ഷബീർ രാരങ്ങോത്ത്
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
മലയാളിയുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ താരാട്ടിയ ഒരു ഗാനം വേറെ അപൂർവമാകും. വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനവും അതിലെ ആ കുഞ്ഞു പെൺകുട്ടിയുടെ ശബ്ദവും ഇന്നും മലയാളി മനസുകളിലുണ്ട്. അവന്റെ ഓർമകളെ ഒരുപക്ഷെ താരാട്ടുന്നത് ഈ ശബ്ദമാകും. ആ മനോഹര ശബ്ദത്തിന്റെയുടമ ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ പെൺ ഖവാലി സംഘവും രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. കുഞ്ഞു ഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയായി മാറിക്കഴിഞ്ഞു.
ഏറെ ചെറുപ്പത്തിലേ സംഗീതലോകത്ത് കാലെടുത്തു വച്ചിട്ടുണ്ട് അവർ. ഏഴാം വയസിൽ തന്നെ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം അവർ തെളിയിച്ചിരുന്നു. ഗായകൻ ഉണ്ണിമേനോനോടൊപ്പം വസന്തകാലമേഘങ്ങൾ എന്ന ലളിതഗാന കാസറ്റിലൂടെയാണ് അവരുടെ പ്രൊഫഷണൽ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.
നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകൾ ശബ്നമിന്റെ സംഗീതത്തെ വളർത്തുന്നതിൽ നിർണായക് സ്വാധീനമായിട്ടുണ്ട്. ആ സംഗീതം ഉള്ളിൽ കിടക്കുന്നതു കൊണ്ടു തന്നെയാകണം അക്ഷരങ്ങൾ പെറുക്കിപ്പറയുന്നതിനും മുൻപ് തന്നെ വായിൽ വരുന്ന അക്ഷരങ്ങളെ സംഗീതാത്മകമാക്കി പുറത്തുവിടൻ ഷബ്നം ശ്രദ്ധിച്ചിരുന്നെന്ന് ഉമ്മയുടെ ഓർമകളിലുണ്ട്. കെ ജി ക്ലാസുകളിൽ പഠിക്കുന്ന സമയത്തു തന്നെ ഷബ്നം ഒരു സാധാരണ പാട്ടുകാരിയല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിഞ്ഞിരുന്നു. എല്ലാ കുട്ടികളെയും പഠിപ്പിക്കുന്ന പോലെ ഷബ്നമിനെയും അധ്യാപകർ പാട്ടു പഠിപ്പിച്ചിരുന്നു. ഒരു സാധാരണ നിലവാരത്തിലുള്ള പാട്ടു പ്രതീക്ഷിച്ച് കാത്തിരുന്ന സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടി. ഈ ആലാപനത്തോടെ പാട്ടു മത്സരങ്ങൾക്ക് ഷബ്നം ഒരനിവാര്യതയായി മാറുകയായിരുന്നു. സ്കൂൾ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവൻ തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകൻ ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃശ്ചികമായാണ് അദ്ദേഹത്തിലൂടെ കമൽ ഈ ഗാനങ്ങൾ കേൾക്കുന്നത്. താൻ സംവിധാനം ചെയ്യുന്ന അഴകിയ രാവണൻ എന്ന സിനിമയിലേക്ക് ഒരു കുഞ്ഞു ശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടൻ തന്നെ ഷബ്നമിനോട് എ വി എം സ്റ്റുഡിയോയിലെത്താൻ ആവശ്യപ്പെട്ട് ഫോൺ ചെയ്തു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ വി എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാസാഗർ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ആരോഹണം അവരോഹണം എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്. പല്ലവി പാടിത്തീർന്ന ഉടനെ വിദ്യാജി പാട്ടു നിർത്താനാവശ്യപ്പെട്ടു. ‘അടുത്ത ചിത്രയാണിത്, ആളെ കാണുന്നതു പോലെയല്ല, പക്വതയാർന്ന ശബ്ദമാണ്.’ എന്നായിരുന്നു വിദ്യാസാഗറിന്റെ ആദ്യ വാക്കുകൾ. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ആ സന്തോഷം നല്കിയ ഊർജം പിന്നീടുള്ള സംഗീത യാത്രയിൽ അവർക്ക് മുതല്ക്കൂട്ടായി. ചില പത്ര മാധ്യമങ്ങളുടെ ആഘോഷ പരിപാടികളിൽ പ്രാർഥനാ ഗാനങ്ങൾ ആലപിക്കാനും മറ്റുമായി ഷബനമിനെ ക്ഷണിക്കാറുണ്ടായിരുന്നു. ഇത്തരമൊരു സന്ദർഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടു മുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴിൽ സംഗീതമഭ്യസിക്കാൻ പ്രേരണയായി.
വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം അനേകം സിനിമകളിൽ ഷബന്മിന്റെ ശബ്ദം വന്നിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഒരുകാലത്ത് യുവമിഥുനങ്ങളുടെ ചുണ്ടുകളിൽ എപ്പോഴും പാറിക്കളിച്ചിരുന്ന ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ എന്ന ഗാനം. അതും ഹിറ്റായി മാറി.
വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളിൽ ഷബ്നം ഒരു സ്ഥിര സാന്നിധ്യമായി മാറി. ഓരോ വേദികലും അവർക്ക് സന്തോഷകരമായ ഒട്ടനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹവും പരിഗണനയും ഇക്കാലത്ത് വേണ്ടുവോളമനുഭവിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ ഒരുമിച്ച് പാടിയിരുന്നെങ്കിലും ദാസേട്ടനെ നേരിട്ട് കാണാൻ സാധിച്ചത് അത്തരമൊരു ഷോയ്ക്കിടയിലാണ്. ഇരുവരുമൊരുമിച്ച് വെണ്ണിലാ ചന്ദനക്കിണ്ണം പാടിയാണ് അന്ന് പിരിഞ്ഞത്.
പിയാനോയിൽ ലണ്ടൻ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയിൽ അവർ കരഗതമാക്കിയിട്ടുണ്ട്.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ലേബലൊട്ടിക്കപ്പെടുന്നത് തന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചേക്കാം എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവം പാട്ടുകൾ തെരഞ്ഞെടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഹൈന്ദവ ക്രൈസ്തവ മുസ്‌ലിം വിഭാഗങ്ങളുടെ ഭക്തിഗീതങ്ങൾ ഒരുപോലെ ആലപിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഇക്കാലയളവിൽ തന്നെ നിഴലുകൾ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളുടെ വാനമ്പാടിയായി കരുതപ്പെടുന്ന ചിത്ര ഈ ഗാനം കേട്ട് അതിന്റെ മനോഹാരിതയിൽ അലിഞ്ഞ് ആ ഗാനം താൻ പാടിയിരുന്നെങ്കിൽ എന്ന് പറയുകയുണ്ടായിട്ടുണ്ട്. ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാർഡുകൾ ലഭിക്കുകയുമുണ്ടായി.
സംഗീതത്തിൽ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹത്തിലേക്കെത്തുന്നത്. ആകാശഗംഗ എന്ന സിനിമയിലൂടെ മലയാളി ഹൃദയങ്ങൾക്കുള്ളിലേക്ക് കടന്നു ചെന്ന റിയാസ് ആയിരുന്നു വരൻ. ഒരു ഷോയ്ക്കിടെ ഷബ്നമിനെ കണ്ട് ഇഷ്ടപ്പെട്ടാണ് റിയാസ് വിവാഹാലോചനയുമായെത്തുന്നത്. അത് വിവാഹത്തിലേക്കെത്തുകയും ചെയ്തു.
കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. പ്രൊഫഷണൽ സംഗീത രംഗത്തു നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഷബ്നം ചിലവഴിച്ചു. ഇതിനിടയിലെല്ലാം ഷബ്നമിന്റെ പ്രതിഭ വീണ്ടും മലയാളികൾക്കു അനുഭവവേദ്യമാക്കാനായി അവസരങ്ങളുമായി നിരവധി ആളുകൾ ഷബ്നമിനെ തേടിയെത്തിയിരുന്നെങ്കിലും നോ പറഞ്ഞ് അവയെ എല്ലാം തിരികെയയക്കുകയായിരുന്നു.
പാടാതിരിക്കാൻ മാത്രം എന്താണിത്ര വലിയ പ്രശ്നം എന്ന ചോദ്യങ്ങൾ അവർക്കു ചുറ്റും വലയം ചെയ്തു തുടങ്ങിയതോടെയാണ് മൈലാഞ്ചി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വിധി കർത്താവിന്റെ റോളിൽ ഷബ്നം പ്രത്യക്ഷപ്പെടുന്നത്. കൂടെത്തന്നെ മനോരമ മ്യൂസിക്സിനു വേണ്ടി നിരവധി ഗാനങ്ങളും അവർ ആലപിച്ചു.
കുടുംബകാര്യങ്ങൾക്കിടയിൽ നിലച്ചു പോയ പഠനത്തെ വീണ്ടും സജീവമാക്കാനുള്ള ആലോചനകൾ പുനർജനിക്കുന്നത് ഇക്കാലത്താണ്. അങ്ങനെയാണ് ഷബ്നം എം എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവിൽ തന്നെയാണ് സൂഫി സംഗീതത്തോട് ചേർന്ന് സഞ്ചരിക്കാൻ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം തന്റെ സ്രഷ്ടാവിനോട് അടുപ്പം പുലർത്താൻ സാധിക്കുന്ന വരികളെ നെഞ്ചോടു ചേർക്കുക കൂടിയായിരുന്നു ഷബ്നം. ഷബ്നമിൻ്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാൻ ഭാഗവതർ സ്വാതി തിരുനാളിൻ്റെ സദസിൽ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങൾ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതൽ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തിൽ അവർ കൂടുതൽ പഠനത്തിനു തയ്യാറായി. നുസ്‌റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികൾ ഈ പഠനത്തിന് കൈത്താങ്ങാവുകയും ഒടുവിൽ SUFI MUSIC: STRUCTURE AND MANIFESTATIONS എന്ന ഒരു പുസ്തകം ഷബ്നമിന്റെ തൂലികയാൽ പിറവി കൊള്ളുകയും ചെയ്തു. ഭാരതീയ സംഗീതത്തിലെ വിപ്ലവ ചിന്തകളുള്ള സംഗീതജ്ഞൻ ടി എം കൃഷ്ണയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് വന്നെത്തിയത്.
പുസ്തകം പുറത്തിറങ്ങിയതോടെ ഷബ്നമിനെത്തേടി നിരവധി ഖവാലി കൺസർട്ടുകൾ എത്തി. ആ സന്ദർഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് അവർ ചിന്തിക്കുന്നത്. ആ ചിന്ത ലയാലി സൂഫിയ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക. ഇംപ്രൊവൈസേഷനുള്ള അപാരമായ സാധ്യതകളാണ് ഈ അനുഭവങ്ങളുടെ സൃഷ്ടിപ്പിനു പിന്നിൽ. ആ സംഗീതത്തോട് ചേർന്നു കഴിയുമ്പോൾ സ്രഷ്ടാവിൽ നിന്നു വന്നു ചേരുന്ന ഒരു ഊർജമുണ്ട്, ആ ഊർജം പാടുന്നവരുടെയുള്ളിൽ നിറയുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. പലപ്പോഴും സ്രഷ്ടാവിന്റെ സ്നേഹം ഖവാലി വേദികളിൽ അത്തരത്തിൽ ഷബ്നം അനുഭവിച്ചിട്ടുണ്ട്.
ഖവാലി വേദികളിൽ നിറയുമ്പോഴും പാട്ടിന്റെ പുതിയ പൊരുളുകൾ തേടിയുള്ള യാത്രയിലാണ് ഷബ്നം. തന്റേതായ സംഗീതത്തിൽ പുതിയ ഖവാലികൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഷബ്നം ഇപ്പോൾ.