രാഷ്ട്രീയ വഴികളടഞ്ഞ് പി സി ജോര്‍ജ് യു ഡി എഫ് പ്രവേശവും കീറാമുട്ടി


ടി. റിയാസ് മോന്‍

കേരളത്തിലെ മൂന്ന് മുന്നണികളുടെയും ഭാഗമായിട്ടുണ്ട് പി സി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ പാര്‍ട്ടികളുടെ നേതാവായിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) എന്ന പാര്‍ട്ടിയുടെ നേതാവാണ്. സ്വന്തം പാര്‍ട്ടിയായ കേരള ജനപക്ഷത്തെ നേരിട്ടോ, ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിപ്പിച്ചോ യു ഡി എഫില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പി സിയെന്നാണ് അണിയറ സംസാരം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളോടും ഏറ്റു മുട്ടിയാണ് പി സി ജോര്‍ജ്ജ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. മണ്ഡലത്തില്‍ സുപരിചിതനല്ലാത്തയാളെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയാക്കിയതും, കേരള കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടിയയാളെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കിയതും കഴിഞ്ഞ തവണ ജോര്‍ജ്ജിന് തുണയായി. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിച്ച പരിചയവും മുതല്‍ക്കൂട്ടായി. പി സി ജോര്‍ജ്ജിന്റെ തട്ടകം ഈരാറ്റുപേട്ടയാണ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ ഏക നഗരസഭയാണ് ഈരാറ്റുപേട്ട. ഈരാറ്റുപേട്ട നഗരസഭയില്‍ പി സി ജോര്‍ജ്ജ് അനുകൂലികളുടെ പിന്തുണയോടെയാണ് സി പി എം 2015-16ല്‍ ഭരണം നടത്തിയിരുന്നത്. അതിനാല്‍ ഈരാറ്റുപേട്ടയിലെ ഇടതുവോട്ടുകള്‍ വ്യാപകമായി പി സി ജോര്‍ജ്ജിനാണ് പോള്‍ ചെയ്തത്. സി പി എം വോട്ടുകള്‍ ജോര്‍ജ്ജിന് മറിഞ്ഞതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായി. എസ് ഡി പി ഐ പരസ്യമായി പി സി ജോര്‍ജ്ജിനെ പിന്തുണച്ചു. മുസ്‌ലിം ലീഗില്‍ നിന്നും, കോണ്‍ഗ്രസില്‍ നിന്നും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. ക്രിസ്ത്യന്‍ സഭകളുടെ പരോക്ഷ പിന്തുണയും ജോര്‍ജ്ജിന് തുണയായി.

2016ല്‍ എസ് ഡി പി ഐയുടെ പരസ്യപിന്തുണയും, മുസ്ലിം സമുദായത്തിലുള്ള വലിയ സ്വാധീനവും ഉപയോഗിച്ച് വിജയിച്ച പി സി ജോര്‍ജ്ജ് പിന്നീട് എന്‍ ഡി എയോടൊപ്പം നില്‍ക്കുകയും, മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ഇതോടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയി. ഒറ്റക്ക് നിന്നാല്‍ ഇനി പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കില്ലെന്ന് ഉറപ്പിച്ച പി സി ജോര്‍ജ്ജ് പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ്.

തന്റെ രാഷ്ട്രീയ ശത്രുവായ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താകുന്നതോടെ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് യു ഡി എഫിലെത്താം എന്നതാണ് ജോര്‍ജ്ജ് കാണുന്ന ഒരു വഴി. കേരള കോണ്‍ഗ്രസ് (മാണി) ഇപ്പോള്‍ പി ജെ ജോസഫിന്റെ കൈയിലാണ്. എന്നാല്‍ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ജോര്‍ജ് യു ഡി എഫിലെത്തുന്നതിന് എതിരാണ്. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പു വാങ്ങിയുള്ള ത്യാഗത്തിന് പി ജെ ജോസഫ് തയ്യാറാകില്ല. കാരണം അത് ജോസഫിന്റെ സ്വന്തം മണ്ഡലമായ തൊടുപുഴയില്‍ ജോസഫിന്റെ പിന്തുണ കുറയാന്‍ ഇടയാക്കും. ഈരാറ്റുപേട്ടയിലെ നടക്കലില്‍ വെച്ച് പി സി ജോര്‍ജ്ജുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ജോര്‍ജ്ജുമായി ചര്‍ച്ചക്ക് പോകുന്നത് പോലും ഉള്‍ക്കൊള്ളാനാവില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍.

പി സി ജോര്‍ജ്ജിനു മുന്നിലുള്ള മറ്റൊരു വഴി കോണ്‍ഗ്രസില്‍ ചേരുകയെന്നതാണ്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിനടയാക്കുന്ന നീക്കമാണത്. 2011-15 കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ചീഫ് വിപ്പായിരുന്നു പി സി ജോര്‍ജ്ജ്. അക്കാലത്ത് ജോര്‍ജ്ജ് സ്വീകരിച്ച സമീപനങ്ങള്‍ യു ഡി എഫിന് വലിയ ചീത്തപ്പേരുണ്ടാക്കി. അതിനാല്‍ കോണ്‍ഗ്രസിനോട് ചേരാനുള്ള ഏത് നീക്കവും കോണ്‍ഗ്രസിനകത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കും. ആ വഴിയും ലക്ഷ്യത്തിലെത്താനിടയില്ല.

പിണറായി വിജയനെ കടന്നാക്രമിക്കുന്ന രാഷ്ട്രീയ ശൈലിയാണ് ഏറെക്കാലമായി പി സി ജോര്‍ജ്ജ് സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇടതുപക്ഷത്തേക്ക് അടുക്കാന്‍ ബുദ്ധിമുട്ടാണ്. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയുമായുള്ള സഹവാസം വരുന്ന പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് പി സി ജോര്‍ജ്ജിനറിയാം. പ്രത്യേകിച്ചും 1996 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും തന്റെ കൂടെ നിന്ന മുസ്‌ലിം വോട്ട് ബാങ്ക് ബി ജെ പിയോടൊപ്പം നിന്നാല്‍ പിന്തുണക്കില്ല.

മരക്കച്ചവടക്കാരുടെ നാട്ടിലെ രാഷ്ട്രീയ വന്‍മരം വേരുകളില്ലാതെ വീഴുമോ എന്നാണ് കോട്ടയം രാഷ്ട്രീയം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പൂഞ്ഞാര്‍ മുതല്‍ പൂഞ്ഞാര്‍ വരെ വ്യാപിച്ചു കിടക്കുന്ന ജനപക്ഷം പാര്‍ട്ടിയുടെ നിലനില്പ് വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് കാലം മുന്നണിയും, പാര്‍ട്ടിയും മാറിയപ്പോഴും കൂടെ നിന്ന ഈരാറ്റുപേട്ടയിലെ മുസ്‌ലിംകളോട് വിശ്വാസവഞ്ചന ചെയ്ത പി സി ജോര്‍ജ്ജിന് ഇനി കേരള രാഷ്ട്രീയത്തില്‍ ഭാവിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ് ഡി പി ഐയുടെയും പിന്തുണ നേടി നേട്ടം കൊയ്യുകയും മലക്കം മറിഞ്ഞ് ബി ജെ പി മുന്നണിയിലെത്തുകയും ചെയ്ത ജോര്‍ജ്ജിന് ഇനി തെരഞ്ഞെടുപ്പ് വിജയം ബാലികേറാമലയായിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *