സൗമ്യം, മോഹനം പി.കെ ടയേഴ്‌സിന്റെ വിജയ പാത

തയ്യാറാക്കിയത് : അസീസ് വിളംബരം കോട്ടക്കല്‍
ഫോട്ടോസ് : സമീര്‍ ലാല്‍ സിനി സ്റ്റുഡിയോ

പത്തു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പിന്നോട്ട് നടന്ന് നോക്കിയാല്‍ കാണാം.റോഡുകളൊന്നും അന്നിങ്ങനെയല്ല. വാഹനങ്ങളിങ്ങനയല്ലേയല്ല. പക്ഷേ, മോഹനേട്ടന്‍ അന്നുമിന്നും ഇങ്ങനെയാണെന്ന് പഴയ തലമുറ സാക്ഷ്യം പറയും.
വളര്‍ന്നു വരുന്ന ഓരോ ബിസിനസ്സുകാരനും കണ്ടും കേട്ടും പഠിക്കാനുള്ള ഒരു തുറന്ന പുസ്തകമാണ് കോട്ടക്കല്‍ പികെ ടയേഴ്‌സ് ഉടമ മോഹനന്റെ പിന്നിട്ട ജീവിതം.
പലരും ബിസിനസ് തുടങ്ങുക കൈയ്യിലുള്ള ചെറിയ മൂലധനമിറക്കിയോ കടമെടുത്തോ ആകും. അതൊരു പക്ഷെ വിജയത്തിലേക്കും പരാജയത്തിലേക്കും എത്തിച്ചേരാം.പക്ഷെ പൂജ്യത്തില്‍ നിന്ന് തുടങ്ങി പടിപടിയായി വളര്‍ന്ന് വന്ന് ആ നാമം ജനമനസ്സുകളില്‍ പതിയുന്നത് ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് കോട്ടക്കലിലെ പികെ ടയേഴ്‌സ്. താന്‍ പിന്നിട്ടവഴികളെക്കുറിച്ച് മോഹനന്‍ ഓപ്പണ്‍ ഒപ്പീനിയന്‍ ന്യൂസ് പോര്‍ട്ടലുമായി സംസാരിക്കുന്നു.

സ്വന്തം നാടായ കോഡൂര്‍ ചെമ്മങ്കടവില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍ പഠനം വഴിമുട്ടിയ കാലത്തില്‍ നിന്നാണ് മോഹനേട്ടന്‍ പറഞ്ഞു തുടങ്ങിയത്. സാധ്യമായില്ല. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ ബാലന് പട്ടിണിമാറ്റാന്‍ പഠനമുപേക്ഷിച്ച് അദ്ധ്വാനിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. എന്തെങ്കിലുമൊരു കൈതൊഴില്‍ പഠിച്ച് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കണമെന്നാഗ്രഹവുമായി നടക്കുമ്പോഴാണ് മലപ്പുറത്ത് വെച്ച് കോട്ടക്കലിലെ എവറസ്റ്റ് ടയേഴ്‌സ് ഉടമ രാഘവേട്ടനെ പരിചയപ്പെടുന്നത്. എന്ത് ജോലി ചെയ്യാനും തയ്യാറായി മുന്നില്‍ വന്ന ഒരു ബാലന്റെ ആവശ്യത്തിന് മുന്നില്‍ അദ്ദേഹത്തിന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അടുത്ത ദിവസം അങ്ങോട്ടുവരാന്‍ പറഞ്ഞു, അത് ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
കോട്ടക്കല്‍ വളര്‍ച്ചയുടെ ഒരു അടയാളവും കാണിക്കാത്ത 1985 കാലമായിരുന്നു അത്. കുറച്ച് വാഹനങ്ങള്‍ മാത്രമാണ് അന്ന് നിരത്തുകളിലുണ്ടായിരുന്നത്. അതുതന്നെ ചരക്ക് ലോറികളും ജീപ്പുകളും. അന്ന് ചങ്കുവെട്ടിയിലെ പെട്രോള്‍ പമ്പും ഖൈബര്‍ ഹോട്ടലുമാണ് അറിയപ്പെടുന്ന സ്ഥാപനങ്ങള്‍.
രാവിലെ 6 മണിക്കാരംഭിക്കുന്ന ജോലി രാത്രി 12 മണിവരെ ഉണ്ടാകും, ഊണും ഉറക്കവുമൊക്കെ അവിടെതന്നെ, ജോലിക്കിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന അതേ ഡ്രസ്സില്‍ തന്നെ ഉറക്കവും. ഒരൊറ്റ ലക്ഷ്യമേയുള്ളൂ കിട്ടിയ ജോലി ആത്മാര്‍ത്ഥമായി ചെയ്ത് കുടുംബം പോറ്റണമെന്ന് മാത്രം. 3 വര്‍ഷം അവിടെ നിന്നു പണിയെല്ലാം പഠിച്ചെടുത്തു. പിന്നീട് തൊട്ടടുത്തുള്ള നായരുടെ കടയിലേക്ക് മാറി. അന്നൊക്കെ പഞ്ചറടിച്ചാല്‍ 1 രൂപ കിട്ടും. കാറ്റടിക്കുന്നത് ഫ്രീയാണ്.


അന്നൊക്കെ കടയില്‍ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കുട്ടികളായ ഞങ്ങളോട് വളരെ സ്‌നേഹമാണ്.പലപ്പോഴും ആ സ്‌നേഹബന്ധത്തിന്റെ പേരില്‍ ജോലിയൊക്കെ വൃത്തിയോടെ ചെയ്തു കൊടുത്താല്‍ ചായയും പൊറോട്ടയും വാങ്ങിത്തരും.പട്ടിണിക്കാലമായതിനാല്‍ അതിന്റെ സന്തോഷമൊന്നും ഇന്നത്തെ തലമുറക്ക് ഊഹിച്ചെടുക്കാന്‍ കഴിയില്ലെന്ന് മോഹനേട്ടന്‍ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ഇന്നത്തെപ്പോലെയല്ല രാത്രിയോ പകലോ ഏത് നട്ടപ്പാതിരക്കും അവധി ദിനങ്ങളില്‍ പോലും വിളിച്ചാലും ഞങ്ങള്‍ ഓടിയെത്തും, കാരണം അസമയത്ത് വിളിക്കുന്നവര്‍ അത്രയേറെ പ്രയാസംകൊണ്ടാണെന്ന് അറിയാമായിരുന്നു.
5 രൂപയാണ് അന്ന് ദിവസക്കൂലി. രാത്രി ഓവര്‍ടൈം എടുക്കുന്നവര്‍ക്ക് 5 രൂപ എക്‌സ്ട്രാ കിട്ടും. ഉച്ചക്ക് കഞ്ഞിയാണ് ഭക്ഷണം, ഉറ്റ സുഹൃത്ത് ഡ്രൈവറായ ഹമീദാണ് കൂടെയുണ്ടാവുക.ചെറുപ്പത്തിലെ തുടങ്ങിയ ആ ആത്മബന്ധം ഇപ്പോഴും തുടരുന്നു.
സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്നായപ്പോള്‍ കോട്ടക്കല്‍ പഴയ ബസ് സ്റ്റാന്റാഡില്‍ ഒരു റൂമെടുത്ത് സ്വന്തമായൊരു സ്ഥാപനം തുടങ്ങുകയും 3 വര്‍ഷത്തിന് ശേഷം കുറച്ച് കൂടി സൗകര്യത്തിന് വേണ്ടി പാണക്കാട് ടൂറിസ്റ്റ് ഹോമിനടുത്ത് ഒരു റൂം സംഘടിപ്പിച്ച് അങ്ങോട്ടു മാറുകയുമായിരുന്നു.450 രൂപയാണ് അന്നത്തെ വാടക. ക്രമേണ 4 റൂമിലേക്ക് സ്ഥാപനം വിപുലീകരിച്ചു. അന്നൊക്കെ റീസോളിംഗ് സൗകര്യം കോഴിക്കോടാണുണ്ടായിരുന്നത്. ചങ്കുവെട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിന് കയറ്റി അയക്കണം തിരിച്ചും ചങ്കുവെട്ടിയിലെത്തുന്ന ടയര്‍ കോട്ടക്കല്‍ വരെ ഉരുട്ടി കൊണ്ടുവരലാണ് പതിവ്. രാവിലെ എന്നും റോഡിനിരുവശവും നിറയെ ലോറികള്‍ കാത്തുകിടപ്പുണ്ടാവും, അന്ന് ഞാനടക്കം 3 പേരാണ് ജോലിക്കാരായി ഉണ്ടായിരുന്നത്. മുതലാളി തൊഴിലാളി എന്നൊന്നുമില്ല എല്ലാവരും ഒരേ ഡ്രസ്സില്‍ പണിയില്‍ വ്യാപൃതരാവും.
20 വര്‍ഷം അവിടെ സ്ഥാപനം നടത്തി, നിരവധി ആളുകളുമായി ബന്ധം പുലര്‍ത്താന്‍ സാധിച്ചു. 2010 ല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി വിപുലമായ രീതിയില്‍ പികെ ടയേഴ്‌സ് താഴെ കോട്ടക്കലിലെ വിശാലമായ ബില്‍ഡിംഗിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്ന് ടയര്‍ ബിസിനസില്‍ ലോകോത്തര ബ്രാന്‍ഡായ ബ്രിഡ്ജ് സ്‌റ്റോണ്‍ കമ്പനിയുടെ അംഗീകൃത ഡീലറാണ് ഞങ്ങള്‍, സന്തോഷത്തോടെ മോഹനന്‍ പറഞ്ഞു.
ഏത് സാധാരണക്കാരനും താങ്ങാവുന്ന രീതിയിലുള്ള സെക്കനന്റ് ടയറുകളും പുതിയ ടയറുകളും ഇന്നിവിടെ ലഭ്യമാണ്. 100 രൂപമുതല്‍ 1000 രൂപ വരെ വിലയുള്ള ടയറുകളും ഇവിടെയുണ്ട്. ജീവിതത്തിന്റെ പ്രയാസമറിഞ്ഞ് വളര്‍ന്നതിനാല്‍ കടയിലെത്തുന്ന ഒരാള്‍ പോലും കയ്യില്‍ വേണ്ടത്ര പണമില്ലാത്തത് കൊണ്ട് ആവശ്യംനിറവേറാതെ പോവരുതെന്ന നിര്‍ബന്ധ ബുദ്ധി മോഹനേട്ടനുണ്ട്, അതു കൊണ്ട് തന്നെ സൗജന്യമായി വര്‍ക്കുകള്‍ ചെയ്തു കൊടുത്ത് പലരെയും സഹായിക്കാനുള്ള മനസ്സ് ദൈവം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
കൂടെ നിന്ന് പണി പഠിച്ച പലരും സ്വന്തമായി പലയിടങ്ങളിലായി സ്ഥാപനം തുടങ്ങി. അവര്‍ക്കാവശ്യമായ ഗൈഡന്‍സ് നല്‍കി അവരെ സഹായിക്കാനും അദ്ദേഹം ഉല്‍സാഹിച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് തന്റെ 35 വര്‍ഷത്തെ സേവനത്തിനുള്ളില്‍ ടയര്‍വര്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
പുതിയ തലമുറയില്‍ പെട്ടവര്‍ ഈ രംഗത്തേക്ക് കടന്ന് വരാത്തതും സാധനങ്ങളുടെയൊക്കെ വില കുത്തനെ ഉയര്‍ന്നതും ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണ്. പലരും ഹിന്ദിക്കാരെ ജോലിക്ക് നിയമിക്കുമ്പോള്‍ ഞാന്‍ എപ്പോഴും നാട്ടുകാരെയാണ് തെരഞ്ഞെടുക്കാറ്. നമ്മുടെ കൂട്ടത്തില്‍ തൊഴിലില്ലാത്ത നിരവധി ചെറുപ്പക്കാര്‍ ഉള്ളത് കൊണ്ട് ചിലരെങ്കിലും രക്ഷപ്പെട്ടു പോവട്ടെ എന്ന തോന്നലാണതിനു കാരണം.
35 വര്‍ഷത്തിനുള്ളില്‍ തൊഴിലാളിയായും ഇപ്പോള്‍ മുതലാളിയായും മാറിയ മോഹനന്‍ കോട്ടക്കലിന്റെ വളര്‍ച്ച നേരിട്ടു കണ്ട വ്യക്തിയാണ്.ഒന്നില്‍ നിന്ന് തുടങ്ങി നൂറിലെത്തി നില്‍ക്കുന്ന ഒരു സ്ഥാപനത്തെ വലുതാക്കിയെടുക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യവും സന്തോഷവും അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ആ ജീവിതത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. നിലവില്‍ സ്ഥാപനത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നത് മകന്‍ രഞ്ജിത്താണ്.പഠിക്കുന്ന സമയത്ത് ഞായറാഴ്ചകളിലും മറ്റു ഒഴിവ് ദിസങ്ങളിലും അവനെ ജോലിപഠിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതിനാല്‍ ഇന്നിപ്പോള്‍ ആ മേഖലയില്‍ അവന് നിരവധി പുതിയ കാര്യങ്ങല്‍ സ്ഥാപനത്തില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നല്ല പെരുമാറ്റവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഏത് സംരംഭവും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
ആള്‍ കേരള ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ രൂപീകരണ നേതാക്കളില്‍ പ്രമുഖനും മുന്‍ മലപ്പുറം ജില്ലാ ട്രഷററുമാണ് മോഹനേട്ടന്‍.
രഞ്ജിത്തിനെ കൂടാതെ രമ്യ, രേഷ്മ എന്നിവര്‍ പെണ്‍മക്കളാണ്, ഭര്യ ലത.
പികെ ടയേഴ്‌സിന്റെ കോട്ടക്കല്‍ പുത്തൂരിലുള്ള ബ്രാഞ്ചിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് മരുമകന്‍ കൂടിയായ വിഷ്ണുദാസാണ്.
സൗമ്യവും മോഹനവുമായ പാതകളിലൂടെ അദ്ദേഹത്തിന്റെ സ്ഥാപനം കോട്ടക്കലിന്റെ ഹൃദയത്തിലൂടെ ഉയരങ്ങള്‍ താണ്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *