രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് എഡിഷന്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. കോട്ടയം, തൃശൂര്‍ എഡിഷനുകളും പ്രസിദ്ധീകരണം നിര്‍ത്തിയിട്ടുണ്ട്. മെയ് അവസാനത്തോടെയാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ മൂന്ന് എഡിഷനുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഒഴികെയുള്ളവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കുലേഷന്‍, പരസ്യ വിഭാഗങ്ങളിലെ ജീവനക്കാരോട് പിരിഞ്ഞു പോകാന്‍ 2020 മെയ് ആദ്യവാരം തന്നെ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം കാരണം വിവിധ അച്ചടി മാധ്യമങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിവിധ മലയാള പത്രങ്ങള്‍ ജീവനക്കാരുടെ എണ്ണം കുറച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലെ പ്രധാന എഡിഷനുകള്‍ അടച്ചു പൂട്ടിയത്.
ടൈംസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ എക്കണോമിക് ടൈംസിന്റെ കേരളത്തിലെ എഡിറ്റോറിയല്‍ വിഭാഗം മെയ് ആദ്യവാരം പൂട്ടിയിരുന്നു.
ഡെക്കാണ്‍ ക്രോണിക്ക്ള്‍ കേരളത്തിലെ എഡിഷനുകള്‍ 2019 അവസാനം അടച്ചു പൂട്ടിയതിന് പിറകെയാണ് ടൈംസ് ഓഫ് ഇന്ത്യയിലെ കൂട്ടപ്പിരിച്ചു വിടലും, എഡിഷനുകള്‍ പൂട്ടിയതും.
അതേ സമയം തിരുവനന്തപുരം ബ്യൂറോയും, കൊച്ചിയില്‍ നിന്നുള്ള പ്രസിദ്ധീകരണവും തുടരും. കൊച്ചി എഡിഷന്റെ ഇ പേപ്പറും നിലനിര്‍ത്തിയിട്ടുണ്ട്.
വിവിധ പ്രാദേശിക ഭാഷകളിലുള്ള ദിനപത്രങ്ങളുടെയും, ആനുകാലികങ്ങളുടെയും ഉടമസ്ഥരാണ് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്. ടി വി, റേഡിയോ ചാനലുകളും സ്വന്തമായുള്ള ഇന്ത്യയിലെ മുന്‍ നിര മാധ്യമ സ്ഥാപനമാണ് ടൈംസ്. കേരളത്തിന് പുറമെ ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം എഡിഷനുകളില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗാളി ദിനപത്രമായ ‘ഇ സമയ്’ല്‍ നിന്നും ഒമ്പത് മാധ്യമ പ്രവര്‍ത്തകരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് പിരിച്ചു വിടലും, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കലും അടക്കമുള്ള നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുന്നത്.
1 Comment
എന്ത് പറ്റി ?