യൂനുസ് ചെങ്ങര
കോവിഡ് -19 അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിലെ അതികായരായ ഓല, സൂംകാര്‍ പോലുള്ള മൊബിലിറ്റി കമ്പനികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ നീക്കം ആരംഭിച്ചു. ഈ മാസം മുതല്‍ ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു പദ്ധതിയുണ്ട്. യൂസ്ഡ് കാര്‍ വിപണി മെച്ചപ്പെട്ടുവരുന്ന സാഹചര്യവും കമ്പനികള്‍ വിലയിരുത്തുന്നുണ്ട്. വാഹനങ്ങള്‍ വിറ്റൊഴിവാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്താന്‍ വിപണി സാഹചര്യങ്ങള്‍ പരിശോധിച്ചുവരികയാണ് ഓല. യുസ്ഡ് കാര്‍ വിപണിയിലെ മുന്‍നിര ഡീലര്‍മാരായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് (എംഎഫ്‌സി), മാരുതി ട്രൂ വാല്യു എന്നീ കമ്പനികളുമായാണ് ഇതിനായി ആശയവിനിമയം നടത്തിവരുന്നത്. ഓല ഫ്ളീറ്റ് ടെക്നോളജീസിന് 30,000 കാറുകളാണുള്ളത്. ഓല പ്ലാറ്റ്‌ഫോമിലെ ഡ്രൈവര്‍മാര്‍ക്ക് അത് പാട്ടത്തിന് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനായി വാടകയ്ക്ക് കൊടുക്കുന്ന പതിനായിരത്തിലധികം കാറുകള്‍ ആണ് സൂംകാറിന് സ്വന്തമായുള്ളത്. ലോക്ഡൗണിന്റെ തുടക്കം മുതല്‍ ഇതില്‍ വലിയൊരു ഭാഗവും ഉപയോഗിക്കാന്‍ ആവശ്യക്കാരില്ലാതെ നിര്‍ത്തിയിടേണ്ട അവസ്ഥയിലായിരുന്നു ഈ കമ്പനികള്‍.
ഹോട്ടലുകള്‍ പുതുവഴി തേടുന്നു
പുറത്തുപോയി ആഹാരം കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ നഷ്ടത്തിലായ ഹോട്ടലുകളെ ബിസിനസ് സെന്ററുകളും കോ-വര്‍ക്കിങ് സ്പേസുകളുമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികള്‍. റിസപ്ഷന്‍, ട്രാവല്‍ ഡെസ്‌ക് തുടങ്ങി എല്ലാ വിഭാഗങ്ങളുമുള്ള ബിസിനസ് സെന്ററുകളായി് നഗരങ്ങളിലെ ഹോട്ടലുകളെ മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണു പൂര്‍ണമായും ബിസിനസ് സെന്ററുകളാക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതിക സന്നാഹങ്ങളും ഒരുക്കിയാല്‍ .കോ-വര്‍ക്കിങ് സ്പേസുകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ കണ്ടിഷന്‍, മികച്ച കണക്ടിവിറ്റി സൗകര്യങ്ങള്‍ എന്നിവയാണ് കോവര്‍ക്കിംഗ് സ്പേസ് തേടുന്നവരുടെ മുന്‍ഗണന. ഇത് നല്‍കാനായാല്‍ കൂടുതല്‍ ആളുകള്‍ സ്ഥാപനങ്ങളിലെത്തിക്കാനാവും. വര്‍ക്ക് നിയര്‍ ഹോം സംവിധാനങ്ങള്‍ രൂപപ്പെടുത്താനുള്ള ഐടി കമ്പനികളുടേയും സര്‍ക്കാറുകളുടേയും ശ്രമങ്ങളും ഈ നീക്കത്തിന് സാധ്യതയേറ്റുന്നുണ്ട്. കോ-വര്‍ക്കിങ് സ്പേസുകളെക്കുറിച്ചു വിവരം തരുന്ന ആപ്പുകളും നിലവില്‍ വന്നുകൊണ്ടിരിക്കുന്നത് ഈ മേഖലയുടെ വളര്‍ച്ചാ സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ്.
റബര്‍ വില ഉയരുന്നു
ഇന്ത്യയില്‍ നിന്ന് റബര്‍ ലാറ്റക്സ് വാങ്ങാന്‍ മലേഷ്യന്‍ കമ്പനികള്‍ എത്തിയതോടെ റബര്‍ വിപണിയില്‍ വില ഉണര്‍ച്ച പ്രകടമായിത്തുടങ്ങി. കോവിഡ് ചികിത്സയ്ക്ക് വേണ്ടി കൈയുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വന്‍ തോതില്‍ നിര്‍മിക്കുന്ന കമ്പനികളുള്ള മലേഷ്യ റബര്‍ ലാറ്റക്സ് തായ്‌ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങിരുന്നത്. മഴ കാരണം തായ്‌ലന്‍ഡിലെ ഉല്‍പാദനം കുറഞ്ഞതും, വിയറ്റ്നാം റബര്‍ ലഭ്യതയില്‍ വന്ന ഇടിവും മലേഷ്യന്‍ കമ്പനികളെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നു. ലോക്ഡൗണില്‍ പകച്ചു നിന്ന റബര്‍ വിപണിക്കു മലേഷ്യന്‍ വിപണി അനുഗ്രഹമായിമാറുമെന്നാണ് അനുമാനിക്കുന്നത്. വില കുറഞ്ഞ കൈയുറ ഉല്‍പാദനത്തില്‍ മലേഷ്യയെയാണ് ലോകം കൂടുതലായി ആശ്രയിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള വില കൂടിയ കൈയുറകളാണ് ഇന്ത്യയിലെ കമ്പനികളില്‍ കൂടുതലും ഉല്‍പാദിപ്പിക്കുന്നത്. ഇതിനു പുറമെ റബര്‍ ഇറക്കുമതി കുറഞ്ഞതും ഷീറ്റ് റബറിനു ഗുണമായി. ലോക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹനക്കമ്പനികളുടെ ആവശ്യവും കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫ്യൂച്ചറിന്റെ ഭാവി റിലയന്‍സിന്റെ കയ്യില്‍
കിഷോര്‍ ബിയാനി ചെയര്‍മാനായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചെറുകിട വ്യാപാരശൃംഖല മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ബിഗ്ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ഫുഡ്ഹാള്‍, ഈസി ഡേ, ഇസോണ്‍, നീല്‍ഗിരീസ് തുടങ്ങിയ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ചെയിനുകളെല്ലാം അവര്‍ കൈമാറാനാണ് ധാരണയായതെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇരൂ കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്യൂച്ചര്‍ ഗ്രൂപ്പിന് 12,000 കോടിയിലേറെ രൂപ കടബാധ്യതയുണ്ടെന്നാണു മാര്‍ച്ചിലെ കണക്ക്. ലോക്ഡൗണ്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനായ റിലയന്‍സ് റീട്ടെയിലിന് 11784 സ്റ്റോറുകളുള്ളപ്പോള്‍, ഫ്യൂച്ചറിന് 1388 സ്റ്റോറുകളുമാണുള്ളത്.
ചൈനീസ് ഉത്പന്നങ്ങളുടെ വരവ് നിയന്ത്രിക്കപ്പെടുന്നു
ചൈനയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി തീരൂവ വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിന്റെ ആദ്യ പടിയായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍, എയര്‍ കണ്ടീഷണറുകളുടെ കംപ്രസറുകള്‍, സ്റ്റീല്‍-അലുമിനിയം ഉത്പന്നങ്ങള്‍ തുടങ്ങി തീരുവ ഉയര്‍ത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വസ്തുക്കള്‍ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനം കൊണ്ട് തികയില്ലെന്നാണ് ഈ മേഖലകളില്‍ നിന്നുള്ളവര്‍ പറയുന്നത് .കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളൂം ഇന്ത്യാ- ചൈനാ ബന്ധത്തില്‍ അടുത്തിടെ വന്ന ഉരസലുകളും ഇത്തരമൊരൂ നീക്കത്തിലേക്ക് വഴിയൊരുക്കി. ചൈനക്ക് ബദലായ ഒരൂ വിപണി ലോക രാജ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കം പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണെന്നൂം അനുമാനിക്കാവുന്നതാണ്.
പുതിയ നിക്ഷേപകരെ തേടി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍
ഇന്ത്യയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന മുറവിളികള്‍ ഉയരുന്നതു മുന്നില്‍ കണ്ട് പുതിയ നിക്ഷേപസാധ്യതകള്‍ തേടി രാജ്യത്തെ സ്റ്റാര്‍ട്ടപ് ലോകം സഞ്ചാരം തുടങ്ങിയിട്ടുണ്ട്. യുഎസ്, യൂറോപ്പ്, ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെയും ജപ്പാനിലെ സോഫ്റ്റ് ബാങ്ക് പോലുള്ളവരെയും സമീപിക്കാനാണ് പല കമ്പനികളും തയാറെടുക്കുന്നത്.