ഏഷ്യാനെറ്റല്ല, മാതൃഭൂമിയാണ് നമ്മുടെ ചാനല്‍

ടി റിയാസ് മോന്‍

രാജ്യസഭയിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ്‌കുമാറിനെ തീരുമാനിച്ച ശേഷം അദ്ദേഹം നടത്തിയ ഒരു കിടിലന്‍ പ്രസ്താവനയുണ്ട്. ‘സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യം ഇല്ലെ’ന്നുമാണ് പ്രസ്താവനയുടെ ചുരുക്കം. മുഖ്യമന്ത്രിക്ക് എല്ലാ വിധ പിന്തുണയും എം വി ശ്രേയാംസ്‌കുമാര്‍ പ്രഖ്യാപിക്കുന്നുണ്ട്.
കേരള നിയമസഭയില്‍ അംഗങ്ങളില്ലാത്ത പാര്‍ട്ടിയാണ് എല്‍ ജെ ഡി. ഇടതുമുന്നണിയില്‍ നിയമസഭാ അംഗങ്ങളുള്ള ജനതാദള്‍ (സെക്യുലര്‍), എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്ക് നല്കാത്ത അംഗീകാരമാണ് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) എന്ന എം വി ശ്രേയാംസ്‌കുമാറിന്റെ പാര്‍ട്ടിക്ക് നല്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഘടകകക്ഷിയായിരുന്നു ലോക്താന്ത്രിക് ജനതാദള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സീറ്റ് നല്‍കിയാണ് യു ഡി എഫ് മുന്നണിയില്‍ തുടര്‍ത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹം യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ ചേരുകയായിരുന്നു. എല്‍ ഡി എഫ് വീരേന്ദ്രകുമാറിനെ തന്നെ തുടര്‍ന്ന് രാജ്യസഭയിലേക്ക് അയച്ചു.

ഒരു നിയമസഭാ അംഗത്തെ വിജയിപ്പിക്കാനുള്ള ശേഷിയില്ലാത്ത പാര്‍ട്ടിക്കാണ് രാജ്യസഭാ സീറ്റ് ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയിരിക്കുന്നത്. എന്തായിരിക്കാം അതിന്റെ രാഷ്ട്രീയം?

എം വി ശ്രേയാംസ്‌കുമാര്‍ ‘മാതൃഭൂമി’ മാനേജിംങ് ഡയറക്ടറാണ്. മാതൃഭൂമി വാര്‍ത്താചാനല്‍, ദിനപ്പത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ ഉടമയാണ് എം വി ശ്രേയാംസ്‌കുമാര്‍. ഒരു രാജ്യസഭാ സീറ്റിലൂടെ കേരളത്തിലെ രണ്ടാമത്തെ മാധ്യമസ്ഥാപനത്തെ മുന്നണിയുടെ ഭാഗമായി ഇടതുപക്ഷം ഉറപ്പിച്ചിരിക്കുന്നു.

കര്‍ണ്ണാടകയില്‍ നിന്നുള്ള ബി ജെ പി എം പി രാജീവ് ചന്ദ്രശേഖരന്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍. കേരളത്തിലെ ഒന്നാമത്തെ ദൃശ്യമാധ്യമത്തിന്റെ ചെയര്‍മാന്‍ ബി ജെ പിയോടൊപ്പം നില്‍ക്കുമ്പോള്‍ രണ്ടാമത്തെ മാധ്യമസ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കട്ടെയെന്ന രാഷ്ട്രീയമാണ് ശ്രേയാംസ്‌കുമാറിന്റെ  രാജ്യസഭാ സീറ്റിന്റെ രാഷ്ട്രീയം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിരുദ്ധപക്ഷത്ത് നിന്നിരുന്ന മാധ്യമം ദിനപത്രവും, മീഡിയാവണ്‍ ചാനലും ഇത്തവണ ഇടതുപക്ഷ വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട മാധ്യമം ദിനപത്രത്തിന്റെ മുസ്‌ലിം ലീഗ് വിരുദ്ധ സമീപനം പത്രം തിരുത്തുകയാണ് ഇപ്പോള്‍. മുസ്‌ലിം സമുദായത്തിലേക്കുള്ള കിളിവാതിലായി നിന്ന മാധ്യമം ദിനപത്രത്തിന്റെ കൂടുമാറ്റം അച്ചടി-ദൃശ്യ മാധ്യമരംഗത്ത് ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യുന്നതാണ്.

മനോരമ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ നിഷപുരുഷോത്തമന്‍, ഏഷ്യാനെറ്റിലെ കമലേഷ് എന്നിവര്‍ക്കെതിരെ നിരന്തരമായി സി പി എം സൈബര്‍ അക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെയാണ് മാതൃഭൂമി മാനേജിംങ് ഡയറക്ടറെ ഇടതുമുന്നണി രാജ്യസഭയിലേക്ക് അയക്കുന്നത്.

2016ല്‍ കല്പറ്റ നിയസഭാ മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. മാതൃഭൂമി ദിനപത്രം നടത്തിയ പ്രവാചകനിന്ദ വലിയ തോതില്‍ എതിരായതിനെ തുടര്‍ന്നാണ് അന്ന് സിറ്റിംങ് മണ്ഡലത്തില്‍ ശ്രേയാംസ്‌കുമാറിന് തോല്‍ക്കേണ്ടി വന്നത്. സി പി ഐ എമ്മിലെ സി കെ ശശീന്ദ്രനാണ് അന്ന് വിജയിച്ചത്.

ശ്രേയാംസ്‌കുമാറിന് രാജ്യസഭാ സീറ്റ് നല്കുന്നതിലൂടെ വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാതൃഭൂമിയുടെ പിന്തുണ ഇടതുമുന്നണി ഉറപ്പ് വരുത്തിയിരിക്കുകയാണ്. ഒപ്പം കല്പറ്റ നിയമസഭാ സീറ്റ് സി പി എം ഉറപ്പിക്കുകയും ചെയ്തു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കുന്ന മാധ്യമങ്ങളുടെ ലിസ്റ്റില്‍ നിന്നും സാവധാനം മാതൃഭൂമി പുറത്തേക്ക് കടക്കും. മാധ്യമസിണ്ടിക്കേറ്റില്‍ ഇനി മാതൃഭൂമി ഉണ്ടാകില്ല. വീരേന്ദ്രകുമാര്‍ എന്ന മുന്‍ മാനേജിംങ് ഡയറക്ടറെ പോലെയല്ല മകന്‍ ശ്രേയാംസ്‌കുമാര്‍. ശ്രേയാംസ് വിചാരിച്ചിടത്ത് മാതൃഭൂമി നില്‍ക്കും. പാതി സംഘ്പരിവാറും, പാതി സോഷ്യലിസ്റ്റും എന്ന വീരന്‍ യുഗത്തിലേതു പോലെയാകില്ല ഇനി മാതൃഭൂമി. യഥാര്‍ഥ പത്രത്തിന്റെ ശക്തി സി പി ഐ (എം) ആസ്വദിക്കാനിരിക്കുന്നതേ ഉള്ളൂ.

എന്ത് കൊണ്ട് ശ്രേയാംസ്‌കുമാറിന് തന്നെ രാജ്യസഭാ അംഗത്വം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം മാതൃഭൂമി മാനേജിംങ് ഡയറക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *