മുതലമടയിലെ മാമ്പഴ വിശേഷങ്ങൾ…

കെ.എം ശാഫി:


പാലക്കാടൻ ഗ്രാമങ്ങളിലൂടെയുള്ള പകൽ യാത്രക്കും, കാഴ്ചകൾക്കും എന്നും പത്തരമാറ്റഴകാണ്. ഇരുണ്ട പാതകളുടെ ഇരുപാർശ്വങ്ങളിലും ഹരിതകാന്തി പടർത്തി നീണ്ടു നിവർന്നു കിടക്കുന്ന നെൽവയലുകൾ, ഇടക്കെന്നോണം ഗഗനനീലിമയിലേക്ക് നിവർന്നു നിൽക്കുന്ന കരിമ്പനകൾ, പൊള്ളുന്ന ചൂടിലും പന്തല് കെട്ടിയ തെങ്ങിൻ തോപ്പുകൾ,എന്തോ വല്ലാത്തൊരു ആത്മനിർവൃതിയാണീ ദൃശ്യങ്ങൾക്ക്.ഗ്രാമക്കാഴ്ചകളുടെ നിറവസന്തത്തിലൂടെ ഒഴുകി നടക്കുമ്പോൾ മനസിന്റെ ചില്ലുജാലകങ്ങളിൽ പ്രകൃതിയോടുള്ള പ്രണയാക്ഷരങ്ങൾ കുടനിവർത്തും.

മുതലമടയിലെ മാന്തോപ്പുകളിലേക്കാണ് ഞങ്ങളുടെ യാത്ര.കേട്ടറിവിലൂടെയുള്ളൊരു സഞ്ചാരം യാഥാർഥ്യം തൊടാൻ നിമിഷങ്ങളുടെ വഴിദൂരം മാത്രം. മാമ്പഴകൃഷി ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയ ഷാജഹാൻക്ക മുമ്പിലൊരു ബൈക്കിൽ വഴികാട്ടിയായി കൂടെയുണ്ട്. പാലക്കാട് നിന്നും ചിറ്റൂർ -പൊള്ളാച്ചി റോഡിൽ ഏഴ് മൈൽ പിന്നിട്ടാൽ ഇടവും, വലവും മാന്തോപ്പുകളിലേക്കുള്ള ഇടുങ്ങിയ പാതകൾ കാണാം. ഗോവിന്ദാപുരം മുതൽ എലവഞ്ചേരി വരെ പരന്നു കിടക്കുന്ന പതിനായിരത്തോളം ഹെക്ടറിൽ മാമ്പഴകൃഷിയാണ്. മുതലമട, കൊല്ലംങ്കോട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂപ്രദേശം കേരളത്തിന്റെ മാങ്കോ സിറ്റി എന്നാണറിയപ്പെടുന്നത്. ഭൂവിസ്തൃതിയിൽ കേരളത്തിലെത്തന്നെ വലിയ പഞ്ചായത്തുകളിലൊന്നാണ് മുതലമട. ഇവിടെത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും നിത്യവൃത്തി നടത്തുന്നത് മാമ്പഴ ത്തോപ്പുകളിലെ വരുമാനം കൊണ്ടാണ്. സ്വന്തമായി തോട്ടമുള്ള കർഷകർ മുതൽ പാട്ടക്കർഷകരും തൊഴിലാളികളും കച്ചവടക്കാരും, എല്ലാം മാങ്ങയെ ചുറ്റിപ്പറ്റിയുള്ള അതിജീവനം.പേരുകേട്ട പാലക്കാടൻ ചൂടും, പാലക്കാടൻ കാറ്റുമാണ് ഈ ദേശത്തെ മാമ്പഴക്കൃഷിക്ക് അനുയോജ്യമാക്കിയതെന്ന് പഴമക്കാർ പറയുന്നു.

 ചുള്ളിയാർ ഡാമിലേക്കുള്ള വഴിയിൽനിന്ന് ഷാജഹാൻക്ക വലത്തോട്ട് തിരിഞ്ഞു. പിറകെ ഞങ്ങളുടെ കാറും,കറുപ്പിക്കാൻ ബോളർ പതിച്ചിട്ട ഇടുങ്ങിയ പാതക്കിരുവശങ്ങളിലും പൂവിട്ട് നിൽക്കുന്ന ചെറിയ മാവുകൾ, ചിലതിൽ മാമ്പൂവടർന്നു വീണ ഞെട്ടുകൾ കരിഞ്ഞുനിവർന്നു നിൽക്കുന്നു. ചുറ്റും പടർന്നു നിൽക്കുന്ന ഉയരമില്ലാത്ത മാവുകളിൽ കായ്ച്ചു നിൽക്കുന്ന മാമ്പഴങ്ങൾ കാണാനെന്തൊരു ചേല്. മുമ്പിലെ കമ്പിമുൾവേലിയുടെ കൊളുത്തടർത്തി ആറേക്കറുള്ള പുള്ളിക്കാരന്റെ പറമ്പിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. മുമ്പ് കണ്ടോ, സംസാരിച്ചോ പരിചയമില്ലാത്തൊരു മനുഷ്യൻ എത്ര വശ്യമായി പെരുമാറുന്നു എന്നാലോചിച്ചപ്പോൾ മനസ്സിലൊരു തണുപ്പ്. മുതലമടയുടെ വിവിധഭാഗങ്ങളിലായി മുപ്പത് ഏക്കറിൽ മാമ്പഴം കൃഷിചെയ്യുന്നുണ്ട് നാല്പത്തിയെട്ടുകാരനായ ഷാജഹാൻ. മാങ്ങാ കർഷകൻ തന്നെയായിരുന്ന പിതാവ് ഹനീഫാ റാവുത്തർ എട്ട് വർഷം മുമ്പ് മരണപ്പെട്ടു. കൂടപ്പിറപ്പുകളായ ഏഴ് സഹോദരങ്ങളും ഇതേ തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാമ്പഴ പ്രദർശനവും, വില്പനയും നടത്തി പരിചയമുള്ള കുടുംബമാണ് ഷാജഹാന്റേത്."ഇക്കുറി കായ് കുറവാണ്,ഫ്ളവറിങ്ങാകെ പിഞ്ചി പോവാ..,ഫ്ളവറിലെ ചാറൊക്കെ ഫംഗസ് കുടിക്കാണ്, ലിറ്ററിന് പതിനായിരം വെലള്ള മര്ന്നടിച്ചിട്ടും ഫ്ളവറിങ് പിഞ്ചായി പോവാണ് ".  മാമ്പഴ കർഷകർക്കിത് സങ്കടച്ചുവ കലർന്ന വർത്തമാനകാലം. കാലാവസ്ഥാ വ്യതിയാനവും, തേനടിയുമൊക്കെ ചേർന്ന് ഇവരെ കഷ്ടപ്പെടുത്തുകയാണത്രെ.

ഏഷ്യയിലെ മാമ്പഴ സീസണിന്റെ തുടക്കം മുതലമടയിൽനിന്നാണ്. നവംബർ മാസത്തിൽ തന്നെ ഇവിടത്തെ മാവുകളിൽ പൂവിട്ട് തുടങ്ങും. ജനുവരി മുതൽ മേയ് വരെ മുതലമടയിലെ മാന്തോപ്പുകളിൽ രാപ്പകൽ ഭേദമില്ലാതെ വിളവെടുപ്പ് കാലമാണ്. മൂന്ന് ഘട്ടങ്ങളായാണ് തോട്ടങ്ങളിൽ ക്രോപ്പിംഗ് നടക്കാറുള്ളത്. നൂറ്റിയിരുപതോളം ഇനം മാമ്പഴങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഹിമാ പസന്ത്‌, കലാപാടി, നീലം, മല്ലിക, സിന്ദൂരം, പയരി, മൽഗോവ, മൂവാണ്ടൻ, ബംഗാനപ്പള്ളി, ബഗ്ലോറ, അൽഫോൺസ അങ്ങിനെ ലോകമാർക്കറ്റിലേക്ക് കേരളത്തിന്റെ വടക്കൻ ജില്ലയുടെ ഒരു ചെറിയ ഭൂദേശം ഒരു സീസണിൽ കയറ്റിഅയക്കപ്പെടുന്നത് മുന്നൂറ് കോടിയുടെ മാമ്പഴങ്ങൾ. മാമ്പഴ മാർക്കറ്റിലെ പ്രിയങ്കരി അൽഫോൻസയാണ്. രുചിയൂറും തേൻകനി ഇന്ത്യൻ മാർക്കറ്റിൽ മാത്രമല്ല ഗൾഫ്, യൂറോപ്പ്യൻ മാർക്കറ്റിലും പേരു കേട്ടവൾ. മുതലമട മാന്തോപ്പുകളിൽനിന്ന് പാക്ക് ചെയ്തു വിടുന്ന “കാലാപ്പാടി ” ഇനം മാങ്ങ മാർക്കറ്റിലിറങ്ങുന്നത് അമേരിക്കയിലെ വാഷിങ് ടണിലാണ്. മുമ്പൊക്കെ ഇടനിലക്കാർ വഴിയായിരുന്നത്രെ ഇവിടനിന്നും വിദേശങ്ങളിലേക്ക് മാമ്പഴം കയറ്റി അയച്ചിരുന്നത്. ഇപ്പോൾ കർഷകർ തന്നെ നേരിട്ട് ദുബായ്, സിംഗപ്പൂർ, മലേഷ്യ, അമേരിക്ക വരെയുള്ള അന്യരാജ്യങ്ങളിലേക്ക് മാമ്പഴം പാക്ക് ചെയ്തു കയറ്റിവിടുന്നു. വിളവെടുപ്പിന് ശേഷം ഗ്രേഡിങ് നടത്തി ഏറ്റവും മുന്തിയ തരം മാത്രമാണ് വിദേശമാർക്കറ്റിലേക്ക് പോവുക, ഗ്രേഡിങ്ങിലെ രണ്ടാം തരക്കാരെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഇൻഡോർ എന്നീ മാർക്കറ്റുകളിലേക്ക് പറഞ്ഞു വിടും. മൂന്നാം തരം മാത്രമാണ് പ്രാദേശിക മാർക്കറ്റുകളിൽ നമ്മെത്തേടി വിരുന്നെത്തുന്നത് . കോഴിക്കോട് പാളയം മാർക്കറ്റിലെ മൂവാണ്ടനും, കുളിച്ചുണ്ടനുമൊക്കെ മാമ്പഴ ചന്തയിലെ വിലയും, നിലവാരവും കുറഞ്ഞവരെന്ന് സാരം.

തോട്ടത്തിലൂടെ ചുറ്റിനടന്ന് ഓരോ മാവുകളും അതിന്റെ വർഗനാമവും കൃഷിരീതിയുമൊക്കെ ഒരധ്യാപകനെപ്പോലെ ഞങ്ങളിലേക്ക് പകർന്ന് നൽകുകയാണ് ഷാജഹാൻക്ക. സഹയാത്രികൻ ശിഹാബിന്റെ ഇടയിൽ കയറുന്ന സംശയങ്ങൾക്ക് ദീർഘമായ മറുപടികൾ. അതിനിടയിൽ തോട്ടത്തിൽ കയറുന്ന പന്നികളെ ഓടിക്കാനുള്ള ഓലപ്പടക്കം ഒരു കയറിൽ കോർത്ത് മാവിൻ ചില്ലയിൽ തൂക്കിയിട്ടു. മരങ്ങൾക്ക് താഴെ പന്നി കടിച്ചിട്ട വലിയ മാമ്പഴങ്ങൾ നെടുവീർപ്പോടെ ഞങ്ങൾക്ക് കാണിച്ചു തന്നു. മക്കളെ പരിപാലിക്കുന്ന  പോലെ മാമ്പഴ മരങ്ങളെ ലാളിച്ചു വളർത്തുകയാണിവിടെ ഓരോ കർഷകരും. വെള്ളവും, വളവും, വെളിച്ചവും വേണ്ടരീതിയിൽ സേവിച്ചാൽ മാത്രം സ്നേഹം പതിന്മടങ്ങ് തിരികെ നൽകുന്നവരാണത്രെ ഈ മരങ്ങൾ. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന പഴമൊഴി കേട്ടിട്ടുണ്ട്, ഇവിടെ ചില മരങ്ങളിൽ മാമ്പഴം കായ്ച്ചു നിൽക്കുന്നത് തണ്ടുകളിൽ,താഴെ വേരിനോട് ചേർന്ന തടിയിൽ പോലും കുലകുലയായി കായ്‌ച്ചു ഭൂമിയിൽ കിടക്കുന്ന  മാങ്ങകൾ കാഴ്ച്ചക്കാരിൽ കൗതുകം നിറക്കും. നാളെയോ മറ്റന്നാളോ രണ്ടാംഘട്ട ക്രോപ്പിംഗ് തുടങ്ങാണ്, നിങ്ങളിന്ന് വന്നത് നന്നായി, ഇല്ലെങ്കിൽ ഇത്രേം കാണാനേ പറ്റില്ല. വയലറ്റ് നിറം കലർന്ന് സുന്ദരിയായി തൂങ്ങിക്കിടക്കുന്ന "സിന്ദൂരം" മാമ്പഴങ്ങളിലേക്ക് ചൂണ്ടി ഷാജഹാൻക്ക പറഞ്ഞു. ഒരേക്കറിൽ നാൽപ്പത് മുതൽ അമ്പത് മാവുകളേ പാടൊള്ളൂ. നന്നായി കാറ്റ് കടന്നുപോണം, എന്നാലേ വിളവ് വിചാരിച്ചപോലെയാവൂ. ഒരു മാമ്പഴക്കാലത്ത് ഒരു മരം മുന്നൂറ് മുതൽ നാന്നൂറ് കിലോ വരെ കായ്ഫലം നൽകും. മുതലമടയിൽനിന്ന് കയറ്റിവിടുന്ന മാമ്പഴങ്ങളിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് ഇവിടെന്നുള്ള മാങ്ങകൾക്ക് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തിയിരുന്നു. 


Tags: ,

Leave a Reply

Your email address will not be published. Required fields are marked *