ആശങ്കയിലേക്കു തുറക്കുന്ന സ്കൂളും അടഞ്ഞ മുറിയിലെ ഓൺലൈൻ പഠനവും

ബക്കര്‍

സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സർക്കാർ.
കഴിഞ്ഞ വർഷം മദ്ധ്യവേനലവധിയോടടുത്ത നാളുകളിൽ അടച്ചിട്ട സ്കൂളുകൾ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. ഒരർത്ഥത്തിൽ വിദ്യാർത്ഥി സമൂഹത്തിൻ്റെയാകെ ഭാവിയാണ് ഈ കാലയളവിൽ അടഞ്ഞു പോയത്.
ഓൺലൈൻ പഠനത്തിലൂടെ ഈ പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാനായെങ്കിലും വിദ്യാഭ്യാസത്തിൻ്റെ ബഹുമുഖ തലങ്ങളിൽ ചർച്ച ചെയ്യുമ്പോൾ ഏറെ പരിമിതമായിരുന്നു ഓൺലൈനിലൂടെയുള്ള പഠനത്തിൻ്റെ ഫലം എന്നാണ് വിദ്യാഭ്യാസ മേഖലയിലെ തന്നെ പ്രഗൽഭരുടെ വിലയിരുത്തൽ.
ക്ലാസ് മുറികളിൽ നിന്നും സഹപാഠികളുമായുള്ള ഒത്തുചേരലിൽ നിന്നും അധ്യാപകരുമായി നേരിട്ടുള്ള ഇടപെടലുകളിൽ നിന്നും സ്വായത്തമാക്കപ്പെടേണ്ട വ്യക്തിത്വ വികസനത്തിനാവശ്യമായ അറിവും അനുഭവങ്ങളും നിഷേധിക്കപ്പെട്ട കാലത്തെയാണ്‌ വരു നാളുകളിൽ വിദ്യാർത്ഥികൾ തിരിച്ചുപിടിക്കേണ്ടത്.
കൊവിഡ് പൊസിറ്റീവ് നിരക്ക് കുറയാത്ത സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടതുണ്ടോ എന്ന പല ഭാഗങ്ങളിൽ നിന്ന് ഇതിനകം ഉയർന്നു വന്ന ആശങ്കയെ തൃപ്തികരമായ രീതിയിൽ അകറ്റിക്കഴിഞ്ഞ ശേഷമേ സർക്കാരിന് തീരുമാനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
കുട്ടികളിൽ അപകടകരമായ രീതിയിൽ രോഗം പടരാൻ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുമ്പോഴും 18 വയസ്സിന് താഴെ പ്രായമുള്ളവരിൽ വാക്സിനേഷൻ ഇനിയും തുടങ്ങിയിട്ടില്ല എന്നത് രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്നുണ്ട്.രോഗ വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുമ്പോഴും ഇന്നത്തെ രീതിയിലുള്ള ഓൺലൈൻ പഠനം അനന്തമായി തുടരുന്നതിനോട് വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് അനുകൂല നിലപാടല്ല ഉള്ളത്.

വിവര സങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം എന്നത് ആവശ്യമായ ഗൃഹപാഠങ്ങളോടെയുള്ള നമ്മുടെ തീരുമാനമായിരുന്നില്ല.സാഹചര്യങ്ങളുടെ നിർബ്ബന്ധത്തിനു വഴങ്ങിയുള്ള തിരഞ്ഞെടുപ്പായിരുന്നു. അതു കൊണ്ടു തന്നെ വലിയൊരു ശതമാനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അപരിചിതമായ പഠനരീതി സങ്കീർണ്ണമായാണ് അനുഭവപ്പെട്ടത്.
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത് അപകടകരമായ ഫലം ഉണ്ടാക്കിയതായും റിപ്പോർട്ടു ചെയ്യപ്പെട്ടു.

ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് തുടക്കത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോഴുള്ള ‘അപകട’ സാധ്യതയെ മുൻകൂട്ടിക്കാണാൻ അധികൃതർക്കായില്ല

വെർച്വൽ ക്ലാസ് മുറികളുടെ സാധ്യതകളേയും പരിമിതികളേയും കുറിച്ച് അധ്യാപകർക്കോ രക്ഷിതാക്കൾക്കോ വ്യക്തമായ കാഴ്ച്ചപ്പാട് രൂപീകരിക്കാൻ ഇപ്പഴും കഴിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓൺലൈൻ പഠനത്തിനായി ലഭിച്ച സൗകര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സംഭവങ്ങളാണ് ഇക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കാസർകോട് ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ദാരുണ സംഭവം.

രക്ഷിതാക്കളുടെ സാങ്കേതിക വിദ്യയിലെ അറിവില്ലായ്മയേയും കൗമാര പ്രായത്തിലെ ഒരു പെൺ കുട്ടിയുടെ കൗതുകങ്ങളെ ഒരധ്യാപകൻ ചൂഷണം ചെയ്തതിൻ്റേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തു വന്നത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ നടത്തിയ പരിശോധനയിലാണ് പതിമൂന്ന് വയസ്സുള്ള വിദ്യാർത്ഥിനിയുമായി സ്ക്കൂളിലെ ഒരു അധ്യാപകൻ ഇൻസ്റ്റ ഗ്രാം വഴിയും വാട്ട്സ് ആപ്പ് വഴിയും ബന്ധം സ്ഥാപിച്ചതും മോശമായ രീതിയിൽ സന്ദേശങ്ങൾ കൈമാറിയതും രക്ഷിതാക്കൾ കണ്ടെത്തുന്നത് രക്ഷിതാക്കൾ കുട്ടിക്കു ആവശ്യമായ കൗൺസലിംഗ് നൽകുകയും പ്രിൻസിപ്പലിനോട് അധ്യാപകന്റെ ചാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
പ്രിൻസിപ്പലിനോട് പിതാവ് സംസാരിച്ച വിവരം അധ്യാപകൻ കുട്ടിയെ അറിയിക്കുകയും ഭയന്നു പോയ എട്ടാം തരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഒളിവിൽ പോയ അധ്യാപകനെ മുംബൈയിൽ വച്ച് കഴിഞ്ഞ ദിവസം മേൽപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടികളെ വല വീശിപ്പിടിക്കുന്ന അശ്ലീല സൈറ്റുകളെക്കുറിച്ചുള്ള നടുക്കുന്ന വാർത്തകളും നിരവധി ഇടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടഞ്ഞ മുറിയിലെ സ്വകാര്യതയിലിരുന്ന് മായിക ലോകത്തിൻ്റെ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളിലേക്ക് കാലിടറിപ്പോകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ നമ്മുടെ നാട്ടിലും പതിവാകുന്നത് രക്ഷിതാക്കളെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്.

എത്രയും പെട്ടെന്ന് വിദ്യാലയങ്ങൾ തുറക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
എല്ലാ അർത്ഥത്തിലുമുള്ള സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സ്കൂളുകൾ തുറക്കാൻ സർക്കാർ ചർച്ചകൾ സജീവമാക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും.


Leave a Reply

Your email address will not be published. Required fields are marked *