‘ഭീകര രാഷ്ട്ര’മായി പ്രഖ്യാപിച്ച് കളയുമോ, കേരളത്തെ UP സർക്കാർ ?

ആര്‍.സുനില്‍ജി

ഭീകര നിരോധന നിയമത്തിൻ്റെ മറവിൽ യു പി സർക്കാർ കൈയ്യാളുന്ന ഭീകരതയുടെ ജീവിക്കുന്ന രക്ത സാക്ഷികളാകുകയാണ് അവിടെ തടവിൽ കഴിയുന്ന ബന്ധുക്കളെക്കാണാൻ പോയ മൂന്ന് മലയാളി വനിതകൾ.ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട് ദിവസങ്ങളായെങ്കിലും മാദ്ധ്യമങ്ങളടക്കം മൗനം പാലിക്കുകയാണ്. പത്തനം തിട്ട സ്വദേശിയായ അൻഷദ്, കോഴിക്കോട് സ്വദേശിയായ ഫിറോസ് എന്നിവരെ ഭീകരപ്രവർത്തനം നടത്താൻ പദ്ധതിയിട്ടു എന്നാരോപിച്ച് 2021 ലാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഇവരെ കാണാൻ പോയ ഭാര്യമാരും മക്കളും ഉമ്മമാരുമാണ് യു പി പോലീസിന്റെ ഭീകരതക്ക് ഇരയായത്. അൻഷദിന്റെ ഭാര്യ മുഹ്‌സീന, ഉമ്മ നജ്മ, ഫിറോസിന്റെ ഉമ്മ കുഞ്ഞലിമ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അൻഷദിന്റെ 7 വയസ്സായ മകനും ജയിലിലാണ്. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഫിറോസിന്റെ ഭാര്യ സൗജത്തിനെയും പ്രതിയാക്കി എങ്കിലും അവരെ അറസ്റ്റ് ചെയ്തില്ല. സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഒരേ ലാബിൽ നിന്നാണ് ടെസ്റ്റ്‌ ചെയ്തതെന്നും അതിൽ മൂന്ന് പേരുടെ മാത്രം എങ്ങനെ വ്യാജമാവുമെന്നും ഇവരുടെ കൂടെ ഉണ്ടായിരുന്ന അഭിഭാഷകൻ നസീർ ചോദിക്കുന്നു.
അതേ സമയം
,ഈ ആരോപണങ്ങൾ എഫ് ഐ ആറിൽ വ്യക്തമായി പറയുന്നില്ല. എന്നാണ് സൂചന. ഏത് ലാബിൽ നിന്നാണ് ടെസ്റ്റ്‌ ചെയ്തത് എന്ന കാര്യം പോലും എഫ് ഐ ആറിൽ പറയുന്നില്ല.

അറുപത്തിരണ്ടും അൻപത്തി ഒൻപതും വയസ്സുള്ള രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെയാണ് യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുന്നത്. ചെയ്യപ്പെട്ടിരിക്കുന്നത്. “ജയിലിന്റെ പരിസരത്തു നിന്ന് ഒരു സംഘം സ്ത്രീകളും പുരുഷന്മാരും strange ആയ ഭാഷയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു’ എന്നാണ് പോലീസ് എഫ് ഐ ആറിൽ എഴുതിയിരിക്കുന്നത്.
മലയാളികൾ ഒന്നടങ്കം അപകടകാരികളോ ഭീകരവാദികളോ ആണെന്ന യുപി സർക്കാരിൻ്റെ ഈ ‘കണ്ടെത്തലി’നെതിരെ കേരളം കൈകൊള്ളുന്ന മൗനം അങ്ങേയറ്റം അപലനീയവും ലജ്ജാകരവുമാണ്.

മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും വിക്കിപീഡിയനുമാണ് സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബർ 5 ന് രാജ്യത്തെ നടുക്കിയ ഉത്തർപ്രദേശിലെ ഹഥറാസിലെ ബലാത്സംഘവും കൊലപാതകവുമായും ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സന്ദർശിക്കുന്നതിനിടെയാണ് യു.പി. പോലീസ് അറസ്റ്റ് ചെയ്ത് തടവിലിട്ടത്.
ഹഥറാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തടവിലിട്ടിരിക്കുന്നത്. ഹഥറാസിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്ന കേസും പിന്നീട് വന്നു ചേർന്നു. ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടി സിദ്ദീഖ് കാപ്പനേയും സംഘത്തെയും പിന്നീട് ഉൾപ്പെടുത്തി എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും സന്ദർശനം പോലും തടയുന്നുവെന്ന് ആരോപിച്ചും 2020 നവംബർ 16 ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. അഭിഭാഷകരെ പോലും കാണാൻ അനുവദിച്ചിരുന്നില്ല. തുടർന്ന്, സുപ്രീം കോടതി ഉത്തർപ്രദേശ്​ സർക്കാറിനും യു.പി പൊലീസിനും നോട്ടീസ്​ അയക്കുകയായിരുന്നു.

ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടും അജ്ഞാതമായ കാരണങ്ങളാൽ തീർപ്പാക്കപ്പെടാത്ത അസാധാരണ സംഭവവും കാപ്പൻകേസിൽ അരങ്ങേറി.

പിന്നീട് സോഷ്യൽ മീഡിയയുടെ ശക്തമായ കാമ്പയിനിന്റെ ഫലമായാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നത്.. 2021 ഏപ്രിൽ 25 ന് ട്വിറ്റർ ട്രെന്റിങ്ങായി സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു. കോവിഡ് ബാധിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുകയും ജീവന് തന്നെ ഭീഷണിയായി കാര്യങ്ങളെത്തിയപ്പോൾ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹാഷ്ടാഗുകൾ. അദ്ദേഹത്തിന്റെ പത്നി റൈഹാനത്ത് തന്നെ പോരാട്ടത്തിൽ മുന്നിൽ നിന്നു.
ഒടുവിൽ
2021 ഏപ്രിൽ 25 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുപി പൊലീസിന്റെ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഇതേ ദിവസം തന്നെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് എംപിമാർ കത്തുനൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് അദ്ദേഹത്തിന് താൽക്കാലികമായെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങാനും ചികിൽസ നേടാനും അവസരമൊരുങ്ങിയത്.
ഇത്തരമൊരു ശക്തമായ കാമ്പയിൻ ഇപ്പോൾ അന്യായമായി തടവിലാക്കപ്പെട്ട മൂന്ന് മലയാളി വനിതകളുടേയും ഏഴു വയസ്സുള്ള കുട്ടിയുടേയും മോചനത്തിനായി ഉയർന്നു വരേണ്ടതുണ്ട്.
നാലാം തൂണ് ദ്രവിച്ചു തുടങ്ങിയ കെട്ട കാലത്ത്
സമൂഹ മാദ്ധ്യമങ്ങൾ തന്നെയാണ് മുന്നിൽ നിന്ന് മാനവികതയ്ക്കു വേണ്ടി പൊരുതേണ്ടതും നീതി നേടിയെടുക്കേണ്ടതും.

Leave a Reply

Your email address will not be published. Required fields are marked *