വികസനത്തുടര്‍ച്ചയ്ക്ക് രണ്ടാമൂഴം തേടി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍

മുഖ്താര്‍ പുതുപ്പറമ്പ്

കോട്ടക്കല്‍: മണ്ഡലത്തിലെ സമസ്ത മേഖലകളേയും സ്പര്‍ശി ച്ച വികസന മുന്നേറ്റത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഗൃഹ പാഠങ്ങളിലാണ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. മുന്‍ എം. എല്‍.എ. അബ്ദുസ്സമദ് സമദാനി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും വികസന മുന്നേറ്റവും അതേ സമഗ്രതയോടെ കഴിഞ്ഞ അഞ്ചു വര്‍ഷവും പിന്തുടരാനായതിന്റെ ആത്മ വിശ്വാസത്തിലാണ് അദ്ദേഹം. അടുത്ത ഘട്ടത്തില്‍ കോട്ടക്കല്‍ നഗരത്തിലും മണ്ഡലത്തിലാകെയും സ്വപ്നതുല്യമായ വികസന മുന്നേറ്റമാകും നടപ്പിലാക്കുക എന്ന് അദ്ദേഹം പറഞ്ഞു. 421 കോടി 36 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിക്കഴിഞ്ഞു. കോട്ടയ്ക്കലിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ട് ഒരു പരിധി വരെ വിരാമമിട്ടത്. 97.19 കോടി രൂപയാണ് മണ്ഡലത്തിലെ ഓരോ കുടിലിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിക്കായി ചെലവഴിച്ചത്. നഗരപാതകള്‍ വിളിച്ചു പറയും ഒരു പ്രദേശത്തെ വികസന മുന്നേറ്റം എന്നു വിലയിരുത്തിയാല്‍ സംസ്ഥാനത്തെ തന്നെ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോട്ടക്കല്‍ മണ്ഡലത്തില്‍ നടപ്പിലായത് എന്നു കണ്ടെത്താനാകും. 112.62 കോടി രൂപയാണ് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് മാത്രമായി ചിലവഴിച്ചത്. വളാഞ്ചേരി ടൗണിനെയും പരിസരത്തുള്ള ജലസ്രോതസ്സുകളേയും മാലിന്യ മുക്തമാക്കുന്നതിന്റെയും നഗര സൗന്ദര്യ വത്കരണത്തിന്റെയും ഭാഗമായി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എഴുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ഐറിഷ് ഡ്രൈനേജ് പദ്ധതി ഏറെ ശ്രദ്ധനേടി. കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന് 1.33 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കാനും കഴിഞ്ഞു. മണ്ഡലത്തില്‍ 269 ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിന് 22.30 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കായി സ്മാര്‍ട്ട് കോട്ടക്കലിലൂടെ മുഴുവന്‍ സ്‌കൂളുകളും ശിശു സൗഹൃദ ക്ലാസുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഐടി അനുബന്ധ ഉപകരണങ്ങളുടെ വിതരണം, 14 സ്‌കൂളുകള്‍ക്ക് ബസുകള്‍ അനുവദിച്ചത് കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടികള്‍ കൈകൊണ്ടത് തുടങ്ങി മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസന മുദ്രകള്‍ പതിപ്പിക്കാനായി എന്നതാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൈവരിച്ച നേട്ടം. ചുങ്കം പാഴൂര്‍ റോഡ് നവീകരിക്കുന്നതിന് 2 കോടിയുടെ ടെണ്ടര്‍ പൂര്‍ത്തി യാക്കാനും സാധിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ മുക്കിലിപ്പീടിക റോഡ് നവീകരിക്കുന്നതിന് 5 കോടി 7 ലക്ഷം രൂപ അനുവദിച്ചു. ഒരിക്കലും മങ്ങാത്ത പുഞ്ചിരിയോടെ ശിഷ്യഗണങ്ങളുടെ മനസ്സിലിടം നേടിയ ഫാറൂഖ് കോളേജിലെ അധ്യാപകനില്‍ നിന്ന് ജനപ്രതിനിധിയിലേക്ക് ഇറങ്ങി നില്‍ക്കുമ്പോളും സൗമത്യയുടെ മാറ്റ് കുറയുന്നില്ല, മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എ യുമായിരുന്ന കെ.കെ.എസ് തങ്ങളുടെ മകനായ ആബിദ് ഹുസൈന്‍ തങ്ങളുടെ മുഖത്തും മനസ്സിലും.

Leave a Reply

Your email address will not be published. Required fields are marked *