കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകള്‍ക്കും, സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ വീണ്ടും പി ആര്‍ കമ്പനിക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച സ്വകാര്യ പബ്ലിക് റിലേഷന്‍സ് ഏജന്‍സിക്കാണ് സംസ്ഥാന സര്‍ക്കാര്‍ 17 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ബി വേള്‍ഡ് ആന്റ് ദ ലോക്കല്‍ നെറ്റ് വര്‍ക്ക് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. ഈ സ്ഥാപനമാണ് സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ആഗോള പ്രചാരണം നടത്തുന്നതെന്നും, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നുമാണ് സര്‍ക്കാര്‍ അവകാശവാദം.
സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് വീഡിയോ ഡോക്യുമെന്ററികളും, 17 വിജയഗാഥകളും തയ്യാറാക്കിയിരുന്നു. ഇതിന് അഡ്വാന്‍സായി സംസ്ഥാന സര്‍ക്കാര്‍ 3702500 രൂപ അഡ്വാന്‍സായി നല്കിയിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെലവഴിക്കുന്ന വന്‍തുകയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ സി ഡിറ്റും സംസ്ഥാന സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍സ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. സി ഡിറ്റില്‍ നിയമിച്ച കരാര്‍ തൊഴിലാളികളാണ് സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാറിനെ ന്യായീകരിക്കുന്നത്. ഇതിനു പുറമെയാണ് വിവിധ സ്വകാര്യ കമ്പനികള്‍ക്ക് കൂടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
2020 ജൂൺ 9 നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.