റിസാന്‍ ജി
മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധത ഒരു വ്യാജനിർമ്മിതിയാണെന്ന് തുറന്നു കാട്ടപ്പെടുകയാണ്, മോൻസനെന്ന തട്ടിപ്പുവീരൻ്റെ തോളിൽ കൈയ്യിട്ടു നടന്നവരുടെ പട്ടിക പുറത്തു വരുമ്പോൾ.
അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്നാണവസ്ഥ.
പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരെ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ സാമ്പത്തിക തട്ടിപ്പിനപ്പുറം ഏറെ ഗൗരവമാർന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിങ്ങും അവിഹിത ഇടപാടുകളും ഇയാളുടെ രഹസ്യ കേന്ദ്രത്തിൽ നടന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ.
വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞ് ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ചെന്നൈയില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ഷാജി ചെറായിൽ സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇന്നു നൽകിയ പരാതിയിലാണ് പുതിയ ആരോപണം.പുരാവസ്തു തട്ടിപ്പിൽ നേരത്തേ അറസ്റ്റിലായ മോൻസണിെൻറ ഡൽഹിയിലെ ‘ഫെമ’ കേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. ഫെമ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം വേണമെന്ന് മോൻസൺ പരാതിക്കാരനായ അനൂപിനോട് ആവശ്യപ്പെടുകയും സുധാകരൻ്റെ സാന്നിദ്ധ്യത്തിൽ പാർലമെൻറിെൻറ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും അതിനാണ് അടിയന്തരമായി പണം വേണ്ടതെന്നും എം.പിയോട് നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്താമെന്നും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ 2018 ഡിസംബർ 22ന് കലൂരിലെ വീട്ടിലെത്തി 25 ലക്ഷം മോൻസന് കൈമാറി എന്ന് പരാതിയിൽ പറയുന്നു.
മോൻസണിെൻറ പുരാവസ്തു ശേഖരമുള്ള കലൂർ ആസാദ് റോഡിലെ വീട്ടിൽ സുധാകരൻ പലപ്പോഴും വന്നുപോയിട്ടുണ്ടെന്നും ചികിത്സക്കായി 10 ദിവസം തങ്ങിയെന്നും പരാതിക്കാരുടെ മൊഴിയിൽ പറയുന്നു. മോൻസൺ കോസ്മറ്റോളജിസ്റ്റാണെന്ന പേരിൽ സുധാകരനെ ചികിത്സിച്ചതായും പരാതിയിലുണ്ട്. മോൻസനും സുധാകരനുമൊത്തുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പണം തിരികെ നൽകാനുള്ള കാലതാമസം ചോദിക്കുമ്പോൾ ഉന്നതരൊത്തുള്ള ഫോട്ടോകളാണ് മോൻസൺ കാണിക്കാറുള്ളതേത്ര. എറണാകുളം എം.പി ഹൈബി ഈഡൻ, ഐ.ജി ശ്രീലേഖ, കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് ലാലി വിൻസൻറ്, മുൻ മന്ത്രി മോൻസ് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരെല്ലാം മോൻസെൻറ വീട്ടിലെ സന്ദർശകരായിരുന്നുവെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമായതാണെന്ന് പരാതിക്കാർ പറയുന്നു.
തട്ടിപ്പിന് അറസ്റ്റിലായ മോൺസണെ ഡോക്ടറെന്ന നിലയിലാണ് പരിചയമുള്ളതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറെന്ന നിലയിൽ അഞ്ചോ ആറോ തവണ മോൺസന്‍റെ വീട്ടിൽ പോയിട്ടുണ്ടെന്നും അവിടെ സംശയത്തിനിടയുള്ള ഒന്നും അന്ന് തോന്നിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിറകിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഒാഫീസും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സുധാകരൻ പറഞ്ഞു. തന്‍റെ സാന്നിധ്യത്തിൽ പണം കൈമാറിയെന്ന് പറയുന്ന പരാതിക്കാരനെ കണ്ടതായി പോലും ഒാർക്കുന്നില്ല. അതേസമയം, ആ പരാതിക്കാരനെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് നിരവധി തവണ ബന്ധപ്പെട്ടായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫീസിന് ഇതിൽ പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നും സുധാകരൻ ചോദിച്ചു.
തന്നെ വേട്ടയാടുന്ന കറുത്ത ശക്തികൾ ഈ ആരോപണത്തിന് പിറകിലുമുണ്ട്. ചികിത്സാവശ്യാർഥമാണ് മോൺസന്‍റെ വീട്ടിൽ പോയത്. അവിടെ നിരവധി ഉദ്യോഗസ്ഥരും പ്രമുഖരുമൊക്കെ ഉണ്ടാവാറുണ്ട്. വിലകൂടിയ കാറുകളും വിലമതിക്കാനാകാത്ത പുരാവസ്തുക്കളുമൊക്കെ ഉണ്ടായിരുന്ന ആ വീട്ടിൽ എന്തെങ്കിലും സംശയിക്കാനുണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പുരാവസ്തുക്കളുടെ ഇടപാടിൽ നിരവധി കോടികൾ കിട്ടാനുണ്ടെന്ന് പറഞ്ഞ് പലരിൽനിന്നായി കോടികൾ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിനെ ശനിയാഴ്ചയാണ് കൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങളും ബന്ധങ്ങളും കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റസൂൽ മണൽ കുഴച്ച് നിർമ്മിച്ച വിളക്കും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് കിട്ടിയ വെള്ളിക്കാശും, മോശയുടെ അംശവടിയും, കൃഷ്ണൻ വെണ്ണ എടുക്കുമ്പോൾ വീണു പൊട്ടാതിരിക്കാൻ യശോദ ഉപയോഗിച്ച തടിക്കലവും ടിപ്പുവിൻ്റെ സിംഹാസനവും ശിവജിയുടെ വാളുമൊക്കെ തൻ്റെ ശേഖരത്തിലുണ്ടെന്ന് ഇയാൾ പറഞ്ഞപ്പോൾ അതത്രയും കണ്ണടച്ച് വിശ്വസിച്ചത് സാധാരണക്കാരായിരുന്നില്ല.
കേരളത്തിന്‍റെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, സിനിമ, കലാരംഗത്തെ പ്രമുഖരായിരുന്നു.
ടിപ്പു സുൽത്താന്‍റെ സിംഹാസനമാണെന്ന വിശ്വാസത്തിൽ കസേരയിലിരുന്ന് കാമറയെ നോക്കിയവരിൽ പൊലീസിലെ ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരുമെല്ലാമുണ്ട്.
പുരാതന വസ്തുക്കളുടെ പേരിൽ ഒരു പക്ഷേ, രാജ്യത്ത് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ തട്ടിപ്പിൻ്റെ നായകൻ വിരിച്ച വലയിൽ ഇനി ഏതെല്ലാം പ്രമുഖ ‘വ്യക്തിത്വങ്ങൾ’ കുടുങ്ങിയിട്ടുണ്ടാകാം എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്,
‘പ്രബുദ്ധ’ കേരളം.