അഭിമുഖം: അഡ്വ. എന്‍.ശംസുദ്ധീന്‍ എം.എല്‍.എ / മുഖ്താര്‍ പുതുപ്പറമ്പ്
തെരഞ്ഞെടുപ്പു കാലത്തും പാർട്ടിയുടെ മഹാ സമ്മേളനങ്ങളിലും പങ്കെടുക്കാൻ ഇബ്രാഹിം സുലൈമാൻ സേട്ടുവും, ജി എം ബനാത്ത് വാലയും കേരളത്തിയിരുന്ന കാലത്ത് പാർട്ടി നേതൃത്വത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്, ദേശീയ രാഷ്ട്രീയത്തെ ആഴത്തിലുൾവഹിക്കുന്ന ആ പ്രസംഗങ്ങളെ അവയുടെ പരിപൂർണ്ണതയോടെ അണികളിലെത്തിക്കാൻ പ്രാപ്തിയുള്ള പരിഭാഷകനെ കണ്ടെത്തുക എന്നതായിരുന്നു.
ഭാഷ കൊണ്ടു മാത്രം പരിഭാഷപ്പെടുത്താവുന്നവയായിരുന്നില്ല, ആ പ്രസംഗങ്ങൾ.
ആഴത്തിലുള്ള രാഷ്ട്രീയ പാഠങ്ങൾ ഗ്രഹിച്ചവർക്കു മാത്രം ഉൾക്കൊള്ളാനും പകർത്താനും കഴിയുന്ന ഉജ്ജ്വലമായ നിരവധി തലങ്ങളുണ്ടായിരുന്നു അവയ്ക്ക്.
ഒരിക്കൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മലപ്പുറം ജില്ലയിൽ ബനാത്ത് വാല എത്തിയപ്പോൾ പരിഭാഷകനായി ചുമതല ഏൽപിക്കപ്പെട്ട റഹീം മേച്ചേരി ഗതാഗതക്കുരുക്കിൽ പെട്ടു.
ബനാത്ത് വാല വേദിയിലെത്തിയിട്ടും പരിഭാഷകനെത്തിയില്ല. നേതാക്കളുടെ കണ്ണുകൾ ചെന്നു നിന്നത് ശംസുദ്ദീൻ എന്ന എം എസ് എഫ് നേതാവായ ചെറുപ്പക്കാരനിൽ.അന്ന് ശരിക്കും പരിഭ്രമിച്ചു പോയെന്ന് ശംസുദ്ദീൻ പറയുന്നു. പരിഭാഷകൻ്റെ ശരീരഭാഷ ശ്രദ്ധിക്കുന്ന ശീലമുണ്ട് ബനാത്ത് വാലയ്ക്ക്. അന്നാദ്യമായി കേരളം ബനാത്ത് വാലയുടെ പ്രസംഗം അതേ ആഴത്തിലും ധ്വനിയിലും തങ്ങളുടെ ഭാഷയിൽ കേട്ടു. അതൊരു തുടക്കമായിരുന്നു.
96,97,99 വർഷങ്ങളിൽ തുടർച്ചയായി ലോകസഭാ തെരഞ്ഞെടുപ്പുകൾ. ഗുജ്റാളും, ദേവഗൗഡയും, വാജ്പേയിയും പ്രധാനമന്ത്രിക്കസേരയിൽ കയറി ഇറങ്ങിപ്പോയ അനിശ്ചിതത്തിൻ്റെ ആ നാളുകളിൽ 4 വർഷത്തിനിടെ മൂന്നു തെരഞ്ഞെടുപ്പുകൾ. നേതാക്കൾക്ക് തുടർച്ചയായി കേരളത്തിലെത്തേണ്ടി വന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് പരിഭാഷകനായി പറന്നു നടന്ന നാളുകൾ. ചെറുതും വലുതുമായ രണ്ടായിരത്തോളം പ്രസംഗങ്ങളാണ് ഈ വിദ്യാർത്ഥി നേതാവ് അക്കാലത്ത് മൊഴിമാറ്റിയത്.
ഇബ്രാഹിം സുലൈമാൻ സേട്ട്, ഫറൂഖ് അബ്ദുല്ല, അർജുൻ സിംഗ്, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ, അറബ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന അതിഥികൾ എന്നിങ്ങനെ മലയാളത്തെ തൊട്ട അന്യഭാഷകളയത്രയും മലയാളത്തിലേക്കു മൊഴി മാറ്റാനുള്ള നിയോഗവും ശംസുദ്ദീനായിരുന്നു.
അതൊരു വലിയ രാഷ്ട്രീയ പാഠശാലയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയത്തെ, അതിൻ്റെ ദേശീയവും അന്തർദേശീയവുമായ അടരുകളിൽ വായിച്ചെടുക്കാനായത് ആ മഹാരഥൻമാരുടെ നിഴലായി പിന്തുടരാൻ ഭാഗ്യം ലഭിച്ച നാളുകളിലാണ്.അതിൻ്റെ കരുത്തിലാണ് ഞാനെന്നിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തി എടുത്തത്. പത്താമത്തെ വയസ്സിൽ തന്നെ രൂപപ്പെട്ടു തുടങ്ങുന്നുണ്ട് ശംസുദ്ദീനിലെ ഹരിത രാഷ്ട്രീയം. 5,7, ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ക്ളാസ് ലീഡറായ എം എസ് എഫ് പ്രവർത്തകൻ ഒമ്പതാം ക്ലാസിലെത്തിയപ്പോൾ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെടുന്നു.ആ പ്രായത്തിൽ പാർട്ടി നേതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കിട്ടിയ അഭിനന്ദനങ്ങൾ വലിയ അംഗീകാരവും പ്രചോദനവുമായി.
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം നാടകവും ഒപ്പനയുമുൾപ്പെടെ കലാരംഗത്തും മികവു തെളിയിച്ചിരുന്ന എം എസ് എഫ് നേതാവിനെ കാമ്പസിലും കാത്ത് നിന്നത് ത്രസിപ്പിക്കുന്ന നേട്ടങ്ങളായിരുന്നു.
പ്രീ ഡിഗ്രി ഡിഗ്രി പഠന കാലത്ത് യൂനിവേഴ്സിറ്റി യൂനിയൻ കൗണ്‍സിലറായിരുന്ന ശംസുദ്ദീൻ പിഎസ്എംഒ കോളജിലെത്തിയപ്പോൾ എസ്എഫ്ഐയുടെ കുത്തകയായിരുന്ന കാമ്പസ് പിടിച്ചെടുത്ത് എം എസ് എ ഫിൻ്റെ പതാക നാട്ടി.അന്നോളം റണ്ണേഴ്സ് അപ്പിനുള്ള കപ്പ് കൊണ്ട് തൃപ്തിപ്പെട്ടു പോന്ന കാമ്പസിന് ഇൻ്റർസോൺ മൽസരത്തിൽ ഇരട്ടക്കിരീടം നേടിക്കൊടുത്തു.
ചെല്ലുന്നിടത്തെല്ലാം മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച് തൻ്റെ അടയാളം തിളക്കങ്ങളോടെ മുദ്രപ്പെടുത്തുന്ന ഈ യുവ അഭിഭാഷകൻ കഴിഞ്ഞ പത്ത് വർഷം കൊണ്ട് തൻ്റെ മണ്ഡലത്തിലും കൈയ്യൊപ്പ് ചാർത്തിയത് വിസ്മയിപ്പിക്കുന്ന വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ്.
വിദ്യാർത്ഥിയായിരിക്കെ യൂനിവേഴ്സിറ്റി സെനറ്റർ എന്ന നിലയിൽ വിദ്യാർത്ഥികളുടെ പരീക്ഷാ അപേക്ഷാ ഫോം അറ്റസ്റ്റ് ചെയ്തു കൊടുക്കാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ അനുഭവിച്ചതു പോലൊരു സന്തോഷമാണ്,ഏറ്റെടുത്ത പദ്ധതികൾ മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിച്ചപ്പോൾ അനുഭവിച്ചതെന്ന് ശംസുദ്ദീൻ പറയുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ മണ്ണാർക്കാട് കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ എം എൽ എ ഫണ്ട് വിനിയോഗിച്ചതിനുള്ള അംഗീകാരം നേടിയ എംഎല്‍എ യെ തേടി ഏറ്റവും ഒടുവിൽ എത്തിയത് മികച്ച നിയമസഭാ സാമാജികനുള്ള ശ്രേഷ്ഠ സാമാജിക കെ കെ നായർ പുരസ്കാരമാണ്.
മണ്ഡലം തിരിച്ചുപിടിക്കുക എന്ന നിയോഗവുമായി പാർട്ടി അദ്ദേഹത്തെ മണ്ണാർക്കാട്ടേക്ക് അയച്ചപ്പോൾ മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രംതന്നെ തിരുത്തി എഴുതാനുള്ള അവസരമായാണ് അദ്ദേഹം കണ്ടത്.
2016ൽ രണ്ടാമങ്കം ജയിച്ചത് മണ്ഡലമന്നോളം ആർക്കും നൽകാത്ത ഭൂരിപക്ഷത്തോടെ.
ഒന്നാം ഘട്ടത്തിൽ നടത്തിയ അഭൂതപൂർവ്വമായ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നാട് നൽകിയ അംഗീകാരമായിരുന്നു, അത്.
മണ്ണാർക്കാട് നഗരത്തെ പടിഞ്ഞാറൻ മേഖലയുമായാബന്ധിപ്പിക്കുന്ന കുന്തിപ്പുഴ പാലവും, രാജ്യത്തെ ആദ്യത്തെ പൗൾട്രി മാനേജ്മെൻ്റ് സയൻസ് കോളജും ഏറെ ആഹ്ലാദം പകർന്ന നേട്ടങ്ങളായി എം എൽ എ പറഞ്ഞു.നിരവധി കുടിവെള്ള പദ്ധതികൾ, പാലങ്ങൾ, ഹൈടെക് റോഡുകൾ, കാർഷിക മേഖലയിലും, വിദ്യാഭ്യാസ രംഗത്തും വരുത്തിയ വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾ, ആദിവാസികളുടെ ഉന്നമനത്തിനായി നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇങ്ങനെ നിരവധി നേട്ടങ്ങളാണ് ശംസുദ്ദീൻ എംഎല്‍എ ഒരു പതിറ്റാണ്ടിനിടെ മണ്ണാർക്കാട് സാദ്ധ്യമാക്കിയത്.
സ്വന്തം മണ്ണായ തിരൂരിൽ പാർട്ടി നിയോഗിക്കുമെന്നു കേൾക്കുന്നുണ്ടല്ലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് നേതൃത്വം തീരുമാനിക്കും ഞാനെൻ്റെ കടമകൾ നിർവ്വഹിക്കും എന്നു പുഞ്ചിരിയോടെ,
ആത്മവിശ്വാസത്തോടെ അദ്ദേഹത്തിൻ്റെ ഉത്തരം