വരകളിലും, വര്‍ണ്ണങ്ങളിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരിയാണ് സ്വാലിഹ നാസര്‍. പ്രകൃതിയുടെ ഓരോ മിടിപ്പിലും സ്ത്രീയുടെ സാന്നിദ്ധ്യം വെളിവാക്കുന്ന വരകളാണ് സ്വാലിഹയുടെ മിക്ക ചിത്രങ്ങളും. അവള്‍ക്ക് ലോകത്തോട് സംവദിക്കാനുള്ള മാര്‍ഗ്ഗം ചിത്രങ്ങളാണ്.
കണ്ണൂരില്‍ ജനിച്ചു വളര്‍ന്നു സ്വാലിഹയുടെ വിദ്യാഭ്യാസം കണ്ണൂരിലും, ഹൈദരാബാദിലും, കോഴിക്കോട്ടുമായിരുന്നു. ചെറുപ്പത്തിലേ പുസ്തകങ്ങള്‍, പ്രകൃതി, എഴുത്തു ഇതായിരുന്നു സ്വാലിഹയുടെ ലോകം. ചെറുപ്പത്തില്‍ ചിത്രം വരയില്‍ സജീവമായിരുന്നില്ല. അന്ന് ദുഃഖങ്ങളും, സന്തോഷങ്ങളും, പരിഭവങ്ങളും പങ്കുവെയ്ക്കുന്നത് ഡയറി കുറിപ്പുകളോട് മാത്രം. പാട്ടിനോടും, നൃത്തത്തിനോടും കമ്പം ഉണ്ടായിരുന്നു . കണ്ണൂര്‍ ജില്ലാ കലോത്സവത്തില്‍ കലാതിലക പട്ടം നേടിയിട്ടുണ്ട്. ഡിഗ്രി വരെ നൃത്തം അഭ്യസിച്ചു.
സ്ത്രീകള്‍ നേരിടുന്ന അവഗണനയും, വേദനയും മനസ്സിനെ അസ്വസ്ഥപ്പെടുത്തിയപ്പോഴാണ് അതിനെതിരായ പ്രതിഷേധമായി എഴുതി തുടങ്ങിയത്. എന്നാല്‍ എഴുത്തിലൂടെ മനസ്സിനെ പകര്‍ത്താനായില്ല. അല്ലെങ്കില്‍ എഴുത്ത് സ്വാലിഹക്ക് അത്ര വഴങ്ങിയില്ല. എഴുത്തുകളെ പിന്നെ വരകളാക്കി മാറ്റി. അങ്ങനെ ഉളളിലുള്ള ചിത്രകാരി ഉടലെടുത്തു തുടങ്ങി. നൊമ്പരങ്ങളും, പ്രതിഷേധവും, ആഹ്ലാദവും ചിത്രങ്ങളായി മാറി. വരച്ച ചിത്രങ്ങളുമായി വിവിധ സ്ഥലങ്ങളില്‍ എക്‌സിബിഷന്‍ നടത്തി. ഓരോ പ്രദര്‍ശന വേദിയിലും ആസ്വാദകരോട് സംസാരിച്ചും, ചിത്രങ്ങളെ കുറിച്ച് വിശദീകരിച്ചും ചിത്രകാരിയുണ്ടാകും.
2019ലെ നേതാജി പുരസ്‌ക്കാരം, കലാരത്‌ന അവാര്‍ഡ് എന്നിവ ലഭിച്ചു. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ സ്വാലിഹ ഇപ്പോള്‍ കോഴിക്കോട് ടൗണിലാണ് താമസം.
ജീര്‍ണ്ണ വസ്ത്രങ്ങള്‍, നഷ്ടമാകുന്ന കാവുകള്‍ എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററിയും സ്വാലിഹ നിര്‍മ്മിച്ചിട്ടുണ്ട്. തന്റെ എല്ലാ സര്‍ഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് ഭര്‍ത്താവ് നാസിര്‍ അലി കൂടെയുണ്ട്. രണ്ട് മക്കളുണ്ട്.
‘എന്റെ ചിത്രങ്ങള്‍ക്ക് എല്ലാത്തിനും അര്‍ഥങ്ങള്‍ നല്‍കി, കഥകള്‍ നല്‍കി, സമൂഹത്തിലേക്ക് പറയാനുള്ളതെല്ലാം ഉള്‍ക്കൊള്ളിച്ചു. എല്ലാത്തിനും പേരും നല്‍കി. ഇന്നെന്റെ സ്വപ്നങ്ങളെ, വേദനയെ, സന്തോഷത്തെ, പങ്കിടാന്‍ ക്യാന്‍വാസുകളും, ബ്രഷുകളും, ചായക്കൂട്ടുകളും എന്നെ കാത്തിരിക്കാന്‍ തുടങ്ങി.’ സ്വാലിഹ നാസിര്‍ പറയുന്നു.