കണക്കുകളില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന കോഴിക്കോടിന്റെ ഹൃദയത്തില്‍ ഇടമുണ്ടെന്നതാണ് എം കെ മുനീറിന്റെ പ്രത്യേകത. കോഴിക്കോട് സൗത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുകയാണ് ഡോ. എം കെ മുനീര്‍. സായാഹ്നങ്ങളെ മനോഹരമാക്കുന്ന ബീച്ച്, മനസ്സും വയറും നിറയ്ക്കുന്ന ബിരിയാണി, രുചിവൈവിധ്യത്തിന്റെ അപ്പത്തരങ്ങള്‍. കോഴിക്കോട് എന്നും പുതുമ നിറഞ്ഞ സാംസ്‌കാരിക നഗരമാണ്. ആ നഗരത്തിന്റെ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചേരുവയാണ് ഡോ. എം കെ മുനീര്‍.
കോഴിക്കോടിന്റെ നന്മകളില്‍ ഏറ്റവും അനുയോജ്യനായ രാഷ്ട്രീയ മുഖമാണ് ഡോ. എം കെ മുനീര്‍. പഴയ തലമുറക്ക് അദ്ദേഹം സി എച്ചിന്റെ മകനാണ്. അതൊരു വൈകാരികമായ ബന്ധമാണ്. പുതിയ തലമുറയ്ക്ക് അദ്ദേഹം പ്രിയപ്പെട്ട മുനീര്‍ക്കയാണ്. കൈയെത്തും ദൂരത്തുള്ള ജനപ്രതിനിധി എന്ന നിലയില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ജനകീയനാണ്.
2011ല്‍ ഇടതുപക്ഷത്തില്‍ നിന്ന് സീറ്റ് തിരിച്ചു പിടിച്ചത് എം കെ മുനീറാണ്. ശക്തമായ മത്സരത്തില്‍ 2016ലും സീറ്റ് നിലനിര്‍ത്തി. 2016ല്‍ കോഴിക്കോട് സൗത്തിലും, കുറ്റ്യാടിയിലും മാത്രമാണ് യു ഡി എഫിന് കോഴിക്കോട് ജില്ലയില്‍ ജയിക്കാനായത്.
പ്രതിപക്ഷ ഉപനേതാവായ എം കെ മുനീറിന് കൊടുവള്ളി, മലപ്പുറം ജില്ലയിലെ സുരക്ഷിത മണ്ഡലങ്ങള്‍ എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ ക്ഷണമുണ്ട്. എന്നാല്‍ കോഴിക്കോട് സൗത്ത് വിട്ടുപോകാന്‍ മടിയുള്ളതിനാല്‍ ആരോടും സമ്മതം മൂളിയിട്ടില്ല.
രാഷ്ട്രീയമായ യു ഡി എഫിന്റെ ദൗര്‍ബല്യങ്ങളിലാണ് സൗത്തില്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയവും ഇടതുപക്ഷത്തിന് അനുകൂലമാണ്. എന്നാല്‍ കോഴിക്കോട് നഗരത്തിലുള്ള വിപുലമായ സൗഹൃദങ്ങളും, സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യവും രാഷ്ട്രീയത്തിന് അതീതമായി മുനീറിനൊപ്പം നിന്നിട്ടുണ്ട്. അതില്‍ ഇത്തവണയും മാറ്റം ഉണ്ടാകില്ല എന്നതാണ് വിജയപ്രതീക്ഷ.
സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ കോഴിക്കോട്ടുകാര്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിലേറിയാല്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി വീണ്ടും ഡോ. എം കെ മുനീര്‍ എത്തുമെന്ന് ഉറപ്പാണ്. അതു തന്നെയായിരിക്കും പ്രചാരണത്തിലെ മുനീറിന്റെ മേല്‍ക്കൈ.