മുനവ്വിര്‍ ഫൈറൂസ് (ഡയറക്ടര്‍, മെല്‍റ്റ് & മൗള്‍ഡ് ബിസിനസ് സൊലൂഷന്‍സ്)
കോവിഡ് ലോക്കഡോൺ മറ്റൊരു പെരുന്നാൾ സീസൺ കൂടി നഷ്ടപെടുത്തിയിരുക്കുന്ന ഈ സാഹചര്യത്തിൽ ഒരുപാട് സംരംഭകർ ഇന്ന് വലിയ മനോ വിഷമത്തിലാണ് . വർഷത്തിലെ പ്രധാന കച്ചവട സീസൺ പ്രതീക്ഷിച്ചു ഒരുപാട് പേര് , പ്രത്യേകിച്ചും ടെക്സ്റ്റൈൽ ബിസിനെസ്സ് ചെയ്യുന്നവർ , ഇത്തവണയും സാധനങ്ങൾ സ്റ്റോക്ക് ചെയ്തു തയ്യാറായി നിന്നു , പക്ഷെ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും അതൊരു ബാധ്യത ആയി മാത്രം മാറിയിരിക്കുന്നു . തുടർച്ചയായി വരുന്ന പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും പുതിയ കാലത്തെ മാറ്റി നിർത്താൻ പറ്റാത്ത യാഥാർഥ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് . തുടർച്ചയായി അഞ്ചാം വർഷം ഇത് പോലെ പല കാരണങ്ങളാൽ സീസൺ നഷ്ട്ടപെട്ട കോഴിക്കോട് മിട്ടായി തെരുവിലെ കച്ചവടങ്ങൾ ഇപ്പോൾ വളരെ വലിയ പ്രതിസന്ധിയിലാണ് . ഇവയെല്ലാം പെരുന്നാൾ പോലുള്ള സീസൺ മാത്രം ആശ്രയിച്ചു നില നിന്ന് പോകുന്ന കച്ചവടങ്ങളാണ് . ഇനിയും ഇത് പോലുള്ള ബിസിനെസ്സുകൾക്കു പ്രസക്തി ഉണ്ടോ ?
സീസണുകൾ മുഴുവനായും മാറ്റി നിർത്തുന്നത് യുക്തിയല്ലെങ്കിലും അതിരിൽ കവിഞ്ഞു സീസൺ മാത്രം മുൻ നിർത്തി ബിസിനസ്സ് നടത്തണോ എന്നത് സംരംഭകർ ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ടെക്സ്റ്റൈൽ മേഖലയെ തന്നെ ഉദാഹരണമായി എടുത്താൽ , സീസണിൽ പരമാവധി ബിസിനെസ്സ് ചെയ്യാനായി ആ വർഷത്തെ തന്നെ ഏറ്റവും വലിയ പർച്ചേയ്‌സ് ചെയ്യുന്നവരാണ് മിക്ക സംരംഭകരും , എന്നാൽ എന്തെങ്കിലും കാരണവശാൽ പ്രതീക്ഷിച്ച അളവിൽ സീസണിൽ ബിസിനസ്സ് നടക്കാതെ പോകുമ്പോൾ വലിയ ബാധ്യതകൾ ഇത്തരം സംരംഭങ്ങളുടെ മുന്നോട്ടുള്ള നടത്തിപ്പിനെ പോലും പ്രതിസന്ധിയിലാക്കുന്നു.
എന്താണ് പരിഹാരം ?
എത്ര തന്നെ ജനറലൈസ് ചെയ്താലും , ഓരോ ബിസിനസ്സിനും അതിന്റേതായ സവിശേഷതകൾ ഉണ്ട് എന്നത് ഒരു യാഥാര്ഥ്യമാണ് . അത് കൊണ്ട് തന്നെ ഏതൊരു ജനറൽ പരിഹാര മാർഗത്തിനും അതിന്‍റേതായ പരിമിതികൾ ഉണ്ടാകും എന്നത് സ്വാഭാവികമാണ് . താഴെ പറയുന്ന കാര്യങ്ങൾ ഒരു പരിധി വരെ പ്രാവർത്തികമാകാവുന്ന ചില പരിഹാരങ്ങൾ ആണെങ്കിലും ഓരോരുത്തരും സ്വന്തം ബിസിനെസ്സിൽ ഇത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗികതയെ കൂടി കണക്കിലെടുത്തു വേണം ഇതിനെ സമീപിക്കാൻ എന്ന് കൂടി ഓർമപ്പെടുത്തട്ടെ.
1 . സീസണൽ സെയിൽസ് ഫോർകാസ്റ്റിൽ നിന്നും മന്ത്‌ലി ഫോർകാസ്റ്റിലേക്കു മാറുക : ഓരോ മാസവും സീസൺ ആണെങ്കിലും അല്ലെങ്കിലും നമുക് ഡിമാൻഡ് ഫോർകാസ്റ് ചെയ്യാൻ പറ്റണം , ഇതിനായി വരുന്ന മാസത്തിലെ കച്ചവട സാധ്യതയും സ്റ്റോക്ക് ചെയ്താലുള്ള റിസ്കിനെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ് . തുടർച്ചയായ പർച്ചേഴ്സിങ്ങിലൂടെ സ്റ്റോക്കിന്റെ റൊട്ടേഷൻ കൂട്ടുകയും അതിലൂടെ വർക്കിംഗ് ക്യാപിറ്റൽ ലാഭിക്കുകയും ചെയ്യാവുന്നതാണ് . ഇവിടെ ബള്‍ക്ക് പർച്ചേസ് ചെയ്യുമ്പോൾ കിട്ടുന്ന ആനുകൂല്ല്യം ഒരു പരിധി വരെ വേണ്ടെന്നു വെക്കേണ്ടി വരുമെങ്കിലും കച്ചവടം നടന്നില്ലെങ്കിലുള്ള ബാധ്യത വലിയ അളവിൽ കുറക്കാൻ നമുക്ക് സാധിക്കുന്നു
- കോളാബറേറ്റീവ് പർച്ചെയ്‌സ് : ഒരേ ഫീൽഡിൽ ഉള്ള ഒന്നിൽ കൂടുതൽ പേര് സഹകരിച്ചു കൊണ്ട് പർച്ചെയ്‌സ് ചെയ്യുക . നേരത്തെ പറഞ്ഞ തുടർച്ചയായ പർച്ചെയ്‌സിംഗ് ഇങ്ങനെ ചെയ്യുമ്പോൾ ബള്‍ക്ക് ക്വാണ്ടിറ്റി അഡ്വാൻറ്റേജ് കൂടി എടുക്കാൻ ഇതിലൂടെ സാധിക്കുന്നു
- ഡെഡ് സ്റ്റോക്ക് മാനേജ്‌മെന്‍റ് : സ്റ്റോക്ക് ചെയ്യേണ്ടി വരുന്ന ഏതൊരു സംരംഭത്തിന്റെയും വലിയ ഒരു ഭാഗം വർക്കിംഗ് ക്യാപിറ്റലും ചെലവഴിക്കപ്പെടുന്നത് ഈ സ്റ്റോക്കിനെ മാനേജ് ചെയ്യാൻ വേണ്ടി ആയിരിക്കും , അത് കൊണ്ട് തന്നെ ഓരോ ദിവസം പഴകും തോറും ഇത്തരം സ്റ്റോക്കുകൾ വിറ്റു പോകാനുള്ള സാധ്യത കുറഞ്ഞു വരികയും വർക്കിംഗ് ക്യാപിറ്റൽ ബാധ്യത കൂടി വരികയും ചെയ്യുന്നു . നിശ്ചിത കാലയളവ് കഴിഞ്ഞ എല്ലാ സ്റ്റോക്കുകളും എന്ത് ചെയ്യണം എന്നതിന് കൃത്യമായ പോളിസികൾ ഉണ്ടായിരിക്കണം . ഇവയെല്ലാം തന്നെ വിറ്റഴിക്കാനുള്ള മാര്ഗങ്ങളും ഒരു സംരംഭകൻ കണ്ടെത്തേണ്ടതാണ് . ഓൺലൈൻ വ്യാപാരം ഒരുപരിധി വരെ ഇതിനു ഉപോയോഗപ്പെടുത്താവുന്നതാണ് .
മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ടെക്സ്റ്റൈൽ മേഖലയെ ആസ്പദമാക്കി എഴുതി തയ്യാറാക്കിയതാണെങ്കിലും സ്റ്റോക്ക് ചെയ്തു ബിസിനെസ്സ് ചെയ്യേണ്ടി വരുന്ന എല്ലാ സംരംഭകർക്കും പ്രയോഗികമാകാവുന്നതാണ് .