യൂനുസ് ചെങ്ങര
നർകോട്ടിക്ക് ജിഹാദും ലൗ ജിഹാദുമൊന്നും കേരളത്തിൽ ഇല്ലെന്നും, ഇത് കേരളമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചിലപ്പോഴൊക്കെ പുറത്തെടുക്കാറുള്ള ശൗര്യത്തോടെ ഇന്നലെ പ്രഖ്യപിച്ചത്. എന്തു കൊണ്ട് ഈ പ്രഖ്യാപനം ഇത്രയും വൈകി എന്നതിന് വരും നാളുകളിൽ പാർട്ടി വിശദീകരണം നൽകേണ്ടി വരുമെന്നുറപ്പ്.
ഇടതു പക്ഷത്തിലെ, ഐഎൻഎൽ അടക്കമുള്ള സഖ്യ കക്ഷികളേയും സിപിഎമ്മിലെ മതേതരത്വത്തിനായി ശക്തമായി നില കൊള്ളുന്ന ചില കേന്ദ്രങ്ങളേയും പ്രതിരോധത്തിലാക്കുന്നതായിരുന്നു, വിവാദ വിഷയത്തിൽ സർക്കാർ കൈകൊണ്ട ഉദാസീനമായ നിലപാട്. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന വാക്കുകൾ പറയരുതെന്നും താക്കീതിൻ്റെ ധ്വനിയോടെത്തന്നെയാണ് പിണറായി വിജയൻ വ്യക്തമാക്കിയത്.
പാലാ ബിഷപ്പിൻ്റെ പാണ്ഡിത്യത്തെ വാഴ്ത്തിക്കൊണ്ട് മന്ത്രി വാസൻ വരുത്തിയ പരിക്കു കൂടി പരിഹരിക്കുകയായിരുന്നു, പിണറായി. ബിഷപ്പിൻ്റെ വിഷലിപ്തമായ പ്രസ്താവനയെ മുതലെടുപ്പിനുള്ള അവസരമായിക്കണ്ട് കളത്തിലിറങ്ങിയവർക്ക് മാനവികതയുടെ ഭാഷയിൽ മറുപടി പറഞ്ഞ സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ നിറഞ്ഞ മനസ്സോടെ എഴുന്നേറ്റ് നിന്നാണ് മതേതര കേരളം കാതോർത്തത്. ”അവ ക്രിസ്ത്യാനികളും മുസ്‍ലീമുകളും സാഹോദര്യത്തോടെ ജീവിച്ച ചരിത്രമാണ് നമ്മുടേത്. ഹിന്ദുക്കളുമായും അങ്ങനെ തന്നെ. മറ്റൊരു വിഭാഗത്തിനെ വേദനിപ്പിക്കുന്ന തരത്തില്‍ മതവിഭാഗങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഏത് മതത്തിന്റെ ജിഹാദ് ആണെങ്കിലും നടപടികൾ സ്വീകരിക്കാൻ ഭരിക്കുന്ന സർക്കാരുകൾ തയ്യാറാകണം.”
കൃത്യവും വ്യക്തവുമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.ആളിക്കത്തിക്കാനുള്ള ഇന്ധനവുമായി എത്തിയ ചില മാധ്യമങ്ങളുടെ ഹിഡൻ അജണ്ടയെ നിർവീര്യമാക്കുകയായിരുന്നു, മനുഷ്യപക്ഷത്ത് ഉറച്ചു നിന്നു കൊണ്ട് മഹദ് വ്യക്തിത്വത്തിനുടമയായ അദ്ദേഹം.വിവാദവുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ഓർത്തോഡോക്സ് സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസും മുന്നോട്ട് വച്ചത്.
കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചു കൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള ഒരു വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ആ അജണ്ടയിൽ ക്രൈസ്‌തവ സഭ പെട്ട് പോകുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജിഹാദ് എന്ന വാക്ക് അറബി വാക്കാണെന്നും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സ്വയശുദ്ധീകരണം എന്നാണ് അത് അർത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമായിത്തന്നെ വിശദീകരിച്ചു. ആ വാക്കിനെ ഒരു തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചു കൂടാത്ത ഒരു വാക്കാണ് അത്. അദ്ദേഹം താക്കീതു പോലെ പറഞ്ഞു. മയക്കു മരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതിൽ ഞങ്ങൾ കൃസ്ത്യാനികൾക്കും വലിയ പങ്കുണ്ട്. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ്, ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ പ്രതി ചേർക്കുന്നത് പല അജണ്ടകളുടേയും ഭാഗമാണ്. അത് നമ്മൾ തിരിച്ചറിയണമെന്നും സമുദായത്തെ അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. വിവാദ പരാമർശത്തിൽ കൃത്യമായ സർക്കാരിൻ്റെ ഇടപെടൽ അനിവാര്യമായിരുന്നു എന്ന ആവശ്യത്തെ സാധൂകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന.മുതലെടുപ്പു രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ മാത്രമായിരുന്നു ഈ ഇടപെടൽ എന്ന ആക്ഷേപമുയർന്നേക്കാമെങ്കിലും അത് സ്വാഗതാർഹമാണ്.വെള്ളത്തിന് പകരം കനൽക്കട്ടയിൽ ഇന്ധനമൊഴിക്കാൻ കാത്തു നിൽക്കുന്നവർക്കുള്ള താക്കീതും കൂടിയാകണം അത്.