ടി റിയാസ് മോന്‍
വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്നതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജയിച്ചു കയറാമെന്ന് ഉറപ്പുള്ള വാര്‍ഡില്‍ സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചതിന്റെ ഗര്‍വ്വ് കാണിച്ചാല്‍ മാത്രം മതി തോറ്റു പോകാന്‍. കൂടെയുള്ള പാര്‍ട്ടിക്കാരും, ഇളകി നില്‍ക്കുന്നവരും എല്ലാം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു കളയും. എങ്ങനെ ജയിക്കാം എന്ന് ആലോചിക്കുമ്പോള്‍ എങ്ങനെയൊക്കെ തോല്‍ക്കാം എന്നു കൂടി ആലോചിക്കേണ്ടി വരും. തോല്‍ക്കാന്‍ ഇട വരുത്തുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക എന്നത്, വിജയിക്കാനുള്ള പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തകരാത്ത കോട്ടകളില്ല. ഒരു പാര്‍ട്ടിയുടെ കോട്ട തകരണമെങ്കില്‍ ആ പാര്‍ട്ടിയുടെ നിലവിലെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തണം. കോട്ട കാക്കാനുള്ള ജാഗ്രത ഉണ്ടായില്ലെങ്കില്‍ മാത്രമേ കോട്ട തകരുകയുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്ന വാര്‍ഡുകളുണ്ട്. ആ വാര്‍ഡുകളിലെ ജയപരാജയങ്ങളാണ് ഓരോ പഞ്ചായത്ത്/ നഗരസഭയിലെയും ഭരണ മാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ പ്രധാനം. അത്തരത്തില്‍ ചാഞ്ചാട്ടമുള്ള വാര്‍ഡുകളിലെ പ്രചാരണമാണ് ഏറെ സൂക്ഷ്മതയോടെയും, ജാഗ്രതയോടെയും നിര്‍വ്വഹിക്കേണ്ടത്.
പ്രചാരണം സോഷ്യല്‍ മീഡിയയിലോ?
ഗ്രാമപഞ്ചായത്തിലേക്കും, നഗരസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നേരിട്ടു വോട്ട് ചോദിക്കുന്നത് തന്നെയാണ് ഈ കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഖ്യം. വാട്‌സ് അപ്പില്‍ വോട്ട് ചോദിച്ചാല്‍ വാട്ട്‌സ് അപ്പില്‍ വോട്ട് കിട്ടും. വോട്ടിംങ് മെഷീനില്‍ വിരലമര്‍ത്തണം എന്നില്ല. ഡിജിറ്റല്‍ പോസ്റ്ററുകള്‍ക്ക് പ്രാധാന്യം ഏറിയിട്ടുണ്ട് ഇക്കാലത്ത്. എന്ന് കരുതി പോസ്റ്ററുകള്‍, കട്ടൗട്ടുകള്‍, തൊപ്പികള്‍, കത്തുകള്‍ തുടങ്ങിയവയുടെ പ്രാധാന്യം തീരെ കുറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത കുറേയേറെ പേര്‍ ഇന്നും നാട്ടിലുണ്ട്. അവര്‍ക്ക് കണ്ണില്‍ നേരില്‍ കാണാവുന്ന സാമഗ്രികള്‍ തന്നെ വേണം. സോഷ്യല്‍ മീഡിയയില്‍ സജീവം ആയവര്‍ക്കും തെരഞ്ഞെടുപ്പിന്റെ ഓളം ഗ്രൗണ്ടില്‍ നിന്നു തന്നെ കിട്ടണം.
വാട്‌സ് അപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ വീഡിയോകള്‍, പോസ്റ്ററുകള്‍, പോസ്റ്റുകള്‍ എന്നിവ ഷെയര്‍ ചെയ്യുന്നത് വലിയ തോതില്‍ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ പ്രൊഫൈല്‍, പ്രകടന പത്രിക, വാഗ്ദാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കാം.
പരസ്യക്കമ്പനികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍വ്വഹിക്കുമെന്നോ?
പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പ്രചാരണം നിര്‍വ്വഹിക്കുന്നത് പ്രധാനമായും പാര്‍ട്ടിയും, അണികളും തന്നെയാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതും, തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. കാരണം ആ നാടിന്റെ പള്‍സ് അവര്‍ക്ക് മാത്രമേ കൃത്യമായി അറിയുകയുള്ളൂ.
പരസ്യക്കമ്പനികളും, പി ആര്‍ ഏജന്‍സികളും ചെയ്യുന്ന കാര്യങ്ങള്‍ പാര്‍ട്ടി സംവിധാനത്തെയും, സ്ഥാനാര്‍ഥിയെയും സഹായിക്കുക എന്നതാണ്. സ്ഥാനാര്‍ഥിയുടെ ഫോട്ടോഷൂട്ട്, തെരഞ്ഞെടുപ്പ് സ്ട്രാറ്റജിക്ക് അനുസൃതമായി വീഡിയോകള്‍, പോസ്റ്ററുകള്‍ എന്നിവ ഡിസൈന്‍ ചെയ്യല്‍, കാമ്പയിന്‍ ലഘുലേഖകളുടെ എഡിറ്റിംങ് തുടങ്ങിയ കാര്യങ്ങളാണ് പരസ്യക്കമ്പനിക്ക് ചെയ്യാവുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് പാട്ടെഴുതി നല്കുക, ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ്.
ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ട രീതി, ബോഡി ലാംഗ്വേജ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, സംസാര രീതിയെ കുറിച്ചും ഒരു സ്റ്റുഡിയോക്കകത്തിരുന്ന് ഏകദിന പരിശീലനവും സ്ഥാനാര്‍ഥിക്ക് നേടാവുന്നതാണ്.
ഡാറ്റ തന്നെയാണ് ആയുധം
വാര്‍ഡിലെ കത്താത്ത തെരുവു വിളക്കുകള്‍, കുടിവെള്ളം ലഭ്യമല്ലാത്ത വീട്ടുകാര്‍, ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവരും ലഭിക്കാത്തവരും, ഡാറിട്ട റോഡില്ലാത്തവര്‍ തുടങ്ങി അനേകം വിവരങ്ങള്‍ ഉണ്ട്. ആ വിവരങ്ങളെല്ലാം വോട്ടിനെ സ്വാധീനിക്കാന്‍ പറ്റുന്ന ഘടകങ്ങളാണ്. ഡാറ്റ ഏറ്റവും വലിയ ആയുധമാണ്. എന്നാല്‍ ഡിജിറ്റല്‍ മാത്രമല്ല ഡാറ്റ. ആളുകളുടെ സംസാരത്തിലൂടെയും, സ്വയം നിരീക്ഷണത്തിലൂടെയും എല്ലാം ലഭിക്കുന്ന വിവരങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ഡാറ്റയാണ്. ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്നത് രാഷ്ട്രീയമാണ്. കാലിത്തീറ്റ സബ്‌സിഡി കിട്ടാത്ത കര്‍ഷകന്റെ വിവരവും ഡാറ്റയാണ്. ആ ഡാറ്റയില്‍ നിന്ന് വോട്ട് ചാക്കിലാക്കാം. അതാണ് ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലെ ഡാറ്റ.