സമുദായത്തെ തുന്നിച്ചേര്‍ത്ത നെയ്ത്തുകാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ടി റിയാസ് മോന്‍

ചേര്‍ത്തു പിടിക്കുക എന്നത് തന്നെ വലിയ അധ്വാനമാകുന്ന കാലത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുദായത്തെ നയിച്ചത്. ഒരു സമുദായം അതിനകത്ത് തന്നെയുള്ള ശിഥിലീകരണത്താല്‍ തകര്‍ന്ന് പോകാതിരിക്കുക എന്നത് സമുദായ നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. ഏറ്റവും ചെറിയ ഇടങ്ങളില്‍ മുതല്‍ നേതൃതലത്തില്‍ വരെ രഞ്ജിപ്പിന്റെ സന്ദേശം നല്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍, മഹല്ല് ഖാസി തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചു. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘങ്ങളോട് സമഭാവനയോടെ അദ്ദേഹം പെരുമാറി.

മുസ്‌ലിം ലീഗിനെ ഒരു വ്യാഴവട്ടക്കാലം നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സംഭാവന ഏതെന്ന ചോദ്യത്തിനുള്ള ഏറ്റവും വലിയ ഉത്തരം ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍ എന്നു തന്നെയാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സ്വന്തമായ പ്രസിദ്ധീകരണാലയം ഇല്ല, പാര്‍ട്ടിക്ക് അക്കാഡമിക് പിന്തുണ നല്കാനുള്ള സംവിധാനങ്ങളില്ല തുടങ്ങിയ പരിമിതികളെ അദ്ദേഹം ചെയര്‍മാനായ ഗ്രെയ്‌സ് എഡുക്കേഷനല്‍ അസോസിയേഷന്‍ മറികടന്നു. ഒരു ദശാബ്ദക്കാലം കൊണ്ട് 63 ഗവേഷണ സ്വഭാവമുള്ള പുസ്തകങ്ങള്‍ ഗ്രെയ്‌സ് പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സി എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംങ് സൊസൈറ്റീസ് രൂപീകരിച്ചതും ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ്. മാപ്പിള ഹെറിറ്റേജ് ലൈബ്രറി, ക്യാമ്പ് സയ്യിദ് തുടങ്ങിയവയുടെ ആരംഭത്തിനും, പ്രയാണത്തിനും ഹൈദരലി തങ്ങള്‍ നേതൃത്വം നല്കി.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫ് അതിന്റെ പ്രവര്‍ത്തന മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ഹരിത, ടെക്‌ഫെഡ്, മെഡിഫെഡ് തുടങ്ങിയ ഘടകങ്ങള്‍ രൂപീകരിച്ചതും പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിച്ചതും ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗിന് നേതൃത്വം നല്കിയ കാലത്താണ്. പാര്‍ട്ടിയെ ആധുനികവത്കരിക്കുന്നതിന് നേതൃത്വം നല്കിയെന്നാണ് ഹൈദരലി തങ്ങളുടെ പ്രസക്തി.

2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​െൻറ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങൾ കുടുംബം മുസ്​ലിം ലീഗി​െൻറ അധ്യക്ഷ സ്​ഥാനം അലങ്കരിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു സ്​ഥാനാരോഹണം. 1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ്​ സംസ്​ഥാന അധ്യക്ഷനായതോടെയാണ്​ ജില്ല ലീഗ്​ നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അവരോധിതനായത്​.

19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്​, തൃശൂർ ജില്ല ഖാദി സ്​ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്​. 1994ല്‍ നെടിയിരുപ്പ് പോത്ത്​വെട്ടിപ്പാറ മഹല്ല്​ ഖാദിയായാണ്​ തുടക്കം. സംസ്​ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി​​ ഹൈദരലി തങ്ങൾക്കാണ്​. 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡൻറായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡൻറ്​ പദവിയും അലങ്കരിച്ചു. കേരളത്തിൽ ഏറ്റവും കൂടു​തൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരത്തിരിക്കാനും ഭാഗ്യം ലഭിച്ചു.

പുതിയ മാളിയേക്കല്‍ സയ്യിദ്​ അഹ്​മദ്​ പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന്​ ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്​മീയ മേൽവിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്​. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാർക്ക്​ അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ ‘ആറ്റക്ക’യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്​ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.

പൊന്നാനി മഊനത്തുല്‍ ഇസ്​ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്​ലിയാരുടെ കൈകളില്‍ നിന്നാണ്​ സനദ് ഏറ്റുവാങ്ങിയത്​. യശശ്ശരീരനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്​ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്​ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്​ലിയാര്‍ തുടങ്ങിയ പണ്​ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ്.എസ്.എഫ്​ എന്ന വിദ്യാർഥി സംഘടനക്ക്​ ബീജാവാപം നൽകിയപ്പോൾ പ്രഥമ പ്രസിഡൻറായി നിയോഗിക്കപ്പെട്ടു​.
സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി വൈസ്​ ചാൻസലറുമായ ബഹാഉദ്ദീന്‍ നദ്​വി കൂരിയാടായിരുന്നു ജനറല്‍ സെക്രട്ടറി. യു.എ.ഇ, ഖത്തർ, കുവൈത്ത്​, ഒമാൻ, ബഹ്​റൈൻ, സൗദി അറേബ്യ, തുർക്കി, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. മക്കൾ: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.

Leave a Reply

Your email address will not be published. Required fields are marked *