വെളിച്ചം ഒരു തുടര്‍ച്ചയാണ്

സാമൂഹ്യ ജീവിതം ഉപ്പയുടേയും, രാഷ്ട്രീയ ജീവിതം എളാപ്പയുടേയും വിരൽ തുമ്പിൽ പിടിച്ചാണ് മുജീബ് ഹാജി പൊതുരംഗത്തിറങ്ങിയത്.
രണ്ടിടങ്ങളിലും ചുവടുകൾ ഭദ്രമാകുന്നത് അങ്ങനെയാണ്.
എളാപ്പ നെച്ചിയേങ്ങല്‍ കുഞ്ഞുവിന്‍റെ രാഷ്ട്രീയ വഴി പിന്തുടരുമ്പോൾ മുജീബ് ഹാജി പൊതു രംഗത്ത് ശോഭിക്കാനുള്ള ബാല പാഠങ്ങൾ ലഭിക്കുന്നത് ഉപ്പ ഹുസന്‍ കുട്ടി ഹാജിയുടെ സാമൂഹ്യ ജീവിതത്തിൽ നിന്നാണ്. നാട്ടുകാർക്ക് കാരണവരായിരുന്നു നെച്ചിയേങ്ങല്‍ മുജീബ് ഹാജിയുടെ പിതാവ്. പള്ളി പരിപാലന കമ്മിറ്റിയിലും മദ്രസ നടത്തിപ്പിലും നേതൃസ്ഥാനം വഹിച്ചയാൾ. നിലപാടിലെ നൻമ കൊണ്ട് മധ്യസ്ഥ വിഷയങ്ങളില്‍ നാട്ടിലെ അവസാനവാക്ക്.
റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിലും, ഉൾപ്രദേശങ്ങളിൽ കൂടി വൈദ്യുതി എത്തിക്കുന്നതിലും ഹുസൻ കുട്ടി ഹാജി ചാർത്തിയ കൈയ്യൊപ്പ് നാടിന്റെ ഓർമ്മപ്പുസ്തകത്തിലുണ്ട്.


എളാപ്പ നെച്ചിയേങ്ങല്‍ കുഞ്ഞു സാമൂഹിക മേഖലയോടൊപ്പം രാഷ്ട്രീയ രംഗത്തും നിറസാന്നിദ്ധ്യമായിരുന്നു. താനാളൂരും പരിസര പ്രദേശമായ അരീക്കാട് ഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമാണ്.പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി മെമ്പറായും ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം മത വിഷയങ്ങളില്‍ വളരെ നിഷ്കര്‍ശ സ്വഭാവക്കാരനുമായിരുന്നു.
പിതാവിന്റെ നേതൃത്വ മികവും എളാപ്പയിൽ നിന്നും ലഭിച്ച പാഠവും ഊര്‍ജ്ജവുമാണ് ഇപ്പോഴും പൊതു രംഗത്ത് മുജീബ് ഹാജിയെന്ന പൊതു പ്രവര്‍ത്തകനെ മുന്നോട്ട് നയിക്കുന്നത്.


അരീക്കാട്ട് സ്കൂളിലും വളവന്നൂര്‍ ബാഫഖി യതീംഖാന സ്കൂളിലും പഠനം പൂര്‍ത്തിയാക്കി തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എസ് എഫ് ഐ യുടെ യൂണിറ്റ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുടക്കം. ഡിവൈഎഫ്ഐ യുടെ അരീക്കാട് യൂണിറ്റ് സെക്രട്ടറിയും 18-ാം വയസ്സില്‍ സിപിഎം ബ്രാഞ്ച് മെമ്പറുമായി.1990 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്ന ശക്തമായ പോരാട്ടത്തില്‍ അഞ്ചാം വാര്‍ഡില്‍ നിന്ന് എളാപ്പയുടെ തെരഞ്ഞെടുപ്പ് പ്രചാരച്ചുമതല മുജീബ് ഹാജിക്കായിരുന്നു. ലീഗിന്‍റെ ഭൂരിപക്ഷ മേഖലയെ ആകെ ഇളക്കി മറിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം.

22-ാം വയസ്സിൽ തന്നെ താനാളൂര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ നിന്ന് അധികാര രാഷ്ട്രീയത്തിലേക്ക്. കന്നിയങ്കത്തില്‍ കാലിടറിയെങ്കിലും താനാളൂര്‍ പ്രദേശത്തെ പൊതു പ്രവര്‍ത്തന രംഗത്ത് മുജീബ് ഹാജി ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി മാറിയിരുന്നു. 5 വര്‍ഷം കഴിഞ്ഞ 2000 ല്‍ നടന്ന ഇലക്ഷനില്‍ വനിതാ വാര്‍ഡായി മാറിയപ്പോള്‍ ഉമ്മ നഫീസ ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കുകയും വിജയിപ്പിക്കുകയും ചെയ്തു.താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്‍റായി നഫീസ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ആ പ്രയത്നത്തിന്റെ പ്രതിഫലത്തിന് ആസ്വാദ്യതയേറി. താനാളൂരിന്‍റെ ചരിത്രത്തില്‍ നിരവധി വികസന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ ഭരണസമതിക്ക് സാധിച്ചിട്ടുണ്ട്.താനാളൂര്‍ പഞ്ചായത്തോഫീസിന് പുതിയ കെട്ടിടം ഉണ്ടാക്കാനും കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ജനകീയാരോഗ്യ പരിപാടി നടപ്പിലാക്കിയതും ടീച്ചറുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തിളങ്ങുന്ന നേട്ടങ്ങളിൽ ചിലതു മാത്രം. ജലനിധി പദ്ധതി ആരംഭിച്ചതും സംസ്ഥാനത്തിന് ആകെ മാതൃകയായ ഇഎംഎസ് ഭവന പദ്ധതിക്ക് തുടക്കം കുറിച്ചതും ഈ ഭരണ സമിതിയാണ്, ഈ മാതൃകയാണ് പിന്നീട് കേരളത്തില്‍ ആകെ നടപ്പിലാക്കിയത്.
2005 ലെ തെരഞ്ഞെടുപ്പില്‍ അരീക്കാട്ട് പ്രദേശത്ത് നിന്നുള്ള 3 വാര്‍ഡുകളില്‍ മുജീബ് ഹാജിയേയും നഫീസ ടീച്ചറെയും കൗസല്ല്യ ഗോവിന്ദനെയും തകര്‍പ്പന്‍ വിജയം എന്നു വിശേഷിപ്പിക്കാവുന്ന നേട്ടം നൽകിയാണ് നാട് ആഭരണ സമിതിക്കുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചത്.

അന്നത്തെ ഭരണ സമിതി സഖാവ് ഇ.ജയന്‍റെ നേതൃത്വത്തിൽ വികസനത്തിന്‍റെയും ഉന്നമനത്തിന്‍റെയും മാതൃകയാക്കാൻ യോഗ്യമായ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. അറിവകം വിദ്യാഭ്യാസം എന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനത്തിനവും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും താനാളൂരില്‍ തുടക്കം കുറിച്ചത് വേറിട്ട പ്രവര്‍ത്തനത്തിന്‍റെ മാതൃകയായി. നാടിന്‍റെ നിരവധി വിഷയങ്ങളില്‍ വികസനത്തിന്‍റെ കയ്യൊപ്പു ചാര്‍ത്തിയ സമിതി ഒരേക്കറിലധികം വരുന്ന ഭൂമിയില്‍ ഇഎംഎസ് സ്റ്റേഡിയം, പട്ടരുപറമ്പില്‍ ഇ.കെ നായനാര്‍ സ്റ്റേഡിയം, അരീക്കാട്ട് നിരപ്പ് പ്രദേശത്ത് മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടം എന്നിവയുൾപ്പെടെ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ സാധ്യമാക്കി. ഇ.ജയന്‍ പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിന്നീടുള്ള രണ്ടര വര്‍ഷം സി.പ്രഭാകരന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.


2010 ലെ ഇലക്ഷനില്‍ അരീക്കാട് ഭാഗത്ത് നിന്നുള്ള 3 ല്‍ 2 വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും ഭരണം നഷ്ടപ്പെട്ടു. പക്ഷെ , സൗഹാർദ്ദത്തിന് ഒരു വിലയും കൽപിക്കാതെ രാഷ്ട്രീയ എതിരാളികൾ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ നല്‍കിയ കേസുകള്‍ ഹൈക്കോടതി തള്ളിയതും, 2013 ല്‍ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിൽ നിന്ന് അധികാരം വീണ്ടെടുത്തതും പോരാട്ട വഴിയിലെ മറക്കാനാവാത്ത മുഹൂർത്തമായി മുജീബ് ഹാജിയുടെ നേട്ടപ്പട്ടികയിലുണ്ട്. സുജാത മാളിയേക്കല്‍ പ്രസിഡന്‍റും വെള്ളിയത്ത് റസാഖ് വൈസ് പ്രസിഡന്‍റുമായ ഭരണ സമിതിയായിരുന്നു അധികാരത്തിൽ വന്നത്. സ്നേഹമരുന്ന് വിതരണം എന്ന ആരോഗ്യ രംഗത്തെ വേറിട്ട പദ്ധതി സൗജന്യമായി ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിക്കൊണ്ടായിരുന്നു തുടക്കം. നിത്യരോഗികളായവര്‍ക്ക് മരുന്ന് എത്തിക്കുന്ന സംവിധാനമായിരുന്നു ഇതിലൂടെ ഒരുക്കിയത്.

2015 ലെ തെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം നല്‍കി ഇടതുമുന്നണിയെ താനാളൂരിലെ ജനത വീണ്ടും തെരഞ്ഞുടുക്കുകയുണ്ടായി. ആദ്യത്തെ രണ്ടരവര്‍ഷം വെള്ളിയത്ത് റസാഖ് പ്രസിഡന്‍റായി, പിന്നീട് സിപിഎം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോള്‍ മുജീബ് ഹാജിയെ പ്രസിഡന്‍റായി നിയമിച്ചു. നിലവിലെ സമിതിക്ക് നിരവധി വിഷയങ്ങള്‍ താനാളൂരില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുജീബ് ഹാജി സന്തോഷത്തോടെ പറയുന്നു.

കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യം ഒരുക്കിയ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് താനാളൂരിലേത്. പഞ്ചായത്തിന്‍റെ 30 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം പണിയുകയും താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 76ലക്ഷം രൂപ ചിലവഴിച്ച് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുകയും ,ബഹുജന പങ്കാളിത്തത്തോടെ മറ്റു ചിലവുകളിലേക്കുള്ള തുക സമാഹരിക്കുകയും ചെയ്തു. 18 പേർക്ക് ഇവിടെ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു.6 പുതിയ ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിന് എം.എല്‍എ യുടെ ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്ത് പുതിയ കാല്‍വെപ്പായി നിലവിലെ പിഎച്സി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ഫാമിലി ഹെല്‍ത്ത് സെന്‍ററാക്കി ഉയര്‍ത്തുകയും ചെയ്തു, അരക്കോടിയിലേറെ ഫണ്ട് ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ആതുരാലയത്തിൽ വൈകുന്നേരത്തെ ഒപിയടക്കം 5 ഡോക്ടര്‍മാര്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ 400 ഓളം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. മീനടത്തൂരും വട്ടത്താണിയും 2 സബ് സെന്‍ററുകള്‍ക്ക് കെട്ടിടം പണിയുകയും ഹോമിയോ ഡിസ്പന്‍സറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ചെയ്തു.പുതിയ ലാബ് സൗകര്യവും ഇതോടപ്പം സജ്ജീകരിച്ചിട്ടുണ്ട്.


പ്രായം ചെന്നവര്‍ക്ക് വിശ്രമിക്കാനും ഒത്തു ചേരാനും പകല്‍വീട് എന്ന പ്രൊജക്ടും പൂര്‍ത്തിയാക്കി. ഭിന്ന ശേഷിക്കാര്‍ക്ക് ബഡ്സ് സ്കൂളും സ്ഥാപിച്ചു. താനാളൂര്‍ ചുങ്കം – തലക്കടത്തൂര്‍ ബൈപ്പാസ് റോഡിന് ആദ്യഘട്ടമെന്നോണം 5 കോടി രൂപ താനൂര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുകമാറ്റി വെച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വികലാംഗര്‍ക്ക് പ്രത്യേക ക്യാമ്പ് (സിഡിഎംആര്‍പ്പി) എല്ലാ വെള്ളിയാഴ്ചകളിലും പഞ്ചായത്ത് ചിലവോട് കുടി നടത്തിവരുന്നു. തിരൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം നിരവധിപേര്‍ക്ക് ആശ്വാസമേകുന്ന ഈ പദ്ധതിക്ക് യൂണിസെഫിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി 1 മുതല്‍ 7-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ , ബ്ലോക്ക് ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ 10 അംഗനവാടികള്‍ക്ക് സ്വന്തമായി കെട്ടിടം, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്, പഞ്ചായത്തിലെ 5 സ്കൂളുകള്‍ക്ക് ശൗചാലയം നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ, കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, നിരവധി വ്യക്തികത ആനുകൂല്യങ്ങള്‍, അീക്കാട്, പകര, മൂല്ലക്കല്‍, കുണ്ടുങ്ങല്‍ എന്നീ കേന്ദ്രങ്ങളില്‍ ആയുര്‍വ്വേദ മൊബൈല്‍ ഡിസ്പന്‍സറി കേന്ദ്രങ്ങള്‍ എന്നിങ്ങനെ അനവധി വികസന/ക്ഷേമ പദ്ധതികൾ നടപ്പിലാക്കാന്‍ സാധിച്ചതിന്റെ കൃതാർത്ഥതയിലാണ് മുജീബ് ഹാജി. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പൊതു വിദ്യഭ്യാ‍സ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പൊതു വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറുകയാണ്. അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദേവധാര്‍ ഹൈസ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 7 കോടി രൂപ ചിലവില്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തീകരിച്ചു ഉദ്ഘാടനം കഴിഞ്ഞു.രണ്ടാം ഘട്ടം കെട്ടിടത്തിന്‍റെ പ്രവര്‍ത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.സ്റ്റേഡിയവും സ്വിമ്മിംഗ് പൂളുമടക്കം 30 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് റൂമുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റാനും സാധിച്ചു, പുറമെ എല്ലാ സ്കൂളുകളിലേക്കും ലാപ്പ്ടോപ്പ് എല്‍സിഡി പ്രൊജക്ടര്‍ എന്നിവര്‍ കൊടുക്കാനും സാധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തിലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാനും സാധിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളില്‍ 5 വീതം വാഴക്കന്നും പച്ചക്കറി വിത്തുകളും വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ കമ്മ്യൂണിറ്റ് കിച്ചണ്‍ ഫലപ്രദമായി നടത്താനും എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളികകളും ക്യാന്‍സര്‍ കിഡ്നി രോഗികള്‍ക്ക് ഒരു മാസത്തെ മരുന്ന് സൗജന്യമായി എത്തിക്കാനും സാധിച്ചിട്ടുണ്ട്. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടന്നുവരുന്നു.
ഈ ഭരണ സമിതിയുടെ കാലത്താണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറോളം വീടുകള്‍ക്ക് 4 ലക്ഷം രൂപ സഹായം നല്‍കി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നു. ഭൂരഹിതരും ഭവന രഹിതരുമായ ഇരുപതോളം പേര്‍ക്ക് 6 ലക്ഷം രൂപ കൊടുക്കുവാനും സാധിച്ചു.
പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷകള്‍ സ്വീകരിച്ചു അതിനുളള ശ്രമങ്ങളുമായി ഭരണസമിതി മുന്നോട്ട് പോവുകയാണ്. 2015 ല്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനമായിരുന്നു മുഴുവന്‍ റോഡുകളുടെയും നവീകരണം, അത് 95 ശതമാനം പൂര്‍ത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.


കേന്ദ്രഗവണ്‍മെന്‍റിന്‍റെ ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ അര്‍ബന്‍ മിഷന്‍റെ പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2 സെക്ടറില്‍ ഉള്‍പ്പെട്ടതാണ് താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍. ഇതുവഴി 30 കോടിരൂപയുടെ വികസനം നടപ്പില്‍ വരുത്താനുളള ഫണ്ടുകള്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ മൂന്നര കോടി രൂപ പഞ്ചായത്തിന് ലഭിച്ചു. ജലജീവന്‍ പദ്ധിതിയുമായി ലിങ്ക് ചെയ്ത് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തച്ചറമ്പ് കോളനിയില്‍ പുതിയ ടാങ്കിന്‍റെ പ്രവര്‍ത്തി ഉദ്ഘാടനം മന്ത്രി കെ.‍ടി ജലീല്‍ നിര്‍വ്വഹിച്ചു. എം,എല്‍,എ നടപ്പിലാക്കുന്ന 100 കോടിയുടെ കുടിവെളള പദ്ധതിയില്‍ നിന്നാണ് ഇതിലേക്കുള്ള വെള്ളമെത്തിക്കുന്നത്. പുറമെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് എംഎല്‍എ യുടെ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ട ചെറിയമുണ്ടം ചെനപ്പുറത്തെ ടാങ്കില്‍ നിന്നാണ് വെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതോടെ താനാളൂര്‍ പഞ്ചായത്തിലെ 5000 ത്തോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് അറുതിവരുത്താന്‍ സാധിക്കുമെന്ന് മുജീബ് ഹാജി പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതിശ്മശാനം, ടൗണ്‍ഷിപ്പ്, വ്യവസായ കേന്ദ്രം എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ടൗണ്‍ഷിപ്പിനുള്ള 78 സെന്‍റ് ഭൂമി പഞ്ചായത്തിന് സൗജന്യമായി നല്‍കിയത് കാവുംപുറത്ത് ആലിബാപ്പുഹാജിയുടെ മക്കളാണ്.

പുറമെ 4 കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന സോളാര്‍ യൂണിറ്റിന് ഒന്നരക്കോടി രൂപ, എല്ലാ റോഡിലും സ്ട്രീറ്റ് ലൈറ്റുകള്‍ കൃത്യമായി പ്രകാശിക്കാനായി സ്ട്രീറ്റ് മൈന്‍ സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപയും ഇതിനകം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.പഞ്ചായത്തിലെ 2 സ്റ്റേഡിയങ്ങള്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആധുനികവല്‍ക്കരിക്കാന്‍ അരക്കോടി ഇതിനകം മാറ്റിവെക്കാനും ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.


ശോഷിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്തിലെ ഏക തുണിനെയ്ത്ത് കേന്ദ്രത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ കെട്ടിടം പണിയുന്നതിന് 1 കോടി രൂപ മാറ്റിവെക്കാന്‍ കഴിഞ്ഞതും അഭിമാന നേട്ടം തന്നെയാണ്.
ഇങ്ങനെ നിരവധി വികസന വിപ്ലവങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ച ഭരണ സമിതിക്ക് അര്‍ഹതക്കുള്ള അംഗീകാരമെന്നോണം സര്‍ക്കാറില്‍ നിന്ന് 2 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് മുജീബ് ഹാജി സന്തോഷത്തോടെ പറഞ്ഞു.


കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മുജീബ് ഹാജിക്ക് ഉറച്ച പിന്തുണയുമായി നാട് എന്നും ഒപ്പമുണ്ടെന്നതാണ് കരുത്ത്. അവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനും അധികാരമില്ലെങ്കിലും എന്നും ഉണ്ടാകുമെന്ന് മുജീബ്ഹാജി പറയുന്നു. വഴിയില്ലാത്തവര്‍ക്കും വീടില്ലാത്തവര്‍ക്കും വേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും നിരവധി ആളുകള്‍ക്ക് ചികിത്സാ സഹായമടക്കമുളള കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം മുന്നിലുണ്ട്.
നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും കര്‍ഷക സംഘത്തിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റുമാണ് മുജീബ് ഹാജി. മകന്‍ ആദില്‍ പിതാവിന്‍റെ വഴിയേ രാഷ്ട്രീയത്തില്‍ സജീവമാണ്. ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പറുമാണ്.

വെളിച്ചം ഒരു തുടർച്ചയാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുന്നത് മുജീബ് ഹാജിയെപ്പോലുള്ള സാരഥികളുടെ സാന്നിദ്ധ്യത്തിലാണ്.
പിതാവിൽ നിന്ന്, എളാപ്പയിൽ നിന്ന് കൊളുത്തിയ പൈതൃക പാരമ്പര്യത്തിന്റെ വെളിച്ചം നാട്ടുകാർക്ക് പകർന്ന് നാടിന്‍റെ പ്രകാശമായി ജ്വലിക്കുകയാണ് അദ്ദേഹം.

1 Comment

  1. Nazer
    October 26, 2020 - 1:14 pm

    അരീക്കാടിന്റെ സ്വാകാര്യ അഹങ്കാരം മുജീബ് ഹാജി ഞങ്ങളുടെ ഒക്കെ മാതൃക പുരുഷൻ രാഷ്ട്രീയം ജന നന്മക്ക് ഉപയോഗിക്കാം എന്ന് അറീക്കാട്ടുകാർക്ക് കാണിച്ചു തന്ന അരീക്കാടിന്റെ സ്വന്തം ബോസ് രാഷ്ട്രീയത്തിനു അതീതമായി മനുഷ്യനെ സ്നേഹിച്ച ഞങ്ങളുടെ സ്വന്തം ഹാജിക്ക ⭐️
    ഇനിയും ഒരുപാട് നാടിനെ സേവിക്കാൻ ദൈവം തമ്പുരാൻ ആയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲🤲

    ഒരുപാട് ഇഷ്ടത്തോടെ
    നാസർ കുഞ്ഞുട്ടി കുനിയിൽ

    Reply

Leave a Reply

Your email address will not be published. Required fields are marked *