ഡോ.പി.കെ വാര്യര്‍: മായാത്ത പാദമുദ്രകള്‍

ഇബ്രാഹീം കോട്ടക്കല്‍

ഹിന്ദു, മുസ്​ലിം, ക്രിസ്​ത്യൻ മതചിഹ്​നങ്ങൾ ആലേഖനം ചെയ്​ത കവാടത്തിന്​ പിറകിലെ കൈലാസ മന്ദിരത്തിലായിരുന്നു ഡോ. പി.കെ വാരിയരുടെ താമസം, അവസാന ശ്വാസമെടുത്തതും അവിടെക്കിടന്നു തന്നെ.

ഒരു നൂറ്റാണ്ടു കാലത്തെ ആ ജീവിതം പ്രസിരിപ്പിച്ചത്​ മനുഷ്യ സ്​നേഹത്തി​ന്‍റെ ഉദാത്ത മാതൃകയായിരുന്നു. സ്​നേഹം കൊണ്ടും എളിമകൊണ്ടും പാണ്ഡിത്യം കൊണ്ടും ഉയർന്ന ചിന്ത കൊണ്ടും ലോകത്തോളം വളർന്ന മഹാവൈദ്യന്‍റെ ജീവിതപാതയിലേക്കിറങ്ങി, ആ യാത്രക്ക്​ നൈരന്തര്യം തീർക്കാൻ കെൽപുള്ള ആരാണിനി ഉള്ളത്​? ആയുർവേദ ചികിൽസക്ക്​ തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഡോ. വാരിയരെ ഓർമച്ചുമരിലേക്ക്​ മാറ്റി പ്രതിഷ്​ഠിക്കു​മ്പോൾ ഉള്ളിൽ ഉയർന്നു വരുന്ന, ഉത്തരം തെളിഞ്ഞു വരാത്ത ഒരോയൊരു ചോദ്യമിതാണ്​.

തന്‍റെ പാരമ്പര്യമോ പദവിയോ പരിഗണിക്കാതെ പണ്ഡിതനോടും പാമരനോടും ധനികനോടും ദരിദ്രനോടും മേലാളരോടും കീ​ഴാളരോടും വിവേചനമില്ലാതെ ഉള്ളുതുറന്നു ചിരിച്ച, പിശുക്കില്ലാതെ സംസാരിച്ച, താൻ സ്വായത്തമാക്കിയ അറിവുകൾ മറയില്ലാതെ പകർന്നു നൽകിയ മഹാത്​മാവിന്‍റെ വിയോഗം തീർക്കുന്നത്​ ശൂന്യത തന്നെയാണ്​. മുക്കാൽ നൂറ്റാണ്ടോളം അമ്മാവൻ തുടങ്ങിവെച്ച സ്​ഥാപനത്തോടൊട്ടി നിൽ ക്കുകയും സ്വ​യം വളർന്നതിനൊപ്പം സ്​ഥാപനത്തെ ആയുർവേദ ചികിൽസാ ഗോപുരത്തിന്‍റെ ഉച്ചിയിലെത്തിക്കുകയും ചെയ്​ത കാരണവരെ ‘മാധ്യമ’ത്തിന്‍റെ പ്രതിനിധിയെന്ന നിലക്കും അല്ലാതെയും പല തവണ നേരിൽ കാണാനും ആശയവിനിമയം നടത്താനുമായിട്ടുണ്ട്​.

ആര്യവൈദ്യശാല മാനേജിങ്​ ട്രസ്റ്റിയെ കാണണമെങ്കിൽ സ്​ഥാപനത്തിന്‍റെ സെക്യൂരിറ്റി മുതൽ പേഴ്​സനൽ സ്റ്റാഫ്​ വരെയുള്ളവരിൽനിന്ന്​ നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്​. ഇതെല്ലാം കഴിഞ്ഞ്​ അദ്ദേഹത്തിന്‍റെ മുന്നിലെത്തിയാൽ പിന്നെ അനുഭവപ്പെടുന്നത്​ ഒരു തരം കുളിരാണ്​. അത്രയേറെ സൗമ്യനും മിതഭാഷിയുമായിരുന്നു അദ്ദേഹം.

മുസ്​ലിം ഭൂരിപക്ഷ പ്രദേശമായതിന്‍റെ പേരിൽ​ മലപ്പുറം കേരളത്തിനകത്തും പുറത്തും ആക്ഷേപങ്ങൾക്കിരയാവു​േമ്പാൾ തന്നെ ജില്ലയുടെ മതസഹിഷ്​ണുതാ പാരമ്പര്യം ഉയർത്തിപ്പിടിച്ച്​ ആയുർവേദത്തിന്‍റെ പെരുമ വാനോളമുയർത്തിയതിനു പിന്നിലെ മുഖ്യ ചാലക ശക്​തി ഡോ. പി.കെ വാര്യർ തന്നെയെന്ന്​ തറപ്പിച്ച്​ പറയാനാവും. ഒരു ചികിൽസാ രീതിയെന്ന നിലക്ക്​ ആയുർവേദ ചികിൽസയെ അലോപ്പതിയോട്​ കിടപിടിക്കത്ത രീതിയിൽ പ്രചാരത്തിലെത്തിക്കാൻ കഴിഞ്ഞു എന്നതായിരിക്കും പി.കെ വാരിയരുടെ മഹിമയായി വാഴ്​ത്തപ്പെടുക. മരുന്നു നിർമാണ രംഗത്ത്​ യന്ത്രവത്​കരണം സാധ്യമാക്കിയതിലൂടെ കഷായം ടാബ്​ലറ്റായും ചൂർണം കാപ്​സ്യൂളായും രൂപമാറ്റം വരുത്തി ആയുർവേദ ചികിൽസ​യെ കുറേക്കൂടി ജനകീയമാക്കാൻ അദ്ദേഹത്തിന്‍റെ കാർമികത്വത്തിൽ ആര്യവൈദ്യശാലക്കായി.
പാരമ്പര്യ ചികിൽസാ വിധികൾക്കപ്പുറം ആയുർവേദത്തിന്​ വളരാൻ കഴിയില്ലെന്ന്​ കരുതി​യേടത്തുനിന്ന്​ നിരവധി ഗവേഷണങ്ങളിലൂടെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ചികിൽസാ രീതിയെന്നതിലേക്ക്​ ആയുർവേദത്തെ ഉയർത്തിക്കൊണ്ടു വരാനും ഡോ. പി.കെ വാരിയർക്ക്​ കഴിഞ്ഞു.

ആര്യവൈദ്യശാലയോടനുബന്ധിച്ച്​ പ്രത്യേക ഗവേഷണ വിഭാഗം തുടങ്ങുകയും കേന്ദ്ര ഗവേഷണ ഏജൻസികളുമായും മറ്റും സഹകരിച്ച്​ പുതിയ നിരവധി പരീക്ഷണങ്ങൾക്ക്​ തുടക്കം കുറിക്കുകയും ചെയ്​തിട്ടുണ്ട്​. അടുത്ത കാലത്ത്​ ആര്യവൈദ്യശാലയിൽ ആരംഭിച്ച കാൻസർ ചികിൽസാ വിഭാഗത്തിന്​ നേരിട്ട്​ നേതൃത്വം നൽകിയത്​ ശതാബ്​ധി പിന്നിട്ട പി.കെ. വാര്യരായിരുന്നു. അതുകൊണ്ടു തന്നെ ആയുർവേദത്തിന്‍റെ അപരനാമമായിട്ടു തന്നെയായിരിക്കും അദ്ദേഹം തുടർന്ന്​ അറിയപ്പെടുക. ആ മഹത്​ വ്യക്​തിക്ക്​ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *