ന്യൂനപക്ഷ രാഷ്ട്രീയ സൈദ്ധാന്തികന്‍ എം ഐ തങ്ങളുടെ പ്രധാന കൃതികളെ പരിചയപ്പെടാം.
ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും
അര നൂറ്റാണ്ടിന്റെ രാഷ്ട്രീയാനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട ഗ്രന്ഥമാണിത്. കേരളീയ സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് കാതലായ മുഴുവന്‍ മുസ്‌ലിം ലീഗ് വിമര്‍ശനങ്ങള്‍ക്കും താത്വികമായ മറുപടികള്‍ പുസ്തകം നല്‍കുന്നുണ്ട്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ വിദ്യാഭ്യാസ ചിന്തകളില്‍ നിന്നും ആരംഭിച്ച് അനേകം വികാസപരിണാമങ്ങളിലൂടെയാണ് ഇന്നത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഭരണഘടനാ ധാര്‍മ്മികത, ജനാധിപത്യ സാധ്യതകള്‍ എന്നിവയില്‍ ഊന്നിയാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നത്. ഒരു സമുദായം എന്ന നിലയില്‍ ചരിത്രപരവും, വിശ്വാസപരവും, സാംസ്‌കാരികവുമായ സ്വത്വങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ട്. മുസ്‌ലിം ഐഡന്റിറ്റിയെ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്‌ലിം ലീഗിന്റെ പ്രത്യയശാസ്ത്രം സ്വത്വരാഷ്ട്രീയത്തില്‍ നിന്നും മതരാഷ്ട്രീയത്തില്‍ നിന്നും ഭിന്നമായി ന്യൂനപക്ഷ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്.
ഫ്രഞ്ച് വിപ്ലവം മുതല്‍ ജനാധിപത്യത്തിലെ ന്യൂനപക്ഷത്തിന്റെ പ്രതിനിധാനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ലോകത്താകമാനം ജനാധിപത്യസമൂഹങ്ങളില്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. ഈ ചോദ്യത്തിന് ലോകത്തിന് മുന്നില്‍ വെക്കാനുള്ള മികച്ച മറുപടിയാണ് മുസ്‌ലിം ലീഗ്.
രാഷ്ട്രീയ തത്വചിന്തകളിലും, ഇസ്ലാമിക വിജ്ഞാനീയങ്ങളിലുമുള്ള ആഴത്തിലുള്ള അറിവും, വിശകലനശേഷിയും ഈ പുസ്തകത്തെ കൂടുതല്‍ പ്രാമാണികമാക്കുന്നു. മുസ്‌ലിം ലീഗിന് ബദല്‍ സൃഷ്ടിക്കാന്‍ വന്ന കക്ഷികള്‍ ലീഗിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വേറിട്ട ആശയവും നിലപാടും ഇല്ലാതെ അപ്രസക്തമാകുന്നതിന്റെ രസതന്ത്രവും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. വിഭജനം, വര്‍ഗ്ഗീയത, ഫാസിസം, തീവ്രവാദം, ഇസ്‌ലാമിസം തുടങ്ങിയവയോടുള്ള മുസ്‌ലിം ലീഗിന്റെ സമീപനം ഗ്രന്ഥം വിശദീകരിക്കുന്നു.
എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമാധാനത്തോടെ മുസ്ലിംകള്‍ ജീവിക്കുന്ന പ്രദേശങ്ങളിലെ സമാധാനം കൂടി തകര്‍ക്കണമെന്ന ചിന്ത സമുദായസ്‌നേഹത്തില്‍ നിന്ന് ഉണ്ടാകുന്നതല്ല. പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരില്‍ സമാധാനം ഉള്ള ഇടങ്ങള്‍ കൂടി കലാപബാധയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സമുദായത്തിന് നന്മ ആഗ്രഹിക്കുന്നവരല്ല. പ്രശ്‌നബാധിത പ്രദേശത്തെ സഹോദരന്‍മാര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കണമെങ്കില്‍ സമാധാനം ഉള്ള സ്ഥലങ്ങളില്‍ സമാധാനം തുടര്‍ന്നും നിലനില്‍ക്കണം. അവര്‍ കഷ്ടപ്പെടുമ്പോള്‍ നിങ്ങളങ്ങനെ സുഖിക്കേണ്ട എന്ന ചിന്താഗതി മനോരോഗത്തിന്റെ ലക്ഷണമാണ്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മുസ്‌ലിം ലീഗിനെ തകര്‍ക്കാനിറങ്ങിയ സമുദായത്തിന് അകത്തുള്ളവര്‍ കേവലം മനോരോഗികളാണെന്ന് എം ഐ തങ്ങള്‍ നിരീക്ഷിച്ചു. സമുദായസ്‌നേഹത്തിന്റെ ലേബലൊട്ടിച്ച് സമുദായദ്രോഹത്തിന്റെ നഗ്നമായ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പറയാന്‍ എം ഐ തങ്ങള്‍ക്ക് മടിയുണ്ടായില്ല. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ നിരീക്ഷണങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ ഇന്ത്യയില്‍ ആകമാനമുള്ള മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്.
സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയത്തില്‍ നിന്ന് മുസ്ലിംകള്‍ പാഠം ഉള്‍ക്കൊള്ളണമെന്ന പ്രായോഗിക ബുദ്ധി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ചൊല്ലിക്കൊടുത്ത ക്രാന്തദര്‍ശിയാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് സര്‍ സയ്യിദിനെ ലോകം അറിയുന്നത്. ചരിത്രം, മതം, രാഷ്ട്രീയം, നിയമം എന്നിവയിലായി 29 പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. തൊഴില്‍പരമായി ന്യായാധിപനുമായിരുന്നു.
സര്‍ സയ്യിദിന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് എം ഐ തങ്ങള്‍ രചിച്ച ‘സര്‍ സയ്യിദ് അഹമ്മദ് ഖാന്‍’. മുസ്‌ലിം സമുദായത്തോടും, ഇന്ത്യന്‍ ജനതയോടുമുള്ള പ്രണയാതുരമായ അഭിനിവേശം സമ്പൂര്‍ണ്ണ പ്രഭാവത്തോടെ സര്‍ സയ്യിദിന്റെ ജീവിതത്തില്‍ തെളിഞ്ഞു കാണാം. ഇസ്‌ലാമിക മതപ്രമാണ വായനയില്‍ ഷാ വലിയുള്ളയുടെ പാതയോട് ആഭിമുഖ്യം പുലര്‍ത്തുകയും, ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുതപുലര്‍ത്തുകയും ചെയ്ത മതവീക്ഷണമായിരുന്നു സര്‍ സയ്യിദ് സ്വീകരിച്ചത്. സര്‍ സയ്യിദിന്റെ നവോത്ഥാന കാഴ്ചപ്പാടുകളോടും, രാഷ്ട്രീയ വീക്ഷണത്തോടും ചേര്‍ന്നു നില്‍ക്കുന്നയാളാണ് ഗ്രന്ഥകാരന്‍. അതിനാല്‍ തന്നെ വൈകാരികമായ അടുപ്പം രചനയില്‍ നിറഞ്ഞു നില്‍ക്കുന്നു.
സര്‍ സയ്യിദിന്റെ കുടുംബ പ്ശ്ചാത്തലം, ന്യായാധിപന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലുമുള്ള ജീവിതം എന്നിവ പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ ആദ്യരൂപമായ മദ്രസത്തുല്‍ ഉലൂം അലീഗഡ് സ്ഥാപിക്കാന്‍ നടത്തിയ ശ്രമവും, കോളെജിന്റെ വളര്‍ച്ചയും പുസ്തകം ചര്‍ച്ച ചെയ്യുന്നു. സര്‍ സയ്യിദിന്റെ വിദ്യാഭ്യാസ ദര്‍ശനം, രാഷ്ട്രീയം, കോണ്‍ഗ്രസിനോടുള്ള വിയോജിപ്പുകള്‍, നവോത്ഥാന കാഴ്ചപ്പാടുകള്‍ എന്നിവ 13 അധ്യായങ്ങളുള്ള പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.
‘സര്‍ സയ്യിദിന്റെ വിശ്വാസ പ്രമാണമായ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന നിങ്ങളോട് എനിക്കിനി ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ സജലങ്ങളായ കണ്ണുകള്‍ ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും തേങ്ങുന്നതിനെക്കാളും കരയുന്നതിനെക്കാളും ഉത്തമമായ ചിലത് നിങ്ങള്‍ക്ക് ചെയ്യാനുണ്ട്. നിങ്ങളിന്നാര്‍ക്ക് വേണ്ടിയാണോ കണ്ണീരൊഴുക്കുന്നത്, ഓര്‍ക്കുക, ആ മനുഷ്യന്‍ കിടന്നു മരിക്കാന്‍ പോലും ഒരു കൂര ഇല്ലാതിരുന്ന പാവപ്പെട്ടവനായിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഒരു നിധി തന്നിട്ടാണ് അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ പാരമ്പര്യം നിങ്ങള്‍ക്ക് തന്നു പോയത് അതാണ്. മുന്‍വിധികള്‍ക്കും, അജ്ഞതയ്ക്കുമെതിരെ നടത്തേണ്ട മഹത്തായ യുദ്ധമാണത്. നിങ്ങള്‍ക്ക് മാത്രമേ തകര്‍ന്നു പോയ നിങ്ങളുടെ സമുദായത്തെ ഉണര്‍ത്താനും ജീവിതത്തിലെ ബാധ്യത ഏറ്റെടുക്കാന്‍ അവരെ സജ്ജമാക്കാനും സാധിക്കൂ. ഈ മനുഷ്യന്‍ അനുകരണത്തിനായി ഒരു മാതൃക വിട്ടു പോയിരിക്കുന്നു. അത് പിന്തുടര്‍ന്നാല്‍ നിങ്ങളും നിങ്ങളുടെ ഭാവി തലമുറകളും ലോകത്തുള്ള മുഴുവന്‍ നിധിശേഖരങ്ങളുടെയും യജമാനന്മാരായി തീരും.’ (മൗലാനാ അല്‍താഫ് ഹുസൈന്‍ ഹാലി, ഹയാതെ ജാവീദ്.)
സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിം സമുദായം
ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം മുസ്ലിംകളില്‍ നിന്നാണ് പിടിച്ചെടുത്തത്. 1757ലെ പ്ലാസി യുദ്ധത്തിന് ശേഷം ബംഗാളിലും ഉത്തരേന്ത്യയിലും നടന്ന യുദ്ധങ്ങളില്‍ മിക്കതിലും ബ്രിട്ടീഷുകാര്‍ക്കെതിരെ അണി നിരന്നത് മുസ്‌ലിംകളായിരുന്നു. ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത് ടിപ്പു സുല്‍ത്താന്‍, ഹൈദരലി എന്നിവരില്‍ നിന്നായിരുന്നു. ഫറാഇസി പ്രസ്ഥാനം, ത്വരീഖത്ത് മുഹമ്മദിയ്യ, വഹാബി പ്രസ്ഥാനം എന്നിങ്ങനെ മുസ്‌ലിംകളുടെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് വളര്‍ന്ന് വന്നു. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഏറ്റ കനത്ത തിരിച്ചടി സമുദായത്തിനകത്ത് വ്യത്യസ്തങ്ങളായ ചിന്തകള്‍ക്ക് തുടക്കം കുറിച്ചു. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ചിന്തകളുടെ പ്രസക്തി അവിടെയാണ്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും, രാഷ്ട്രീയവും വേറിട്ട പഠനം ആവശ്യപ്പെടുന്നുണ്ട്. ദേശീയത, സ്വാതന്ത്ര്യസമരം എന്നിവയെ മുസ്‌ലിം കാഴ്ചപ്പാടില്‍ നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരമാണ് സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം സമുദായം’.
വര്‍ഗ്ഗീയത, മതരാഷ്ട്രവാദം, തീവ്രവാദം എന്നിവ സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയില്‍ പ്രകടമായി വന്നു. ഇതിനെതിരെ ഓരോ സമയത്തും എം ഐ തങ്ങള്‍ നടത്തിയ രചനകള്‍ പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ ദേശീയ കാഴ്ചപ്പാടുകള്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തി എന്നിവ വിവരിക്കുന്ന ലേഖനങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുസ്തകത്തിന്റെ അവസാന ഭാഗത്ത് സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള എം ഐ തങ്ങളുടെ നിരീക്ഷണങ്ങളാണ് ഉള്ളത്.
പ്രക്ഷോഭകാലത്ത് വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് ‘സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം സമുദായം’. മുസ്‌ലിംകളുടെ പൊതുവായ നിരാശാബോധത്തെ മറികടക്കാന്‍ രാജ്യത്തെ ഭരണഘടനയോടെ ഭരണാധികാരികള്‍ കൂറ് കാണിക്കണമെന്നതടക്കമുള്ള പ്രസക്തമായ നിരീക്ഷണങ്ങളാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്.
സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങള്‍
എം ഐ തങ്ങളുടെ 31 ലേഖനങ്ങളുടെ സമാഹാരം. എം സി വടകരയുടെ അവതാരിക. സി പി സൈതലവിയുടെ പഠനം.
1980ലെ ഭാഷാ സമരം, മുസ്‌ലിം ലീഗ് വിരുദ്ധ മതരാഷ്ട്രവാദികള്‍ക്ക് നല്‍കിയ മറുപടികള്‍, ഇന്ദിരാ കാലത്തെ ദേശീയ രാഷ്ട്രീയം തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങള്‍ പുസ്തകം ഉള്‍ക്കൊള്ളുന്നു. മുസ്‌ലിം ഐക്യം, ഇസ്‌ലാമിക സൗന്ദര്യശാസ്ത്രം, ഇസ്‌ലാമിലെ സ്ത്രീപക്ഷം തുടങ്ങിയ വൈവിധ്യ വിഷയങ്ങളില്‍ എം ഐ തങ്ങളുടെ നിരീക്ഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
യശപ്രാര്‍ഥിയാവാതെ, ആര്‍ത്ഥിക പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതെ, സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണം കെട്ട് നടക്കാതെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് കൊണ്ട് അദ്ദേഹം എഴുതി. മിഴിനീരിലിട്ട് മുക്കി ഉരുക്കിയെടുത്ത തീവ്രമായ ജീവിതാനുഭവങ്ങള്‍ ആ എഴുത്തിന് മിഴിവേകി. ആഗാധമായ പാണ്ഡിത്യം ആ അക്ഷരങ്ങള്‍ക്ക് അഴക് വര്‍ധിപ്പിക്കുകയും ചെയ്തു.
കസവുകള്‍ തുന്നിപ്പിടിപ്പിക്കാത്ത, ഉള്ളുറപ്പുള്ള സരളമായ ഒരു ഗദ്യശൈലി എം ഐ തങ്ങളുടെ കൈവശമുണ്ടായിരുന്നു. ഈ സിദ്ധിവിശേഷം നിര്‍ലോഭം കളിയാടി നില്‍ക്കുന്ന കനപ്പെട്ട ഉപന്യാസങ്ങളുടെ സമാഹാരമാണ് ‘സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങള്‍ എന്ന ഗ്രന്ഥം.
പ്രസാധനം: ഗ്രെയ്‌സ് ബുക്‌സ്, കാലിക്കറ്റ് യൂനിവാഴ്‌സിറ്റി
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mappilaheritagelibrary.com