തയ്യാറാക്കിയത് : മുഖ്താര്‍ പുതുപ്പറമ്പ്
വട്ടംകുളത്ത് നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ജില്ലയുടെ യുവജനപ്രസ്ഥാനത്തിന്‍റെ അമരത്തേക്കെത്തുന്നതും ലോക്സഭാ ബൈഇലക്ഷനില്‍ മലപ്പുറത്ത് നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതും, ജില്ലാ പഞ്ചായത്ത് മെമ്പറായതുമൊക്കെ യാദൃശ്ചികമായി സംഭവിച്ചതല്ല. ചെറുപ്പം മുതൽ കൈ കൊണ്ട നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
CPNUP സ്കൂളില്‍ നിന്ന് ആദ്യാക്ഷരം പഠിച്ച അഡ്വ എം.ബി ഫൈസല്‍ പിന്നീട് കുമരനല്ലൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൊന്നാനി എംഇഎസ് കോളേജില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കുന്ന കാലത്തെത്തുമ്പോഴേക്കും ഞരമ്പുകളിൽ പോരാട്ട വീര്യം കത്തിത്തുടങ്ങിയിരുന്നു. സ്കൂള്‍ പഠന സമയത്ത് തന്നെ എസ്.എഫ്.ഐ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഫൈസലിൽ സ്വാഭാവികമായും ഉണർന്നു തുടങ്ങിയ സജീവ പ്രവര്‍ത്തകൻ നേതൃത്വത്തിന്‍റെ മികവിലേക്കുയരുകയായിരുന്നു.
എസ്.എഫ്.ഐ സ്കൂള്‍ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി, എം.ഇ.എസ് പൊന്നാനി കോളേജ് യൂണിറ്റ് സെക്രട്ടറി, പൊന്നാനി താലൂക്ക് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ ചുമതലകളും എംഇസ് കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റുഡന്‍റ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഇങ്ങനെ വിദ്യാര്‍ത്ഥി ജനാധിപത്യ വേദികളിലെ സാന്നിദ്ധ്യം അംഗീകാരങ്ങളുടെ അടയാളമായി ഫൈസലിനെ കാത്തുനിന്നു.
കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ഫൈസല്‍ ജേണലിസത്തില്‍ പിജിയും കരസ്ഥമാക്കിയാണ് സാമൂഹ്യ ജീവിതത്തിന്‍റെ അകം പുറങ്ങൾ തിരഞ്ഞിറങ്ങുന്നവന്‍റെ ഗോദയിലേക്കിറങ്ങുന്നത്. നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എസ് എഫ് ഐ യുടെ മലപ്പുറം ജില്ലാ ജോയിന്‍റ് സെക്രട്ടറിയായും നേതൃനിരയില്‍ എത്തിയിരുന്നു. മെഡിക്കല്‍ എഞ്ചിനീയറിംഗ് മാനേജ്മെന്‍റിന്‍റെ കോഴക്കെതിരെ ശക്തമായ സമരം നയിച്ച് കൊണ്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ സാന്നിദ്ധ്യം ഫൈസൽ മുദ്രപ്പെടുത്തി.ആ ധര്‍മ്മ സമര പോരാട്ടം വിജയത്തിലെത്തിച്ചതിന്റെ ആത്മ വിശ്വാസം ചെറുതല്ല എന്ന് ഫൈസല്‍ ഇന്നുമോർക്കുന്നു.
യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട അനധികൃത നിയമനങ്ങള്‍ക്കെതിരെയും കെടുകാര്യസ്ഥതക്കെതിരെയും യൂണിവേഴ്സിറ്റി സ്തംഭിപ്പിക്കുന്ന രീതിയിലുള്ള അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കാൻ കഴിഞ്ഞതും വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാലത്തിന്റെ ഏടുകളിൽ രജത മുദ്രകളായി പതിഞ്ഞു കിടക്കുന്നുണ്ട്. ഈ സമര പോരാട്ടങ്ങളുടെ പേരില്‍ രണ്ടു തവണ അനുഭവിച്ച ജയില്‍ വാസം ഫൈസലിലെ പോരാളിയെ ജ്വലിപ്പിച്ചു എന്നു തെളിയിക്കുന്നതായിരുന്നു പിൽക്കാല പ്രവർത്തനങ്ങൾ.
യൂണിറ്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ ഘടകങ്ങളുടെയും ഭാരവാഹിയായാണ് ജില്ലാകമ്മിറ്റിയുടെ അമരത്തും സംസ്ഥാന കമ്മിറ്റി അംഗവുമാവുന്നത്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലയുടെ അമരത്തെത്തിയതോടെയാണ് ഫൈസലിലെ പൊതു പ്രവർത്തകൻ സാമൂഹ്യ പ്രതിബദ്ധതയുടെ വലിയ ആകാശങ്ങൾ തൊട്ടു തുടങ്ങുന്നത്. ‘യുവതയുടെ രക്തദാനം’ എന്ന പേരില്‍ ജില്ലയിലെ യുവാക്കളില്‍ രക്തദാനത്തിന്റെ പ്രസക്തി ബോദ്ധ്യപ്പെടുത്താനും, സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രക്തദാനം നല്‍കിയ സംഘടനക്കുള്ള അംഗീകാരം തുടര്‍ച്ചയായി 8 വര്‍ഷം നേടി എടുക്കാനും സാധിച്ചു.
ഇതോടൊപ്പമാണ്, ജനങ്ങളെ ട്രാഫിക് നിയമങ്ങള്‍ ബോധവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി ‘റോഡപകടങ്ങള്‍ക്കെതിരെ സമരയൗവ്വനം’ എന്ന പേരില്‍ ശക്തമായ കാമ്പയിന് നേതൃത്വം നൽകുന്നത്. ചെറിയ അളവിലെങ്കിലും റോഡപകടങ്ങള്‍ക്ക് ശമനം ഉണ്ടാക്കാന്‍ ഈ കാമ്പയിൻ സഹായകമായി എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സാക്ഷ്യപ്പെടുത്തുന്നു.
2015 ല്‍ ആദ്യമായാണ് ഫൈസൽ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാവുന്നത്. ചങ്ങരംകുളം ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും യുഡിഎഫിന് മേല്‍ക്കോയ്മയുള്ള ഡിവിഷനില്‍ നിന്ന് ആയിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കാന്‍ സാധിക്കുകയും ചെയ്തത്
പൊതു ഇടങ്ങളിൽ നേടി എടുത്ത അംഗീകാരങ്ങളുടെ സാക്ഷ്യമായിരുന്നു.
തന്റെ പ്രതിനിധാനത്തിലെ ഡിവിഷനിൽ പെട്ട വട്ടംകുളം, ആലംങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംങ്കോട് പഞ്ചായത്തുകളിൽ
കക്ഷി രാഷ്ട്രീയത്തിന്റെ അതിരുകളും അരുതുകളും നോക്കാതെ വികസനമെത്തിക്കാൻ കഴിഞ്ഞു എന്നതാണ്
ഫൈസലിലെ ജനപ്രതിനിധിയുടെ വലിയ നേട്ടം. മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ തന്‍റെ ഡിവിഷനിലെ ഓരോ വിഷയങ്ങളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ഇടപെടാന്‍ കൂടെയുണ്ടാകുമെന്ന വാഗ്ദാനം പൂര്‍ണ്ണമായും നിറവേറ്റാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആത്മ വിശ്വാസത്തോടെ പറയുന്നു. ഡിവിഷനിലെ മുഴുവന്‍ വാര്‍ഡുകളിലും വികസനം എന്ന ലക്ഷ്യത്തോടെ110 പദ്ധതികള്‍ക്കായി 12 കോടിയോളം രൂപ നീക്കിവെക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഫൈസലിലെ പ്രതിനിധി.
ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് കാര്‍ഷിക വിദ്യാഭ്യാസ മേഖലക്കായിരുന്നു. കേരളത്തിലെ പ്രധാന കോള്‍പടവും കാര്‍ഷിക മേഖലയില്‍ കേരളത്തിന്‍റെ മൂന്നാമത്തെ നെല്ലറയുമായ പൊന്നാനി കോള്‍പ്പടവിന്‍റെ പ്രധാന ഭാഗങ്ങള്‍ ഉൾക്കൊള്ളുന്ന ചങ്ങരംകുളം ഡിവിഷനില്‍ രണ്ടു കോടിയോളം രൂപയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചിലവഴിച്ചത്. പ്രദേശത്തെ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് രണ്ട് കുളങ്ങള്‍ നവീകരിക്കാനും ഈ ഭരണ കാലയളവില്‍ സാധിച്ചു. 50 ലക്ഷം രൂപ ചിലവഴിച്ച് ആലംങ്കോട് പഞ്ചായത്തിലെ വാക്കയത്ത് താഴംകുളത്തിന്‍റെ പുനരുദ്ധാരണത്തിലൂടെ കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സായി മാറുകയും പരിസരങ്ങളിലെ കിണറുകളില്‍ വെള്ളം കെട്ടിനിര്‍ത്താനുും നൂറുകണക്കിന് ആളുകള്‍ക്ക് നീന്തല്‍ വിനോദത്തിന് ഉപകാരപ്പെടുകയും ചെയ്തു.
20 ലക്ഷം രൂപ ചിലവഴിച്ച് മാങ്കുളം കുളത്തിന്‍റെ നവീകരണവും സാധ്യമാക്കി. പ്രധാന കോള്‍ നിലയങ്ങളില്‍ 8 പമ്പ് ഹൗസ് നിര്‍മ്മിക്കുകയും രണ്ടു തോടുകള്‍ പൂര്‍ണ്ണമായും വശങ്ങളിൽ ഭിത്തി നിർമ്മിച്ച് സംരക്ഷിക്കാനും കഴിഞ്ഞതിലൂടെ നൂറ്റാണ്ടുകളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിയോളം പരിഹാരം കാണാനും കഴിഞ്ഞു.
10 ലക്ഷം രൂപ ചിലവഴിച്ച് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന ചില ഭാഗങ്ങളില്‍ ലൈന്‍ എക്സറ്റന്‍ഷന്‍ നടത്താനും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തു.
ഡിവിഷനിലെ മിക്ക വാര്‍ഡുകളിലെയും ഗതാഗത മേഖലയെ മികവുറ്റതാക്കിയത് അഭിമാനാർഹമായ നേട്ടങ്ങളിലൊന്നാണ്.മുപ്പതോളം റോഡുകളാണ് ടാറിംഗും റീടാറിംഗും വൈഡനിംഗും നടത്തി ഗതാഗത യോഗ്യമാക്കിയത്. ഒപ്പം പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു, മൂന്നേമുക്കാല്‍ കോടി രൂപയാണ് ഇതിനായ് നീക്കിവെച്ചത്. ചേലക്കടവ് കാട്ടിലത്താഴം റോഡ് 65 ലക്ഷം രൂപ ചിലവഴിച്ച് മനോഹരമായ രീതിയില്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാന്‍ കഴഞ്ഞു എന്നത് എക്കാലത്തേയും ഭരണ നേട്ടങ്ങളിലൊന്നായി നാട്ടുകാർ പറയുന്നു.
3 കോടി 6 ലക്ഷം രൂപ ചിലവഴിച്ച് 29 പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയിൽ ഫൈസൽ നടപ്പിലാക്കിയത്. മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂളിന് 35 ലക്ഷം രൂപ ചിലവഴിച്ച് ഓപ്പണ്‍ ഓഡിറ്റോറിയം, പൈതൃക മതില്‍ , സ്കൂള്‍ ബസ് എന്നിവയും,കോക്കൂര്‍ സ്കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയവും 13000 സ്ക്വയര്‍ ഫീറ്റില്‍ ടൈല്‍ പാകി സ്മാര്‍ട്ട് ക്ലാസ് റൂമുകളും സാധ്യമാക്കി. കാൽക്കോടി ചിലവഴിച്ചാണ് ഇവിടെ ചുറ്റുമതിൽ പണിതത്. രണ്ടു സ്കൂളിലും ഗേള്‍സ് ഫ്രണ്ടലി റസ്റ്റ് റൂമുകളും ടോയലറ്റുകളും നിര്‍മിച്ച് നല്‍കാനും ഈ ഭരണ കാലയളവില്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.
55 ലക്ഷം രൂപ അനുവധിച്ച് 5 പുതിയ അംഗനവാടികളാണ് ഇക്കാലയളവിൽ തുറന്നത്.
വനിതാക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. പെരുമ്പടപ്പ് ബ്ലോക്കോഫീസില്‍ വനിതകള്‍ക്ക് ഫീഡിംഗ് റൂമോട് കൂടിയ വിശ്രമ കേന്ദ്രം, ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി ഫീഡിംഗ് റൂം, ടോയലറ്റ്, ബേബി ഫ്രണ്ടലി റൂമുകള്‍ എന്നിവക്കായി 45 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
പട്ടികജാതി വികസനത്തിന് 1 കോടി 45 ലക്ഷം മുടക്കി 21 പദ്ധതികള്‍ ആവിഷ്കരിച്ചു. ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ സോളാര്‍ ലൈറ്റുകള‍്, ഹൈമാസ്റ്റ്, 3 കോളനികളുടെ ഭവനസുരക്ഷ, 2 കുടിവെള്ള പദ്ധതികള്‍, ഭിന്നശേഷിക്കാരുടെ സ്കോളര്‍ഷിപ്പ്, എന്നിങ്ങനെ ജനോപകാരപ്രധവും കാര്‍ഷിക മേഖലക്കും അടിസ്ഥാന വികസനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം ചങ്ങരംകുളം ഡിവിഷനില്‍ പൂര്‍ത്തിയാക്കിയത്.
വികസന വിഷയങ്ങളില്‍ ഫണ്ട് നല്‍കുന്ന കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാണിക്കാറില്ലെന്ന് ഫൈസല്‍ പറയുന്നു. ഇടത് ജനപ്രതിനിധിയായിട്ടുപോലും കൂടുതല്‍ ഫണ്ടുകള്‍ ചിലവഴിച്ചത് യുഡിഎഫ് ഭരിക്കുന്ന ആലംങ്കോട് പഞ്ചായത്തിലാണ്, 3 കോടി 83 ലക്ഷം രൂപയാണ് വികസന പ്രവർത്തനത്തിനായി ഇവിടെ ചിലവഴിച്ചത്.
അഭിഭാഷകനും, ജനപ്രതിനിധിയുമായിരിക്കേ പോതു ഇടങ്ങളിലെ പ്രവര്‍ത്തനമേഖലയിലും സജീവമാണ് ഈ യുവ നേതാവ്. സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി മെമ്പര്‍, സിഐടിയു ഏരിയ സെക്രട്ടറി, ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ ട്രഷറര്‍ തുടങ്ങി നിരവധി ചുമതലകൾ ഫൈസൽ ഉത്തരവാദിത്തത്തോടെ വഹിക്കുന്നുണ്ട്. എല്ലാറ്റിനും മീതേ,
രാഷ്ട്രീയക്കളരിയിൽ ചുവടുറപ്പിച്ച കാലത്തെ പോരാട്ട വീര്യത്തോടെ ജനപക്ഷം എന്ന മുദ്രാവാക്യം ഏറ്റുപിടിച്ചു കൊണ്ടുള്ള മുന്നേറ്റവും തുടരുന്നു.
ആത്യന്തികമായി തന്നിലെ രാഷ്ട്രീയ പ്രവർത്തകന്റെ ലക്ഷ്യം വികസനം എല്ലാവർക്കും എന്നതും,
പോരാട്ടം അഴിമതി രഹിത ഭാവിക്കും വേണ്ടിയാണെന്ന് ഈ യുവ നേതാവ് കർമ്മം കൊണ്ട് അടിവരയിടുന്നു.