അഭിമുഖം: പ്രൊഫ.എ.പി അബ്ദുല്‍ വഹാബ് / ബക്കര്‍
എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഇടക്കിടെ കിലോമീറ്ററുകളോളം ബസ്സിൽ യാത്ര ചെയ്ത് കോഴിക്കോട് ചെന്ന് കിലോ കണക്കിന് ന്യൂസ് പ്രിൻ്റു വാങ്ങി വരുന്ന വിസ്മയക്കാഴ്ച്ചയുണ്ട്, വള്ളിക്കുന്നിൻ്റെ ഓർമ്മയിൽ.
പാണമ്പ്രക്കാരുടെ സ്വന്തം വഹാബ്ക്ക, വള്ളിക്കുന്നിൻ്റെ അഭിമാനമായ പ്രൊഫസർ അബ്ദുൽ വഹാബ് പൊതു ഇടങ്ങളിലേക്ക് കയറി നിന്നത് എപ്പഴായിരുന്നു എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ആ യാത്ര.
കൈയെഴുത്തു മാസിക എന്ന ചിന്ത തന്നെ ഭാരമായിത്തോന്നേണ്ട പ്രായത്തിൽ പതിമൂന്നു പതിനാലു വയസ്സുള്ള ഒരു വിദ്യാർത്ഥി കൈയ്യെഴുത്ത് വാരികയുമായി സഹപാഠികൾക്കിടയിലും അധ്യാപകർക്കിടയിലും നാട്ടുകാർക്കിടയിലും ശ്രദ്ധേയനാകുകയായിരുന്നു.
ദർപ്പണം എന്നായിരുന്നു കുഞ്ഞു കൈകൾ കൊണ്ട് സാക്ഷാത്കരിച്ച ആ കൈയ്യെഴുത്തുവാരികയുടെ പേര്.
ചുറ്റുപാടുകളിലെ സാമൂഹ്യ, സാംസ്കാരിക ചലനങ്ങളെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിപ്പിച്ച ആ വാരിക നാട്ടുകാർക്കിടയിൽ സ്നേഹവും ആദരവും നേടിക്കൊടുത്തു ആ വിദ്യാർത്ഥിക്ക്.
പണ്ഡിതൻ, വാഗ്മി, വിദ്യഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ നാടിനു തന്നെ യശസ്സു നേടിക്കൊടുത്ത അബ്ദുൽ വഹാബിൻ്റെ വളർച്ച അവിടെത്തുടങ്ങുന്നു.
പിന്നീട് ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്തിക്കൊണ്ട് വേദികളികളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം നാഷണൽ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ശേഷം പടിപടിയായി കടന്ന് വന്നാണ് ഐ.എൻ.എൽ.സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്തെത്തുന്നതും. ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാനെന്ന നിലയിൽ നിരവധി കുടുംബങ്ങളുടെ സങ്കടമൊപ്പാൻ സാധിച്ചതിൻ്റെ നൻമ കൂടിയുണ്ട് ആ ജീവിതത്തിന്. ആര് എന്താവശ്യത്തിന് വിളിച്ചാലും എല്ലാം കേട്ട് സൗമ്യതയോടെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന മനുഷ്യ സ്നേഹി.വ്യക്തി ജീവിതത്തിൽ മൂല്യങ്ങളെ ചേർത്തു പിടിക്കുന്ന പാണമ്പ്രക്കാരുടെ പ്രിയപ്പെട്ട വഹാബാക്ക. സേട്ട് സാഹിബിൻ്റെ ദ്വിഭാഷി മാത്രമായിരുന്നില്ല, സന്തത സഹചാരി കൂടിയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ കോർപ്പറേഷനെ ന്യൂനപക്ഷത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരു പാട് ഗുണപ്രദമായ ക്ഷേമകാര്യങ്ങളാണ് പ്രൊഫസർ നടപ്പാക്കിയത്. പി.എസ്.എം.ഒ.കോളേജിലെ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള, നാടറിയുന്ന, നാടിൻ്റെ ഓരോ ശ്വാസ നിശ്വാസവുമറിയുന്ന അബ്ദുൽ വഹാബിനെ നാട് കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാരും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും. രാഷ്ട്രീയ എതിരാളികൾക്ക് പോലും അദ്ദേഹത്തെ മതിപ്പാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അപാരമായ പാണ്ഡിത്യത്തോടപ്പം, സാധാരണക്കാരോടപ്പം ഇഴകിച്ചേരുന്ന ആ നൈർമല്യം രാഷ്ട്രീയ നേതാക്കളിലെ അനന്യ ഗണത്തിലാണ് തങ്ങളുടെ സാരഥിയെന്നും ശിഷ്യരുടെ പ്രിയപ്പെട്ട വഹാബ് സാർ വിജയിക്കുന്നതിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കിയ എൽ.ഡി.എഫിലൂടെ വള്ളിക്കുന്നിന് സ്വന്തം നാട്ടുകാരനായ മന്ത്രിയെയാണ് ലഭിക്കാനിരിക്കുന്നതെന്നും വള്ളിക്കുന്നുകാർ പറയുന്നു.
ഇടതു പക്ഷ സ്ഥാനാർത്ഥിയായി പ്രൊഫസർ അബ്ദുൽ വഹാബിനെ പ്രഖ്യാപിച്ചതിൻ്റെ പിറ്റേന്ന് പുലർച്ചെ ഞങ്ങൾ അദ്ദേഹത്തെ കാണാൻ തേഞ്ഞിപ്പലത്തെ വസതിയിൽ എത്തിയപ്പോഴേക്കും അതിനും മുമ്പെ അദ്ദേഹം തൻ്റെ കൃഷിസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.ബാല്യം മുതൽ തപസ്യ പോലെ കൊണ്ടു നടക്കുന്ന ശീലം.ഒരു മണിക്കൂറെങ്കിലും കൈക്കോട്ടെടുത്ത് മണ്ണിലിറങ്ങി നിൽക്കണമെന്ന് ഓർമ്മിപ്പിക്കും തൻ്റെ വിദ്യാർത്ഥികളെ എന്നും ശിഷ്യരുടെ പ്രിയപ്പെട്ട ഈ ഇംഗ്ലീഷ് പ്രഫസർ.മണ്ണിൽ ചവിട്ടി നിന്നാലെ മനുഷ്യരുടെ മനസ്സിൽ തൊടാൻ നമ്മൾ പ്രാപ്തരാകൂ എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.
വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുക്കാൻ ആഴത്തിലുള്ള വായന ശീലമാക്കണമെന്നും അദ്ദേഹമവരെ നിരന്തരം ഉണർത്തുന്നു.യുപി ക്ലാസ് മുതൽ പ്രസംഗത്തിലും, പി എസ് എം ഒ കോളജിലെ പഠന കാലത്ത് പ്രബന്ധ രചനയിലും ഒന്നാം സമ്മാനങ്ങളായി ലഭിച്ച പുസ്തകങ്ങളടക്കം ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങിയ ഒരു ഹോം ലൈബ്രറി സ്വന്തമായുണ്ട്, നിരവധി ലേഖനങ്ങളിലൂടെ മലയാളിയുടെ മനസ്സു തൊട്ട ഈ എഴുത്തുകാരന്. ഏറെ ശ്രദ്ധേയമായ കാമ്പസ് ഒഫ് കാമ്പസ് എന്ന കൃതിയടക്കം നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.
പഠന കാലത്ത് തന്നെ ഇടതുപക്ഷ നിലപാടു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഓർമ്മയെ ദീപ്തമാക്കുന്നത് സ്കൂൾ വിദ്യാർത്ഥിയായിരിക്കെ നടന്ന ഒരു ചടങ്ങാണ്.മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്സും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയയും പങ്കെടുത്ത പ്രൗഢമായ ചടങ്ങ്.കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്ന മലബാറിൻ്റെ ചിരകാല മോഹത്തിൻ്റെ സാഫല്യം.1969ൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനും, അതിഥികളെ സ്വീകരിക്കാനും മറ്റുമായി അധ്യാപകരുടെ നിർദ്ദേശപ്രകാരമാണ് സ്കൂൾ വിദ്യാർത്ഥികളെത്തിയത്.
അന്നുമുതലിന്നോളം യൂനിവേഴ്സിറ്റിയെ വല്ലാത്തൊരു വൈകാരികതയോടെ നെഞ്ചേറ്റുന്നുണ്ട് അദ്ദേഹമെന്ന് സംസാരത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.ഈ സർവ്വകലാശാല ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടാൻ നിയോഗമുണ്ടായതിൻ്റെ ആഹ്ലാദവും അദ്ദേഹം പങ്കിടുന്നു.
യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട സംസാരത്തിനിടെ കഴിഞ്ഞ വർഷം ജർമ്മനിയിൽ ഔപചാരിക വിദ്യാഭ്യാസം നേടാത്ത ഒരാൾക്ക് ഡോക്ടറേറ്റ് ലഭിച്ചതിനെ കുറിച്ചു സൂചിപ്പിച്ചു, അദ്ദേഹം. ഉരുളക്കിഴങ്ങിൻ്റെ പുറം പാളിയുടെ മിശ്രിതം ഉൾപ്പെടുത്തി ബാഗുകളടക്കം പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്. പ്രൊഫസറുടെ ഫാമിലെ മണികൺഠൻ എന്ന തൊഴിലാളി കപ്പയുടെ രണ്ടു തരം വള്ളികളെ കുറിച്ച് പകർന്ന പാഠവും അദ്ദേഹം പങ്കു വച്ചു. ഒന്നിലെ വിഷാംശത്തെ പ്രതിരോധിക്കാൻ മറ്റൊരു വള്ളി മണ്ണിൽ നിന്ന് ഔഷധം ശേഖരിക്കുന്നു.മണികൺഠനെ നമ്മുടെ അക്കാദമിക്
പരിസരം അംഗീകരിക്കുമോ എന്നതാണ് അദ്ദേഹത്തിൻ്റെ ചോദ്യം.ഒപ്പം, കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടക്കുന്ന ഗവേഷണങ്ങൾ സൊസൈറ്റിക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്‌കരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ജയിച്ചാൽ, യൂനിവേഴ്സിറ്റിക്കും പൊതു സമൂഹത്തിനുമിടയിൽ പാരസ്പര്യത്തിൻ്റെ ഒരു ഇടനാഴി സ്ഥാപിക്കുമെന്നതാണ് പ്രൊഫസറുടെ വാഗ്ദ്ധാനം. മണ്ണിനടിയിൽ വേരുകൾ ഫലങ്ങളിലേക്ക് ഔഷധവും രുചിയും ഗന്ധവും തേടിപ്പിടിക്കുന്നതിൻ്റെ സാംഗത്യമറിയാവുന്ന കർഷക മനസ്സിനുടമയായത് കൊണ്ടാകണം, അരികു വൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയെ അദ്ദേഹത്തിൽ കാണാം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ആയിരക്കണക്കിന് പാവപ്പെട്ട ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.നൂറു കോടിയിലധികം രൂപയുടെ വായ്പ ഇതിനകം അർഹരായവരെ കണ്ടെത്തി അനുവദിച്ചു കഴിഞ്ഞു.അവർക്കൊക്കെയും ഉപദേശ നിർദ്ദേശങ്ങളും അദ്ദേഹം നൽകുന്നുണ്ട്.കൂടാതെ മദ്രസാ അധ്യാപകർക്കുള്ള ഭവന വായ്പയും സുഗമമായി ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധ പുലർത്തുന്നു.യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് തൊഴിൽ രഹിതരായ വനിതകൾക്കായി നടത്തിയ സ്വയംതൊഴിൽപരിശീലന ക്യാമ്പും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന അദ്ദേഹത്തിൻ്റെ നേതൃമികവും വിദ്യാർത്ഥികളോടുള്ള സമീപനവും എക്കാലത്തും മാതൃകയാക്കാവുന്നത്ര മികച്ചതായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിലും റോഡ് നിർമ്മാണത്തിലും അതാത് പ്രദേശങ്ങളിലെ നാട്ടുകാരെയാകെ പങ്കെടുപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ സിദ്ധി ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. സേവന പ്രവർത്തനങ്ങളെ ഒരു നാടിൻ്റെ ഉൽസവമാക്കി മാറ്റാനുള്ള കലയും സംസ്കാരവും മനുഷ്യസ്നേഹവുമാണ് അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കുന്നത്.ബഹുമുഖ പ്രതിഭയും ഉജ്ജ്വല വ്യക്തിത്വത്തിനുടമയുമായ പ്രൊഫസർ അബ്ദുൽ വഹാബ് തന്നെയായിരിക്കണം ഇത്തവണ നിയമസഭയിൽ വള്ളിക്കുന്നിനെ പ്രതിനിധീകരിക്കേണ്ടതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.