തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്
കോണ്‍ക്രീറ്റുകാടുകളില്‍ വികസനത്തിന്റെ എടുപ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനേക്കാള്‍ പത്തിരട്ടി വെല്ലുവിളി നേരിടേണ്ടി വരും, മണ്ണില്‍ വിത്തെറിഞ്ഞ് ജീവിതത്തിന്റെ പച്ചപ്പ് തൊടുന്ന ദേശത്തിന്റെ പ്രതീക്ഷകളെ ഇന്നത്തെ കാലത്ത് യാഥാര്‍ത്ഥ്യമാക്കാന്‍. നന്നമ്പ്ര എന്ന കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മണ്ണ് തങ്ങളുടെ പ്രതിനിധിക്കായി കാത്തു വച്ചിരുന്നത് ഈയൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, നിസ്വാര്‍ത്ഥ സേവനത്തിലൂടെ നന്നമ്പ്രയുടെ ജനസേവകനായി മുമ്പേ നടന്ന മുസ്ലിം ലീഗ് കാരണവര്‍ പനയത്തില്‍ സൈതാലിഹാജിയുടെ മകന് ആ വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തന്നെയായിരുന്നു നിയോഗം. ചെറുപ്പത്തിലേ തുടങ്ങിയ പ്രവാസത്തില്‍ നിന്ന് പിറന്ന മണ്ണിലേക്കു ജീവിതത്തെ പറിച്ചു നടുമ്പോള്‍ പണ്ടേനെഞ്ചേറ്റിയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നെങ്കിലും, ഇലക്ഷനും പ്രതിനിധാനവുമൊന്നും മുസ്തഫയുടെ മനസ്സിലുണ്ടായിരുന്നില്ല. മത്സരിക്കേണ്ടി വന്നു എന്നാണ് അതേക്കുറിച്ച് മുസ്തഫയുടെ ഭാഷ്യം. പിന്നീട് നന്നമ്പ്ര പഞ്ചായത്തിന്റെ അമരക്കാരനിലേക്ക്.
ചെറുപ്പത്തിലെ പ്രവാസം തിരഞ്ഞെടുക്കുകയും ഖത്തറില്‍ സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്ത മുസ്ഥഫ അധികാര രാഷ്ടീയത്തില്‍ നിന്ന് മാറി നിന്ന് നാടിന്റെ പൊതു വിഷയങ്ങളില്‍ സജീവ മുഖമായിരുന്നു എന്നതും വിജയം എളുപ്പമാക്കി. വിവിധരാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ അനുഭവസസമ്പത്ത് നാടിന്റെ നന്മക്കും വികസനത്തിനും ഉപയോഗപ്പെടുത്തണമെന്ന ചിന്തയില്‍ നിന്നാണ് നന്നമ്പ്രയില്‍ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധിച്ചത്.
വര്‍ഷങ്ങളോളം ഇലക്ട്രോണിക്‌സ് മൊബൈല്‍ ബിസിനസ് ചെയ്യുന്ന അദ്ദേഹത്തോട് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ ഇലക്ഷന്‍ സമയത്താണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ നാട്ടിലെത്തിയപ്പോഴാണ് പാര്‍ട്ടിയും നാട്ടുകാരും സ്ഥാനാര്‍ത്ഥിയാവാന്‍ ആവശ്യപ്പെട്ടതും 13ാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തതും.
ജയിച്ചയുടന്‍ തന്നെ നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്ന വെള്ളിയാമ്പുറം കുന്നുംപുറം റോഡില്‍ വെള്ളംകെട്ടി നില്‍ക്കുന്നത് മൂലം യാത്രക്കാര്‍ അനുഭവിച്ചിരുന്ന പ്രശ്‌നത്തിന് ജങഏടഥ ഫണ്ടില്‍ നിന്ന് 84 ലക്ഷം രൂപ ചിലവഴിച്ച് ശാശ്വത പരിഹാരം കാണാനുള്ള ദൗത്യമാണ് ഏറ്റെടുത്തത്. ദീര്‍ഘനാളത്തെ പ്രദേശത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ഇന്ന് മുസ്തഫയുടെ മുഖത്ത്.
പൂര്‍ണ്ണമായും ഒരു കാര്‍ഷിക പ്രദേശമായ നന്നമ്പ്രയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ളം ക്ഷാമമാണ്. നിലവിലെ ഭരണ സമിതിയുടെ നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം അതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള അവസാനഘട്ടത്തിലാണിപ്പോള്‍. മോര്യ കാപ്പ് ഭാഗത്ത് കിണര്‍ കുഴിച്ച് പരീക്ഷണം നടത്തിയെങ്കിലും പരിസര ഭാഗങ്ങളില്‍ വെള്ളംകുറയുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതുപേക്ഷിക്കുകയും പഞ്ചായത്ത് മുഴുവനായും നടപ്പാക്കാന്‍ കഴിയുന്ന സമഗ്ര കുടിവെള്ള പദ്ധതി എന്ന ആശയവുമായി മുന്നോട്ടു പോകുകയുമായിരുന്നു. ചര്‍ച്ചകള്‍ക്കും സര്‍വ്വേകള്‍ക്കും ശേഷം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കടലുണ്ടി പുഴയിലെ ബാക്കികയം റെഗുലേറ്റര്‍ പദ്ധതിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുമെന്നറിഞ്ഞതോടെ ഫില്‍റ്ററിംഗിനും ടാങ്കിനും ആവശ്യമായ 70 സെന്റ് സ്ഥലം കണ്ടെത്തുകയും അതിനാവശ്യമായ ഫണ്ടുകള്‍ വകയിരുത്താന്‍ കഴിഞ്ഞതിലൂടെ നാട്ടുകാരുടെ വലിയൊരാവശ്യത്തിന് തുടക്കം കുറിക്കാന്‍ ഈ ഭരണസമിതിക്ക് സാധിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നുയെന്ന് പ്രസിഡന്റ് മുസ്ഥഫ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വെള്ളമെത്തിക്കാന്‍ കഴിയുന്ന ഈ മെഗാ പ്രൊജക്ടിന് 50 കോടി രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പുറമെ പാറയില്‍ തടയണയുടെ പണി പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ കര്‍ഷകര്‍ അനുഭവിക്കുന്ന വെള്ളക്ഷാമത്തിന് അറുതിവരുത്താനാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തരിശു നിലങ്ങള്‍ നെല്‍മണികള്‍ വിളയുന്ന പുഞ്ചപ്പാടങ്ങളാക്കി മാറ്റിയ പഞ്ചായത്ത് കൂടിയാണ്, നന്നമ്പ്ര. 850 ഏക്കറോളം ഭൂമിയാണ് ഇന്ന് കൃഷിനടക്കുന്നത്. നന്മറൈസ് എന്നപേരില്‍ സ്വന്തം ബ്രാന്‍ഡ് തന്നെ ഈ പഞ്ചായത്തിനുണ്ട്. 35 ഏക്കറോളം ജൈവ നെല്‍കൃഷി രക്തശാലി, നവര എന്നീ ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്. പരമ്പരാഗത കര്‍ഷകരോടൊപ്പം പുതുതായി യുവ കര്‍ഷകര്‍ കൂടി കാര്‍ഷിക മേഖലയിലേക്ക് വരുന്ന നന്നമ്പ്രയില്‍ കര്‍ഷകര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങളും ആദരങ്ങളും ഭരണസമിതി നല്‍കി വരുന്നു.
എല്ലാ വീടുകളിലും അടുക്കളതോട്ടം എന്ന പഞ്ചായത്തിന്റെ പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ കുടുംബിനികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും മുസ്ഥഫ പറഞ്ഞു.
അര നൂറ്റാണ്ട് കാലത്തോളമായി കാട് മൂടി കിടക്കുന്ന കുണ്ടൂര്‍ തോട് 5 കിലോമീറ്റര്‍ നീളത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാവുന്നതോടെ ഏറെ നാളത്തെ ജനകീയ ആവശ്യത്തിന് പരിഹാരമാകും. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സര്‍വ്വേ പൂര്‍ത്തിയാക്കി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കുകയും 50 ലക്ഷം രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ എന്ന കമ്പനിയുടെ സഹായത്തോടെ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. മൂലക്കല്‍ മുതല്‍ ബെഞ്ചാലി വരെയുള്ള തോടിനിരുവശവും ഭിത്തി നിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 15 കോടിയുടെ അംഗീകാരം ലഭിക്കുകയും ടെണ്ടര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. സ്ഥലം എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നിരന്തര ശ്രമം നന്നമ്പ്ര പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎച്ച്‌സി സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാമിലി ഹെല്‍ത്ത് സെന്ററാക്കി (എഫ് എച്ച് സി) ഉയര്‍ത്താന്‍ സാധിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടടക്കം ഒരു കോടി രൂപ ചിലവഴിച്ച് കൊടിഞ്ഞിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ ആതുരാലയം ഇന്ന് നിരവധി രോഗികളുടെ ആശാ കേന്ദ്രമാണ്. ഉച്ച വരെ പ്രവര്‍ത്തിച്ചിരുന്ന ഒപി വിഭാഗം വൈകുന്നേരം വരെയാക്കുകയും ആവശ്യമായ ജീവനക്കാരെയും ലാബ് സൗകര്യങ്ങളും ഒരുക്കാന്‍ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുകയും ചെയ്തു. പുറമെ ചെറുപ്പാറ സബ്‌സെന്ററിന് മനോഹരമായ പുതിയൊരു കെട്ടിടം നിര്‍മ്മിക്കാനും സാധിച്ചു.
എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ശൗചാലയം, മിടുക്കരായ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, പഠന മുറികള്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റീല്‍ ബോട്ടില്‍ എന്നിവയും നല്‍കി നന്നമ്പ്രയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
100 ശതമാനം നികുതി പിരിച്ചെടുക്കാന്‍ സാധിച്ചതിന് 2 തവണ സര്‍ക്കാറില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചിട്ടുണ്ട്. പദ്ധതി നൂറ് ശതമാനം ചിലവഴിച്ചതിന് മുഖ്യമന്ത്രിയുടെ അംഗീകാരവും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച പഞ്ചായത്തായതിനാല്‍ ഹരിത അവാര്‍ഡും പൊന്‍തൂവലാണ്. ഇതിനു പുറമെ പഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നതിനുള്ള സൗകര്യവും ചെയ്യാന്‍ കഴിഞ്ഞു.
പഞ്ചായത്തിന്റെ മുഴുവന്‍ മുക്കുമൂലകളിലും സ്ട്രീറ്റ് ലൈറ്റും 4 പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറയും, പുറമെ മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാന്‍ കഴിഞ്ഞതിലൂടെ പഞ്ചായത്തിനെ പ്രകാശ പൂരിതമാക്കാന്‍ സാധിച്ചിട്ടുണ്ട്.
ദുരിതമനുഭവിച്ചിരുന്ന കോളനി നിവാസികള്‍ക്ക് ആശ്വാസമേകി തിരുത്തിയിലെ ലക്ഷം വീട് കോളനിയിലുള്ള ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കാന്‍ ഇതിനകം അനുമതി കിട്ടിയിട്ടുണ്ട്. കോവിഡ് കാരണം നിറുത്തി വെച്ച ഈ ഭവനങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
തീരാദുരിതമായിരുന്ന തെയ്യാല അങ്ങാടിയിലെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങള്‍ പഞ്ചായത്തിന്റെ ഇടപെടലിന്റെ ഫലമായി എംഎല്‍എയുടെ ഒരു കോടി രൂപ ചിലവഴിച്ച് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതു പോലെ പാണ്ടി മുറ്റം ഡ്രൈനേജും യാഥാര്‍ത്ഥ്യമാക്കി.
യുവജന കൂട്ടായ്മകളെയും, വിദ്യാര്‍ത്ഥികളെയും കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍, വയോജനങ്ങള്‍ക്ക് 400 ഓളം കട്ടില്‍ തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന ഒരു ജനത എവിടെയും എക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്ന ആ നന്‍മ നിറഞ്ഞ സ്‌നേഹത്തിന്റെ പിന്തുണയാണ് തന്റെ ലക്ഷ്യങ്ങളെ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതെന്നും മുസ്ഥഫ പറയുന്നു.