയ്യുന്ന തങ്ങളെ വകുപ്പുമന്ത്രി ഇതുവരെ കാണാൻ പോലും കൂട്ടാക്കിയിട്ടില്ല. അഞ്ചുതവണ മന്ത്രിയുടെ ഓഫീസിലേക്ക് പോയപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചുവിട്ടു. നൂറ് ശതമാനവും അർഹമായ നിയമത്തിനായാണ് സമരം ചെയ്യുന്നത്. സർക്കാരിന്റെ അവഗണന കായിക താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്” – സമരക്കാർ പറയുന്നു.
ചർച്ച നടത്താൻ തയ്യാറാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ മാത്രമാണ് മന്ത്രി പറയുന്നത്. എന്നാൽ നന്നായി ആലോചിച്ച ശേഷമേ ചർച്ചയ്ക്ക് വിളിക്കുവെന്നാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും സമരക്കാർ ആരോപിച്ചു.
580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചിട്ടില്ല. ഇനിയും അനുകൂലമായ തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സമരക്കാർ പറഞ്ഞു. അർഹതപ്പെട്ടവർ ഒരു ജോലിക്കായി തല മുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും തെരുവിൽ സമരം തുടരുമ്പഴാണ് അനുകമ്പയുടെ പുകമറ സൃഷ്ടിച്ച് ഇവിടെ ആശ്രിത നിയമനം കൊണ്ടു പിടിച്ച് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഇത്തരത്തിലുള്ള വ്യാപകമായ
ആശ്രിതനിയമനം കാര്യക്ഷമത ഇടിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലിനൽകുന്ന പദ്ധതിവഴി സർക്കാർ സർവീസിന്റെ കാര്യക്ഷമതയിൽ ഇടിവുവരുന്നതായി ശമ്പളക്കമ്മിഷനാണ് വ്യക്തമാക്കിയിരിക്കുന്നത്. പൊതു ഉദ്യോഗാർഥികളുടെ അവസരം കുറയ്ക്കുന്നതിനൊപ്പം ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണെന്നും പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൽ 16-ന്റെ അന്തഃസത്ത ലംഘിക്കുന്നതാണെന്നാണ് നിരീക്ഷണം.

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ആശ്രിതനിയമനം നൽകേണ്ടിവന്നാൽ ഉയർന്നഗ്രേഡിലേക്ക് സ്വാഭാവിക സ്ഥാനക്കയറ്റം നൽകരുത്. സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം. ആശ്രിതർക്ക് മികച്ച സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. പദ്ധതിപ്രകാരം നിലവിൽ എട്ടുലക്ഷത്തിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്കതസ്തികയിൽ നിയമനം നൽകുന്നത്.
മൊത്തം ഒഴിവുകളിൽ അഞ്ചുശതമാനമാണ് ഇതിനായി നീക്കിെവക്കുന്നതെങ്കിലും പല വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ പരിധി ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കളക്ടറേറ്റിൽനടന്ന 515 നിയമനങ്ങളിൽ 68-ഉം (13.20 ശതമാനം) ആശ്രിതനിയമനമായിരുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ 209 നിയമനം നടന്നതിൽ 28 എണ്ണം (13.40 ശതമാനം) ആയിരുന്നു ആശ്രിതർക്കായി നീക്കിവെച്ചത്.

സംസ്കൃതസർവകലാശാലയിൽനടന്ന 35 നിയമനങ്ങളിൽ അഞ്ചെണ്ണം (14.29 ശതമാനം) ആശ്രിതർക്കായിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ 131 നിയമനം ഇക്കാലയളവിൽ നടന്നു.
ഇതിൽ 18 എണ്ണം (13.74 ശതമാനം) ആശ്രിതർക്ക് നൽകിയിട്ടുണ്ട്.
ആശ്രിത നിയമനത്തിലും മറ്റെന്തിനേക്കാളും പരിഗണന പാർട്ടിക്കോ സർക്കാരിനോ വേണ്ടപ്പെട്ടവർ എന്നതാവണമെന്ന അലിഖിത നിയമം നടപ്പി ലാകുന്നുണ്ട് എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
അർഹതപ്പെട്ടവരെ വെയിലത്തും മഴയത്തും സമരത്തിലേക്ക് തള്ളുന്ന ഈ നിലപാടു സർക്കാർ അവസാനിപ്പിക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *