ടി. റിയാസ് മോന്‍
2019ല്‍ കോട്ടയം ജില്ലയില്‍ ഒരു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും അതിന് ‘വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍’ എന്ന് നാമകരണം ചെയ്യുകയും ചെയ്തുവത്രേ. ഒരു ട്രസ്റ്റിന് കീഴില്‍ വ്യാപകമായി മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുകയും, അവര്‍ ജില്ലാ കമ്മിറ്റിയും, മണ്ഡലം കമ്മിറ്റികളും രൂപീകരിക്കുകയും ചെയ്യുന്നു. അതിന് താഴെ പഞ്ചായത്ത് കമ്മിറ്റികളും, വാര്‍ഡ് കമ്മിറ്റികളും രൂപീകരിച്ച് വലിയൊരു പ്രസ്ഥാനമായി മാറുകയാണ് ലക്ഷ്യം. ‘വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍’ എന്ന മുദ്രാവാക്യത്തിന്റെ സാംഗത്യം പരിശോധിക്കുന്നതിന് മുമ്പായി പരിശോധിക്കേണ്ടത് ഈ സംഘത്തിന്റെ നിയമപരമായ നിലനില്‍പാണ്. ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ് എങ്ങനെയാണ് പുതിയ അംഗങ്ങളെ ചേര്‍ത്ത് കീഴ്ഘടകങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംവിധാനങ്ങള്‍, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സംവിധാനങ്ങള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവയെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ സംഘടനാ സംവിധാനങ്ങള്‍ ആദ്യം കുറ്റമറ്റതായിരിക്കണമല്ലോ.
ഒരു ട്രസ്റ്റില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടിക്ക് ബന്ധപ്പെട്ട സബ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. അങ്ങനെയൊരു നടപടിക്രമം പാലിച്ചാണോ വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ സംഘം അതില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് എന്ന നിയമപരമായ ചോദ്യം നിലനില്‍ക്കുന്നുണ്ട്.
‘വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍’ സംഘം കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയും മുമ്പേ ആന്തരികമായ സംഘര്‍ഷങ്ങള്‍ ആരംഭിച്ച സംഘമാണ്. ട്രസ്റ്റിലെ ചില അംഗങ്ങള്‍ സ്വമേധയാ പണപ്പിരിവ് നടത്തിയെന്നതാണ് പ്രശ്‌നം. രാജ്യത്ത് ഏകീകരിച്ച പെന്‍ഷന്‍ സാധ്യമാക്കുക എന്ന മോഹനവാഗ്ദാനം ഉയര്‍ത്തി പടുത്തുയര്‍ത്തുന്ന സംഘടന ആയിരം രൂപ വീതം അംഗത്വ ഫീസ് പിരിക്കുകയും, ആയിരിക്കണക്കിന് പേരില്‍ നിന്ന് അത്തരം പിരിവെടുത്ത് ലക്ഷങ്ങള്‍ സമ്പാദിക്കുകയുമാണെങ്കില്‍ അതിന്റെ നൈതികത എന്താണ്?
വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ സംഘം അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്. oiop.in എന്ന അവരുടെ വെബ്‌സൈറ്റില്‍ സംഘത്തിന്റെ ഭാരവാഹികളുടെ പേര് വിവരം എവിടെയും ഇല്ല. മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘം അതിന്റെ നേതൃത്വത്തിന്റെ പേര് വിവരങ്ങള്‍ സ്വന്തം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്നത് എന്ത് കൊണ്ടാണ്?
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘത്തിന്റെ നേതൃത്വം ആര് എന്ന ചോദ്യം ചിലരൊക്കെ അവരുടെ ഫെയ്‌സ്ബുക്ക് പേജിലും, ഗ്രൂപ്പിലും ഉയര്‍ത്തുന്നുണ്ട്. പക്ഷേ, ആരും കാര്യമായ ഉത്തരം പറയുന്നില്ല.
എന്നാല്‍ കൗതുകകരമായ ചില വിവരങ്ങള്‍ mallucafe.com എന്ന വെബ്‌സൈറ്റില്‍ ഉണ്ട്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടനയുടെ ഫൗണ്ടര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിബിന്‍ പി ചാക്കോയുടെ പേരിലുള്ള എഴുത്താണത്. 2018 സെപ്തംബര്‍ 11ന് ‘അന്യായമായ പെന്‍ഷന്‍ നിര്‍ത്തലാക്കൂ’ എന്ന മുദ്രാവാക്യവുമായി രൂപീകരിക്കപ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പാണ് ഈ ആശയത്തിന്റെ തുടക്കമെന്ന് ബിബിന്‍ ചാക്കോ പറയുന്നു. ജോലിയില്‍ നിന്ന് വിരമിച്ച് ശേഷം വെറുതെയിരിക്കുന്നവര്‍ക്ക് ശമ്പളത്തിന് ആനുപാതികമായി അന്യായയമായ പെന്‍ഷന്‍ നല്‍കുന്നത് ശരിയല്ല എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അഥവാ രാജ്യത്ത് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ മൂവ്‌മെന്റാണിത്. അഥവാ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്നതല്ല, പെന്‍ഷന്‍ നല്‍കരുത് എന്നതാണ് അടിസ്ഥാന ചിന്ത.
ഇനി ബാക്കി കഥയില്ലായ്മകള്‍ കൂടി സംഗ്രഹിക്കാം. വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കരുതെന്ന ദുഷ്ടചിന്ത അങ്ങനെയങ്ങ് അവതരിപ്പിക്കുന്നതിന് പകരം ഒന്ന് ട്യൂണ്‍ മാറ്റണമെന്ന് സംഘാടകര്‍ തീരുമാനിച്ചു. അങ്ങനെ രാജ്യത്ത് 60 വയസ്സ് തികഞ്ഞ മുഴുവന്‍ പേര്‍ക്കും ഉപാധികളില്ലാതെ 10000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കാന്‍ തീരുമാനിച്ചു.
ആയിരത്തിലധികം വാട്‌സ്അപ്പ് അംഗങ്ങളുണ്ടായിരുന്ന സംഘടന 2019 സെപ്തംബര്‍ 15ന് കോട്ടയം ജില്ലയിലെ കുറുംപ്പുംതറയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 73 പേര്‍ പങ്കെടുക്കുകയും അതിന്റെ തീരുമാന പ്രകാരം ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തുവെന്നാണ് സ്ഥാപകന്‍ പറയുന്ന കഥ. ട്രസ്റ്റില്‍ ഇപ്പോള്‍ 24 അംഗങ്ങളാണ് ഉള്ളതത്രേ. അഥവാ ജില്ലാ- മണ്ഡലം നേതാക്കള്‍ എന്നു പറഞ്ഞ് നടക്കുന്നവര്‍ക്ക് ആ ട്രസ്റ്റില്‍ അംഗത്വം പോലും ഇല്ല. അതിനാല്‍ തന്നെ സംഘടനയുടെ പ്രവര്‍ത്തനം വളരെ ജനാധിപത്യപരമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പക്ഷേ സംഘടനയുടെ പ്രവര്‍ത്തനം ജനാധിപത്യപരമാണ് എന്ന് ഇടക്കിടെ വാട്‌സ്അപ്പിലും, ഫേസ്ബുക്കിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്. നിലവില്‍ വിനോദ് കെ ജോസ് പ്രസിഡന്റും, ജോസ് തോംസണ്‍ സെക്രട്ടറിയുമായ 24 അംഗ ട്രസ്റ്റ് ആണ് പ്രവര്‍ത്തനം നടത്തുന്നത്.
രാജ്യത്ത് വലിയ വിപ്ലവത്തിന് നാന്ദി കുറിക്കുന്ന ഒരു സംഘത്തിന് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാനുള്ള വിശാലത പോലും ഉണ്ടായിട്ടില്ല. പുതിയ അംഗങ്ങളെ ചേര്‍ക്കാനും, നിലവിലുള്ളവരെ പുറത്താക്കാനും രജിസ്ട്രാറുടെ അനുമതി ആവശ്യമുള്ള ഏതാനും അംഗങ്ങളുള്ള ട്രസ്റ്റ് ആയാണ് അത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആ ട്രസ്റ്റിന്റെ ഭരണഘടന അഥവാ ഡീഡ് വായിച്ചാല്‍ മാത്രമേ അതിന്റെ ജില്ലാ മണ്ഡലം കമ്മിറ്റികള്‍ക്ക് വല്ല സാധുതയും ഉണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ പറ്റൂ. രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായത്തെ നിരന്തരം ചോദ്യം ചെയ്യുന്ന സംഘം അതിന്റെ നിയമാവലിയെങ്കിലും സ്വന്തം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുതാര്യത കാണിക്കാത്തതെന്തേ എന്ന ചോദ്യമാണ് നിരന്തരം ഉയരേണ്ടത്. കോട്ടയം 230/2019 നമ്പര്‍ ട്രസ്റ്റിന്റെ നിയമാവലിയാണ് പെന്‍ഷന്‍വാദികളായ സ്വന്തം സോഷ്യല്‍മീഡിയ അനുയായികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. പിന്നീടാവാം ആശയപരമായ ചര്‍ച്ചകള്‍.
വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സംഘടന ഇന്ത്യാ ഗവണ്‍മെന്റിന് ഇതു വരെയായി ഒരു പെന്‍ഷന്‍ അപേക്ഷയോ, അഭിപ്രായമോ നല്‍കിയിട്ടുള്ളതായും എവിടെയും കാണാനില്ല. അഥവാ രാജ്യത്ത് എല്ലാവര്‍ക്കും തുല്യപെന്‍ഷന്‍ നല്കണമെന്ന തങ്ങളുടെ ആശയം രാജ്യത്തെ ഗവണ്‍മെന്റിനെ ഒരു കത്ത് വഴി പോലും അറിയിച്ചിട്ടില്ല.
(തുടരും).